അതിരുകളില്ലാത്ത ആനന്ദമാണ് കോഴിക്കോട്. രുചികളുടെ കാര്യത്തിലാണെങ്കിലും ബീച്ചും കാഴ്ചകളും ആണെങ്കിലും മടുപ്പിക്കാതെ, എത്ര നേരം വേണമെങ്കിലും ചെലവഴിക്കാൻ ഇവിടെ സാധിക്കും. കോഴിക്കോട് വന്നാൽ സംശയം ഭക്ഷണം കഴിക്കണോ അതോ കാഴ്ചകൾ കാണാനിറങ്ങളോ എന്നാണ്. സ്ഥലങ്ങൾ കണ്ട്, അവിടുത്തെ ഓരോ ഫൂഡ് സ്പോട്ടുകൾ കയറി വരുന്ന രീതിയാണ് പലരും പിന്തുടരുന്നത്. പക്ഷേ, ഇങ്ങനെ ചെയ്യുമ്പോൾ നഗരത്തിലെ സ്ഥലങ്ങൾ മാത്രമായി കാഴ്ചകൾ ചുരുങ്ങും.
എന്നാൽ ഈ വേനലവധിക്കാലത്ത് കോഴിക്കോട് യാത്ര പോയാലോ. സ്ഥിരം സ്ഥലങ്ങളല്ല കേട്ടോ.. മറിച്ച് കോഴിക്കോട് ഉറപ്പായും കാണേണ്ട, പച്ചപ്പുകൊണ്ടും തണലും കാഴ്ചകളും കൊണ്ട് , വൈവിധ്യങ്ങൾ കൊണ്ട് നമ്മളെ അതിശയിപ്പിക്കുന്ന കുറച്ച് സ്ഥലങ്ങൾ. അവധിക്കാലക്ക് കുട്ടികളെയും കൂട്ടി പ്രകൃതിഭംഗി ആസ്വദിക്കാനും നല്ലൊരു വൈകുന്നേരം സ്വന്തമാക്കുവാനുമായി പോകാൻ സാധിക്കുന്ന കോഴിക്കോട ജില്ലയിലെ സ്ഥലങ്ങൾ
പരിചയപ്പെടാം.
കൊളാവി ബീച്ച്
കോഴിക്കോടിന്‍റെ തിരക്കുകളിൽ നിന്നുമാറി എന്നാൽ ബീച്ച് വൈബ് കിട്ടുന്ന ഒരിടമാണ് നിങ്ങൾ തിരയുന്നതെങ്കിൽ കൊളാവി ബീച്ച് പറ്റിയ സ്ഥലമാണ്. മിനി ഗോവയെന്ന് സഞ്ചാരികൾ വിശേഷിപ്പിക്കുന്ന ഇവിടം കോഴിക്കോട് നിന്നുള്ള ഒറ്റ ദിവസത്തെ യാത്രയിൽ കണ്ടുവരാം. കടലും പുഴയും ഒപ്പം കണ്ടൽക്കാടും ചേരുന്ന ഇവിടെ കാഴ്ചയിൽ പല തരത്തിൽ ഗോവയോട് സാന്യം തോന്നും. മണൽത്തീരങ്ങളും കണ്ടൽക്കാടുകളും , ഇടവഴികളം എല്ലാംകൂടി യാണ് ഇതിനെ ഗോവൻ ബീച്ചുകൾക്ക് സമാനമാക്കുന്നത്. വിശാലമായി പരന്നു കിടക്കുന്ന മണൽപ്പരപ്പും ഇവിടുത്തെ പ്രത്യേകതയാണ്.
കോഴിക്കോട് നിന്ന് 48 കിലോമീറ്റർ സഞ്ചരിക്കണം കൊളാവി ബീച്ചിലെത്തുവാൻ. പയ്യോളിയിൽ നിന്ന് ബീച്ചിലേക്ക് വെറും അഞ്ച് കിലോമീറ്ററേ ദൂരമുള്ളൂ. പയ്യോളിയിൽ നിന്ന് ഇങ്ങോട്ട് എത്തുമ്പോൾ കുറച്ചധികം നടത്തമുണ്ട്. രണ്ടാം റെയിൽവേ ഗേറ്റ് കടന്ന് വീണ്ടും നടന്നാൽ തീരത്തിനടുത്തുള്ള റോഡിലെത്താം. തെങ്ങിൻ തോപ്പുള്ള വഴിയിലൂടെ പോയാൽ പാർക്കിങ് ഏരിയയിൽ എത്താം. ഇവിടെ വണ്ടി പാർക്ക് ചെയ്ത് കണ്ടൽക്കാടുകളിലൂടെ കറച്ച് നടന്നാൽ കോട്ടക്കടപ്പുറം ബീച്ച് കഴിഞ്ഞ് കൊളാവി ബീച്ചിലെത്താം.
