Search
  • Follow NativePlanet
Share
» »അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...

അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതാണ് അഗസ്ത്യാർകൂടം.. ഹിന്ദുപുരാണങ്ങളിൽ പരമാർശിക്കുന്ന സപ്തർഷികളിലൊരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച മലനിരകളാണ് അഗസ്ത്യാർകൂടം..

അഗസ്ത്യാർകൂടം യാത്ര അതൊരു മറക്കാനാവാത്ത അനുഭവം തന്നെയാണ്.. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതാണ് അഗസ്ത്യാർകൂടം.. ഹിന്ദുപുരാണങ്ങളിൽ പരമാർശിക്കുന്ന സപ്തർഷികളിലൊരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച മലനിരകളാണ് അഗസ്ത്യാർകൂടം.. ചിരഞ്ജീവിയായ അഗസ്ത്യമുനി അഗസ്ത്യാർകൂടപ്രദേശത്ത് എവിടേയോ ഇപ്പോഴും തപസ്സ് ചെയ്യുന്നുണ്ടെന്ന് ഇവിടുത്തെ ഗോത്രവിഭാഗക്കാരിൽ പലരും ഇപ്പോഴും വിശ്വസിക്കുന്നുണ്ട്..

നിത്യഹരിതവനങ്ങളും, ഇലപൊഴിയുംകാടുകളും, ഈറ്റക്കൂട്ടങ്ങളും, പുൽമേടുകളും, പാറക്കെട്ടുകളും, കാട്ടരുവികളും, വെള്ളച്ചാട്ടങ്ങളും പിന്നിട്ട് അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ കാൽനടയായി താണ്ടി വേണം അഗസ്ത്യമുനിയുടെ ഗിരിമകുടത്തിലേക്കെത്താൻ...

അഗസ്ത്യാർകൂടം

അഗസ്ത്യാർകൂടം

അഗസ്ത്യമലയുടെ പവിത്രതയും പ്രകൃതിസൗന്ദര്യവും വനസമ്പത്തും പരിപാലിക്കുക എന്ന ഉദ്ദേശത്തോടെ വർഷത്തിൽ ഒരു മാസക്കാലം മാത്രമേ സന്ദർശകർക്ക് ഇവിടേക്ക് പ്രവേശനമുള്ളൂ.. അതും ഒരു ദിവസം പരമാവധി 100 പേർ മാത്രം..
കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിംഗ് വഴികളാണിവിടം.. ആന, പുലി, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങി എൺപതിലധികം വന്യമൃഗങ്ങളുടേയും പലയിനം വിഷപ്പാമ്പുകളുടേയും താവളമാണിവിടം.. അതുകൊണ്ടു തന്നെ ഈ ദൗത്യം പൂർത്തിയാക്കണമെങ്കിൽ കഠിനമായ സാഹസികയാത്ര തന്നെ വേണ്ടിവരും.. ഘോരവനത്തിലൂടെയുള്ള യാത്രയും, വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള ചിന്തകളും, കിഴക്കാംതൂക്കായ പർവ്വതശിഖരങ്ങളും അഗസ്ത്യാർകൂടംയാത്രയെ അതിസാഹസികമാക്കുന്നു.. എത്രയൊക്കെ മുൻകരുതലുകളെടുത്താലും ചോരയൂറ്റാൻ കഴിവുള്ള കുളയട്ടകൾ ധാരാളമുണ്ടിവിടെ.. ഇതൊക്കെ അവിടെയുണ്ടെങ്കിൽപ്പോലും ആ മലകൾ കയറി പ്രകൃതിയോടലിഞ്ഞു ചേരാൻ ഇതൊന്നും മനസ്സിന് തടസ്സമാവില്ല..

