» »ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

Posted By:

ലോകത്തിലെ തന്നെ സുന്ദരമായ ഭൂമിയില്‍, ആരുടെയും തന്നെ ശല്യമില്ലാതെ മണിക്കൂറുകളോളം ചിലവിടാന്‍ മനസില്‍ ആഗ്രഹമുണ്ടോ. കേരളത്തില്‍ തന്നെ അതിന് പറ്റിയ ഒരു സ്ഥലമുണ്ട് സഞ്ചാരികളുടെ ബഹളം തെല്ലുമില്ലാതെ, പക്ഷെ ലോകത്തെ മറ്റേത് സുന്ദരഭൂമികളോടും കിടപിടിക്കുന്നതരത്തില്‍ ഒരു സ്ഥലം. ആ സ്ഥലത്തിന്‍റെ പേരുപോലും കൗതുകം ഉണ്ടാക്കുന്നതാണ് ഇലവീഴപൂഞ്ചിറ. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

ഇലവീഴപൂഞ്ചിറ, ഈ സ്ഥലത്തിന്‍റെ ഐതീഹ്യവും ഭൂമിശാസ്ത്രവും ആ പേരിനോട് ഇഴചേര്‍ന്ന് കിടക്കുകയാണ്. മാന്‍കുന്ന്, കൊടിയത്തൂര്‍ മല, തോണിപ്പാറ എന്നീ മൂന്ന് മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശം. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടഭൂമിയാണ്.

ഇലവീഴപൂഞ്ചിറ - ദ്രൗപതി നീരാടിയ തടാകം

ദൌപതിയുടെ നീരാട്ടുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യകഥ പറയാനുണ്ട് ഈ സ്ഥലത്തിന്. പഞ്ച പാണ്ഡവരുടെ ഭാര്യയായ ദ്രൗപതി സ്ഥിരമായി കുളിക്കാറുള്ള ഒരു താടകമായിരുന്നത്രെ ഇലവീഴാപൂഞ്ചിറ. മതിമറന്നുള്ള ദ്രൗപതിയുടെ ഈ നീരാട്ട് കാണാന്‍ ഇടയായ ചില ദേവന്‍മാരുടെ മനസ് ഇളകി. അവര്‍ ദ്രൗപതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി. ഇത് മനസിലാക്കി ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍ തടാകത്തിന് മറ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സൃഷ്ടിച്ചതാണത്രെ തടാകത്തിന് ചുറ്റുമുള്ള മൂന്ന് മലകള്‍.

ഇലവീഴപൂഞ്ചിറ ‍- മരങ്ങള്‍ വളരാത്ത താഴ്വര

ഈ പ്രദേശത്ത് മരങ്ങള്‍ വളരില്ലെന്ന് ഒരു വിശ്വാസം ഉണ്ട്. അതിനാല്‍, മഴക്കാലത്ത് മാത്രം ഇവിടെ രൂപപ്പെടുന്ന തടാകത്തില്‍ ഇലകള്‍ വീഴില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങഅങ്ങനെയാണത്രേ ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ എന്ന് പേരു ലഭിച്ചത്.

ഇലവീഴപൂഞ്ചിറ - മനം മയക്കുന്ന താഴ്വര

സദാസമയവും വീശിയടിക്കുന്ന തണുത്തകാറ്റില്‍ നിന്ന് രക്ഷപ്പെടാനെന്നവണ്ണം കോടമഞ്ഞിനാല്‍ തീര്‍ത്ത പുതപ്പില്‍ ഉറങ്ങുന്ന മലനിരകള്‍ തന്നെയാണ് ഇവിടുത്തേ പ്രധാന ആകര്‍ഷണം. ഇതുകൂടാതെ സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെയും സമയത്ത് ഉണ്ടാകുന്ന മനോഹരമായാ കാഴ്ചകള്‍ ഹൃദയത്തിന്‍റെ ഏടുകളില്‍ സൂക്ഷിക്കാവുന്ന അവിസ്മരണീയമായ കാഴ്ചകളാണ്.

കല്ലുകളില്‍ ചവിട്ടി മണ്ണുതൊട്ട് ഒരു യാത്ര


ഇലവീഴാപൂഞ്ചിറയിലെ ട്രെക്കിങ്ങും ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും. മാ‍ന്‍കുന്ന് മലയേറി താഴേക്ക് നോക്കിയാല്‍. കേരളത്തിലെ ആറ് ജില്ലകള്‍ കാണമെന്നാണ് പോയിട്ടുള്ളവര്‍ പറയുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ എന്നിവയാണ് ആ ജില്ലകള്‍. അതുകൊണ്ട് ഒരു ബൈനോക്കുലര്‍ കൂടി കരുതുന്നത് നല്ലതാണ്.

ആടിയുലഞ്ഞ് ഒരു ജീപ്പ് സഫാരി

നടക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ജീപ്പ് സഫാരിയാണ് നല്ലത്. ഇലവീഴപൂഞ്ചിറയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞാറില്‍ നിന്ന് ഇവിടേയ്ക്ക് ജീപ്പ് ലഭിക്കും. കാഞ്ഞാറില്‍ ചെങ്കുത്തായ പരുക്കന്‍ റോഡിലൂടെയുള്ള ജീപ്പ് സഫാരി അവിസ്മരണീയമായ ഒരു യാത്രയായിരിക്കും സമ്മാനിക്കുക. ജീപ്പില്‍ ആയാലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമെ ഈ യാത്ര സുന്ദരമായി തോന്നുകയുള്ളു. കാരണം അത്രയും ചെങ്കുത്തായതും ദുര്‍ഘടവുമായ റോഡുകള്‍ ആണ് ഇവിടെ.

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ


55 കിലോമീറ്റര്‍ അകലെയുള്ള കോട്ടയമാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. തൊടുപുഴയാണ് അടുത്തുള്ള ബസ് സ്റ്റാന്‍ഡ്. 20 കിലോമീറ്റര്‍ ആണ് തൊടുപുഴയില്‍ നിന്നുള്ള ദൂരം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇലവീഴപൂഞ്ചിറ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

Please Wait while comments are loading...