ബാംഗ്ലൂർ യാത്രയിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഇവിടുത്തെ ഗതാഗതം തന്നെയാണ്. നഗരത്തിനുള്ളിൽ മാത്രമല്ല, നഗരത്തിനു ചുറ്റിലുമുള്ള യാത്രകളും ചിലപ്പോൾ ബുദ്ധിമുട്ട് തന്നെയാണ്. ഇപ്പോഴിതാ, സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് 278 കിലോമീറ്റർ സർക്കുലർ റെയിൽ നിർമ്മിക്കാനുള്ള പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്.
ബാംഗ്ലൂരിന്‍റെ പ്രാന്തപ്രദേശങ്ങളുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ നിർമ്മിക്കുന്ന ഈ സർക്കുലാർ റെയില്‍, നിലവിലെ റെയിൽ സംവിധാനങ്ങളിലെ ബുദ്ധിമുട്ട് ലഘൂകരിക്കാനും ബെംഗളൂരു സബർബൻ റെയിൽ പദ്ധതി (ബിഎസ്ആർപി), നമ്മ മെട്രോ എന്നിവയുമായി തടസ്സങ്ങളില്ലാത്ത സംയോജനം പ്രോത്സാഹിപ്പിക്കാനും കൂടി ലക്ഷ്യം വച്ചുള്ളതാണ് ഈ സർക്കുലർ റെയിൽ പദ്ധതി.

അനുദിനം വർദ്ധിച്ചു വരുന്ന ബാംഗ്ലൂർ നഗരത്തിന്റെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും മറ്റു തടസ്സങ്ങൾ മാറ്റി, ബാംഗ്ലൂരിന്‍റെ റെയിൽ ശേഷി വർദ്ധിപ്പിക്കാനും ആണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് ഈ സർക്കുലർ ട്രെയിൻ ശൃംഖല നിർമ്മിക്കുന്നതിന് അന്തിമ ലൊക്കേഷൻ സർവേ നടത്താൻ റെയിൽവേ മന്ത്രാലയം എസ്‌ഡബ്ല്യുആറിന് അനുമതി നൽകിയിട്ടുണ്ടെന്ന് എസ്‌ഡബ്ല്യുആർ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞതായി ടൈംസം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഈ സർക്കുലാർ ശൃംഖല കർണാടകയിലെ ഹോസ്‌കോട്ട്, ദേവനഹള്ളി (ബെംഗളൂരു വിമാനത്താവളത്തിന് സമീപം), നിദ്വന്ദ, സോളൂർ, മാലൂർ, ഹീലാലിഗെ, ദൊഡ്ഡബല്ലാപൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് പൂർത്തിയാക്കുക.
ഇത് പൂർത്തിയാകുന്നതോടെ തിരക്കും ബ്ലോക്കും ഇല്ലാതെ സൗകര്യപ്രദവും ബജറ്റ് സൗഹൃദവുമായ ട്രെയിൻ സേവനങ്ങൾ യാത്രക്കാർക്ക് ബാംഗ്ലൂരില് ഉറപ്പുവരുത്താൻ കഴിയും. മാത്രമല്ല, സാറ്റലൈറ്റിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രകൾ എളുപ്പമാവുകയും ചെയ്യും. ബാംഗ്ലൂർ-സാറ്റലൈറ്റ് റൂട്ടിൽ രണ്ട് ദിശകളിലേക്കും ട്രെയിനുകൾ സർവീസ് നടത്തും എന്നും അധികൃതർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ, സേലം ലൈനിൽ നിന്ന് മൈസൂരു ലൈനിലേക്കും തിരിച്ചും പോകുന്ന ട്രെയിനുകൾ തിരക്കേറിയ ബയപ്പനഹള്ളി-ബെംഗളൂരു കന്റോൺമെന്റ്-ബെംഗളൂരു സിറ്റി സെക്ഷനിലൂടെ കടന്നുപോകണം.എന്നാൽ നഗരത്തിനുള്ളിലെ തിരക്ക് കാരണം എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഇത് മണിക്കൂറുകലുടെ നഷ്ടമാണ് സൃഷ്ടിക്കുന്നത്.
സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ സർക്കുലർ റെയിൽ ശൃംഖലയ്ക്ക് പുറമെ, 2025-ഓടെ നമ്മ മെട്രോ 175 കിലോമീറ്ററായി വികസിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. തുടർന്ന് 2040-ഓടെ ഇത് 314 കി.മീറ്ററായി വികസിപ്പിക്കും. അതേസമയം, നമ്മ മെട്രോയുടെ പുതിയ 43-കിലോമീറ്റർ പർപ്പിൾ ലൈൻ വൈറ്റ്ഫീൽഡ് മുതൽ ചള്ളഘട്ട വരെ ഗതാഗതക്കുരുക്ക് 14 ശതമാനം കുറച്ചെന്നാണ് റിപ്പോർട്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