മൂന്ന് ദിവസം കൊണ്ട് 54 കിലോമീറ്റർ

മൂന്ന് ദിവസം കൊണ്ട് 54 കിലോമീറ്റർ


കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന നിബിഡവനത്തിലൂടെ മൂന്ന് ദിവസം കൊണ്ട് 54 കിലോമീറ്റർ കാൽനടയായി നടന്നാൽ മാത്രമേ അഗസ്ത്യാർകൂടം കണ്ട് തിരികെയെത്താൽ കഴിയുകയുള്ളൂ..
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം സ്ഥിതിചെയ്യുന്നത്.. നീലഗിരിമലനിരകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ 12 വർഷങ്ങളിലൊരിക്കൽ ഇവിടേയും നീലക്കുറിഞ്ഞി പൂക്കാറുണ്ട്.. അത്യപൂർവ്വങ്ങളായ നിരവധി ഔഷധസസ്യങ്ങളാൽ സമൃദ്ധമാണിവിടം.. രണ്ടായിരത്തിലധികം ഔഷധച്ചെടികൾ ഗവേഷകർ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.. അതിനിരട്ടിയിലേറെ ഇനിയും കണ്ടെത്തപ്പെടാനിരിക്കുന്നു.. മൃതസഞ്ജീവനി പോലും ഈ മലനിരകളിലെവിടെയോ മറഞ്ഞിരിപ്പുണ്ടെന്ന് പറയപ്പെടുന്നു.. അഗസ്ത്യമലയുടെ താഴ്വരയിൽ മാത്രം വളരുന്ന പേരറിയാത്ത എണ്ണിയാലൊടുങ്ങാത്ത ഔഷധസസ്യങ്ങളുടെ വേരും ഇലയും കായുമൊക്കെ ആവാഹിച്ചു കൊണ്ടാണ് ഇവിടുത്തെ കാട്ടരുവികളിലെ ഓരോ തുള്ളിവെള്ളവും പാറയിലൂടെ ഒലിച്ചു വരുന്നത്. ആ വെള്ളം അൽപം കുടിക്കുന്നതുപോലും വല്ലാത്തൊരു എനർജിയാണ് ശരീരത്തിനു ലഭിക്കുന്നത്..

യാത്രയുടെ തുടക്കം ഇങ്ങനെ

യാത്രയുടെ തുടക്കം ഇങ്ങനെ

തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് ഫോറസ്റ്റ് ഷെൽട്ടറിൽ നിന്നാണ് യാത്ര ആരംഭിക്കേണ്ടത്.. അവിടെ നിന്നും ഉച്ചഭക്ഷണവും മറ്റും പാർസർ വാങ്ങാൻ കിട്ടും.. അതെല്ലാം വാങ്ങി ബാഗിലാക്കി രാവിലെ 7 മണിയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു.. പ്രകൃതി ഒരുക്കിയ അരുവികളും വെള്ളച്ചാട്ടങ്ങളും കടന്ന് ഞങ്ങൾ കരമനയാറിന്റെ ഉത്ഭവസ്ഥാനത്തെത്തി.. പ്രഭവസ്ഥാനത്ത് എത്ര പവിത്രയായാണ് കരമനയാർ ഒഴുകുന്നത്, എന്നാൽ ഒഴുകിയൊഴുകി അവൾ നമ്മുടെ തലസ്ഥാനത്തെത്തുമ്പോൾ മനുഷ്യരുടെ കൂട്ടമാനഭംഗത്തിനിരയാകുന്നുവെന്നു മാത്രം.. കരമനയാർ മാത്രമല്ല നെയ്യാർ, വാമനപുരംനദി, അച്ചൻകോവിലാർ, കല്ലടയാർ, തമിഴ്നാട്ടിലെ താമ്രഭരണി തുടങ്ങിയവയുടെ ഉത്ഭവസ്ഥാനം അഗസ്ത്യാർകൂടത്തിലെ മലനിരകളിൽ നിന്നുമാണ്.. തണുത്തുറഞ്ഞ മേഘപാളികൾ വെള്ളമായി മാറി അവ മലനിരകളിലൂടെ ഒഴുകി അരുവിയായും നദിയായും പരിണമിക്കുന്ന കാഴ്ച നമുക്കിവിടെ നേരിൽ കാണാൻ കഴിയും..

ലാത്തിമൊട്ടയും വാഴപ്പൈത്തിയാറും ഏഴുമടക്കൻമലയും കടന്ന്..

ലാത്തിമൊട്ടയും വാഴപ്പൈത്തിയാറും ഏഴുമടക്കൻമലയും കടന്ന്..

കരമനയാർ കഴിഞ്ഞാലെത്തുന്നത് അട്ടയാറിലാണ്, കുളയട്ടകൾ നിറഞ്ഞ പ്രദേശമായതിനാലാണ് അട്ടയാർ എന്ന പേര് വീണത്.. എത്ര സൂക്ഷിച്ചു നടന്നാലും ഇവിടെയെത്തുമ്പോൾ അട്ടകൾ നമ്മളെ കടിക്കും. അതാണിവിടുത്തെ പ്രത്യേകത.. പിന്നെ ലാത്തിമൊട്ട, വാഴപ്പൈത്തിയാർ, ഏഴുമടക്കൻമല, എന്നിവ കടന്നാൽ മുട്ടിടിച്ചാൺമലയിലെത്തും.. അതൊരു വൻകയറ്റമാണ്, ഒരു കാൽ മുകളിലേക്ക് വെച്ച് അടുത്ത കാൽ കയറുമ്പോൾ കാൽമുട്ട് നമ്മുടെ നെഞ്ചത്തു തട്ടും, അത്രയ്ക്ക് കുത്തനെയുള്ള കയറ്റമാണ്. അതുകൊണ്ടാണിതിന് മുട്ടിടിച്ചാൺമല എന്നു പേരു വരാൻ കാരണം.. പലയിനം ഔഷധസസ്യങ്ങളാണിവിടെ നിറയെ.. അവയെ തഴുകി വരുന്ന കാറ്റിന് ഒരു പ്രത്യേക സുഗന്ധമാണ്.. അതുകൊണ്ടുതന്നെ കിലോമീറ്ററുകൾ പലതു താണ്ടിയിട്ടും അൽപം പോലും ക്ഷീണം തോന്നുന്നില്ല.. കാട്ടുവികളിലെ വെള്ളവും കൂവയിലയിൽ പൊതിഞ്ഞ ചോറും കാട്ടുവഴികളിലിരുന്നു കഴിച്ചിട്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

