പുതുവർഷാഘോഷത്തിൽ ബെംഗളൂരു അമർന്നു കഴിഞ്ഞു. പ്രധാന കേന്ദ്രങ്ങളിലും നടപ്പാതികളിലും റോഡുകളിലും ആൾക്കൂട്ടങ്ങൾ മാത്രം. ആഘോഷങ്ങളും അലങ്കാരങ്ങളും എങ്ങും പൊടിപൊടിച്ചിരിക്കുകയാണ്. പബ്ബുകളിലും പാർട്ടികൾ നടക്കുന്ന ഇടങ്ങളിലും നേരത്തെ തന്നെ ആളുകൾ എത്തിയിരുന്നു. വൈകിട്ട് ഏഴു മണിയോടെ തന്നെ പ്രധാന കേന്ദ്രങ്ങളിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. നഗരത്തിലെ മിക്ക റോഡുകളും ഒരു ഉത്സവാന്തരീക്ഷത്തിലാണ്.
നോക്കുന്നിടത്തെല്ലാം അലങ്കാരങ്ങൾ മാത്രമേ കാണുവാനുള്ളൂ. തോരണങ്ങളും വൈദ്യുതി ദീപങ്ങളും അലങ്കാര വിളക്കുകളും ക്രിസ്മസിന്‍റെ ഇനിയും മാറ്റാത്ത ആഘോഷത്തിന്‍റെ അടയാളങ്ങളും എങ്ങും കാണാം. പ്രധാന ഇടങ്ങളെല്ലാം ജനങ്ങളാൽ നിറഞ്ഞെങ്കിലും വീണ്ടും ആളുകൾ ഒഴുകുകയാണ്. പബ്ബുകളിൽ പാർട്ടികൾ നേരത്തെ തുടങ്ങി.

ബെംഗളൂരു നഗരത്തിൽ പുതുവര്‍ഷാഘോഷത്തിനെത്തിയവർ
ബ്രിഗേഡ് റോഡ്, എംജി റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ ആളുകൾ പുതുവർഷ ആഘോഷിക്കാനായി എത്തുന്ന ഹോട് സ്പോട്ടുകളെല്ലാം ജനങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. കുട്ടികളും മുതിർന്നവരും ചെറുപ്പക്കാരും പ്രായവ്യത്യാസങ്ങളില്ലാതെ ഇവിടേക്ക് ഒഴുകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പലയിടത്തും തിരക്ക് നിയന്ത്രണാതീതമായി കഴിഞ്ഞു. നേരത്തെ അറിയിച്ചതു പോലെ തന്നെ എം ജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഗതാഗത നിയന്ത്രണം തുടങ്ങി.
ബ്രിഗേഡ് റോഡിൽ ഇന്ന് വൈകിട്ട് 6.30 മുതൽ വാഹന ഗതാഗതം നിയന്ത്രിച്ചിച്ചു തുടങ്ങിയിരുന്നു. റോഡരികിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്.

മേൽപ്പാലങ്ങൾ അടച്ചു
പുതുവർഷാഘോഷങ്ങളുടെ സുരക്ഷാ മുൻകരുതൽ എന്ന നിലയില്‍ ബെംഗളൂരുവിലെ ഫ്‌ളൈഓവർ റോഡുകൾ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ഇന്ന് രാത്രി 10.00 മണി മുതൽ നാളെ രാവിലെ 6.00 മണി വരെയാണ് മേൽപ്പാലങ്ങൾ അടച്ചിട്ടിരിക്കുന്നത്. രാത്രി 10.30 ഓടെ കെലെവാഡെയിലെ മേൽപ്പാലങ്ങൾ അടച്ചു. നാരയിലെ എല്ലാ ഫ്‌ളൈ ഓവർ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
ബെംഗളൂരുവിലെ പ്രധാന മേൽപ്പാലങ്ങളിലൊന്നായ ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് ഫ്‌ളൈ ഓവർ ഉൾപ്പെടെ ഏകദേശം 45 മേൽപ്പാലങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
മേൽപ്പാലം ഉപയോഗിക്കുന്നതിനു പകരം യാത്രക്കാർക്ക് മേൽപ്പാലത്തിനു താഴെയുള്ള വഴിയിലൂടെ യാത്ര തുടരാം.
അതേസമയം ബെംഗളൂരുവിനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിൽ ഗതാഗതം അനുവദിക്കു. എന്നാൽ ഇവിടെ ഇന്ന് രാത്രി 10.00 മണി മുതൽ നാളെ രാവിലെ 6.00 വരെ ഇരുചക്ര വാഹന ഗതാഗതം അനുവദിക്കില്ല. മറ്റു വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല.

കനത്ത നിരീക്ഷണത്തിൽ നഗരം
ഏകദേശം ഏഴു മുതൽ എട്ടു ലക്ഷം വരെ ആളുകൾ ഇന്ന് ബെംഗളൂരുവിൽ പുതുവർഷാഷോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ കർശന നീരിക്ഷണത്തിലാണ് നഗരം മുഴുവനും. തിരക്ക് നിയന്ത്രിക്കുവാൻ ആവശ്യമായ ക്രമീകരണങ്ങൾ ബെംഗളൂരുവിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് റോഡുകളിൽ ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിലുംപ്രത്യേക സജ്ജീകരണങ്ങളും അധിക പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള റിസോർട്ടുകൾക്കും ക്യാമ്പിംഗ് സൈറ്റുകൾക്കും ചുറ്റും പോലീസ് പട്രോളിംഗ് വർദ്ധിപ്പിക്കും. സുരക്ഷിതമായ ആഘോഷങ്ങൾ ഉറപ്പാക്കാൻ കമ്മ്യൂണിറ്റി സമ്മേളനങ്ങളും നിരീക്ഷിക്കും. ഏകദേശം 11,000 പോലീസ് ഉദ്യോഗസ്ഥരെ ആണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കൂടാതെ, 72 കെഎസ്ആർപി പ്ലാറ്റൂണുകളും 21 ഓളം കാർ പ്ലാറ്റൂണുകളും ട്രാഫിക് വാർഡൻമാർ ഉൾപ്പെടെയുള്ള ഹോം ഗാർഡുകളും ഡ്യൂട്ടിയിലുണ്ട്.
ആഘോഷങ്ങൾക്ക് സമയപരിധി
ബെംഗളൂരു നഗരത്തിലെ പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശനമായ സമയപരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്, ആഘോഷങ്ങൾ പുലർച്ചെ 1 മണി വരെ മാത്രമേ അനുവദിക്കൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














