കൊയിലാണ്ടി
കോഴിക്കോട് ജില്ലയില്‍ മറക്കാതെ കണ്ടിരിക്കേണ്ട ഒരുപാട് കാഴ്ചകൾ കൊയിലാണ്ടിക്ക് സ്വന്തമായുണ്ട്. ഒരുപാട് സമയം ചിലവഴിക്കാതെ, കോഴിക്കോട് നിന്നും ഏകദിന യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തീർച്ചയായും കൊയിലാണ്ടിയെ പരിഗണിക്കാം. വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ ബീച്ചും വീട്ടുകാർക്കൊപ്പം പോകുവാന്‍ നല്ല ഹൗസ് ബോട്ട് യാത്രയും എല്ലാം കൊയിലാണ്ടിയിലും പരിസരത്തുമുണ്ട്. ഇതാ ഇവിടുത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണെന്നു നോക്കാം....
PC:Ronambiar
കാപ്പാട് ബീച്ച്
കൊയിലാണ്ടി യാത്രയിലെ ആദ്യ സ്റ്റോപ്പ് ആയി പരിഗണിക്കുവാന്‍ പറ്റിയ സ്ഥലമാണ് കാപ്പാട് ബീച്ച്. ചരിത്രപ്രാധാന്യവും പ്രകൃതിഭംഗിയും ഒരുപോലെയുള്ള ഇവിടം അന്താരാഷ്ട്ര അംഗീകാരം കിട്ടിയ സ്ഥലം കൂടിയാണ്. ഇന്ത്യയുടെ ചരിത്രം അപ്പാടെ മാറ്റിമറിച്ച് 1498ൽ വാസ്കോഡ ഗാമ കപ്പലിറങ്ങിയത് കാപ്പാട് ബീച്ചിലായിരുന്നു. ഇതിന്‍റെ അടയാളമായി വാസ്കോ ഡ ഗാമ സ്മാരകം ഇവിടെ ബീച്ചിനടുത്ത് കാണാം.
വൈകുന്നേരങ്ങളിൽ ഇവിടെ വന്നിരിക്കുവാനാണ് ഏറ്റവും രസം. പാറക്കൂട്ടങ്ങളും സൂര്യാസ്തമയവും ഒക്കെ ഇവിടെയിരുന്നാസ്വദിക്കാം. അന്താരാഷ്ട്ര തലത്തില്‍ ബീച്ചുകള്‍ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച പുരസ്കാരങ്ങളിൽ ഒന്നായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റും കാപ്പാടിന് ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ നിന്നും വെറും 8.9 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ .കൊയിലാണ്ടി- കോഴിക്കോട് റൂട്ടിൽ തിരുവങ്ങൂര്‍ എന്ന സ്ഥലത്തു നിന്നും ബീച്ചിലേക്ക് ഒന്നര കിമി ദൂരമുണ്ട്.
PC:Irvin calicut
മൈക്രോവേവ് കുന്ന്
കോഴിക്കോടുകാരുടെ കുറുമ്പാലക്കോട്ട എന്നറിയപ്പെടുന്ന ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വയനാട്ടിലെ കുറുമ്പാലക്കോട്ട പോലെ കാടിന്‍റെ കാഴ്ചകൾ മാത്രമല്ല, ഇവിടെ കൊയിലാണ്ടിയുടെ ഈ മൈക്രോവേവ് കുന്നിനു മുകളിൽ കയറിനിന്ന് നോക്കിയാൽ ഒരുവശം കടൽക്കാഴ്ചകളും മറുവശം കുന്നുകളുടെയും മലനിരകളുടെയും പച്ചപ്പ് പൊതിഞ്ഞു നിൽക്കുന്ന കാഴ്ചയുമാണ് കാണുവാൻ സാധിക്കുന്നത്. ഇവിടെ കുന്നിമു മുകളിൽ നിറയെ പുല്ലുവളർന്നു നിൽക്കുകയാണ്. വെയില്‍ അധികമില്ലാത്ത സമയത്തു ഇവിടേക്ക് വരുന്നതാവും നല്ലത്. അതുകൊണ്ടുതന്നെ മൈക്രോവേവ് കുന്ന് കയറുവാന്‍ രാവിലെയോ വൈകുന്നേരമോ തിരഞ്ഞെടുക്കാം. മേപ്പയൂർ എന്ന സ്ഥലത്തിനോട് ചേർന്ന്, കൊയിലാണ്ടിയിൽ നിന്ന് 10 കിമീ അകലെയാണ് മൈക്രോവേവ് കുന്ന് സ്ഥിതി ചെയ്യുന്നത്.