മരപ്പൊത്തിലെ ഇടത്താവളം

മരപ്പൊത്തിലെ ഇടത്താവളം

ക്ഷീണം തോന്നുമ്പോൾ പ്രകൃതി നമുക്കായി ഒരുക്കിത്തന്ന മരത്തിന്റെ വൻപൊത്തുകളുടെ രൂപത്തിലുള്ള പല തരം ഇടത്താവളങ്ങളുണ്ട്, അവിടെ വിശ്രമിക്കാം.. അങ്ങനെ വിശ്രമിച്ചിരിക്കുന്ന നേരത്താണ് ഞങ്ങൾക്കു ശേഷം യാത്ര തുടങ്ങിയ രണ്ടു പേർ അതിലേ ഓടിവന്നത്.. വന്നപാടെ അവർ പറഞ്ഞത് താഴെ കരടിക്കാഷ്ഠം കാണുന്നുണ്ട് അതും ഫ്രഷ് ആണ്, ഈ പരിസരത്തെവിടെയോ കരടികളുണ്ട് അതുകൊണ്ട് അധികനേരം ഇവിടെയിരിക്കേണ്ട.. അതു കേട്ടതോടെ ഞങ്ങളും അവിടെ നിന്നിറങ്ങി സ്പീഡിൽ യാത്ര തുടർന്നു.. വഴിയിലൊരിടത്തൊരു ഗുഹ കണ്ടു, അതിനു മുന്നിൽ ആരോ കത്തിച്ചു വെച്ച ചന്ദനത്തിരികൾ പുകയുന്നുണ്ട്.. ഇത് കരടിയുടെ ഗുഹയാണെന്നും യാത്രയ്ക്കിടയിൽ കരടിയുടെ ആക്രമണമുണ്ടാകാതിരിക്കാൻ ആദരവോടെ തിരി കത്തിക്കണമെന്നുമാണ് ഇവിടുത്തെ ആദിവാസികളുടെ വിശ്വാസം.. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് അവരുടെ അനുവാദമില്ലാതെ കടന്നുകയറുമ്പോൾ വിശ്വാസത്തിന്റെ പേരിലാണെങ്കിലും അവയോടൊക്കെ അൽപം ബഹുമാനം സൂക്ഷിക്കുന്നത് നല്ലതു തന്നെയാണ്.. അവിടെ യുക്തിപരമായ ചിന്തകൾക്ക് പ്രസക്തിയില്ല..

ഒന്നാം ദിനം തീരുന്നു

ഒന്നാം ദിനം തീരുന്നു

സമയം 5 മണി കഴിഞ്ഞിരിക്കുന്നു, 6 മണിക്ക് മുമ്പേ അതിരുമലയിലെ ക്യാംപിൽ എത്തണം. സന്ധ്യയായാൽ ആനയും കടുവയും ഇറങ്ങുന്ന വഴിയാണ്.. അതുകൊണ്ട് അതിരുമല ലക്ഷ്യമാക്കി ജാഗ്രതയോടെ യാത്ര തുടർന്നു.. അവിടവിടെയായി ചില വൻവൃക്ഷങ്ങൾക്കു ചുവട്ടിൽ ആദിദൈവങ്ങളുടെ തറകളും കാണാം. പലപല രൂപങ്ങളിൽ ദൈവാകാരം പൂണ്ട കരിങ്കല്ലുകൾ..
അങ്ങനെ ഞങ്ങൾ 21 കിലോമീറ്ററുകൾ താണ്ടിയിരിക്കുന്നു, അതിരുമലയിൽ സഞ്ചാരികൾക്കായി വനംവകുപ്പ് ഒരുക്കിയിരിക്കുന്ന താത്കാലിക ഷെഡിലെത്തി.. ശരീരം വിശ്രമം ആവശ്യപ്പെട്ടു തുടങ്ങി. ഇന്നു രാത്രി ഇവിടെയാണ് വിശ്രമം.. അങ്ങകലെയായി എവിടെയോ ഒരു കാട്ടാനയുടെ ചിന്നം വിളി കേട്ടു.. നേരംപുലർന്നാൽ വീണ്ടും യാത്ര തുടങ്ങണം നാളെ ഉച്ചയോടു കൂടിയേ അഗസ്ത്യാർകൂടത്തിൽ എത്തുകയുള്ളൂ.. റെയിഞ്ചില്ലാത്തതിനാൽ മൊബൈൽ ശബ്ദമുണ്ടാക്കാതെ ബാഗിൽത്തന്നെ കിടപ്പുണ്ട്.. ഈ മൂന്ന് ദിവസവും പുറംലോകവുമായി യാതൊരു ബന്ധവും മൊബൈൽ ഫോണിന് ഉണ്ടായിരിക്കില്ല.. ഭക്ഷണത്തിനായി ഇവിടെ ക്യാന്റീനുണ്ട്.. കഞ്ഞിയും പയറുമാണ് രാത്രിഭക്ഷണം.. രാവിലെ പൂരിയും കറിയും കിട്ടും.. ബാത്ത്റൂം സൗകര്യമൊക്കെ ഇവിടെയുണ്ട്, കുളിക്കാൻ കാട്ടരുവികളും ധാരാളമുണ്ടിവിടെ.. രാത്രിയിൽ ക്യാംപിൽ നിന്ന് പുറത്തിറങ്ങുകയാണെങ്കിൽ ഏറെ സൂക്ഷിക്കണമെന്ന് ഗൈഡ് മുന്നറിയിപ്പ് തന്നു.. ഒരിക്കൽ രാത്രിയിൽ കിടങ്ങുചാടി ഒരു പുലി ക്യാംപിനുള്ളിൽ കയറിയത്രേ.. അത്താഴത്തിനു ശേഷം 10 മണിയോടെ ഞങ്ങൾ കിടന്നു..

