കാപ്പില്‍ ബീച്ച്, കാസര്‍കോഡ്
കേരളത്തിലെ എണ്ണം പറഞ്ഞ ബീച്ചുകളില്‍ ഒന്നായിത്തീരേണ്ട ഇടമാണ് കാസര്‍കോഡ് ജില്ലയിലെ കാപ്പില്‍ ബീച്ച്. ഏകാന്ത സഞ്ചാരികളുടെ സ്വപ്നതീരം എന്നറിയപ്പെടുന്ന കാപ്പില്‍ ബീച്ച് പുറംലോകത്തിന് അധികം അറിയുന്ന ഒരിടമല്ല എന്നതാണ് യാഥാര്‍ഥ്യം. ബേക്കല്‍ കോട്ടയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണെങ്കിലും പുറമേ നിന്നൊന്നും അധികം ആളുകള്‍ ഇവിടെ എത്താറില്ല. ഏകാന്തതയെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണിത്. തീരെ ആഴം കുറവുള്ള കടലായതിനാല്‍ നീന്തല്‍ പഠിക്കുവാനായി പ്രദേശവാസികള്‍ ഇവിടം തിരഞ്ഞെടുക്കാറുണ്ട്.
PC: Ikroos
ബട്ടര്‍ഫ്ലൈ ബീച്ച്
ഗോവയുടെ രഹസ്യബീച്ച് എന്നറിയപ്പെടുന്ന ഇടമാണ് ബട്ടര്‍ഫ്ലൈ ബീച്ച്. പലതവണ ഗോവയില്‍ വന്നവര്‍ക്കു പോലും ഒട്ടും പരിചിതമല്ലാത്ത ഈ പ്രദേശം അത്ര പെട്ടന്ന് എത്തിപ്പെടുവാന്‍ സാധിക്കുന്ന ഇടത്തല്ല സ്ഥിതി ചെയ്യുന്നത്. തീര്‍ത്തും വ്യത്യസ്തമായ അനുഭവം നല്കുന്ന ഇടങ്ങളിലൊന്നാണ് ഈ ബീച്ച്. ഇരമ്പിയാര്‍ക്കുന്ന കടലിന്‍റെ സൗന്ദര്യത്തില്‍ നിന്നും വ്യത്യസ്തമായി ഒരു യഥാര്‍ഥ സഞ്ചാരിയെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളുടെ വാസകേന്ദ്രം കൂടിയാണ് ഈ ദ്വീപ്. അർധ വൃത്താകൃതിയിൽ പാറക്കെട്ടുകൾ നിറഞ്ഞതാണ് ബട്ടർഫ്ലൈ ബീച്ച്. ആളുകൾ ഒത്തിരിയൊന്നും എത്തിച്ചേരാത്ത സ്ഥലമായതിനാൽ സ്വകാര്യത നിറഞ്ഞ സ്ഥലമാണിത്.
റന്‍പാര്‍ ബീച്ച്, മഹാരാഷ്ട്ര
സഞ്ചാരികളെ വേറേ ലെവലില്‍ എത്തിക്കുന്ന ബീച്ചുകളിലൊന്നാണ് മഹാരാഷ്ട്രയിലെ റന്‍പാര്‍ ബീച്ച്. നാഗരികതയുടേയോ ആധുനികതയുടേയാ യാതൊരു അടയാളങ്ങളുമില്ലാതെ അന്നത്തെ അന്നത്തിനായി പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ആളുകളാണ് ഇവിടെയുള്ളത്. പുറമേ നിന്നുള്ള എല്ലാ ബഹളങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും മാറി സ്വസ്ഥമായി കുറച്ച് സമയം ചിലവഴിക്കുവാനും തനിച്ചിരിക്കുവാനും ഒക്കെ താല്പര്യമുള്ളവര്‍ക്ക് ധൈര്യമായി കടന്നു വരുവാന്‍ പറ്റിയ ഇടം കൂടിയാണിത്. ലോക്ഡൗണിനു ശേഷമുള്ള യാത്രകളില്‍ തിരക്കില്ലാത്ത ഇടം തേടുന്നവര്‍ക്ക് ഒരു സംശയവും കൂടാതെ ഇവിടം തിരഞ്ഞെടുക്കാം.
മാരാരി ബീച്ച്
കേരളത്തിലെ ഏറ്റവും സുന്ദരമായ ബീച്ചുകളില്‍ ഒന്നാണ് ആലപ്പുഴ ജില്ലയിലെ മാരാരി ബീച്ച്. ആലപ്പുഴ ജില്ലയിൽ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമത്തോട് ചേർന്നു കിടക്കുന്ന ഇവിടം കാഴ്ചയിൽ ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമത്തിന്റെ തോന്നലാണ് ഉണ്ടാക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന തീരമാണ് ഇവിടുത്തെ പ്രത്യേകത. നഗരത്തിന് അടുത്താണെങ്കിലും അധികമൊന്നും ആളുകള്‍ എത്തിച്ചേരാത്തതിനാല്‍ തീര്‍ത്തും സമാധാനപൂര്‍വ്വമായി ഇവിടെ സമയം ചിലവഴിക്കാം.
