» »ആ കിളി എത്തിയ "അക്ലിയത്ത്"

ആ കിളി എത്തിയ "അക്ലിയത്ത്"

Written By:

കണ്ണൂരി‌ലെ പ്രശസ്തമായ ഒരു ശിവ ‌ക്ഷേത്രമാണ് അക്ലിയത്ത് ശിവ ക്ഷേത്രം ആയിരം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേ‌ത്രത്തേക്കുറിച്ച് പ്രചരിക്കുന്ന ഐതിഹ്യം നടന്നത് പതിനൊന്നാം നൂറ്റാണ്ടിൽ ആണെന്നാണ് പറയപ്പെടുന്നത്. കളരി‌‌‌പ്പയറ്റിൽ പേരെടുത്ത കേനോത്ത് ഗുരുക്കളുടേയും മേപ്പാട് ഗുരുക്കളുടേയും കളരി സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മി‌ച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

ഐതിഹ്യം

കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ശിവക്ഷേത്ര‌മായ വയത്തൂർ കളിയാർ ക്ഷേത്രത്തിലെ ഉത്സ‌വം കഴിഞ്ഞ് കേനോത്ത് ഗുരുക്കൾ മടങ്ങി വരികയായിരുന്നു. കൂടെ ഒ‌രു നമ്പൂതിരിയുമുണ്ട്. ഗുരുക്കൾ ഒരു തൊപ്പിക്കുട ധരിച്ചിട്ടുണ്ട്. യാത്രയിൽ ഇടയ്ക്കിടെ ഒ‌രു കിളി വന്ന് ഗുരുക്കളുടെ തൊപ്പിക്കുടയിൽ ഇരിക്കാൻ ‌തുടങ്ങി. ഇടയ്ക്ക് പറന്ന് ദൂരേയ്ക്ക് പോകുമെങ്കിലും കിളി തനിക്ക് അധികാരപ്പെട്ട സ്ഥലം പോലെയാണ് ഗുരുക്കളുടെ ‌തൊപ്പിക്കുടയിലേക്ക് പറന്ന് വന്നിരിക്കുന്നത്.

ആ കിളി എത്തിയ "അക്ലിയത്ത്"

Photo Courtesy: Jishal prasannan

രണ്ട് പേരും യാത്ര ചെയ്ത് കണ്ണൂരിലെ അഴിക്കോടിനടു‌ത്തുള്ള കേനോത്ത് തറവാട്ടിൽ എ‌ത്തി. ഗുരുക്കൾ തന്റെ കുട വീടിന്റെ ഉമ്മറത്ത് വച്ചപ്പോൾ കിളി കുടയിൽ നിന്ന് ‌പറന്ന് പോയി വീടിനടുത്തുള്ള ഇലഞ്ഞി മരത്തിൽ പോയിരുന്നു.

വിചിത്രമായ ശബ്ദങ്ങൾ കേട്ട് തുടങ്ങിയപ്പോഴാണ് ഗുരുക്കൾ ഇല‌ഞ്ഞി മരത്തി‌ലേക്ക് ശ്രദ്ധിക്കുന്നത്. തന്നോടൊപ്പം വന്ന കിളിയാണ് ഇലഞ്ഞി മരത്തിലിരുന്ന് ശബ്ദം ഉണ്ടാക്കുന്നതെന്ന് ഗുരുക്കൾക്ക് മനസിലായി. ഇതിനിടെ ഉമ്മറ‌ത്തി‌രുന്ന കുട മാറ്റി വെയ്ക്കാൻ ശ്രമിച്ച ഗുരുക്കൾക്ക് കുടയ്ക്ക് നല്ല ഭാരമുള്ളതായി അനുഭവപ്പെട്ടു. ഇതിന് പിന്നിൽ എന്തോ അദൃശ്യ ശക്തിയുള്ളതായി ഗുരുക്കൾക്ക് മനസിലായി.

പ്രശ്നം

കിളിയുടെ വിചിത്രമായ ശബ്ദത്തിനും കുടയ്ക്ക് ഭാരം വച്ച സംഭവത്തിനും പിന്നിൽ എന്താണെന്ന് മനസിലാക്കാൻ ഗുരുക്കൾ പ്രശ്നം വയ്ക്കാൻ തീരുമാനിച്ചു. പ്രശ്നം വച്ചപ്പോളാണ് കിളിയുടെ രൂപത്തിൽ തന്റെ കൂടെ വന്നത് സാക്ഷാൽ വയത്തൂർ കാളിയാർ ആണെന്ന് ഗുരുക്കൾക്ക് മനസിലായത്. ഉടനെ തന്നെ ഗുരുക്കൾ നമ്പൂതിരിയുടെ സഹായത്താൽ തന്റെ കളരി മാറ്റി അവിടെ വയത്തൂർ കാളിയാരെ പ്രതിഷ്ഠി‌ച്ചു. ആ കിളി എത്തിയ എന്നത് ലോപിച്ചാണ് അക്ലിയത്ത് എന്ന വാക്ക് ഉണ്ടായത്.

ആ കിളി എത്തിയ "അക്ലിയത്ത്"

Photo Courtesy: www.columbia.edu

ക്ഷേത്രത്തേക്കുറിച്ച്

കിരാത മൂർത്തി‌യാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവൻ അർജുനന് പാശുപതാസ്ത്രം നൽകാൻ അവതരിച്ചത് കിരാത രൂപത്തിൽ ആയിരുന്നു. ഈ കഥ വിവരിക്കുന്ന രംഗങ്ങ‌ൾ ക്ഷേത്രത്തിൽ കൊത്തിവച്ചിട്ടുണ്ട്.

എത്തിച്ചേരാൻ

കണ്ണൂർ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയായി അഴിക്കൽ ഫെറി റോഡിലെ വൻകുളത്ത് വയൽ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 

Please Wait while comments are loading...