ചെന്നൈയിൽ നിന്ന് ബെംഗളുരുവിന് റോഡ് മാർഗം യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ടോള്‍ നിരക്കിലെ വർധനവിന് തയ്യാറായിക്കോ. ബാംഗ്ലൂരിലേക്ക് മാത്രമല്ല, സെപ്തംബർ 1 മുതൽ തമിഴ്നാട്ടിൽ ടോൾ നിരക്ക് വർദ്ധിക്കുന്നതോടെ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും തെക്കൻ, പടിഞ്ഞാറൻ ജില്ലകളിലേക്കും തമിഴ്നാടിന്‍റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള യാത്രകൾ അല്പംകൂടി ചെലവേറിയതായി മാറും.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തമിഴ്നാട്ടിലെ 25-ലധികം പ്ലാസകളിൽ ആണ് നിരക്ക് വർധിപ്പിക്കുന്നത്. ഇതോടെ വിവിധ പാതകളിൽ ടോളുകൾ 30 രൂപ മുതൽ 115 രൂപ വരെ ഉയരും. ടോൾ നിരക്കിലെ ഈ വർധനവ് ഗതാഗതച്ചെലവ് വർധിപ്പിക്കുമെന്നും അവശ്യ സാധനങ്ങളുടെ വിലയിലും സ്വകാര്യ ബസ് ചാർജിലും സ്വാധീനം ചെലുത്തുമെന്നും പ്രവചിക്കപ്പെടുന്നതായി ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയുടെ നിരക്ക് 430ൽ നിന്ന് 460 ആയി മാറും. ടോൾ പ്ലാസകൾ, പ്രത്യേകിച്ച് നഗരപരിധിക്കുള്ളിലുള്ളവ നീക്കം ചെയ്യണമെന്ന വർദ്ധിച്ചുവരുന്ന ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വാർഷിക പരിഷ്കരണം.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസിയായ എൻഎച്ച്എഐയോട് സംസ്ഥാന ഹൈവേ മന്ത്രി ഇ വി വേലു നഗരപരിധിക്കുള്ളിലുള്ള ടോൾ പ്ലാസകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നടപടിയായിട്ടില്ല. അപൂർണ്ണമായ റോഡ് വീതി കൂട്ടൽ പദ്ധതികളും ഹൈവേകളിലെ, പ്രത്യേകിച്ച് ചെന്നൈയ്ക്ക് ചുറ്റുമുള്ള കേടുപാടുകളും ചൂണ്ടിക്കാട്ടി ഗതാഗത പ്രവർത്തകൻ എസ് കമൽ ഈ വർദ്ധന പൊതുജനങ്ങൾക്ക് "അനാവശ്യമായ ഭാരം" ആണെന്ന് വിമർശിച്ചു. മൺസൂൺ അടുക്കുമ്പോൾ, കുഴികൾ പരിഹരിക്കുന്നതിനുള്ള പാച്ച് വർക്ക് ഉൾപ്പെടെയുള്ള അവശ്യ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നില്ല.
തമിഴ്‌നാട്ടിലെ ടോൾ പിരിവ് പ്രതിവർഷം 4,221 കോടിയോളം വരും, തോപ്പൂർ പ്ലാസയിൽ നിന്ന് മാത്രം 269 കോടിയാണ് ലഭിക്കുന്നതെന്ന് എൻഎച്ച്എഐ ഡാറ്റയിലെ കണക്കകൾ വ്യക്തമാക്കുന്നത്. ടോൾ വർധന അവശ്യസാധനങ്ങളുടെ വിലയെ ബാധിക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു, അതേസമയം സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാല് പ്രവർത്തനമാരംഭിച്ചിട്ടും റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ചെലവഴിച്ച തുകയുടെ 40% ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് ടോൾ ഓപ്പറേറ്റർമാർ പറഞ്ഞതായും ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്യുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












