ഉജ്ജയിൻ
ക്ഷേത്രങ്ങളുടെയും ചരിത്രത്തിന്‍റെയും നാടാണ് ഉജ്ജയിൻ. വിക്രമാദിത്യ കഥകളിലെ നഗരം.. മഹാഭാരതത്തിലെ അവന്തി രാജ്യത്തിന്റെ തലസ്ഥാനമായ ഉജ്ജയിൻ ഗുപ്ത രാജാവായിരുന്ന ചന്ദ്രഗുപ്തൻ രണ്ടാമന്റെ(വിക്രമാദിത്യൻ) തലസ്ഥാനവും ആയിരുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള ഏഴ് പുണ്യനഗരങ്ങളിലൊന്നും കൂടിയാണിത്. അതുകൊണ്ടു തന്നെ ഇവിടെ ക്ഷേത്രദർശനം നടത്തുക എന്നത് വളരെ സവിശേഷമായ കാര്യമായാണ് വിശ്വാസികള്‍ കരുതുന്നത്. മാന്ത്രിക നഗരം എന്നും ഉജ്ജയിനെ ചരിത്രത്തിൽ വിശേഷിപ്പിക്കുന്നു.
PC- Prabhavsharma8
മഹാകാലേശ്വർ ക്ഷേത്രം, ഉജ്ജയിൻ
ഉജ്ജയ്ന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ നിർമ്മിതികളിലൊന്നാണ് മഹാകാലേശ്വർ ക്ഷേത്രം. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ഇത് ഏറ്റവും വലിയ ജ്യോതിർലിംഗ ക്ഷേത്രമാണ്. എട്ട് മഹാശക്തി പീഠങ്ങളിൽ ഒന്ന് കൂടിയാണിത്.
ശിവൻ ഇവിടെ മഹാകാലേശ്വരനായി സ്വയം പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം.
സമയത്തിന്റെ ദൈവം
മഹാകാലേശ്വരനായ ശിവൻ സമയത്തിൻറെ ദൈവം ആണെന്നാണ് മറ്റൊരു വിശ്വാസം. മഹാകാലേശ്വകനെ സംബന്ധിച്ച് പല വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ഉജ്ജയിനിലെ രാജാവായിരുന്ന ചന്ദ്രസേനന്‍റെ പ്രാർത്ഥനയുടെ ഫലമായി ശിവൻ മഹാകാലേശ്വരനായി, നാടിന്റെ രക്ഷകനായി അവതരിച്ചുവത്രെ. ഇതുകൊണ്ടുതന്നെ ഇവിടുള്ളവർക്ക് മഹാകാലേശ്വരൻ തങ്ങളുടെ രക്ഷകനും നാടിന്റെ രാജാവുമാണ്.
സതി ദേവിയുടെ ജീവത്യാഗത്തിന്റെ കഥ നമുക്കറിയാം. പിതാവായ ദക്ഷന്റെ അഗണനയിൽ വിഷമിച്ച് തീയിലേക്ക് നടന്നുകയറിയപ്പോൾ, കോപിഷ്ഠനായ ശിവൻ മഹാകാലായി മാറിയെന്നാണ് മറ്റൊരു വിശ്വാസം. സമയത്തിന് മുമ്പുള്ളവൻ അല്ലെങ്കിൽ സമയത്തിന്റെ ദൈവം എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ദക്ഷിണ ദിക്കിലേക്ക് ദർശനമുള്ള ഏക ജ്യോതിർലിംഗ ക്ഷേത്രം കൂടിയാണിത്. യമദേവൻറെ ദിശയാണ് തെക്ക് എന്നാണ് പറയുന്നത്.
