വയലട
കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിന്‍റെ അകലെക്കാഴ്ചകൾ നല്കുന്ന, ഇവിടം സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ഏറ്റവും മികച്ച പ്രകൃതി സൗന്ദര്യം ഏറ്റവും കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ പറ്റുന്ന സ്ഥലമാണിത്. പ്രകൃതിഭംഗിയോടൊപ്പം തന്നെ കാലാവസ്ഥയും കൂടിയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എളുപ്പത്തിൽ മനോഹരമായ ലക്ഷ്യസ്ഥാനം നോക്കുന്നവർക്ക് വയലട തിരഞ്ഞെടുക്കാം.
PC: PA Muhammad Riyas FB Page
മലബാറിന്‍റെ ഗവി
മലബാറിന്‍റെ ഗവിയെന്നും കോഴിക്കോടിന്‍റെ ഊട്ടിയെന്നുമെല്ലാം വയലടയെ സഞ്ചാരികൽ സ്നേഹത്തോടെ വിളിക്കാറുണ്ട്. അതിനെന്താണ് കാരണം എന്നറിയണെമെങ്കിൽ നേരിട്ട് ഇവിടേക്ക് വരാം. ഊട്ടിയിലും ഗവിയിലും ഉള്ളപോലെ കോടമഞ്ഞും പച്ചപ്പും രസകരമായ കാഴ്ചകളും ആണ് ഇവിടെയുള്ളത് എന്നതാണ് ഈ പേരുകള്ഡക്കു പിന്നിലെ കഥ! പെട്ടന്നു പടരുന്ന കോടമഞ്ഞിലൂടെ നടന്ന് വേണം മുകളിലേക്ക് കയറുവാൻ. ചെറിയൊരു മഴ കൂടിയുണ്ടെങ്കിൽ ആ രസം പറഞ്ഞറിയിക്കുവാൻ സാധിക്കില്ല
കിടിലൻ കാഴ്ചകൾ
വയലടയിൽ ഏറ്റവും മുകളിലെ പോയിന്‍റിൽ നിന്നും നോക്കിയാൽ ഒരുപാട് കാഴ്ചകളാണ് ഉള്ളത്. കോഴിക്കോട്ടെ മലയോര പട്ടണങ്ങളായ പോരാമ്പ്രാ, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ച തന്നെ ഇവിടെനിന്നും ഒപ്പിക്കാം.
PC: PA Muhammad Riyas /FB Page
മുള്ളൻപാറ
വയലട വ്യൂ പോയിന്‍റിനൊപ്പം തന്നെ പ്രസിദ്ധമാണ് മുള്ളൻപാറയും. ഇവിടെ നിന്നുള്ള കാഴ്ചകൾ കൂടി കണ്ടാലേ വയലട യാത്ര പൂർണ്ണമായി എന്നു പറയുവാൻ സാധിക്കൂ. മുള്ളുകളുള്ള പാറയിൽ നിന്നാണ് മുള്ളൻപാറ എന്ന പേര് വന്നതെന്നാണ് കരുതുന്നത്. ഈ പാറ കുത്തനെ കയറിച്ചെല്ലുന്നിടത്താണ് വ്യൂ പോയിന്‍റുള്ളത്. കക്കയം ഡാമും മലനിരകളും , പെരുവണ്ണാമൂഴി റിസർവോയറും അവിടെ നിന്നു പുറത്തുവിടുന്ന വെള്ളം പോകുന്ന വഴിയും ചുറ്റുമുള്ള കാടും എല്ലാം ആകാശക്കാഴ്ചയിലെന്ന പോലെ ഇവിടെ നിന്ന് ആസ്വദിക്കാം. എന്നാൽ മഞ്ഞുമാറണം ഈ കാഴ്ചകളത്രയും കാണണമെങ്കിൽ .
PC:Aamir Suhail/Unsplash
മഴയിൽ വരാം
വർഷത്തില്‍ ഏതുസമയത്തു വന്നാലും വയലട അത്ഭുതപ്പെടുത്തും. എന്നാൽ മഴക്കാലത്താണ് ഇവിടം കൂടുതല്‍ സുന്ദരിയാകുന്നത്. മഴയും പച്ചപ്പു ഒപ്പം മലകൾ കടന്നിറങ്ങി വരുന്ന കോടമഞ്ഞും കൂടിയാകുമ്പോൾ ഒരു രക്ഷയുമില്ല. രാവിലെയാണ് വരുന്നതെങ്കില്‍ സൂര്യാസ്തമയം കൂടി കാണുവാൻ സാധിക്കുന്ന തരത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ. വൈകുന്നേരം വന്നാൽ സൂര്യാസ്തമം കൂടി കണ്ട് മലയിറങ്ങുവാൻ ശ്രദ്ധിക്കാം.
PC:snappigram/Unsplash
വയലടയിലേക്ക് വരുവാൻ
കോഴിക്കോട് നിന്ന് 40 കിലോമീറ്ററും ബാലുശ്ശേരിയിൽ നിന്ന് 15 കിലോമീറ്ററും വയലടയിലേക്ക് ദൂരമുണ്ട്. ബാലുശ്ശേരിയിൽ നിന്ന് വയലടയിൽ എത്തി അവിടുന്ന് കോട്ടക്കുന്ന് റോഡിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുള്ളന്‍പാറയിലെത്താം. മറ്റൊരു വഴി താമരശേരി-എസ്റ്റേറ്റ്മുക്ക്-തലയാട് വഴി വരുന്നതാണ്.
മുള്ളൻപാറയിലേക്ക് കയറണമെങ്കിൽ
കോട്ടക്കുന്നില്‍നിന്ന് 500 മീറ്റര്‍ ദൂരം നടക്കണം. ഇപ്പോൾ വലടയില്‍നിന്ന് കോട്ടക്കുന്നിലേക്ക് ജീപ്പ് സര്‍വീസ് ഉള്ളതിനാൽ നടത്തം ഒഴിവാക്കാം. ബാലുശ്ശേരിയിൽ നിന്നാണ് ഇവിടേക്ക് ബസ് സര്‍വീസുകൾ കൂടുതലുമുള്ളത്.
കോഴിക്കോട്- വയലട കെഎസ്ആർടിസി ബസ് സര്‍വീസുകൾ
കോഴിക്കോട് - വയലട
06:40 am കോഴിക്കോട്
08:20 am വയലട
വയലട - കോഴിക്കോട്
08:30 am വയലട
10:10 am കോഴിക്കോട്
കോഴിക്കോട് - വയലട
03:40 pm കോഴിക്കോട്
05:20 pm വയലട
5:35PM വയലട - താമരശ്ശേരി.