രാജ്യത്ത് യാത്രക്കാർ കുറവുള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി ഇന്ത്യൻ റെയിൽവേ. യാത്രാനിരക്ക് കുറച്ച് ആളുകള്‍ക്ക് വന്ദേ ഭാരത് യാത്ര ലാഭകരമാക്കുകയാണ് ലക്ഷ്യമെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുത്ത് റൂട്ടുകളിലായിരിക്കും നിരക്കിൽ മാറ്റമുണ്ടാവുക.
ചെറിയ ദൈർഘ്യത്തിൽ സർവീസ് നടത്തുന്ന, വന്ദേ ഭാരത് ട്രെയിനുകളിലായിരിക്കും നിരക്ക് കുറയ്ക്കുക. ഒക്യൂപൻസി റേറ്റ് കുറവുള്ള സർവീസുകൾക്കാണ് മുൻഗണന. ഇന്‍ഡോര്‍ - ഭോപാല്‍, ഭോപാല്‍ - ജപല്‍പൂര്‍, നാഗ്പൂര്‍ - ബിലാസ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ സർവീസുകളിലായിരിക്കും മാറ്റം .നിരക്ക് കുറയുന്നതോടെ ട്രെയിൻ ഒക്യുപൻസി റേറ്റിലും മാറ്റം വന്നേക്കും.

ഭോപ്പാല്‍- ഇൻഡോർ വന്ദേ ഭാരത് എക്സ്പ്രസിൽ ജൂൺ അവസാന വാരത്തെ കണക്കനുസരിച്ച് 29 ശതമാനമാണ് ഒക്യുപ്‍സി റേറ്റ്. ഇൻഡോർ-ഭോപ്പാൽ യാത്രയിൽ 21 ശതമാനവും. ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് യാത്രയ്ക്ക് എസി ചെയർ കാറിൽ 950 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറില്‍ 1525 രൂപയുമാണ് നിരക്ക്. മൂന്നു മണിക്കൂറാണ് യാത്രാ സമയം. ഈ നിരക്കുകള് പുനപരിശോധിക്കാമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
നാഗ്പൂർ-ബിലാസ്പൂർ സർവീസും നിരക്ക് കുറയ്ക്കാനായി റെയിൽവേ പരിഗണിക്കുന്നു. 55 ശതമാനമാണ് ഇതിന്റെ ഒക്യുപൻസി റേറ്റ്. അഞ്ചര മണിക്കൂർ യാത്രയിൽ എസി ചെയർ കാറിൽ 1240 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറില്‍ 2240 രൂപയുമാണ് നിരക്ക്.
ഭോപ്പാല്-ജബൽപൂർ റൂട്ടിൽ 32 ശതമാനമാണ് ഒക്യുപെന്‍സി. തിരികെ ജബൽപൂർ - ഭോപ്പാൽ റൂട്ടിൽ 36 ശതമാനം ഉണ്ട്. 4 മണിക്കൂർ 35 മിനിറ്റാണ് ഈ പാതയിലെ യാത്രാ സമയം. എസി ചെയർ കാറിൽ 1055 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറില്‍ 1880 രൂപയുമാണ് നിരക്ക്. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ട്രെയിന്‍ സർവീസ് നടത്തുന്നു. മടക്കയാത്രയിൽ എസി ചെയർ കാറിൽ 955 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറില്‍ 1790 രൂപയുമാണ് നിരക്ക്.

അതേസമയം രാജ്യത്ത് ഏറ്റവും ഒക്യുപൻസിയുള്ള വന്ദേ ഭാരത് സർവീസ് കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാണ്. 183 ശതമാനമാണ് ഇതിന്റെ ഒക്യുപന്‍സി നിരക്ക്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം-കാസര്‍കോഡ് വന്ദേ ഭാരത് എക്സ്പ്രസ് ആണ്. 176 ശതമാനമാണ് ഇതിന്റെ നിരക്ക്. മൂന്നാം സ്ഥാനത്തുള്ള ഗാന്ധിനഗർ- മുംബൈ സെൻട്രൽ വന്ദേഭാരത് എക്സ്പ്രസിന് 134 ശതമാനമാണ് ഒക്യുപൻസി റേറ്റ്.
മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസ് (129 ശതമാനം), വാരണാസി-ന്യൂ ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് (128 ശതമാനം), ന്യൂഡൽഹി-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് (124 ശതമാനം), ഡെറാഡൂൺ-അമൃത്സർ വന്ദേ ഭാരത് എക്സ്പ്രസ് (105 ശതമാനം), മുംബൈ-ഷോലാപൂർ വന്ദേ ഭാരത് എക്സ്പ്രസ് (111 ശതമാനം), ഷോലാപൂർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് (104 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള മറ്റു വന്ദേഭാരത് ട്രെയിനുകൾ.
കേരള വന്ദേ ഭാരത് എക്സ്പ്രസ്
വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് കേരളാ വന്ദേഭാരത് സർവീസ് നടത്തുന്നത്. തിരുവനന്തപുരം സെൻട്രൽ- പുലർച്ചെ 05.20ന് പുറപ്പെട്ട് കാസർകോട് - 1.25 ന് എത്തുകയും തിരികെ കാസർകോഡ് നിന്ന് ഉച്ചയ്ക്ക് 02.30 ന് പുറപ്പെട്ട് തിരുവനന്തപുരം സെൻട്രിൽ രാത്രി - 10.35ന് എത്തുകയും ചെയ്യും.
ആകെ 16 കോച്ചുകളാണ് കേരള വന്ദേ ഭാരതിനുള്ളത്. ഇതിൽ 914 സീറ്റുകൾചെയർകാറിലും 86 സീറ്റുകളുകൾ എക്സിക്യൂട്ടീവ് ചെയർകാറിലുമാണുള്ളത്.
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിന് എസി ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2880 രൂപയും ആണ് ടിക്കറ്റ് നിരക്ക്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേയ്ക്ക് എ സി ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













