തകർന്ന ഹൃദയവുമായി കിരീടത്തിലെ സേതുമാധവൻ ഇരിക്കുന്ന രംഗം മലയാളികളുടെ മനസ്സിൽ വർഷമിത്ര കഴിഞ്ഞിട്ടും ഇപ്പോഴുമുണ്ട്. അതുപോലെ അന്നിരുന്ന ആ പാലവും പാടവും! സിനിമയിറങ്ങിയ ശേഷം കിരീടം പാലം എന്ന പേരുവീണ പാലവും പരിസരവും ഉള്ള പുഞ്ചക്കരി തിരുവനന്തപുരം ജില്ലയിലെ വെള്ളായണിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

വെള്ളായണി കായലിനോട് ചേർന്ന്
വെള്ളായണി കായലിനോട് ചേർന്ന് പ്രകൃതി മനോഹരമായ ദൃശ്യങ്ങളൊരുക്കിയിരിക്കുന്ന പുഞ്ചക്കരി പ്രാദേശിക സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. പാടവും പക്ഷികളും പച്ചപ്പും നിറഞ്ഞ ഗ്രാമീണക്കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടുവാനുള്ള കാത്തിരിരിപ്പിലാണ് പുഞ്ചക്കരി ഇന്ന്. തിരുവനന്തപുരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് നിൽക്കുന്ന ഇവിടം ഒരു വൈകുന്നേരം ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണ്.
PC:Akhilan

കാഴ്ചകൾ
സൂര്യോദയവും സൂര്യാസ്തമയവം കണ്ട് നീണ്ടു നിവർന്നു കിടക്കുന്ന വീതി കുറഞ്ഞ വഴിയിലൂടെ തീർത്തും നാടൻ കാഴ്ചകൾ കണ്ടുള്ള ഒരു പോക്കുണ്ടല്ലോ... അതാണ് പുഞ്ചക്കരിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഒപ്പം ഭംഗി കൂട്ടുവാൻ ഈ വഴിയുടെ ഒരുവശത്തുകുടെ ഒഴുകുന്ന കന്നുകാലിത്തോടുമുണ്ട്. ഈ വഴി ഇനിയും മുന്നോട്ടു പോകുമ്പോഴാണ് പ്രകൃതിഭംഗിയാർന്ന കാഴ്ചകൾ കാത്തിരിക്കുന്നത്. പാടത്തിനു നടുവിലൂടെ പോകുന്ന മൺറോഡിലൂടെ പോകുമ്പോൾ ഇരുവശത്തും മനോഹരമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. നെൽകൃഷിയും ആമ്പൽപൂക്കളും താമരപ്പൂക്കളുമെല്ലാം മാറിമാറി മുന്നോട്ടുള്ള കാഴ്ചയിൽ വരും.

പക്ഷി നിരീക്ഷണവും
പക്ഷി നിരീക്ഷണത്തിന് പറ്റിയ ഇടമെന്ന നിലയിലും ഇവിടം പേരുകേട്ടിരിക്കുന്നു. നാടൻ പക്ഷികളായ നാട്ടുമൈനയും കിന്നരി മൈനയും ഒപ്പം ഡൗറിൻ മൈനയും ദേശാടന പക്ഷികളുമെല്ലാം ഇവിടെ എത്താറുണ്ട്. ചെങ്കാലാൻ പുള്ള്, യുറേഷ്യൻ പുള്ള്, പുള്ളിമീന്കൊത്തി, കരി ആള, പച്ച കാളി,മീശ തത്ത, മോതിര തത്ത, തുടങ്ങിയവയെല്ലാം ഇവിടെയെത്തുന്ന പക്ഷിപ്രേമികളുടെ ഫ്രെയിമിൽ പതിഞ്ഞിട്ടുമുണ്ട്.
PC:Akhilan

കിരീടവും പുഞ്ചക്കരിയും
കിരീടം സിനിമയിൽ മോഹൻലാൽ ഇരിക്കുന്ന പാലവും കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ നടന്നു പോകുന്ന മോഹൻലാലും പുഞ്ചക്കരിയുടെ സ്വകാര്യ അഹങ്കാരമാണ്. അന്ന് ആ പാട്ടിൽ കണ്ട അതേ പാടവും പാലവും ഒരു മാറ്റവുമില്ലാതെ ഇന്നും ഇവിടെയുണ്ട്. കിരീടം പാലമെന്നും തിലകൻ പാലമെന്നുമെല്ലാമാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്. ബണ്ടും കായലും പാടവും എല്ലാം ചേരുന്ന ഇവിടം തിരുവനന്തപുരത്തിന്റെ കുട്ടനാട് എന്നും അറിയപ്പെടുന്നു.
PC:Kannan Murali/unsplash

