കൊച്ചിയിലെ യാത്രകളെക്കുറിച്ച് നമ്മൾ ഒരുപാട് പറഞ്ഞിട്ടുണ്ട്. ലോങ് ഡ്രൈവുകൾ, വെള്ളച്ചാട്ടങ്ങൾ, കാടുകൾക്കുള്ളിലൂടെയുള്ള വഴികൾ, ഓഫ് റോഡ് എന്നിങ്ങനെ പലതരം യാത്രാനുഭവങ്ങൾ. എന്നാൽ ഈ യാത്ര അങ്ങനെയല്ല.. കുട്ടികളെയും കൂട്ടി വാരാന്ത്യത്തിൽ പോകാൻ പറ്റിയ ഒരു കിടിലൻ യാത്ര. കായൽകാഴ്ചകള്‍ കണ്ട്,മടുപ്പിക്കാതെ മണിക്കൂറുകൾ ബോട്ടിലിരുന്ന് യാത്ര ചെയ്യാം. ഒന്നു പോയിക്കണ്ടില്ലെങ്കിൽ വൻ നഷ്ടം എന്നുതന്നെ പറയവുന്ന ഈ യാത്ര ഏതെന്നല്ലേ...
കൊച്ചിയിൽ ഇന്ന് ഏറ്റവും ഹിറ്റായി മാറിയ യാത്രയാണ് സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരളാ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് ( KSINC- കെഎസ്എൻഐസി ) നടത്തുന്ന കൊച്ചി മറൈൻ ഡ്രൈവ് - കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ക്രൂസ് ബോട്ട് യാത്ര. സ്കൂളിന്‍റെ തിരക്കുകളും പഠനവും മറന്ന് ഒരു ദിവസം മുഴുവൻ കുഞ്ഞുങ്ങളെയും പ്ലാൻ ചെയ്യാൻ പറ്റിയ യാത്ര കൂടിയാണിത്.

കേരളത്തിലെ മൂന്നു ജില്ലകൾ ബോട്ടിൽ സഞ്ചരിച്ച് കാണുവാനും ഒടുവിൽ കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ഫിഷ് ഫാമിൽ എത്തി കിടിലൻ ആക്ടിവിറ്റികളും രുചികരമായ ഊണും മീൻ വറുത്തതും മീൻ കറിയും കൂട്ടി വയറു നിറയെ കഴിക്കാനും ചൂണ്ടയിട്ട് മീൻപിടിക്കാനും കയാക്കിങ് നടത്താനും ഒക്കെ സാധിക്കുന്ന വിധത്തിൽ ഒരു ഏകദിന യാത്രയാണിത്.
എറണാകുളം ഹൈക്കോടതി ജംങ്ഷനിലെ കെഎഫ്ടി ജെട്ടിയിൽ നിന്നുള്ള കൊച്ചി മറൈൻ ഡ്രൈവ് - കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ബോട്ട് യാത്ര രാവിലെ 10.00 മണിക്ക് തുടങ്ങും. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകൾ കണ്ട് കടന്നു പോകുന്ന യാത്രയുടെ ലക്ഷ്യസ്ഥാനം പാലായ്ക്കരി മത്സ്യഫെഡ് ഫിഷ് ഫാം ആണ്. കൊച്ചിൻ ഷിപ്പ് യാർഡ്, തേവര. ഇടക്കൊച്ചി, അരൂർ, പാണാവള്ളി, പെരുമ്പളം, പൂത്തോട്ട എന്നീ റൂട്ടിലൂടെയാണ് പാലാക്കരിയിലെത്തുന്നത്.

ബോട്ട് യാത്രയുടെ കൗതുകവും രസവും പാലാക്കരിയിലെത്തുമ്പോൾ ആക്ടിവിറ്റികളിലേക്ക് മാറും. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന ഇഷ്ടംപോലെ കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. അതിനു മുൻപായി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണും ഒരുക്കിയിട്ടുണ്ട്. ഫാമിൽ നിന്നും അന്ന് പിടിച്ച മീനുപയോഗിച്ച് വെച്ച രുചികരമായ മീൻകറിയും മീൻവറുത്തതും ഐസ്ക്രീമും ആണ് ഉള്ളത്. കൂടുതൽ എന്തെങ്കിലും വിഭവങ്ങൾ വേണമെങ്കിൽ അധികം തുക നല്കി അന്നേരം ഇവിടുന്ന് മേടിക്കുകയും ചെയ്യാം.
പെഡൽ ബോട്ടുകൾ, റോ ബോട്ടിങ്, കുട്ടവഞ്ചികൾ, കയാക്കിങ്, മോട്ടർ ബോട്ട് റൈഡ്, ഫാം ബോട്ടിങ്, കനോയിങ്, എന്നിങ്ങനെ ഇവിടുത്തെ ആക്ടിവിറ്റികളുടെ പട്ടിക നീളുകളാണ്. ചൂണ്ട മേടിച്ച് ഇവിടെയിരുന്ന് മീൻ പിടിക്കാൻ താല്പര്യമുണ്ടെങ്കിൽ അതും ചെയ്യാം. മോട്ടോർ ബോട്ടിൽ പോകണമെങ്കിൽ അധികം നിരക്ക് നല്കി പോകാം. ഇത് കൂടാതെ കുട്ടികൾക്ക് ആസ്വദിക്കാൻ പ്ലേ ഏരിയയും ഉണ്ട്. വെറുതെ വിശ്രമിക്കാനാണെങ്കിൽ കൂടിയും ഇവിടെ സൗകര്യങ്ങളുണ്ട്.

100 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിലാണ് യാത്ര. മിഷേൽ, ക്ലിയോപാട്ര എന്നി രണ്ടു ബോട്ടുകൾ സർവീസ് നടത്തുന്നു. അതിൽ 80 നോൺ എസി സീറ്റുകളും 20 എസി സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് നോൺ എസിയിൽ 999 രൂപയും എസിയില്‍ 1500 രൂപയുമാണ് നിരക്ക്.
ശനി, ഞായർ ദിവസങ്ങളിലാണ് ഏറ്റവം കൂടുതല് ആളുകൾ ഈ യാത്രയ്ക്കായി എത്തുന്നത്.
സാധാരണ ദിവസങ്ങളിൽ യാത്ര ബുക്ക് ചെയ്താലും നിശ്ചിത എണ്ണം ആളുകളില്ലെങ്കിൽ ബുദ്ധിമുട്ടായേക്കാം. അതിനാൽ വാരാന്ത്യങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്നതാണ് നല്ലത്. കുറഞ്ഞ് 76 പേരെങ്കിലും യാത്രയ്ക്ക് വേണം. കൂടുതല് വിവരങ്ങൾക്കും ബുക്കിങ്ങിനും 9846 2111 43 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