കാട്ടരുവിയിൽ മുങ്ങിക്കുളിച്ച് രണ്ടാം ദിനത്തിലേക്ക്

കാട്ടരുവിയിൽ മുങ്ങിക്കുളിച്ച് രണ്ടാം ദിനത്തിലേക്ക്

ഇന്നാണ് ആഗസ്ത്യാർകൂടം കീഴടക്കേണ്ടത് എന്ന ചിന്തയോടെയാണ് രാവിലെ ഉറക്കമുണർന്നത്.. 7 മണിക്ക് തന്നെ യാത്ര തുടങ്ങണം, സഹിക്കാവുന്നതിലും അപ്പുറമാണ് ഇവിടുത്തെ തണുപ്പ്.. എങ്കിലും അതിരാവിലെ തന്നെ കാട്ടരുവിയിൽ മുങ്ങിക്കുളിച്ച് കഴിക്കാനുള്ള ഭക്ഷണവും പൊതിഞ്ഞുവാങ്ങി വീണ്ടും യാത്ര തുടങ്ങി.. 6 കിലോമീറ്ററാണ് ഇനിയുള്ള യാത്രാദൂരം.. എന്നാൽ ഈ ആറ് കിലോമീറ്റർ അതികഠിനമാണ്.. വീണുകിടക്കുന്ന വൻവൃക്ഷങ്ങൾക്കു മുകളിലൂടെയും വഴുക്കലുള്ള ഉരുളൻ പാറകൾക്കു മുകളിലൂടെയുമാണ് യാത്ര ചെയ്യേണ്ടത്..

അങ്ങകലെയായി അഗസ്ത്യാർകൂടം

അങ്ങകലെയായി അഗസ്ത്യാർകൂടം

അങ്ങകലെയായി അഗസ്ത്യാർകൂട മലനിരകൾ അവ്യക്തമായി കാണാം, ഇനി വലിയൊരു ഈറ്റക്കാട് താണ്ടണം, ഇവിടെ വലിയൊരു അപകടമേഖലയാണ്.. കഴിഞ്ഞ വർഷം ഒരു സഞ്ചാരിയെ ഒരു കാട്ടുപോത്ത് കുത്തിക്കൊന്നത് ഇവിടെ വെച്ചാണ്.. ഈറക്കൂട്ടം കാറ്റിൽ അനങ്ങുമ്പോൾ ആനയോ കാട്ടുപോത്തോ ആണെന്നുതോന്നി പലപ്പോഴും ഭയപ്പെട്ടുപോയി.. ഇവിടെ കാട്ടുപോത്തുകളുടെ കാൽപ്പാടുകൾ ധാരാളമായി കാണാം, അധികം സാഹസങ്ങൾക്കു മുതിർന്ന് പോത്തുകൾക്ക് കളിപ്പാട്ടമാവാൻ നിൽക്കാതെ അവിടെ നിന്നും വേഗത്തിൽ യാത്ര തുടർന്നു.. ഈറ്റക്കൂട്ടങ്ങളും ആനത്താരകളും കടന്ന് കാടിന്റെ തണുപ്പിൽ നിന്ന് മലകളുടെ കൂട്ടത്തിലേക്കെത്തി.. അപ്പുറവും ഇപ്പുറവും എവിടെ നോക്കിയാലും എങ്ങും മലനിരകൾ.. അവയെ തഴുകിപോകുന്ന കോടമഞ്ഞ്.. അവയ്ക്ക് നടുവിൽ തലയുയർത്തി അങ്ങകലെയായി അഗസ്ത്യാർകൂടം..

