ഭക്ഷണവും സംസ്കാരവും
സ്വന്തമെന്ന് അവകാശപ്പെടാൻ ഒരു സാംസ്കാരിക തനിമയുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അതുപോലെ തന്നെ ഗുജറാത്തിന്റെ ഭക്ഷണ വൈവിധ്യങ്ങളും പേരുകേട്ടതാണ്. ഗുജറാത്ത് താലി ആസ്വദിച്ചാൽ മാത്രം മതി ഗുജറാത്തിന്റെ ഭക്ഷണ വൈവിധ്യങ്ങൾ അടുത്തറിയാൻ. നവരാത്രി, ഉത്തരായൻ തുടങ്ങിയ ഉത്സവ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയാൽ നിങ്ങൾക്ക് ഗുജറാത്ത് സംസ്കാരത്തിന്റെ തനിമ മനസിലാക്കാൻ സാധിക്കും.
ധോക്‌ല, ഫാഫ്‌ട, ഖണ്ട്‌വി, ബാസുണ്ടി, ചിവ്ട തുടങ്ങിയവയാണ് ഗുജറാത്തിലെ തനത് വിഭവങ്ങൾ. ഇതിന്റെ രുചി അറിയാൻ ഗുജറാത്തിൽ തന്നെ പോകണം.
ബീച്ചുകളും തുരുത്തുകളും
നീളമുള്ള കടൽതീരമാണ് ഗുജറാത്തിന്റെ പ്രത്യേകത. അതിനാൽ തന്നെ ഗുജറാത്തിൽ നിരവധി ബീച്ചുകളും ഉണ്ട്. മാണ്ഡവി ബീച്ച്, ഗോപ്നാഥ് ബീച്ച്, ഡ്യൂമ ബീച്ച്, ദ്വാരക ബീച്ച്, പോർബർന്ദർ ബീച്ച് തുടങ്ങിയ ബീച്ചുകളാണ് ഗുജറാത്തിലെ പേരു കേട്ട ബീച്ചുകൾ.
ബീച്ചുകൾ കൂടാതെ തുരുത്തുകൾക്കും പേരുകേട്ടതാണ് ഗുജറാത്ത്. പിറോത്താൻ, നരാള, ദിയു തുടങ്ങിയ തുരുത്തുകളാണ് ഇവിടുത്തെ പേരുകേട്ട തുരുത്തുകൾ. മറൈൻ നാഷണൽ പാർക്കിലാണ് പിറോത്താൻ തുരുത്ത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ഒരു നാഷണൽ പാർക്ക് ഗുജറാത്തിൽ മാത്രമേയുള്ളു. പവിഴപുറ്റുകൾ, മത്സ്യങ്ങൾ, ഞണ്ടുകൾ, കൊഞ്ച്, കല്ലിൻമേൽകായ്, ആമകൾ, കടൽപാമ്പുകൾ, കടൽപക്ഷികൾ തുടങ്ങിയ ജൈവ വൈവധ്യങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും.
ഉത്സവങ്ങളും മേളകളും
നിരവധി ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്ന സ്ഥലമാണ് ഗുജറാത്ത്. അതുപോലെ തന്നെ മേളകൾക്കും പേരു കേട്ട സ്ഥലമാണ് ഇത്. നവരാത്രിയിലെ ഗർബ, മകരസക്രാന്തിയിലും ഉത്തരായനത്തിലും ആഘോഷിക്കപ്പെടുന്ന പട്ടംപറത്തൽ ഉത്സവം, മൊധേര നൃത്ത ഉത്സവം, നവംബർ - ഡിസംബർ മാസത്തിൽ കച്ചിൽ ആഘോഷിക്കപ്പെടുന്ന ലോകപ്രശസ്തമായ റാൻ ഉത്സവം തുടങ്ങിയവയാണ് ഗുജറാത്തിലെ പേരുകേട്ട ഉത്സവങ്ങൾ.
താർനേതർ മേള, വൗതമേള തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മേളകൾ. ഇവകൂടാതെ മതപരമായ പലമേളകളും ഇവിടെ നടക്കാറുണ്ട്. റാൻ ഉത്സവത്തിൽ ഗുജറാത്തിന്റെ സാംസ്കാരിക തനിമയേയും വൈവിധ്യങ്ങളേയും പറ്റിയുള്ള പ്രദർശങ്ങൾ നടക്കാറുണ്ട്.
