കേരളം പൊള്ളുകയാണ്. കണ്ണൂരും കാസർകോഡും ഒരിക്കലുമില്ലാത്ത വിധത്തിലുള്ള ചൂടാണ്. വരും ദിവസങ്ങളിലും ഇനി ചൂട് കൂടുകയേ ഉള്ളൂ. ഈ സമയത്ത് തണുപ്പും കോടമഞ്ഞും ആസ്വദിക്കാനും വെയിലില്ലാതെ കുറച്ചു നേരം പുറത്തിറങ്ങി നടക്കുവാനും ആഗ്രഹിക്കുന്നവർക്കായി വേനലിലും തണുപ്പുള്ള ഊട്ടിയിലേക്ക് പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐആർസിടിസി.
വേനൽക്കാലത്ത് ദക്ഷിണേന്ത്യയിൽ ധൈര്യത്തോടെ, വെയിൽ ചതിക്കില്ലെന്ന വിശ്വാസത്തോട പോയി വരാൻ സാധിക്കുന്ന ഊട്ടിയിലേക്ക് മംഗലാപുരത്ത് നിന്നാണ് ഐആർസിടിസി പാക്കേജുള്ളത്. കണ്ണൂർ, കാസർകോഡ്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്ക് പോകാൻ പറ്റിയ പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം.
നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ കുന്നുകളുടെ റാണിയായ ഊട്ടിയിൽ ചെലവഴിക്കാനും ഈ പ്രദേശത്തിന്‍റെ ഭംഗി ആസ്വദിക്കാനും സാധിക്കും. ദക്ഷിണേന്ത്യയ്ക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഭൂപ്രകൃതിയും അന്തരീക്ഷവും ആണ് ഇവിടെയുള്ളത് എന്നതിനാൽ മലയാളികളടക്കമുള്ളവരുടെ സ്ഥിരം സാന്നിധ്യം ഇവിടെയുണ്ട്. പാക്കേജ് എടുത്തു പോകാനും തനിയെ പ്ലാൻ ചെയ്തു പോകാനുമെല്ലാം ഇവിടം മികച്ചതാണ്.
മംഗലാപുരത്ത് നിന്ന് ഊട്ടിയിലേക്ക് റെയിൽ- റോഡ് ടൂർ പാക്കേജാണ് ഐആർസിടിസി ഒരുക്കിയിരിക്കുന്നത്. നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന യാത്ര എല്ലാ വ്യാഴാഴ്ചയും മംഗലപുരത്ത് നിന്ന് പുറപ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒറ്റയ്ക്കും ഗ്രൂപ്പായം പോകുന്നവർക്ക് പറ്റിയ പാക്കേജ് കൂടിയാണിത്. മാംഗ്ലൂർ- ഊട്ടി ആർടിപി പാക്കേജ് SER052 എന്നാണ് ഇതിന്‍റെ പേര്.
വ്യാഴാഴ്ച രാത്രി മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 11.45 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ കയറി യാത്ര തുടങ്ങും. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ 7.22 ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തും. അവിടുന്ന് ഊട്ടിയിലേക്ക് റോഡ് മാർഗം യാത്ര. തുടര്‌ന്ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. ഉച്ചകഴിഞ്ഞ് ബോട്ടാണിക്കൽ ഗാർഡനും ഊട്ടി ലേക്കും കാണാൻ പോകും.
മൂന്നാം ദിവസം ഊട്ടി കാഴ്ചകൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ദൊഡ്ഡബേട്ടാ പീക്ക്, പൈക്കര വെള്ളച്ചാട്ടം, മുതുമലെ ദേശീയോദ്യാനം എന്നിവിടങ്ങൾ കണ്ട് രാത്രി ഊട്ടിയിൽ തുടരും. നാലാം ദിവസം ഊട്ടിയിൽ നിന്നും കൂനൂരിലേക്ക് പോകും. കൂനൂരിലെ പ്രധാന കാഴ്ചകൾ കണ്ട് അവിടുന്ന് നേരേ കോയമ്പത്തൂരിന് പോകും, കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 9.30 ന് ട്രെയിൻ നമ്പർ 22637 ൽ കയറി പിറ്റേന്ന് രാവിലെ 5.50 ന് മംഗലാപുരം സെൻട്രലിൽ എത്തും.
2025 മാർച്ച് 6 മുതൽ മാർച്ച് 31 വരെ ഒന്ന് മുതൽ മൂന്ന് വരെ മുതിർന്നവർക്ക് സ്റ്റാൻഡേർഡ് റൂമിൽ ഒറ്റയ്ക്ക് 21,520 രൂപയും, രണ്ടുപേർക്ക് താമസിക്കാൻ 11,155 രൂപയും, മൂന്ന് പേർക്ക് താമസിക്കാൻ 8,545 രൂപയുമാണ് ഒരാൾക്ക് മുടക്കേണ്ടത്. സ്റ്റാൻഡേർഡ് വിഭാഗത്തിൽ സ്ലീപ്പർ ക്ലാസാണ് നല്കുന്നത്.
കംഫർട്ട് റൂമിൽ ഒറ്റയ്ക്ക് 22,785 രൂപയും, രണ്ടുപേരുണ്ടെങ്കിൽ ഒരാൾക്ക് 12,425 രൂപയും, മൂന്ന് പേരുടെ മുറിയിൽ ഒരാൾക്ക് 9,810 രൂപയുമാണ്. കുട്ടികൾക്ക് സ്റ്റാൻഡേർഡ് റൂമിൽ 4,760 രൂപയും കംഫർട്ട് റൂമിൽ 6,025 രൂപയുമാണ് നിരക്ക്. കംഫർട്ട് വിഭാഗത്തിൽ 3 എസി ക്ലാസിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
അതേസമയം, നാല് മുതൽ ആറ് വരെയുള്ള ഗ്രൂപ്പിൽ സ്റ്റാൻഡേർഡ് റമിൽ രണ്ട് പേരുടെ റൂമിൽ ഒരാൾക്ക് 8,970 രൂപ വീതയും ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 8,645 രൂപാ വീതവും കുട്ടികള്‍ക്ക് 7,725 രൂപയുമാണ് വരുന്നത്.
കംഫോർട്ട് ക്ലാസിൽ രണ്ട് പേരുടെ റൂമിൽ ഒരാൾക്ക് 10,240 രൂപാ വീതയും ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 9,915 രൂപാ വീതവും കുട്ടികള്‍ക്ക് 8,990രൂപയുമാണ് വരുന്നത്.
പാക്കേജിൽ ട്രെയിൻ ടിക്കറ്റുകൾ, വാഹന യാത്ര, ഹോട്ടൽ താമസം, ഹോട്ടലിൽ നിന്നുള്ള പ്രഭാതഭക്ഷണം, യാത്രാ ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു. ഹോട്ടൽ ഭക്ഷണത്തിൽ യാത്രയുടെ മൂന്നാമത്തെയും നാലാമത്തെയും ദിവസത്തെ പ്രഭാതഭക്ഷണം മാത്രമാണ് ഉൾപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














