ഇതുവരെ കാണാത്ത തരത്തിലുള്ള പൂക്കളുടെ അത്ഭുത ലോകം.. നമ്മുടെ നാട്ടിൽ കാണുന്ന ഡാലിയകളുടെ ഒരു ഡസനോളം വ്യത്യസ്ത നിറങ്ങള്‍.. പ്രായം എത്രയുണ്ടെങ്കിലും അത് പുറത്തു കാണിക്കാത്ത ബോൺസായ് മരങ്ങൾ.. ഇതളുകളില്‍ വർണ്ണ വിസ്മയം തീർക്കുന്ന പൂക്കള്‍..കണ്ണും മനസ്സും നിറയ്ക്കുന്ന പൂക്കളുട കാഴ്ചയാണ് ഇത്തവണ തിരുവല്ല പുഷ്പമേളയിൽ ഉള്ളത്.
ഹോർട്ടികൾച്ചർ ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ
നഗരസഭ മൈതാനിയിൽ നടക്കുന്ന തിരുവല്ല പുഷ്പമേള മികച്ച പ്രതികരണം നേടി തുടരുകയാണ്. ജനുവരി 30 വ്യാഴാഴ്ച ആരംഭിച്ച പുഷ്പമേള പത്ത് ദിവസം നീണ്ടുനിൽക്കും. . ഒരുലക്ഷം ചതുരശ്ര അടിയിൽ തയ്യാറാക്കുന്ന പന്തലിലാണ് മേള നടക്കുന്നത്.

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പുഷ്പങ്ങളും ബോൺസായിയും ആണ് ഈ വർഷത്തെ ആകർഷണീയമായ കാഴ്ചകൾ. വിവിധ നിറങ്ങളിലുള്ള ഡാലിയാ ചെടികളുടെ കാഴ്ചയും മേളയിൽ ഒരുക്കിയിട്ടുണ്ട്. 20,000 ചതുരശ്ര അടിയിൽ ഊട്ടി മാതൃകയിൽ ചെടികളും ബോൺസായിയും ക്രമീകരിക്കും.

ബോൺസായ് മരങ്ങൾ
തിരുവനന്തപുരം പാലോട് ബോട്ടാണിക്കല്‍ ഗാർഡനിൽ നിന്നുള്ള 150 ഓളം ബോൺസായ് മരങ്ങൾ പ്രദർശനത്തിനുണ്ട്. 70 വ്യത്യസ്ത ഇനങ്ങളിലുള്ള ഈ മരങ്ങൾ പ്രായത്തിൽ ഏറെ മുന്നിലാണെങ്കിലും ഒരു ചെടിച്ചട്ടിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന കാഴ്ച കൗതുകം നല്കുന്ന ഒന്നാണ്. ഈ കൂട്ടത്തിലെ ഏറ്റവും പ്രായമുള്ള മരത്തിന് 40 കൊല്ലം പഴക്കമുണ്ട്. കൃഷ്ണനാല്‍ ഇനത്തിൽ പെട്ട കുട്ടിയാൽ, ബോധിവൃക്ഷത്തിന്‍റെ പുതിയ ബോൺസായി തുടങ്ങിയവയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

മൂവായിരത്തോളം ഡാലിയ ചെടികൾ
മലയളികളുടെ വീട്ടുമുറ്റങ്ങളെ അലങ്കരിക്കുന്ന ചെടികളിൽ റോസിനോടൊപ്പം നിൽക്കുന്നവയാണ് ഡാലിയയും. ഈ ഡാലിയ ചെടികളുടെ ഇതുവരെ കാണാത്ത നിറങ്ങളടക്കം പുഷ്പമേളയിൽ കാണാം. പന്ത്രണ്ടോളം വ്യത്യസ്ത നിറത്തിലും ഇനത്തിലും പെട്ട മൂവായിരത്തോളം ഡാലിയ ചെടികൾ ഇവിടെയുണ്ട്, പൂത്തുലഞ്ഞു നിൽക്കുന്ന മനോഹരമായ രൂപിൽ ഇതിനെ ഇവിടെ കാണാം.

റോസാപൂക്കൾ
നമ്മുടെ ചെടികളിൽ ഏറ്റവും പ്രചാരത്തിലുള്ള റോസാപ്പൂക്കളുടെ വലിയൊരു ശേഖരവും ഇവിടെയുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള പുതിയഇനം റോസുകൾ പ്രത്യേക അനുമതിയോടു കൂടിയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഇത് കൂടാതെ, വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത പുഷ്പങ്ങൾക്കു മാത്രമായി പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്. നെതർലൻഡ്സിൽ നിന്നുള്ള ക്രിസാന്തമവും റോസുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. പല നിറങ്ങളിലുള്ള ഇതളുകളാണ് ഇവിടുത്തെ ഈ പൂക്കളിൽ കാണാനുള്ളത്. ഏകദേശം നാല്പതു ശതമാനത്തോളം വിടർന്നു കഴിയുന്ന റോസിന്‍റെയും ക്രിസാന്തമിന്‍റെയും ഇതളുകളിലേക്ക് വിവിധ വർണ്ണങ്ങള്‍ കുത്തിവെച്ചാണ് ഇത്രയും കളർഫുൾ ആയി പൂക്കളെ മാറ്റിയെടുക്കുന്നത്.
ഇത് കൂടാതെ ഇക്വഡോറിൽനിന്നുള്ള വിവിധ നിറങ്ങളിലുള്ള റോസ്, വിയറ്റ്‌നാം, തായ്‌വാൻ, കെനിയ, തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ചെടികൾ എന്നിവയും ഇവിടെ കാണാം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും സമയം ചെലവഴിക്കാനും പറ്റിയ കട്ട് ഫ്ളവർ ഷോ, പുഷ്പ-ഫല-കാർഷിക പ്രദർശനം, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, ഓട്ടോ എക്‌സ്‌പോ, അക്വാ-പെറ്റ് ഷോ, പുസ്തകമേള തുടങ്ങിയവയും ഈ വർഷത്തെ തിരുവല്ല പുഷ്പമേളയുടെ ഭാഗമായി ഉണ്ടായിരിക്കും. വണ്ടികൾ ഇഷ്ടപ്പെടുന്നവർക്ക് ഓട്ടോ എക്സ്പോ മികച്ച അനുഭവം നല്കും. പുഷ്പമേള കാണാൻ കയറിയാൽ വിശക്കുമോ എന്ന് വിഷമിക്കേണ്ട. രുതികരമായ വിഭവങ്ങളുമായി ഫുഡ് കോർട്ടും ഇവിടെ സജീവമാണ്.
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാ- സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും.
ഫെബ്രുവരി 9 ഞായറാഴ്ച മേള സമാപിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












