കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത് . അതീവ ജാഗ്രതാ നിർദ്ദേശമാണ് സംസ്ഥാനത്താകെയുള്ളത്.
അതേസമയം, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്ന നിര്‍ദ്ദേശവും അധികൃതർ നല്കിയിട്ടുണ്ട്. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉണ്ട്. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

കൂടാതെ, കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം - ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം വിലക്കി. മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രാ നിരോധനവും ഏർപ്പെടുത്തി. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഒപ്പം പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 2 - 3 ദിവസം വരെ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയും പ്രതീക്ഷിക്കുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതനുസരിച്ച് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












