സ്ഥലങ്ങളുടെ പേരുമാറ്റം നമുക്കൊരു പുതുമയല്ല. രാഷ്ട്രീയ കാരണങ്ങളാലും മറ്റും പേരുമാറ്റിയ ഇടങ്ങളെക്കുറിച്ച് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, കേരളത്തിലെ ഒരു ഗ്രാമവും പേരുമാറുവാന്‍ പോവുകയാണ്. എന്നാൽ സാധാരണ പേരുമാറ്റങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പത്തനംതിട്ട ജില്ലയിൽ റാന്നിക്ക് അടുത്ത് പമ്പാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന അയിരൂർ ഗ്രാമമാണ് കഥകളി ഗ്രാമമാകുവാൻ ഒരുങ്ങുന്നത്. പേരുമാറ്റ പ്രഖ്യാപനത്തിനുള്ള അന്തിമ ഇനുമതിയും ഗ്രാമത്തിന് സർക്കാരിൽ നിന്നും ലഭിച്ചുകഴിഞ്ഞു. അയിരൂർ കഥകളിഗ്രാമം എന്നാവും ഇനിമുതൽ അയിരൂർ അറിയപ്പെടുക. ഒരു ഗ്രാമത്തിന് ഇത്തരത്തിൽ ഒരു ബഹുമതി ആദ്യമായാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു കലയുടെ പേരുമായി ബന്ധപ്പെടുത്തി രാജ്യത്ത് ആദ്യമായാണ് ഒരു ഗ്രാമത്തിന് പേര് ലഭിക്കുന്നത്.

PC:Avin CP
കേരളത്തിലെ ഏക കഥകളി ഗ്രാമമെന്ന് അറിയപ്പെടുന്ന അയിരൂരിന്‍റെ കഥകളി പാരമ്പര്യത്തിന് ഏകദേശം രണ്ടു നൂറ്റാണ്ടോളം പഴക്കമുണ്ട്. കേരളത്തിൽ ഏറ്റവുമധികം കഥകളി സാക്ഷരതയുള്ള സ്ഥലവും അയിരൂരാണ്. സ്ത്രീകളും കുട്ടികളുമടക്കം ഇവിടുത്തെ കഥകളി ആരാധകരാണ്.
തുടക്കം ഇങ്ങനെ
കഥകളി ഗ്രാമമെന്ന അംഗീകാരത്തിന് പിന്നിൽ നീണ്ട 12 വർഷങ്ങളുടെ അധ്വാനവും കാത്തിരിപ്പുമുണ്ട്.
2010ൽ ആണ് അയിരൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അയിരൂരിനെ കഥകളി ഗ്രാമമായി പ്രഖ്യാപിച്ചത്. ഇതിനെല്ലാം തുടക്കമായി 1995 ൽ അയിരൂരിൽ കഥകളി ക്ലബ് പ്രവർത്തനം തുടങ്ങിയിരുന്നു. തുടർന്ന് 2019 ൽ ഈ തീരുമാനം സര്‍ക്കാർ അംഗീകരിച്ചു. തുടർന്ന് അന്നത്തെ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി തീരുമാനമെടുക്കുകയും അത് കേന്ദ്ര സര്‍വ്വേ ഡയറക്ടര്‍ ജനറല്‍ അംഗീകാരം നല്‍കി. പിന്നീട് തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പേരുമാറ്റുവാൻ അനുമതി നല്കിയുള്ള നല്‍കി ഉത്തരവിടുകയും ചെയ്തു.

അയിരൂര്‍ കഥകളി ഗ്രാമം ആയി മാറുന്നതോടെ ഇവിടുത്തെ റവന്യൂ രേഖകളിലും സ്ഥലം കഥകളി ഗ്രാമമായി അറിയപ്പെടും. അയിരൂര്‍ സൗത്ത് തപാല്‍ ഓഫീസിന്‍റെ പേരും കഥകളി ഗ്രാമം പി. ഒ എന്നായി മാറും,
കഥകളി മേള
അയിരൂരിന്‍റെ കഥകളി പാരമ്പര്യത്തിന്‍റെയും ആസ്വാദനത്തിന്‍റെയും ഏറ്റവും വലിയ ഉദാഹരണമാണ് കഥകളി മേള. 2006 മുതൽ തുടർച്ചായി നടക്കുന്ന കഥകളി മേള ജനുവരി ആദ്യവാരത്തിലാണ് സംഘടിപ്പിക്കുന്നത്. ജില്ലാ കഥകളി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന കഥകളി മേളയിൽ സ്വദേശീയരും വിദേശിയരുമടക്കം ആയിരക്കണക്കിനാളുകൾ എത്തും. ഏഴു ദിവസമാണ് മേള നീണ്ടു നിൽക്കുന്നത്. ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടിയ ഒരു മേളയായി ഇത് മാറിക്കഴിഞ്ഞു.

കഥകളി മ്യൂസിയം, പരിശീലനം
കഥകളിയുമായി ബന്ധപ്പെട്ട് ഒരുപാട് പദ്ധതികൾ അവിടെയുണ്ട്. കേരളാ സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തിൽ കുട്ടികൾക്കായി കഥകളി പരിശീലനം ഇവിടെ ഇതിനോടകം ആരംഭിച്ചു. കഥകളി മുദ്രാ പരിശീലനക്കളരി ഇവിടുത്തെ എല്ലാ എൽപി സ്കൂളുകളിലും ആരംഭിക്കുവാനും പദ്ധതിയുണ്ട്. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കഥകളി ഗ്രാമത്തില്‍ കഥകളി മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള തീരുമാനവും വന്നിട്ടുണ്ട്. ഒന്നരക്കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചിലവ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