ഫോട്ടോ ഷൂട്ട്
ഇന്ന് തിരുവനന്തപുരത്തെ പ്രധാന ഫോട്ടോ ഷൂട്ട സ്ഥലം കൂടിയാണിത്, സിനിമ സീരിയൽ ഷൂട്ടുകള്‍ക്കൊപ്പം വെഡ്ഡിങ്ങും സേവ് ദ ഡേറ്റുമെല്ലാം പുഞ്ചക്കരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങാറുണ്ട്. പച്ചപ്പും നെൽപ്പാടവും മാത്രമല്ല, കായലും ഈ റോഡും തോടും എല്ലാം ക്യാമറയിൽ പതിയാറുണ്ട്. കോവളത്തു നിന്നും അധികം ദൂരെയല്ല പുഞ്ചക്കരി ഉള്ളത് എന്നതുകൊണ്ടുതന്നെ ഇവിടം തേടിയും ആളുകൾ എത്തുന്നു.
PC:Kannan Murali/unsplash

പുഞ്ചക്കരി ഷാപ്പ്
ഇവിടെ എത്തുന്നവര് പുഞ്ചക്കരി ഷാപ്പില്‍ കയറിയില്ലെങ്കിൽ അതൊരു വലിയ നഷ്ടമായിരിക്കും. അതീവ രുചികരമായ നാടൻ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. മീൻ വിഭവങ്ങൾക്കാണ് ഇവിടം പേരുകേട്ടിരിക്കുന്നത്. കടൽരുചികളും ശുദ്ധജല മത്സ്യങ്ങളും ഫ്രഷായി കറിവെച്ചു തരുന്ന ഇവിടെ ഇഷ്ടംപോലെ വിഭവങ്ങൾ ലഭിക്കും. വെള്ളായണയിൽ നിന്നു കായൽ മത്സ്യങ്ങളും വിഴിഞ്ഞത്തു നിന്നു കടൽമത്സ്യങ്ങളും ഇവിടേക്ക് എത്തുന്നു.
Day Trip: ഒരു പകലിൽ കണ്ടുതീർക്കാം തിരുവനന്തപുരത്തിന്‍റെ നഗരക്കാഴ്ച.. പ്രധാന ഇടങ്ങളിലൂടെ

പ്രഖ്യാപനം
നേരത്തെ, പുഞ്ചക്കരി മാതൃകാ ടൂറിസം കേന്ദ്രമായി ഉയർത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. വെള്ളായണി കായലിനോട് ചേർന്ന ഈ പ്രദേശത്ത് ബോട്ടിംഗ്, കുട്ടികൾക്ക് വേണ്ടി പാർക്ക്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കുമെന്നുമായിരുന്നു വാഗ്ദാനം.

എത്തിച്ചേരുവാൻ
തിരുവനന്തപുരം നഗരത്തിൽ നിന്നും ഏറെ അകലെയല്ല പുഞ്ചക്കരിയുള്ളത്. കരമന പാപ്പനംകോട് വഴി കൈമനം എനന് സ്ഥലത്തെത്തി അവിടെ നിന്നും തിരുവല്ലം എത്തിയ ശേഷമാണ് പുഞ്ചക്കരിയിലേക്ക് പോകുന്നത്. വെറും 12 കിലോമീറ്റർ ദൂരം മാത്രമേ തിരുവനന്തപുരത്തു നിന്നും ഇവിടേക്കുള്ളൂ.
തിരുവനന്തപുരം യാത്രകളിലെ വാരന്ത്യ കവാടങ്ങള്‍... കോവളം മുതല്‍ പൊന്മുടി വരെ
വിശ്വാസികൾ നടതുറപ്പിച്ച് പ്രാർത്ഥിക്കുന്ന ക്ഷേത്രം, ഒരൊറ്റ ദേവിക്കായി മൂന്ന് ശ്രീകോവിൽ!