സഞ്ചാരികൾക്കായി എന്നും ഏറ്റവും മികച്ച പാക്കേജുകൾ കൊണ്ടുവന്ന ചരിത്രമാണ് ഐആർസിടിസിക്കുള്ളത്. ഏറ്റവുമധികം സഞ്ചാരികൾ കേരളത്തിൽ നിന്നും പോകുവാൻ ആഗ്രഹിക്കുന്ന ലേ, ലഡാക്കിലേക്ക് തിരുവന്തപുരത്ത് നിന്ന് ഇപ്പോഴിതാ പുതിയൊരു പാക്കേജ് അവതരിപ്പിക്കുകയാണ് റെയിൽവേ ടൂറിസം. അധികമാരും കാണാത്ത ലേയും ലഡാക്കിന്റെയും ഭൂമിയിലെ വ്യത്യസ്ത കാഴ്ചകളാണ് ഈ യാത്രയുടെ ആകർഷണം.
തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്രയിൽ വിമാനമാർഗ്ഗം ലേയിലെത്തി ആറ് രാത്രിയും ഏഴ് പകലും ചെലവഴിച്ച് തിരികെ മടങ്ങി വരുന്ന വിധത്തിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ ഓണം അവധിക്കാലം യാത്രചെയ്ത് ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നവർക്ക് മികച്ച ഒരു തെരഞ്ഞെടുപ്പായിരിക്കും ഈ വിനോദയാത്ര.

ലേ, നുബ്രാ, ലഡാക്കിലെ പാൻഗോങ് തടാകം തുടങ്ങിയ കാഴ്ചകൾ ഉൾപ്പെടുത്തിയുള്ള യാത്ര നിലവിൽ രണ്ടു തിയതികളിലായാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഇന്‍ഡിഗോ എയർലൈൻസിന്റെ എക്കണോമി ക്ലാസിൽ പോകുന്ന യാത്ര വലിയ പ്ലാനിങ്ങോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ ഒരു ലഡാക്ക് യാത്ര നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയതാണ്.
ഓഗസ്റ്റ് 16 ബുധനാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 22 ന് മടങ്ങിവരുന്നതും ഓഗസ്റ്റ് 30 ബുധനാഴ്ച പോയി സെപ്റ്റംര്‍ 5 ചൊവ്വാഴ്ച തിരികെ എത്തുന്നതുമായ രണ്ട് യാത്രകളാണ് ഐആർസിടിസി തിരുവനന്തപുരത്തു നിന്നും ഓഗസ്റ്റ് മാസത്തിൽ നടത്തുന്നത്. ഒരു യാത്രയിൽ 30 പേർക്ക് മാത്രമാണ് അവസരമുള്ളത്. യാത്രയിൽ ടിക്കറ്റ് ചാര്‍ജിൽ മൂന്നു നേരം ഭക്ഷണവും താമസസൗകര്യങ്ങളും സൈറ്റ് സീയിങ്ങുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ദിവസം തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.25ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.55ന് ലേ വിമാനത്താവളത്തിലെത്തും. ആദ്യ ദിവസം യാത്രകളൊന്നും പ്ലാൻ ചെയ്തിട്ടില്ല. യാത്രക്കാർക്ക് ഇവിടുത്തെ മാർക്കറ്റ് സന്ദർശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാം. രണ്ടാം ദിവസം ലേ-ശ്രീനഗർ ഹൈവേയിലെ കാഴ്ചകളാണ് ആദ്യം. തുടർന്ന് ശാന്തി സ്പൂപ, ലേ പാലസ്, ഹാൾ ഓഫ് ഫെയിം, ഗുരുദ്വാര പത്തർ സാഹിബ്, മാഗ്നറ്റിക് ഹിൽ, ഇൻഡസ് - സന്ഡസ്കാർ നദികളുടെ സംഗമസ്ഥാനം, ആൽച്ചി ആശ്രമം എന്നിവിടങ്ങൾ കാണും.

മൂന്നാം ദിവസം നുബ്രാ വാലി, കർദുങ്ലാ പാസ്, ദിക്ഷിത് വില്ലേജ്, ഹണ്ടർ, പ്രധാന ആശ്രമങ്ങൾ തുടങ്ങിയവ സന്ദർശിക്കും. നാലാം ദിവസം തുർതുക് വാലി. സിയാച്ചിൻ വാർ മെമ്മോറിയൽ, താങ് സീറോ പോയിന്‍റ് എന്നിവിടങ്ങളും തുടര്‍ന്നുള്ള സമയം തുർതുക് വാലി കാണുവാനും ചെലവഴിക്കും. അഞ്ചാം ദിവസം പാൻഗോങ് ലേക്ക് സന്ദർശിക്കും.
യാത്രയുടെ ആറാം ദിവസം പാൻഗോങ് ലേക്കിൽ നിന്നു സൂര്യോദയ കാഴ്ച ആസ്വദിച്ച ശേഷം തിരികെ വരുമ്പോൾ തിക്സി ആശ്രമം, ഷേയ് പാലസ്, റാഞ്ചോസ് സ്കൂൾ എന്നിവിടങ്ങളും കാണും. ഏഴാം ദിവസം ലേയിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് വിമാനം കയറി രാത്രി 11.20ന് തിരുവനന്തപുരത്ത് എത്തുന്നതോടെ ആറു ദിവസ യാത്ര അവസാനിക്കും.
തിരുവനന്തപുരം-ലഡാക്ക് പാക്കേജ് നിരക്ക്
സിംഗിൾ ഒക്യുപന്‍സിയില്‍ 61800 /- രൂപ,ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 57500 /- രൂപ, ട്രിപ്പിൾ ഒക്യുന്‍സിയിൽ ഒരാൾക്ക് 57000 /-
രൂപ എന്നിങ്ങനെയും 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 55850 /- രൂപയും ബെഡ് ആവശ്യമില്ലാത്ത കുട്ടികൾക്ക് 51650 /-രൂപയും 2-4 പ്രായക്കാർക്ക് 38800 /- രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഓണത്തിന് പ്ലാൻ ചെയ്യാം
ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് ലഡാക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഐ ആർ സി ടി സിയുടെ ഈ ലൈവ്ലി ലഡാക്ക് പാക്കേജ് പ്രയോജനപ്പെടുത്താം. ലേ (03 രാത്രികൾ), നുബ്ര (02 രാത്രികൾ), പാംഗോങ് (01 രാത്രികൾ) എന്നിങ്ങനെ താമസ സൗകര്യങ്ങളും ഗൈഡിന്റെ സേവനവും ഉൾപ്പെടെയുള്ള പാക്കേജാണ് ഇത്.

ബുക്ക് ചെയ്യാൻ
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആർസിടിസിയുടെ തിരുവനന്തപുരം- 8287932095, എറണാകുളം റീജിയണൽ ഓഫീസ്- 8287932082, എറണാകുളം ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്റർ, 8287932117, 8287932064, ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്റർ കോഴിക്കോട്- 8287932098 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