 പൊങ്കാലപ്പാറയിലേക്ക്

പൊങ്കാലപ്പാറയിലേക്ക്

വൻമരങ്ങൾ പലതും നിലംപൊത്തി പാതയ്ക്ക് തടസ്സമുണ്ടാക്കിയിരിക്കുന്നു അതിനു മുകളിലൂടെ കയറിയിറങ്ങിയും ചാടിക്കടന്നുമായിരുന്നു പിന്നീടുള്ള യാത്ര.. ഇനിയെത്തുന്നത് പൊങ്കാലപ്പാറയിലാണ്. ഇവിടെയാണ് വന്യമൃഗങ്ങളെല്ലാം വെള്ളം കുടിക്കാൻ വരുന്ന സ്ഥലം.. പൊങ്കാലപ്പാറ കഴിഞ്ഞാൽ വെള്ളം കിട്ടുക ബുദ്ധിമുട്ടാണ്.. അതുകൊണ്ട് ആവശ്യത്തിന് വെള്ളം ശേഖരിച്ച് വീണ്ടും മുന്നോട്ടു നടന്നു.. കയറിൽ തൂങ്ങിയും, പാറയിൽ അള്ളിപ്പിടിച്ചും, പാറകൾക്കു മുകളിലൂടെ ചാടിക്കടന്നും, ഇരുന്നും ഒക്കെ അതിസാഹസികമായി വേണം ഇനി മുന്നോട്ടുള്ള യാത്ര.. അവിടെയൊരു മരത്തിനു മുകളിൽ ഒരു വെള്ളിമൂങ്ങ ഇരിപ്പുണ്ട്, അനങ്ങാതിരുന്നു ഞങ്ങളെത്തന്നെ രൂക്ഷമായി നോക്കുകയാണത്..

നമ്മൾ കാണാത്തെ, നമ്മളെ കാണുന്ന പ്രകൃതിയിലൂടെ

നമ്മൾ കാണാത്തെ, നമ്മളെ കാണുന്ന പ്രകൃതിയിലൂടെ

മുന്നോട്ടുള്ള വഴിയിൽ പലയിടത്തും കാട്ടാനയും കരടിയും കാട്ടുപോത്തുകളുമൊക്കെ നമ്മുടെ തൊട്ടുമുന്നിലൂടെ കടന്നുപോയ എല്ലാവിധ ലക്ഷണങ്ങളും കാണാം.. കരടിയും ആനയും കൂട്ടമായേ നടക്കാറുള്ളൂ.. ഒറ്റതിരിഞ്ഞു നടക്കുന്നവയാണ് അക്രമണകാരികൾ.. നമുക്ക് മുന്നിലൂടെ നടന്നുപോയ ഒരു സംഘം ഒരിടത്ത് കൂട്ടമായി നിൽക്കുന്നതു കണ്ടു. അവരുടെ സമീപത്തേക്കു ചെന്നപ്പോഴാണ് അവർ പുലിയുടെ കാൽപ്പാടുകൾ കണ്ട് ഭയന്നു നിൽക്കുകയാണെന്ന് മനസ്സിലായത്.. അത് ഞങ്ങളിലും അൽപം ഭയമുണ്ടാക്കിയെങ്കിലും പിന്മാറാൻ തയ്യാറാവാതെ പ്രകൃതിസൗന്ദര്യത്തിൽ ലയിച്ച് ജാഗ്രതയോടെ യാത്ര തുടർന്നു.. ഓരോ കാടിനു പിന്നിലും മൃഗങ്ങൾ മറഞ്ഞു നിൽപ്പുണ്ടാവും പ്രത്യക്ഷത്തിൽ നമ്മൾ ചിലപ്പോൾ ഒന്നിനേയും കാണുന്നുണ്ടാവില്ല, പക്ഷേ നമ്മൾ പോലുമറിയാതെ നമ്മളെ പല മൃഗങ്ങളും കാണുന്നുണ്ട്.. നമ്മുടെ ഓരോ ചലനങ്ങളും അവരറിയുന്നുണ്ട്.. അതുകൊണ്ട് അതീവ ജാഗ്രതയോടെയാവണം ഓരോ കാൽവയ്പും..