കോട്ടകളും കൊട്ടാരങ്ങളും
ചരിത്രപരമായി പ്രാധാന്യമുള്ള നിരവധി കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പേരുകേട്ട സംസ്ഥാനമാണ് ഗുജറാത്ത്. തരംഗ കോട്ട, അപ്പർകോട്ട് കൊട്ട, ടേര കോട്ട തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ കോട്ടകൾ.
വഡോദരയിലെ ലക്‌ഷ്മിവിലാസ് കൊട്ടാരം ഇന്ത്യയിലെ തന്നെ പ്രശസ്തമായ കൊട്ടരാമാണ്.
പൈതൃക സ്ഥലങ്ങളും സ്മാരകങ്ങളും
ചരിത്രത്തിൽ പറയുന്ന സിന്ധുനദിതട സംസ്കാരം മുതൽ ഐതീഹ്യങ്ങളിൽ പറയുന്ന മഹാഭാരത കാലഘട്ടം വരെ നീണ്ടു നിൽക്കുന്നതാണ് ഗുജറാത്തിന്റെ സാംസ്കാരിക പൈതൃകം.
കീർത്തി മന്ദിർ, പാവഘട്ട്, വാദ്നഗർ തുടങ്ങിയവ ഗുജറാത്തിലെ പൈതൃക കേന്ദ്രങ്ങളാണ്. ലോതാൾ, ധോളവീര, ചാമ്പനീർ തുടങ്ങിയ സ്ഥലങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥലങ്ങളാണ്.
തടാകങ്ങളും വെള്ളച്ചാട്ടങ്ങളും
ഗുജറാത്തിലെ ജലാശയങ്ങളാണ് ഇവിടുത്തെ പ്രശസ്തമായ മറ്റൊരു ടൂറിസ്റ്റ് ആകർഷണം. രൺമാൽ തടാകം, ഹമിർസാർ തടാകം, വസ്ത്രപൂർ തടാകം നൽസരോവർ പക്ഷി സങ്കേതം തുടങ്ങിയവയാണ് ഇവിടുത്തെ പേരുകേട്ട ജലാശയങ്ങൾ.
നർമ്മദ, സബർമതി, താപ്തി തുടങ്ങിയ നദികളാണ് ഗുജറാത്തിലെ പ്രശസ്തമായ നദികൾ. ഗിരാ വെള്ളച്ചാട്ടം, ഗിർമാൽ വെള്ളച്ചാട്ടം, നിനായ് വെള്ളച്ചാട്ടം തുടങ്ങിയ വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ.
നഗരങ്ങളും പട്ടണങ്ങളും
ദ്രുതഗതിയിൽ വളരുന്ന ഇന്ത്യൻ നഗരങ്ങളിൽ ഒന്നായ അഹമ്മദബാദ് ആണ് ഗുജറാത്തിലെ പ്രശസ്തമായ നഗരം. കനാലുകൾക്ക് മുകളിലായി സോളാർ പാനലുകൾ സ്ഥാപിച്ച് (Canal-top Solar Power Project ) വൈദ്യുത പ്രതിസന്ധി പരിഹരിച്ച നഗരം ഗുജറാത്തിലാണ്. ഫ്ലൈ ഓവർകൾക്ക് പേരുകേട്ട നഗരമായ സൂററ്റ്, ഇന്ത്യയുടെ ഹരിത നഗരം എന്ന് അറിയപ്പെടുന്ന ഗാന്ധിനഗർ, ഓയിൽ നഗരം എന്ന് അറിയപ്പെടുന്ന ജാം നഗർ എന്നിവയൊക്കെ ഇന്ത്യയിൽ തന്നെ പേരു കേട്ട ഗുജറാത്തിലെ നഗരങ്ങളാണ്.
ഇന്ത്യയുടെ ക്ഷീര തലസ്ഥാനമായ ആനന്ദ്, വഡോദര, രാജ്‌കോട്ട്, ഗോദ്ര എന്നീ നഗരങ്ങളും പ്രശസ്തവും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതുമാണ്.