വയലട
കോഴിക്കോടു നിന്നുള്ള ഏകദിന യാത്രകള്‍ക്ക് പറ്റിയ മറ്റൊരിടമാണ് വയലട. മലബാറുകാരുടെ ഗവി എന്നാണ് പ്രകൃതിമനോഹരമായ ഈ ഇടം അറിയപ്പെടുന്നത്. ട്രെക്കിങ്ങും നടത്തവും ഒക്കെ ഇഷ്ടപ്പെടുന്നവർക്കാണ് ഇവിടം കൂടുതൽ യോജിച്ചത്. കനത്ത വേനലിൽ പോകുന്നതിനേക്കാൾ കുറച്ചു മഴയൊക്കെ പെയ്ത് പച്ചപ്പ് വന്നതിനു ശേഷം ഇവിടേക്ക് പോകുന്നതാണ് നല്ലത്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന, ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണിത്. തണുപ്പും മഞ്ഞും ആണ് ഇവിടുത്തെ ഹൈലൈറ്റ്. ഇപ്പോളഴ്‍ മനസ്സിലായില്ലേ മലബാറുകാരുടെ ഗവിയെന്ന പേര് എങ്ങനെ വന്നുവെന്ന്. മറ്റുചിലർ കോഴിക്കോടിന്‍റെ ഊട്ടിയെല്ലും വയലടയെ വിളിക്കുന്നു.
കോഴിക്കോട് നിന്ന നാല്പത് കിലോമീറ്ററാണ് വയലടയിലേക്കുള്ള ദൂരം. ബാലുശേരിയിൽ നിന്നാണ് വരുന്നതെങ്കിൽ 15 കിമി ആണ് ദൂരം. കോഴിക്കോട് നിന്ന ബാലുശേരിയിലെത്തി വരുന്നതാണ് ബസ് കിട്ടുവാൻ എളുപ്പം. ഇവിടുന്ന് നിരവധി കെഎസ്ആർടിസി ബസുകൾ വയലടയ്ക്ക് സർവീസ് നടത്തുന്നു.
കോഴിക്കോട് നിന്ന് രാവിലെ 6.40, 3.40 എന്നീ സമയങ്ങളിൽ കെഎസ്ആർടിസി ബസ് സര്‍വീസുകളുണ്ട്. 8.30, , 5.35 എന്നിങ്ങനെയാണ് വയലട - കോഴിക്കോട് ബസ് സമയം.
കരിയാത്തും പാറ
സോഷ്യൽ മീഡിയ റീല്‍സുകളിലൂടെ കേരളത്തിലെ സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ച സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കരിയാത്തും പാറ. പച്ചപ്പ് നിറഞ്ഞ പുൽപ്പരപ്പ്, മരങ്ങൾ, തെളിനീരൊഴുകുന്ന അരുവി, കക്കയം ഡാമിന്റെ സ്‌പിൽവേ എന്നിങ്ങനെയാണ് ഇവിടുത്തെ കാഴ്ചകൾ. മലബാറുകാരുടെ തേക്കടി എന്നു കോഴിക്കോടിന്‍റെ ഊട്ടിയെന്നും വിളിക്കപ്പെടുന്ന കരിയാത്തും പാറയിൽ വെറുതേ വന്നിരുന്നാല‍് തന്നെ സമയം പോകുന്നതറിയില്ല. പുൽത്തകിടികളിൽ അലസമായി വന്നിരിക്കുന്നവരെ കൂടാതെ അവിടിവിടെയായി അലഞ്ഞുതിരിയുന്ന കന്നുകാലികളെയും കാണാം.
പുൽത്തകിടികളുടെ അടുത്ത് വീണുകിടക്കുന്ന മരങ്ങൾ പ്രത്യേക ഭംഗിയാണ്. നീര്‍ച്ചാലുകളും പാറക്കെട്ടുകളും അതിനിടയിലായി കെട്ടിക്കിടക്കുന്ന വെള്ളവും ഒക്കെ കാണാം. ഇടയ്ക്ക് ക്ഷീണം തോന്നിയാൽ ഐസ്ക്രീം അടക്കമുള്ള കാര്യങ്ങൾ ഇവിടെ കിട്ടും. കക്കയം ഡാമിൽ നിന്നുള്ള വെള്ളമാണ് ഇതുവഴി ഒഴുകുന്നത്. മഴ പെയ്യുന്ന സമയങ്ങളിലാണ് ഇവിടെ വരേണ്ടതെങ്കിലും കനത്ത മഴക്കാലത്ത് ഇവിടെ പ്രവേശനം നിയന്ത്രിക്കാറുണ്ട്,
തോണിക്കടവ്, ഉരക്കുഴി വെള്ളച്ചാട്ടം, പെരുവണ്ണാമൂഴി ഡാം, വയലട, മുള്ളമ്പാറ തുടങ്ങിയ സ്ഥലങ്ങളാണ് കരിയത്തുംപാറയ്ക്ക് സമീപത്തുള്ളത്,
കോഴിക്കോട് - കക്കയം റൂട്ടിലാണ് കരിയാത്തുംപാറയുള്ളത് കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് വടകര- പേരാമ്പ്ര- കായണ്ണ വഴികരിയാത്തുംപാറയിലേക്ക് എത്താം. കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവർക്ക് കക്കോടി - ചേളന്നൂർ - നന്മണ്ട - ബാലുശ്ശേരി എസ്‌റ്റേറ്റ് മുക്ക് വഴി കരിയാത്തുംപാറയിലേക്ക് വരാം.
