കുത്തനെയുള്ള പാറക്കെട്ടുകളിൽ തട്ടി പാലു പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം...ഒഴുകിയെത്തുന്ന രണ്ടു തോടുകൾ ഒന്നാകുമ്പോൾ ജനിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം നഗരത്തിരക്കുകളിൽ നിന്നും ആശ്വാസം തേടിയെത്തുന്നവരുടെ കേന്ദ്രമാണ്.കയ്യെത്തും ദൂരെ ഒഴുകുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളുമായി സന്ദർശകരെ കാത്തിരിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടത്തെ അറിയാം...

എവിടെയാണിത്?
അരുവിക്കുഴി എന്ന പേരിൽ രണ്ടു മൂന്നു വെള്ളച്ചാട്ടങ്ങളുണ്ടെങ്കിലും മനോഹരമായത് നമ്മുടെ പള്ളിക്കത്തോട്ടിലെ അരുവിക്കുഴി തന്നെയാണ്. കോട്ടയം നഗരത്തിൽ നിന്നും 22 കിലോമീറ്ററോളം അകലെ പള്ളിക്കത്തോട് പഞ്ചായത്തിലാണ് പ്രശസ്തമായ അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോട്ടയത്തുകാരുടെ വീക്കെൻഡ് ഡെസ്റ്റിനേഷനായി ഉയർന്നു വരുന്ന ഒരിടം കൂടിയാണിത്.

നടന്നു കാണാം നൂറോളം പടികൾ
കേട്ടറിഞ്ഞു കോട്ടയം ജില്ലയുടെ വിദൂര പ്രദേശങ്ങളിൽ നിന്നുപോലും ആളുകൾ തേടിയെത്തുന്ന ഒരിടമായി അരുവിക്കുഴി വെള്ളച്ചാട്ടം മാറിയിട്ടുണ്ട്. ഇവിടെ എത്തുന്നവർക്ക് പൂർണ്ണ സുരക്ഷിതത്വം അരുവിക്കുഴി വാഗ്ദാനം ചെയ്യുന്നു. വെള്ളച്ചാട്ടത്തിന്റെ മുഴുവൻ സൗന്ദര്യവും കാണുവാനായി നൂറോളം പടികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ മൊത്തത്തിലുള്ള ഭംഗി ആസ്വദിക്കുവാനും വെയിലിലും മഴയിലും നിന്നു രക്ഷപെടുവാനുമായി വാച്ച് ടവറും ഇവിടെയുണ്ട്.

സുരക്ഷ ഒരു പ്രശ്നമല്ല
കയ്യെത്തുന്ന ദൂരത്തു നിന്നും വെള്ളച്ചാട്ടം കാണുവാൻ സാധിക്കും എന്നാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. വെള്ളച്ചാട്ടത്തിനു തൊട്ടടുത്തു നിന്നു കാണുമ്പോളുള്ള പ്രശ്നങ്ങളൊന്നും അരുവിക്കുഴിക്കില്ല. കുഞ്ഞുങ്ങളുമായി വരെ പോകുവാൻ പറ്റിയ ഇവിടം പൂർണ്ണമായും സുരക്ഷിതമായ ഒരിടമാണ്.

വെള്ളം നിറഞ്ഞ എട്ടു മാസങ്ങൾ
വർഷത്തിൽ എല്ലായ്പ്പോഴും നീരൊഴുക്കുള്ള ഒരു വെള്ളച്ചാട്ടമല്ല ഇത്. മഴ പെയ്താൽ മാത്രം ജീവൻ വെയ്ക്കുന്ന ഇവിടെ പക്ഷേ, ഇവിടെ കടുത്ത വേനലിലും ചെറിയ നീരൊഴുക്കുണ്ടാകാറുണ്ട്. മഴ പെയ്തു തുടങ്ങിയാൽ പിന്നെ ഇവിടെ പൂരമാണ്. ഏകദേശം ജൂൺ മാസം മുതൽ പിന്നെ വരുന്ന എട്ടു മാസത്തോളം സമയം ഇവിടെ നല്ല രീതിയിൽ തന്നെ വെള്ളച്ചാട്ടമുണ്ടായിരിക്കും.

