ആകാശത്ത്, മേഘങ്ങൾക്കിടയിലൂടെ പറന്ന് ഒരു യാത്ര.. ആകാശത്തിനും ഭൂമിക്കും മധ്യേ നിന്ന് ലോകത്തെ നോക്കി, നാട് കണ്ടുള്ള യാത്രകള്‍. ചുരുക്കം ഒരു ശതമാനത്തെ മാറ്റിനിർത്തിയാൽ വിമാനയാത്രകൾ ഇന്നും പലർക്കും സ്വപ്നം മാത്രമാണ്.കാശെറിഞ്ഞ്, ഭൂമിയിലുള്ളതിനേക്കാള്‍ സൗകര്യങ്ങളും ആഢംബരങ്ങളും ആകാശത്ത് നല്കുന്ന ചില എയർലൈനുകളുണ്ട്. ലക്ഷങ്ങള്‍ ചെലവാക്കുന്നത് വെറുതേയാണോ എന്നു ചോദിക്കുന്ന തരത്തിൽ സൗകര്യങ്ങൾ നല്കുന്ന, ലോകത്തിലെ ഏറ്റവും ചെലവേറിയ എയർലൈനുകൾ.
വിമാനത്തിൽ കാൽ നീട്ടാൻ കുറച്ച് സൗകര്യവും മടുക്കാതെ ഇടയ്ക്ക് ഭക്ഷണവും സമയം പോകാൻ ഏതെങ്കിലും ഷോയോ സിനിമയോ കണ്ട് യാത്ര പോകുന്നവരാണ് അധികം പേരും. എന്നാൽ ഒരുപക്ഷേ, നമുക്ക് സ്വപ്നം കാണാൻ പോകും കഴിയാത്ത വിധത്തിലുള്ള ആഢംബരം നിറഞ്ഞ എയർലൈനുകളും ഉണ്ട്. , ലോകത്തിലെ ഏറ്റവും ചെലവേറിയ അഞ്ച് എയർലൈനുകൾ ഏതൊക്കെയെന്നും അവയുടെ പ്രത്യേകതകളും നോക്കാം.
1. ഇത്തിഹാദ് എയർവേയ്സ്
ലോകത്തിലെ ഏറ്റവും ചെലവേറിയ എയർലൈൻ നോക്കുകയാണെങ്കിൽ ഇത്തിഹാദ് എയർവേയ്സ് കഴിഞ്ഞൊരു തിരച്ചിലില്ല. സൗകര്യങ്ങളും ആഢംബരവും ഒന്നുപോലെ ചേരുന്ന സർവീസാണ് യുഎഇയുടെ ദേശീയവിമാനസർവ്വീസായ ഇത്തിഹാദ് എയർവേയ്സ്. ഇവരുടെ ഏറ്റവും ചെലവേറിയ ക്ലാസുകളിലൊന്നായ റസിഡൻസ് ക്ലാസിൽ യാത്ര ചെയ്യുമ്പോൾ നിങ്ങള്‍ക്ക് ഒരു സീറ്റല്ല, മറിച്ച് മൂന്നു മുറികളുള്ള ഒരു സ്വീറ്റ് തന്നെയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇത്തിഹാദിന്‍റെ A380 എയർക്രാഫ്റ്റിൽ മാത്രമാണ് റസിഡൻസ് ക്ലാസ് ലഭ്യമായിട്ടുള്ളത്.
ഇതിൽ കൂടുതല്‍ സൗകര്യങ്ങൾ ഒരു വിമാനത്തിന് തരാൻ സാധിക്കില്ലെന്ന ഉറപ്പാണ് ഇവർ നല്കുന്നത്. വിശാലമായ ലെതർ കൗച്ചുള്ള ലിവിങ് റൂം, ഡബിൾ ബെഡോടു കൂടി ഉറങ്ങാനുള്ള പ്രത്യേക സ്ഥലം. പിന്നെ ഒരു സ്വകാര്യ എൻ- സ്വീറ്റ് ഷവറും ഇതിലുണ്ടാകും. ഇത് കൂടാതെ, നിങ്ങൾക്കുവേണ്ടി മാത്രം ഭക്ഷണ കാര്യങ്ങൾക്കായി ഒരു ബട്ളരും യാത്രയിലുടനീളം ഉണ്ടാകും. ഇത്തിഹാദിൽ ഫസ്റ്റ് ക്ലാസ് അപ്പാട്മെന്‍റ് യാത്രയ്ക്ക് ലക്ഷങ്ങൾ ആണ് മുടക്കേണ്ടത്. ഉദാഹരണത്തിന് ജനുവരി 16 ന് ജോൺ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രയ്ക്ക് 8,869 യുസ് ഡോളർ അഥവാ 7,59,841 രൂപയാണ് കാണിക്കുന്നത്.