കക്കയം ഡാം
കോഴിക്കോട് ഏകദിന യാത്രകൾക്ക് പറ്റിയ വേറൊരിടമാണ് കക്കയം അണക്കെട്ട്. കോഴിക്കോട് നിന്ന് 64 കിമി അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് രാവിലെ ഇറങ്ങിയാൽ എല്ലാ കാഴ്ചകളും കണ്ട് വൈകുന്നേരത്തോടെ മടങ്ങിയെത്താം. കക്കയം എത്തുന്നതിനു മുൻപായി കരിയാത്തുംപാറ, തോണിക്കടവ് എന്നിവിടങ്ങളും ഈ യാത്രയിൽ കാണാം. കരിയത്തുംപാറയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കക്കയം ഡാം. ഏകാന്ത യാത്രകളും പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചും യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ റൂട്ടാണിത്. ഹെയർപിൻ വളവു നിറഞ്ഞ റോഡുകളാണ് ഇവിടെയുള്ളത്.
പച്ചപ്പും പച്ചത്തുരുത്തുകളുടെ കാഴ്ചകളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഒരുപാട് ജൈവവൈവിധ്യങ്ങളുള്ള പ്രദേശം കൂടിയാണിത്. വേനൽക്കാലത്ത് വരുന്നതിനേക്കാൾ ഒന്നോ രണ്ടോ മഴയൊക്കെ പെയ്ത് പച്ചപ്പ് വീണ്ടും നാമ്പിടുന്ന സമയത്ത് വരുന്നതാണ്. ഇവിടേക്ക് വരുമ്പോൾ തനിച്ചു വരുന്നതിനേക്കാൾ സംഘങ്ങളായി വരുന്നതാണ് നല്ലത്.
ചാലിയം ബീച്ച്
കോഴിക്കോട് വന്നാൽ ബീച്ചിൽ പോയില്ലെങ്കിൽ ആ യാത്ര പൂർണ്ണമാകില്ല. എന്നാൽ തിരക്കുള്ള കോഴിക്കോട് ബീച്ചിനു പകരം പോകാൻ പറ്റിയ ഇടമാണ് ചാലിയം ബീച്ച്. ബേപ്പൂരിന്‍റെ മറുവശത്തായി സ്ഥിതി ചെയ്യുന്ന ചാലിയം ബീച്ച് വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ്. കടൽക്കാഴ്ചകൾ കണ്ട് സമയം പോകാന്‍ പറ്റിയ ഇവിടെ നിന്ന് വേണമെങ്കിൽ ബേപ്പൂരിലേക്ക് ജങ്കാര്‍ വഴി ഒരു യാത്രയും ചെയ്യാം. ഈ അടുത്താണ് ഇവിടം ഇന്നുകാണുന്ന രീതിയിൽ വികസനം പൂര്‍ത്തിയാക്കിയത്. അതിനുശേഷമാണ് ഇവിടേക്ക് ഇത്രയധികം ആളുകൾ എത്തിത്തുടങ്ങിയത്. കോഴിക്കോട് നിന്ന് 19 കിലോമീറ്ററാണ് ചാലിയം ബീച്ചിലേക്കുള്ള ദൂരം. പാലക്കാട് ഹൈവേ വഴിയാണ് വരേണ്ടത്.
ഉറിതൂക്കിമല
കോഴിക്കോട് നിന്നുള്ള വേനൽക്കാല യാത്രകള്‍ക്ക് യോജിച്ച ഇടമാണ് ഉറിതൂക്കിമല. സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടെ എത്ര കനത്ത വേനലിലും മാറാത്ത പച്ചപ്പും കോടമഞ്ഞുമാണ് ഉള്ളത്. പച്ചപ്പ്, പാറക്കൂട്ടം, അരുവികള്, അകലങ്ങളിലെ വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ ഒത്തിരി കാഴ്ചകൾ ഇവിടെ കാണാനുണ്ട്. കുറ്റ്യാടിയിൽ നിന്ന് 14 കിമിയും നാദാപുരം ഭാഗത്തുനിന്ന് വരുമ്പോള്‍ ഏകദേശം 22 കിലോമീറ്റര്‍ ദൂരവുമാണ് ഉറിതൂക്കിമലയിലേക്ക് സഞ്ചരിക്കാനുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