മൂന്നു തടയിണകൾ
പള്ളിക്കത്തോടിൽ നിന്നുള്ള രണ്ട് തോടുകൾ ഒന്നിച്ച് മുന്നോട്ടുഴുകി താഴേയ്ക്ക് പതിക്കുന്നതാണ് അരുവിക്കുഴി വെള്ളച്ചാട്ടമായി മാറുന്നത്. കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകി വന്ന് താഴേയ്ക്ക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന് പിന്നീട് മൂന്നു തടയിണകളുണ്ട്.

തുടരുന്ന നിർമ്മാണങ്ങൾ
കോട്ടയത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വളരുവാനുള്ള ഒരുക്കത്തിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം. ഇപ്പോഴുള്ള പടികൾക്കു പുറമേ വെള്ളച്ചാട്ടത്തിൻരെ മറുകരയിലേക്കു പോകുവാന് പാലം, ഫുഡ് കോർട്ട്,

100 അടി ഉയരത്തിൽ നിന്നും
പാറക്കെട്ടുകളിലൂടെ ഏകദേശം 100 അടി ഉയരത്തിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. റബർ തോട്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിൽ മഴക്കാലത്താണ് കൂടുതലും സഞ്ചാരികൾ എത്തിച്ചേരുന്നത്. ഗ്രാമീണമായ ഭംഗിയാണ് ഇതിന്റെ പ്രത്യേകത.

റബർതോട്ടങ്ങൾക്കു നടുവിലെ വെള്ളച്ചാട്ടം
തനി കോട്ടയം സ്റ്റൈൽ വെള്ളച്ചാട്ടമാണ് അരുവിക്കുഴി വെള്ളച്ചാട്ടം. റബർതോട്ടങ്ങൾക്കു നടുവിൽ സഞ്ചാരികൾക്ക് എത്തിപ്പെടുവാൻ സാധിക്കുന്ന അപൂർവ്വം ചില വെള്ളച്ചാട്ടങ്ങളിലൊന്നു കൂടിയാണിത്. കോട്ടയത്തു നിന്നും ഒറ്റ ദിവസത്തെ യാത്രകൾക്കായി ഇറങ്ങുന്നവർക്ക് മൊത്തത്തിൽ അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്. സുര്കഷിതമായ സ്ഥലമായതിനാൽ കുട്ടികളെയും ധൈര്യപൂർവ്വം ഇവിടെ കൊണ്ടുവരാം.

എത്തിച്ചേരുവാൻ
കോട്ടയത്തു നിന്നും 22 കിലോമീറ്റർ അകലെയാണ് പള്ളിക്കത്തോട് അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോട്ടയം -കുമളി റോജിൽ പാമ്പാടിയിൽ നിന്നും തിരിഞ്ഞ് എട്ടു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. പാലായിൽ നിവ്വും മുത്തോലി വഴിയും ചേർപ്പുങ്കൽ വഴിയും ഇവിടേക്ക് പോകാം. 20 കിലോമീറ്ററാണ് ദൂരം. കൊടുങ്ങൂരിൽ നിന്നാണ് യാത്രയെങ്കിൽ ഏഴു കിലോമീറ്റർ സഞ്ചരിക്കണം.
കോട്ടയം പള്ളിക്കത്തോട് റൂട്ടിൽ പള്ളിക്കത്തോട് ടൗണിൽ നിന്നും രണ്ടര കിലോമീറ്റർ പോകണ ഇവിടേക്ക്.
മീനച്ചിലാർ രൂപം കൊള്ളുന്ന ഈരാറ്റുപേട്ട!
പ്രളയത്തിന് പിന്നാലെ കടല്‍ രണ്ടായി പിളര്‍ന്നു!