പർവ്വതങ്ങളും മലകളും
ഇന്ത്യയിലെ പ്രശസ്തമായ നാലു പർവ്വത നിരകൾ ഗുജറാത്തിൽ നിലകൊള്ളുന്നുണ്ട്. ആരവല്ലി, സഹ്യാദ്രി, വിന്ധ്യാ, സത്പുര എന്നിവയാണ് ആ പർവ്വതങ്ങൾ. ഗിർനാർ മലനിരകൾ, സപുതാര മലനിരകൾ, വിൽസൺ മലനിരകൾ എന്നീ മലനിരകളും ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഈ മലനിരകളിലെ ഗിർ വനത്തിലാണ് ഏഷ്യൻ സിംഹങ്ങൾ അധിവസിക്കുന്നത്. സപുതാര മലനിരകളിലാണ് ഗിർ ദേശിയ ഉദ്യാനവും വന്യ ജീവി സങ്കേതവും സ്ഥിതി ചെയ്യുന്നത്.
മ്യൂസിയങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ നിരവധിയുണ്ട് ഗുജറാത്തിൽ. ഹൃദയ് കുഞ്ച്, സബർമതി ആശ്രമം, ഫത്തേസിംഗ് മ്യൂസിയം, വസ്ത്രങ്ങളുടെ മ്യൂസിയമായ കാലിക്കോ മ്യൂസിയം, അഹമ്മദാബാദിലെ കൈറ്റ് മ്യൂസിയം, തക്തേശ്വർ ക്ഷേത്രം, ബദ്രേശ്വർ ക്ഷേത്രം, പ്രതാപ് വിലാസ് കൊട്ടാരം, സോമനാഥ ക്ഷേത്രം തുടങ്ങിയവയാണ് ഗുജറാത്തിലെ മ്യൂസിയങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും.
ക്ഷേത്രങ്ങളും തീർത്ഥാടനവും
ഹൈന്ദവ, ജൈന മതവിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഗുജറാത്ത്. ലോകത്തിലെ നാല് പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ദ്വാരക, ശിവന്റെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്ന് പ്രതിഷ്ഠിച്ചിരിക്കുന്ന സോമനാഥ ക്ഷേത്രം. 51 ശക്തി പീഠങ്ങളിൽ ഒന്നായ അംബാജി, സൂര്യക്ഷേത്രം, ഗാന്ധിനഗറിലെ അക്ഷർധാം എന്നിവയാണ് പ്രശസ്തമായ ഹൈന്ദവ ക്ഷേത്രങ്ങൾ.
മഹൂദി ജൈന തീർത്ഥ് തുടങ്ങിയ ജൈനക്ഷേത്രങ്ങളും നിരവധി മുസ്ലീം ദേവാലയങ്ങളും ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്.
ഗ്രാമങ്ങളും ഗോത്രങ്ങളും
മറ്റ് ഇന്ത്യൻ ഗ്രാമങ്ങളെ അപേക്ഷിച്ച് ഗുജറാത്തിലെ ഗ്രാമങ്ങൾ വികസനത്തിന്റെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. കച്ച് ഗ്രാമങ്ങൾ, ഗിർ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ഗ്രാമങ്ങൾ, തീരദേശഗ്രാമങ്ങൾ തുടങ്ങിയ ഗ്രാമങ്ങൾ ഗോത്രവർഗ ഗ്രാമങ്ങളാണ്. ഈ ഗ്രാമീണരിൽ ഭൂരിഭാഗം പേരും ഇടയൻമാരാണ്. മാത്രമല്ല, തനത് ഗോത്രപാരമ്പര്യങ്ങൾ കാത്ത് സൂക്ഷിക്കുന്നവരാണ് ഇവർ.
വനങ്ങളും വന്യജീവികളും
അപൂർവയിനങ്ങളിലുള്ള നിരവധി സസ്യമൃഗജാലങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ഗുജറാത്തിലെ വനങ്ങൾ. ഏഷ്യൻ സിംഹങ്ങൾ, കറുത്തമാൻ, കാട്ടുകഴുത്, ഡോൾഫിൻ, വിവിധയിനം മൂങ്ങകൾ, പരുന്തുകൾ, ദേശടന പക്ഷികളായ പെലിക്കൺ, രാജഹംസം, കൊക്കുകൾ തുടങ്ങി നിരവധി പക്ഷിമൃഗാധികളെ ഇവിടെ കാണാം.
നിരവധി വന്യജീവി സങ്കേതങ്ങൾ, പക്ഷി സങ്കേതം എന്നിവ കൂടാതെ സമുദ്രജീവി സങ്കേതവും ഗുജറാത്തിൽ ഉണ്ട്. ഇത്തരത്തിൽ ഒരു സങ്കേതം ഇന്ത്യയിൽ വേറെ ഒരിടത്തുമില്ല.