നഗരത്തെ രക്ഷിച്ച മഹാകാലേശ്വർ
നേരത്തെ പറഞ്ഞതുപോലെ നാടിനെ രക്ഷിച്ച മഹാകാലേശ്വരനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഇവിടെ നിലനിൽക്കുന്നു. സ്ഥലപുരത്തെ രാജാവായ ചന്ദ്രസേനൻ കടുത്ത ശിവഭക്തനായിരുന്നു. ഇവിടുത്തെ ശ്രീഖർ എന്നു പേരായ ഒരു കുട്ടി രാജാവിനൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ രാജകുടുംബം ദരിദ്രരെ തങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ ചേരാൻ അനുവദിച്ചില്ലെന്നു മാത്രമല്ല, ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞ ശ്രീഖറിനെ തുടർന്ന് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. അങ്ങനെ അവിചാരിതമായി ദുഷൻ എന്ന രാക്ഷസനുമായി ചേർന്ന് ഭരണാധികാരികളായ റിപുധമ്മയും സിംഹാദിത്യനും ചന്ദ്രസേനൻ രാജാവിനെതിരെ നടത്തിയ ഗൂഢാലോചനകൾ ശ്രീഖർ കേൾക്കുവാനിടയായി. അവർ അവന്തിക നഗരത്തെ ആക്രമിക്കുകയും പട്ടണത്തിലെ ഭക്തരുടെയും മറ്റ് സന്യാസിമാരുടെയും ആചാരാനുഷ്ഠാനങ്ങൾ തെറ്റിക്കുകയും ചെയ്തു. ഈ സമയം ശ്രീഖർ പുരോഹിതര്‍ക്കൊപ്പം ശിവനെ കഠിനമായി തപസ്സു ചെയ്തു. അങ്ങനെ ആ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ശിവൻ മഹാകാലേശ്വരനായി അവതരിച്ച് നഗരത്തെ രക്ഷിച്ചുവെന്നാണ് വിശ്വാസം പറയുന്നത്.
അഞ്ച് നിലകൾ
മഹാകാലേശ്വര ക്ഷേത്രത്തിന് അഞ്ച് നിലകളാണുള്ളത്. ഇതിൽ ഒന്നാം നിലയിലാണ് മഹാലിംഗം സ്ഥിതിചെയ്യുന്നത്. ഇത് ഗർഭഷേ എന്നും അറിയപ്പെടുന്നു. തറനിരപ്പിനു താഴെയാമ് ഇതുള്ളത്. രണ്ടാമത്തെ നില ഓംകാരേശ്വര ലിംഗത്തെ ആരാധിക്കുന്നതിനുള്ളതാണ്. മൂന്നാമത്തെ നില നാഗചന്ദ്രേശ്വരനായി സമർപ്പിച്ചിരിക്കുന്നതാണ്. നാഗപഞ്ചമി ദിനം മാത്രമേ ഇവിടം ദർശനത്തിനായി തുറക്കാറുള്ളൂ.
മരണത്തിന്‍റെ നാഥൻ
മഹാകാൽ എന്നാൽ മരണത്തിന്റെ നാഥൻ എന്നും അർത്ഥമുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും ഇവിടെ നടത്തുന്നു. പുലർച്ചെ 4 മണി മുതൽ ആറുമണി വരെ നടത്തുന്ന ഭസ്മാരതി വിവിധ കാരണങ്ങളാൽ പ്രസിദ്ധമാണ്. നദിക്കരികെ ഘാട്ടുകളിൽ നിന്നും മരിച്ചവരുടെ ചിതാഭസ്മം ഉപയോഗിച്ചാണത്രെ നേരത്തെ ഭസ്മാരതി നടത്തിയിരുന്നത്. എന്നാൽ ഇന്ന് ചാണകത്തിൽ നിന്നുണ്ടാക്കുന്ന ഭസ്മമാണ് ആരതിക്കുപയോഗിക്കുന്നത് . സ്വയംഭൂ ശിവലിംഗത്തെ ഈ ഭസ്മത്തിൽ പൊതിഞ്ഞ് മഹാകാലിന്റെ രൂപത്തിൽ ആരാധിക്കുന്നതാണ് ഈ ആരതി.
ആരതി സമയം
അതിരാവിലെയുള്ള ആദ്യത്തെ ആരതി പുലർച്ചെ 4 മുതൽ 6 വരെയാണ് നടത്തുന്നത്. രണ്ടാമത്തെ ആരതിയുടെ സമയം രാവിലെ 7 മണിയാണ്. വൈകീട്ട് അഞ്ചിനാണ് അടുത്ത ആരതി. കൂടാതെ രാത്രി 7 മണിക്ക് നടക്കുന്ന അവസാന ആരതിയോടെ ക്ഷേത്രം അടയ്ക്കുകയും ചെയ്യും.
മഹാകാൽ ലോക്
മന്ദിർ പരിസാർ വിസ്താർ യോജന പ്രകാരം പുനർവികസിപ്പിച്ച മഹാകാലേശ്വര ക്ഷേത്രത്തിന്റെ ഇടനാഴിയാമ് മഹാകാൽ ലോക്. പഴയ രുദ്രസാഗർ തടാകത്തിന് ചുറ്റുമായായി 900 മീറ്റർ നീളത്തിലായാലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മനോഹരമായ കൊത്തുപണികളുള്ള 108 തൂണുകളും ഇടനാഴിയുടെ ഭാഗമാണ്.