വിനോദസഞ്ചാര രംഗത്ത് മാറ്റങ്ങളുടെ ഘോഷയാത്രയാണ് ഹിമാചൽ പ്രദേശിൽ. വിന്‍റർ ടൂറിസവും കാർണിവലും ഒക്കെയായി കിടിലൻ യാത്രാനുഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വിനോദസഞ്ചാരം ഇവിടെ വേറെ ലെവലിലേക്ക് വരികയാണ്. എങ്ങനെയെന്നല്ലേ? കേരളത്തിലേതു പോലെ ഇനി ഹിമാചലിലും കെട്ടുവള്ളങ്ങളും പുരവഞ്ചികളും ഓടും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നീക്കം. പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് അണക്കെട്ടുകളിലും തടാകങ്ങളിലും പ്രദേശത്തെ ജനപ്രിയ ആകർഷണങ്ങളായി ഹൗസ് ബോട്ടുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം.

സംസ്ഥാന മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഇതുസംബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന് നിര്‍ദ്ദേശം നല്കിയതോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവന്നത്. ചമേര, ഭക്ര, പോങ്, കോൾഡം തുടങ്ങിയ സ്ഥലങ്ങളെ ഇക്കാര്യത്തിൽ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രദേശങ്ങളിൽ ടൂറിസം വകുപ്പ് ഹൗസ് ബോട്ടുകളും ഹൈ എൻഡ് ക്രൂയിസുകളും പ്രവർത്തിപ്പിക്കാൻ തുടങ്ങുന്ന ഒരു പുതിയ പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു. ഇതുമായി ബന്ധപ്പട്ട് പ്രദേശത്തെക്കുരിച്ച് സമഗ്രമായി അറിയുവാനും നയത്തിന്റെ കരട് ചട്ടം തയ്യാറാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹിമാചലിലെ ഈ പ്രധാന അണക്കെട്ടുകൾ വഴി വൈദ്യുതി ഉൽപ്പാദനത്തോടൊപ്പം ഈ മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ടൂറിസം വകുപ്പിന്റെയും സർക്കാരിന്റെയും ഈ ശ്രമം ഹിമാചലിലെ ആളുകളെയും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെയും ആകർഷിക്കും.
മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് ചമേര, പോങ്, ഭക്ര, കോൾഡം എന്നിവിടങ്ങളിൽ ഹൗസ് ബോട്ടുകളും ക്രൂയിസുകളും ഓടിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ദേവേഷ് കുമാർ കൂട്ടിച്ചേർത്തു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