2. എമിറേറ്റ്സ്
എത്ര നീണ്ട വിമാന യാത്രയാണെങ്കിലും കിടന്നുറങ്ങി കുളിച്ചിറങ്ങി വരുന്ന പോലെ ഫ്രഷ് ആയി വരാൻ നിങ്ങളെ അനുവദിക്കുന്ന എയർലൈൻ ആണ് ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് ആഢംബരത്തിന്‍റെയും സൗകര്യങ്ങളുടെയും കാര്യത്തിൽ എമിറേറ്റ്സും ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. എമിറേറ്റ്സിന്‍റെ A380 എയർ ക്രാഫ്റ്റിന്‍റെ പ്രൈവറ്റ് സ്വീറ്റിൽ യാത്ര സുഖകരമാക്കാനുള്ള ഒരുപാട് സംവിധാനങ്ങളാണ് നല്കിയിരിക്കുന്നത്. മോയ്സ്ചറൈസിങ് പജാമ, യാത്രയിലുടനീളമുള്ള ഷെഫ്, ഏറ്റവും മികച്ച വൈനുകള്, ഷാംപെയിൻ, തെരഞ്ഞെടുത്ത എയർക്രാഫ്റ്റിൽ ഫസ്റ്റ് ക്ലാസിൽ ഒരു കുളി പാസാക്കാനുള്ള സൗകര്യം എന്നിങ്ങനെ പല സൗകര്യങ്ങളും ലഭ്യമാണ്. 5000 മുതൽ 25,000 വരെയാണ് എമിറേറ്റ്സ് ഫസ്റ്റ് ക്ലാസിന്റെ നിരക്ക്.
3. സിംഗപ്പൂർ എയർലൈൻസ്
ആഢംബരത്തിൽ പറക്കാൻ സൗകര്യം നല്കുന്ന മറ്റൊരു എയർലൈൻ ആണ് സിംഗപ്പൂർ എയർലൈൻസ്. കാശ് കുറച്ചധികം പൊടിയുമെങ്കിലും കിട്ടുന്ന സൗകര്യങ്ങളോർക്കുമ്പോള് അതൊരു ചെലവായി തോന്നില്ല. ഒത്തിരി സ്ഥലസൗകര്യമുള്ള, ആഢംബര സ്വീറ്റിൽ നിങ്ങൾക്കായി ഒരു തുകൽ കസേരയും ഒരു സിംഗിൾ ബെഡും കാണും. രണ്ടുപേരുണ്ടെങ്കിൽ പാർട്ടീഷൻ മാറ്റി ഡബിൾ ബെഡ് ആക്കുകയും ചെയ്യാം. കുളിക്കാനോ ഫ്രഷ് ആകാനോ ഉള്ള സൗകര്യമില്ലെങ്കിലും ലാൻഡിങ്ങിന് മുൻപ് ഒരുങ്ങിയിറങ്ങുവാനുള്ള സിറ്റ് ഡൗൺ വാനിറ്റി കൗണ്ടർ ഉണ്ട്. ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് അനുഭവങ്ങൾ നിങ്ങൾക്ക് സിംഗപ്പൂർ എയർലൈൻസ് നല്കും,
സ്ലൈഡിംഗ് ഡോറുകൾ, രുചികരമായ ഭക്ഷണ സൗകര്യങ്ങൾ, കിടക്കകൾ എന്നിവ ഉൾപ്പെടെയാണ്. ഏകദേശം $15,000 അഥവാ 12 ലക്ഷം രൂപാ മുതലാണ് ഇത് ആരംഭിക്കുന്നത്.
4. കാത്തി പസഫിക്
ഒരു പക്ഷേ, ഈ ശ്രേണിയിലുള്ള മറ്റു ഫ്ലൈറ്റുകൾ നല്കുന്ന സൗകര്യങ്ങളിൽ പലതും കാത്തി പസഫിക് എയർലൈൻസ് നല്കുന്നില്ല. എന്നിരുന്നാലും ചെലവിലും സൗകര്യങ്ങളിലും ഇന്നും ഇതിന് അതിന്‍റേതായ ഒരു സ്ഥാനമുണ്ട്. കാത്തി പസഫികിൽ വെറും ആറ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ മാത്രമാണുള്ളത്. ഇവയോരോന്നിലും ഓരോന്നിനും ബാംഫോർഡ് 600-ത്രെഡ്-കൗണ്ട് ഷീറ്റുകൾ , പൈജാമകൾ, സ്ലിപ്പറുകൾ, ബാംഫോർഡ് ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ലഭ്യമാക്കും. ഇവരുടെ ഭക്ഷണവും വൈൻ ശേഖരവും മറ്റ് എയർലൈനുകൾ നല്കുന്നതിനേക്കാള് കൂടുതലുണ്ട്. റൂട്ടും സീസണും കണക്കിലെടുക്കുമ്പോൾ $ 30,000 മുതലാണ് നിരക്ക് വരിക. ഇത് ഏകദേഷം 25 ലക്ഷം രൂപയ്ക്ക് മുകളിൽ വരും.
5. ലുഫ്ത്താൻസ
സ്വീറ്റിൽ നിന്നും സ്വീറ്റ് പ്ലസ് സൗകര്യം യാത്രക്കാർക്ക് നല്കുന്ന ലോകത്തിലെ ചെലവേറിയ എയർലൈനുകളിൽ ഒന്നാണ് ലുഫ്ത്താൻസ. അവർക്ക് 32 ഇഞ്ച് 4K ടിവിയും സാധനങ്ങൾ സൂക്ഷിക്കാൻ സ്വന്തമായി ഒരു വാർഡ്രോബും പൂർണ്ണമായി അടയുന്ന വാതിസും ഇരിപ്പിടവും ഒകെ ഇതിലുണ്ടാകും, ലുഫ്താൻസ സ്യൂട്ടിലെയും സ്യൂട്ട് പ്ലസിലെയും ഫ്ലൈറ്റുകളുടെ നിരക്ക് ലഭ്യമായിട്ടില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