ജീവൻ പണയംവെച്ചുള്ള യാത്ര

ജീവൻ പണയംവെച്ചുള്ള യാത്ര

ഇനിയും മൂന്ന് മലകൾ കടന്നുവേണം മുകളിലെത്താൻ.. ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്നു.. കുത്തനേയുള്ള മലഞ്ചെരിവുകൾ കയറാൻ പലയിടത്തും താഴേക്ക് കയറുകൾ ഇട്ടിട്ടുണ്ട്.. ചിലയിടത്ത് നല്ല വഴുക്കലുണ്ട്, ഓരോ ചുവടും സൂക്ഷിച്ചു വെച്ചില്ലെങ്കിൽ ഈർപ്പത്തിലും പായലിലും തെന്നി നൂറുകണക്കിനടി താഴേക്ക് പതിക്കും.. പലരും മുകളിലേക്ക് കയറാൻ ഭയപ്പെട്ട് താഴെത്തന്നെയിരിപ്പുണ്ട്.. മറ്റു ചിലർ ക്ഷീണം കാരണം ഇനി മുന്നോട്ടില്ല എന്ന മട്ടിൽ ഇരിപ്പുണ്ട്.. അൽപനേരത്തെ വിശ്രമത്തിനു ശേഷം ആദ്യത്തെ മല കടന്ന് ഞങ്ങൾ മുകളിലെത്തി.. പിന്നെയവിടെ കണ്ടത് പുതിയൊരു വനസഞ്ചയമാണ്.. അതിശക്തമായി കാറ്റുകൾ വീശുന്നതിനാൽ ഈ പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വലിപ്പം വെയ്ക്കില്ല.. മാക്സിമം ആറടിയിൽ കൂടുതൽ ഇവിടുള്ള ഒരു മരങ്ങളും വളരില്ല.. ബോൺസായിവനം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.. നാട്ടിലും കാട്ടിലുമുള്ള എല്ലാ വൃക്ഷങ്ങളുടേയും ബോൺസായിരൂപം നമുക്കിവിടെ കാണാം..

അഗസ്ത്യാർകൂടം ഇനിയുമകലെ...

അഗസ്ത്യാർകൂടം ഇനിയുമകലെ...

ഇനിയും രണ്ട് മലകൾ കൂടി കടന്നാലേ അഗസ്ത്യാർകൂടത്തിലെത്തുകയുള്ളൂ.. എവിടെ നിന്നൊക്കെയോ വീശിയടിക്കുന്ന കാറ്റിന് ഔഷധങ്ങളുടെ സുഗന്ധമാണ്.. ഔഷധസസ്യങ്ങളിൽ തഴുകിവരുന്ന കാറ്റിലലിഞ്ഞു നിൽക്കുമ്പോൾ ഒരു ഉന്മാദാവസ്ഥയിൽ എത്തുന്നതു പോലൊക്കെ തോന്നും.. ഭൂമിയിൽ ഇത്രയും ശുദ്ധവായു കിട്ടുന്നൊരിടം വേറെയുണ്ടാകുമോയെന്ന് ഇവിടെയെത്തുന്ന ഏതൊരാളും ചിന്തിച്ചു പോകും.. അവിടുന്ന് അടുത്ത മല കയറുന്നതിനിടയിൽ എപ്പോഴോ കൈമുട്ട് പാറയിലുരസി മുറിവ് പറ്റിയിരുന്നു.. പക്ഷേ അതൊന്നും ഉന്മത്തമായ മനസ്സിനെ കീഴടക്കിയില്ല.. മുകളിലെത്തിയാൽ കാണുന്നത് അപൂർവ്വയിനം സസ്യങ്ങളും പൂക്കളും, ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പലതരം പക്ഷികൾ.. അങ്ങനെ വാക്കുകൾ കൊണ്ടു വർണ്ണിക്കാനാവാത്ത മായക്കാഴ്ചകൾ പലതും കണ്ടു.. നട്ടുച്ച നേരമായിട്ടു പോലും ഇരുട്ട് വീണതുപോലെ ഭയപ്പെടുത്തുന്ന അന്തരീക്ഷം.. ചുറ്റുപാടും ചീവീടുകളുടെ ശബ്ദം, മഴയോ വെയിലോ യാതൊന്നും തന്നെ ഭൂമിയിലേക്ക് പതിക്കാത്ത വിധം ഇടതൂർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങൾ.. ഒരു ആനയെപ്പോലും മറയ്ക്കാൻ കഴിയുന്ന വണ്ണത്തിലുള്ള വൻമരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതു കാരണം നട്ടുച്ച നേരത്തും അതിനുള്ളിൽ കൂരിരുട്ട്.. കാടിന്റെ വശ്യതയും ഭീകരതയും ഒരുപോലെ അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നു അത്..

ഇനിയുള്ളത് അവസാന പരീക്ഷണം..ജയിച്ചാൽ.....

ഇനിയുള്ളത് അവസാന പരീക്ഷണം..ജയിച്ചാൽ.....