PC:nborun
ടില്‍മാട്ടി ബീച്ച്, കര്‍ണ്ണാടക
കറുത്ത മണലിനോട് ചേര്‍ന്നു കിടക്കുന്ന തീരമാണ് കര്‍ണ്ണാടകയിലെ ടില്‍മാട്ടി ബീച്ച്. തിരക്കുകളില്‍ നിന്നെല്ലാം മാറി കിടക്കുന്ന ഇവിടം തീര്‍ത്തും ഒറ്റപ്പെട്ട ഇടമാണ്. മീന്‍പിടിക്കുവാനെത്തുന്നവരെ കൂടാതെ വല്ലപ്പോഴും വരുന്ന സഞ്ചാരികള്‍ മാത്രമ ഇവിടെ കാണാറുള്ളൂ,
ഗിറ്റാര്‍ ദ്വീപ്
ഗിറ്റാറിന്‍റെ ആകൃതിയില്‍ കാണപ്പെടുന്ന തീര്‍ത്തും ഒതുങ്ങി നില്‍ക്കുന്ന ദ്വീപാണ് ആന്‍ഡമാന്‍ നിക്കോബീറിലെ ഗിറ്റാര്‍ ദ്വീപ്. സാധാരണ സഞ്ചാരികള്‍ ആന്‍ഡമാന്‍ യാത്രയില്‍ ഇവിടം ഒഴിവാക്കുമ്പോള്‍ സാഹസികരായ സഞ്ചാരികള്‍ ഇവിടം തേടിയെത്തുന്നു. തീര്‍ത്തും വ്യത്യസ്തമായ അനുഭവം നല്കുന്ന ഇവിടം ഒട്ടേറെ കാഴ്ചകളാല്‍ സമ്പന്നവുമാണ്. സ്നോര്‍ക്കലിങ്ങിനും കടലിലൂടെയുള്ള നടത്തത്തിനും കടലിലെ ജൈവവൈവിധ്യം അനുഭവിക്കുവാനും ഇവിടെ ധാരാളം അവസരങ്ങളുണ്ട്. കാടുകളും ദ്വീപിന്റെ പ്രത്യേകതയാണ്. പ്രത്യേകിച്ച് നിര്‍മ്മിതകളോ ഹോട്ടലുകളോ താമസസൗകര്യങ്ങളോ ഈ ദ്വീപില്‍ ഇനിലും ലഭ്യമാക്കിയിട്ടില്ല. അതിനാല്‍ തന്നെ ഇവിടെ താമസിക്കുവാനോ രാത്രി ചിലവഴിക്കുവാനോ സൗകര്യങ്ങളില്ല. ഒരു പക്ഷേ, അതായിരിക്കും ഈ ദ്വീപിനെ ഇന്നും ഇത്ര മനോഹരമായി നിലനിര്‍ത്തുന്ന കാര്യങ്ങളിലൊന്ന്.
തരംഗംബാടി ബീച്ച്
എത്രതവണ കണ്ടാലും വീണ്ടും വീണ്ടും കാണുവാന്‍ കാഴ്ചകള്‍ ബാക്കിയാക്കിയ നാടാണ് ട്രാങ്കോബാര്‍ എന്ന തരങ്കമ്പാടി. മറ്റൊരു കാലത്തിലേക്ക് കടന്നതുപോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവിടുത്തെ കാഴ്ചകളുള്ളത്. ട്രങ്കോബാര്‍ എന്നും ഇവിടം അറിയപ്പെടുന്നു. നീലാകാശവും തിരമാലകളും പിന്നിട്ട് പോണ്ടിച്ചേരിയിലെ കടല്‍ കടക്കുമ്പോള്‍ കാണുന്ന മായാനഗരമാണ് ട്രങ്കോബാര്‍. എന്തേ ഈ നഗരത്തെ അറിയാന്‍ ഇത്രയും വൈകി എന്ന ചോദ്യം ആദ്യകാഴ്ചയില്‍ മനസ്സില്‍ ഉയരുക സ്വാഭാവീകമാണ്. അത്രയധികമുണ്ട് തിരമാലകള്‍ പാട്ടുപാടുന്ന ഈ ഗ്രാമത്തിന്റെ ഭംഗി.
PC: Joseph Jayanth
ഗഹിര്‍മാതാ ബീച്ച്, ഒഡീഷ
ബിതാര്‍കനിക ദേശീയോദ്യാനത്തിന്‍റെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഗഹിര്‍മാതാ ബീച്ച് അത്രയെളുപ്പത്തില്‍ എത്തിച്ചേരുവാന്‍ കഴിയാത്ത ഒരിടമാണ്. ആളുകള്‍ അത്രയൊന്നും എത്തിപ്പെടാത്ത ഈ ബീച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും റിമോട്ട് ബീച്ചുകളിലൊന്നാണ്. ബീച്ചുകളെ ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരിയാണെങ്കില്‍ തീര്‍ച്ചയായും ഇവിടെ വന്നിരിക്കണം എന്ന കാര്യത്തില്‍ സംശയമില്ല. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒലിവ് റിഡ്ലി കടലാമകളെ ധാരാളമായി കാണപ്പെടുന്ന ഇടം കൂടിയാണിത്.