PC:Stanislav Klimanskii/Unsplash
തിക്കോടി ഡ്രൈവ്-ഇൻ ബീച്ച്
നേരത്തെ പറഞ്ഞതുപോലെ ബീച്ചുകൾ തന്നെയാണ് കൊയിലാണ്ടിയുടെ ആകർഷണം. വെറുതേ പോയി സമയം ചിലവഴിക്കുവാനാണെങ്കിലും വണ്ടിയോടിച്ച് രസിക്കുവാനാണെങ്കിലുമൊക്കെ ധൈര്യമായി തിക്കോടി ഡ്രൈവ്-ഇൻ ബീച്ചിലേക്ക് വരാം. കോഴിക്കോട് ജില്ലയിലെ ഏക ഡ്രൈവ് ഇൻ ബീച്ചാണിത്. മണലിൽ ടയർ പുതയുമോ എന്ന ആശങ്കയില്ലാതെ
കടൽത്തീരത്തുകൂടി നിങ്ങൾക്ക് വണ്ടിയോടിക്കാം. സംസ്ഥാനത്തെ തനനെ മികച്ച ഡ്രൈവ്-ഇൻ ബീച്ചിലൊന്നാണിത്. കൊയിലാണ്ടിയിൽ നിന്നു 13 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്.
PC:Kristen Sturdivant/Unsplash
അകലാപ്പുഴ
കുട്ടനാട് വരെ വരാതെ കോഴിക്കോട് തന്നെ ഒരു മിനി കുട്ടനാട് ആസ്വദിക്കുവാൻ പറ്റിയ സ്ഥലമാണ് കൊയിലാണ്ടിക്ക് സമീപത്തുള്ള അകലാപ്പുഴ. തുരുത്തുകളും കൈത്തോടും നാടൻ കാഴ്ചകളും രുചികളുമെല്ലാമുള്ള അകലാപ്പുഴയെ എന്തുകൊണ്ടാണ് കോഴിക്കോടിന്റെ കുട്ടനാട് എന്നു വിളിക്കുന്നത് എന്നറിയുവാൻ ഒരുപാട് ആലോചിക്കേണ്ടതില്ല. മാത്രമല്ല, കോഴിക്കോടിൻറെ ഉൾനാടൻ കാഴ്ചകൾ ആസ്വദിക്കുവൻ ഇതിലും മികച്ച ഒരിടമില്ല. കരിമീനും ശിക്കാരബോട്ട് യാത്രയും നാട്ടുകാഴ്ചകളുമായി ഒരു ദിവസം മുഴുവൻ ഇവിടെ ചിലവഴിക്കാം. കൊയിലാണ്ടിയിൽ നിന്നും പത്ത് കിലോമീറ്റർ ദൂരത്തിലാണ് അകലാപ്പുഴയുള്ളത്.
കേരളത്തിലെ ഇസ്ലാം ചരിത്രത്തെ സംബന്ധിച്ചെടുത്തോളം പ്രാധാന്യമേറിയ സ്ഥലങ്ങളിലൊന്നാണ് പാറപ്പള്ളി. പാറപ്പള്ളി മഖാം, ഔലിയ കിണര്‍, ഔലിയ വെള്ളം, ബദ്രിങ്ങളുടെ മഖ്ബറ , ആദം നബിയുടെ കാലടയാളം തുടങ്ങി വിശ്വാസികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം കാണുവാനുള്ളത് പാറപ്പള്ളി ബീച്ച് ആണ്. പേരുപോലെ തന്നെ പാറകളാൽ നിറഞ്ഞു നിൽക്കുന്ന ഈ ബീച്ച് രസകരമായ യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. കൊയിലാണ്ടിയിൽ നിന്നും 8.9 കിമീ അകലെയാണ് പാറപ്പള്ളി ബീച്ചുള്ളത്.
PC:Arun Geetha Viswanathan/Unsplash
കടലൂർ
മനോഹരമായ ചരിത്രനിർമ്മിതി എന്നു വിശേഷിപ്പിക്കാവുന്ന കാഴ്ചയാണ് കടലൂരിൽ ഉള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട കടലൂർ ലൈറ്റ് ഹൗസ് ആണ് ഇവിടെ കാണുവാനുള്ളത്. നന്തി വിളക്കുമാടം എന്നും ഇവിടം അറിയപ്പെടുന്നു. 34 മീറ്റര് ഉയരത്തിലുള്ള ഈ ലൈറ്റ് ഹൗസ് 1907 ലാണ് നിർമ്മിക്കപ്പെട്ടത്. കൊയിലാണ്ടിയിൽ നിന്നും 9 കിമീ അകലെയാണ് ഇവിടമുള്ളത്.
PC:Dr Ajay Balachandran
ഉരുപുണ്യക്കാവ് ക്ഷേത്രം
കൊയിലാണ്ടിയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉരുപുണ്യക്കാവ് ക്ഷേത്രം. മൂലാടി നോർത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കടൽത്തീരത്ത് ഒരു വലിയ കുന്നിനു മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ജലദുര്‍ഗ്ഗയെ ആണ് ആരാധിക്കുന്നത്. പിതൃതർപ്പണത്തിനും ക്ഷേത്രം പ്രസിദ്ധമാണ്. വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിൽ നടക്കുന്ന ഉത്സവമാണ് ഇവിടെ പ്രധാനം. കൊയിലാണ്ടിയില്‍ നിന്നും നാലര കിലോമീറ്റര്‍ ദൂരെയാണ് ക്ഷേത്രമുള്ളത്.
PC:Urupunyakavu Temple