ഇനിയൊരു കയറ്റം കൂടി കയറിയാൽ അഗസ്ത്യാർകൂടത്തിന്റെ നെറുകയിലെത്താം.. പലപ്പോഴും ശക്തമായ കാറ്റും കടുത്ത മഞ്ഞുമാകും യാത്രികരെ സ്വീകരിക്കുക.. ഇത്രയുമാകുമ്പോൾത്തന്നെ അഗസ്ത്യന്റെ ഗിരിശൃംഗങ്ങൾ കാണാനുള്ള മോഹം ചിലരെങ്കിലും ഉപേക്ഷിക്കും.. പക്ഷേ ഭയത്തിന്റെ അവസാന പരീക്ഷണവും താണ്ടിയാൽ നമ്മൾ ലക്ഷ്യത്തിലെത്തും.. മുകളിലേക്ക് പിടിച്ചു കയറാൻ കയറുകൾ ഇട്ടിട്ടുണ്ട്.. ചിലയിടങ്ങളിൽ നല്ല വഴുക്കലുണ്ട്.. കയറാനുള്ള മലയുടെ ഉയരം കണ്ട് മുകളിലേക്ക് കയറാൻ ഭയന്ന് ചിലർ താഴെത്തന്നെയിരിപ്പുണ്ട്.. കയറിയ ചിലർ തിരിച്ചിറങ്ങാൻ കഴിയാതെ പേടിച്ച് കരയുന്നുമുണ്ട്.. പലരും സാഹസികമായി അവരെ രക്ഷപ്പെടുത്തി താഴേക്ക് ഇറക്കുന്നുണ്ട്.. ഒരു നിമിഷം കണ്ണടച്ചു നിന്ന് ഒരു ദീർഘനിശ്വാസമെടുത്ത് ഉള്ളിലെ അവശേഷിക്കുന്ന ഭയത്തെ മുഴുവൻ കളഞ്ഞ് ഞാൻ കയറിൽ പിടിച്ച് മുകളിലേക്കു കയറി.. ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ KK ജോസഫ് എന്ന ഭാവത്തിൽ മഴമേഘങ്ങളെയെല്ലാം തൊട്ടുരുമ്മി ഞങ്ങൾ അഗസ്ത്യാർകൂടത്തിന്റെ നെറുകയിലെത്തി.. മഞ്ഞുകണങ്ങൾ തലമുടിയിലും ശരീരത്തിലും പറ്റിപ്പിടിച്ചിരിപ്പുണ്ട്.. ലക്ഷ്യം കണ്ട പർവ്വതാരോഹകന്റെ മനസ്സായിരുന്നു എനിക്കപ്പോൾ.. അതിനു മുകളിൽ നിൽക്കുമ്പോൾ കാണുന്ന കാഴ്ചകൾ പലതും വാക്കുകൾ കൊണ്ടു പറയാൻ കഴിയുന്നവയല്ല.. സൂര്യകിരണങ്ങൾ അഗസ്ത്യനെ പേടിച്ച് വഴിമാറി നടക്കുന്നതു കൊണ്ടാണോ നട്ടുച്ചനേരത്തും മലമുകളിൽ കൊടുംതണുപ്പ്..

വിശ്വസിക്കാനാവാത്ത സത്യം

വിശ്വസിക്കാനാവാത്ത സത്യം

ജീവിതത്തിലൊരിക്കലും കൈവെള്ള കൊണ്ട് മഴമേഘങ്ങളെ തൊടാനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല.. ഇത് യാഥാർത്ഥ്യമാണോയെന്ന് വിശ്വസിക്കാനാവാതെ പലവട്ടം ഞാൻ കണ്ണുചിമ്മി നോക്കി.. ഇതിനെല്ലാം അത്ഭുതമായി മലമുകളിൽ അഗസ്ത്യമുനിയുടെ ഒരു പൂർണ്ണകായപ്രതിമ.. പിന്നെയൊരു പച്ചത്തുരുത്ത്, അതിനെല്ലാമുപരി ഇത്രയും ശക്തമായ കാറ്റിലും മേഘപാളികൾക്കുമിടയിൽ യാതൊരു തടസ്സവുമില്ലാതെ അവിടെയൊരു കൽവിളക്ക് കത്തുന്നു.. അഗസ്ത്യമുനി തപസ്സ് ചെയ്തിരുന്നുവെന്നു വിശ്വസിക്കുന്ന സ്ഥലത്തു മാത്രം അതിർത്തി പിടിച്ചതു പോലെ കാറ്റ് വീശുന്നില്ല.. അവിടുന്നു ഒരു കാൽച്ചുവട് പുറത്തേക്ക് നിന്നാൽ അതിശക്തമായ കാറ്റ്.. അങ്ങനെ വിശ്വസിക്കാനാവാത്ത തരത്തിലുള്ള പലതരം മായക്കാഴ്ചകൾ നിറഞ്ഞ ഒരു സ്വപ്നലോകം തന്നെയാണിവിടം..

ദൂരെയുള്ള മലനിരകളൊക്കെ മണ്ണിൽ നിന്നും മുളച്ചു വന്ന കുമിളുകൾ പോലെ തോന്നുന്നു.. അങ്ങകലെയായി പഞ്ചപാണ്ഡവന്മാരെന്നു വിശേഷിപ്പിക്കുന്ന തരത്തിൽ അഞ്ച് മലനിരകൾ ഒരേ ഉയരത്തിൽ കാണുന്നു.. തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ ഹിമാലയസാനുക്കൾ പോലും ഇവിടെ നിന്നാൽ ദൃശ്യമാകും.. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ലഭിക്കുന്ന അനുഭൂതി അത് അഗസ്ത്യന്റെ അനുഗ്രഹമോ പ്രകൃതിയുടെ അനുഗ്രഹമോ.. രണ്ടിലേതായാലും അഗസ്ത്യാർകൂടത്തിലെ അനുഭവം അത് കേവലം വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാനാവില്ല.. ആ സുന്ദരമായ അനുഭൂതി ലഭിക്കാതെ പോകുന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ നഷ്ടം തന്നെയാണ്..

 ഇവിടെയത്തി ശബ്ദമുണ്ടാക്കിയാല്‍

ഇവിടെയത്തി ശബ്ദമുണ്ടാക്കിയാല്‍

അഗസ്ത്യാർകൂടത്തിന്റെ നെറുകയിൽ നിന്നും ഉച്ചത്തിൽ ശബ്ദമുണ്ടാക്കരുതെന്ന് ഗൈഡ് മുന്നറിയിപ്പ് തന്നു. ശബ്ദമുണ്ടാക്കിയാൽ മേഘപാളികളിൽ നമ്മുടെ ശബ്ദവീചികൾ പതിക്കുമ്പോൾ മഴയുണ്ടാകുമെന്ന് അവർ പറയുന്നു.. ഉച്ചത്തിൽ അനാവശ്യ ശബ്ദമുണ്ടാക്കിയാൽ പ്രകൃതി കോപിക്കുമെന്നും ആ നിമിഷം തന്നെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം നമുക്ക് നേരിട്ട് അനുഭവിച്ചറിയാം.. ഇതിനു മുമ്പ് വന്ന അനുസരണയില്ലാത്ത ചിലർ ഗൈഡിന്റെ വാക്കുകൾ വകവയ്ക്കാതെ വലിയ രീതിയിൽ ശബ്ദമുണ്ടാക്കി.. അതേത്തുടർന്ന് പ്രകൃതിയിലുണ്ടാക്കിയ മാറ്റം ശരിക്കും ഭയപ്പെടുത്തിയെന്ന് അവർ പറയുന്നു.. അന്ന് മലമുകളിൽ നിന്ന് തിരിച്ചിറങ്ങാൻ അവർ നന്നേ ബുദ്ധിമുട്ടിയത്രേ..

മനുഷ്യന്റെ കടന്നുകയറ്റം പ്രകൃതിയിലുണ്ടാക്കുന്ന ചില മാറ്റങ്ങൾ എത്രത്തോളം അപകടകരമാണെന്ന് ഗൈഡിന്റെ വാക്കുകളിൽ നിന്ന് മനസ്സിലായി... ഞങ്ങളെന്തായാലും ആ പ്രകൃതിശക്തിയെ പരീക്ഷിക്കാൻ തയ്യാറായില്ല.. ഇരുട്ടു വീഴുന്നതിനു മുമ്പ് തന്നെ ഈ വന്ന വഴികളൊക്കെ താണ്ടി തിരിച്ച് ക്യാംപിലെത്തേണ്ടതുണ്ട്.. അതു കൊണ്ട് കൊണ്ടുവന്ന ഭക്ഷണമെല്ലാം കഴിച്ചിട്ട് ഉച്ചയ്ക്ക് 3 മണിയോടെ ഞങ്ങൾ മലയിറങ്ങി.. വളരെ സാഹസികം തന്നെയായിരുന്നു മലയിറക്കവും.. മഴമേഘങ്ങൾ നമുക്കു ചുറ്റിലും നിൽക്കുന്നതിനാൽ പരസ്പരം കാണുക തന്നെ അസാധ്യം.. വന്ന വഴികളായ ബോൺസായിവനവും പൊങ്കാലപ്പാറയും ഈറ്റക്കാടുകളുമൊക്കെ താണ്ടി 6 മണിയോടെ ഞങ്ങൾ വീണ്ടും അതിരുമലയിലെ ക്യാംപിലെത്തി.. രാത്രിവിശ്രമത്തിനു ശേഷം പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾ തിരികെ പുറപ്പെട്ടു.. 21 കിലോമീറ്ററുകൾ വന്ന വഴികളിലൂടെ തിരിച്ചു നടക്കണം.. പക്ഷേ ആ യാത്ര ഒരിക്കലും ദുസഹമല്ല.. പിന്നിട്ട പാതകളിലൂടെ വീണ്ടുമൊരു മടക്കയാത്രയാണ് ഇനി.. എല്ലാ യാത്രകളും അവസാനിക്കുന്നത് തെല്ലൊരു വിഷമത്തോടു കൂടിയാണെങ്കിലും ഇത്തവണ അത് വളരെ കൂടുതലാണ്.. കാരണം കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് കാടിനോട് അത്രമേൽ അടുത്തു പോയി...

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം

നിജു കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X