ബാംഗ്ലൂരിൽ വെറുതേയൊന്ന് പുറത്തിറങ്ങിയാൽ ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും ചെലവാകും. അപ്പോൾ പിന്നെ നീണ്ട വാരാന്ത്യങ്ങളിൽ റൂമിൽ ഇരുന്നാൽ ചെലവ് പിന്നെയും കൂടും. പുറത്തുനിന്നുള്ള ഭക്ഷണവും കറക്കവും സിനിമയും ഒക്കെയായി കുറഞ്ഞത് മൂവായിരം എവിടെ പോയെന്ന് ചോദിക്കേണ്ട. എങ്കിൽ പിന്നെ ആ പൈസ ഒരു യാത്രയ്ക്ക് മാറ്റിവെച്ചാലോ.. എങ്കിൽ ആ യാത്ര ഈ വരുന്ന ഗാന്ധി ജയന്തിയുടെ നീണ്ട വാരാന്ത്യത്തിൽ തന്നെയാവട്ടെ അല്ലേ..
അതെ, ഇതാ ഈ വരുന്ന ഗാന്ധിജയന്തി വാരാന്ത്യത്തിൽ ഒരു കിടിലൻ യാത്രയാണ് മലയാളം നേറ്റീവ് പ്ലാനറ്റ് നിങ്ങൾക്കായി പ്ലാൻ ചെയ്യുന്നത്. ഗോകർണയിലെ ബീച്ചുകളും ബീച്ച് ട്രെക്കിങ്ങും മുരുഡേശ്വറിലെ ക്ഷേത്രവും യാന ഗുഹകളും തനി നാടൻ കന്നഡ കാഴ്ചകളും ഒക്കെ കണ്ട് മൂന്ന് ദിവസം അടിച്ചുപൊളിക്കാം. അപ്പോൾ റെഡിയല്ലേ.. വിശദമായി വായിക്കാം.

ഗാന്ധി ജയന്തി നീണ്ട വാരാന്ത്യം
സെപ്റ്റംബർ മാസത്തിലെ അവസാനത്തേയും ഒക്ടോബർ മാസത്തിലെ ആദ്യത്തേയും നീണ്ട വാരാന്ത്യമാണിത്. സെപ്റ്റംബർ 29 വെള്ളിയാഴ്ച മുതൽ ഗാന്ധി ജയന്തി ദിവസമായ ഒക്ടോബർ രണ്ട് തിങ്കളാഴ്ച വരെയാണ് ഈ നീണ്ട വാരാന്ത്യം. നാല് രാത്രിയും മൂന്നു പകലും നീണ്ടു നിൽക്കുന്ന അവധി ദിവസങ്ങളാണ് ഈ വാരാന്ത്യത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ അല്പം നീണ്ട യാത്ര പ്ലാൻ ചെയ്യാം.
ബാംഗ്ലൂർ-ഗോകർണ-മുരുഡേശ്വർ- യാത്ര
ബാംഗ്ലൂരിൽ നിന്ന് കർണ്ണാടകയിലെ ആത്മീയവും സാഹസികവുമായ ലക്ഷ്യസ്ഥാനങ്ങളായ ഗോകർണ-മുരുഡേശ്വർ എന്നിവിടങ്ങളിലേക്ക് രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്ന വാരാന്ത്യ യാത്ര പ്ലാൻ ചെയ്യാം. ഇവിടുത്തെ പ്രധാന സ്ഥലങ്ങളും കാഴ്ചകളും വിടാതെ കണ്ട് തിരികെ വരാൻ സാധിക്കുന്ന യാത്ര വെള്ളിയാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

PC: Abdullah Ahmad/Unsplash
ബാംഗ്ലൂർ-ഗോകർണ
ബാംഗ്ലൂരിൽ നിന്നും നിരവധി ബസുകൾ ഗോകർണ്ണയിലേക്ക് സർവീസ് നടത്തുന്നു. ബാംഗ്ലൂർ-ഗോകർണ യാത്രാ ദൂരം 486 കിലോമീറ്ററാണ്. 9 മണിക്കൂർ സമയം മതി ഗോകർണ്ണയിലെത്താൻ. രാത്രി കയറിയാൽ പിറ്റേന്ന് രാവിലെ ഗോകർണ്ണയില്‍ എത്തും. സ്വകാര്യ ബസുകൾക്ക് 700 രൂപാ മുതൽ ടിക്കറ്റ് ആരംഭിക്കും.
ക്ഷേത്രങ്ങൾ, ബീച്ച്, ബീച്ച് ട്രെക്കിങ്, യോഗാ, ക്യാംപിങ്, സീഫൂഡ് തുടങ്ങിയ കാര്യങ്ങളാണ് ഗോകർണ്ണയിൽ ചെയ്യുവാനുള്ളത്. അതിൽതന്നെ പ്രധാനപ്പെട്ടത് ഗോകർണ ബീച്ച് ട്രെക്കിങ് ആണ്.
ബെലെകാൻ ബീച്ച്, പാരഡൈസ് ബീച്ച്, ഹാഫ് ക്ലിഫ്, ഹാഫ്മൂൺ ബീച്ച്, ഓം ബീച്ച് എന്നിവ നടന്നു കണ്ട് ട്രെക്കിങ് പൂർത്തിയാക്കാം. ഇത്രയും ബീച്ചുകൾ കണ്ട് തിരികെ വരണമെങ്കിൽ 20 കിലോമീറ്റർ നടക്കണം. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയം ഇതിനെടുക്കും. നിങ്ങളുടെ ആരോഗ്യം നോക്കി സ്ഥലങ്ങൾ ചുരുക്കാം.

Abdullah Ahmad/Unsplash
യാന ഗുഹകൾ
യാത്രയിലെ രണ്ടാമത്തെ ദിവസം യാനാ ഗുഹകൾ കാണാനായി മാറ്റിവെയ്ക്കാം. ഗോകർണയിൽ നിന്നും 47.7 കിമി അകലെയാണ് യാന ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നും അറിയപ്പെടുന്ന രണ്ട് റോക്ക് ഫോർമേഷനുകളാണ് ഇവിടെ കാണാനുള്ളത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടവയാണ് ഈ സ്ഥലങ്ങള്.
യാനയിൽ നിന്നും വിഭൂതി വെള്ളച്ചാട്ടം കാണാനും രണ്ടാം ദിവസം പ്രയോജനപ്പെടുത്താം. /യാനയിൽ നിന്നും വിഭൂതി വെള്ളച്ചാട്ടത്തിലേക്ക് 71.7 കിലോമീറ്റർ ദൂരമുണ്ട്. വിഭൂതി എന്നാൽ ചുണ്ണാമ്പ്കല്ല് എന്നാണർത്ഥം. പച്ചപ്പിനിടയിലെ ഒരു വലിയ ചാലിലൂടെ പതിച്ചൊഴുതിയെത്തുന്ന ഇതിന്റെ കാഴ്ച മനോഹരമാണ്. വൈകുന്നേരങ്ങൾ ചിലവഴിക്കാൻ കഴിയുന്ന വിധത്തിൽ ഇവിടുന്ന് പോകാം. ഏകദേശം 15 മിനിറ്റ് ഹൈക്ക് ചെയ്തു വേണം വിഭൂതി വെള്ളച്ചാട്ടത്തിൽ എത്തുവാൻ. സിർസി, കുംത, ഗോകർണ തുടങ്ങിയവയാണ് അടുത്തുള്ള പ്രധാന നഗരങ്ങൾ.

മുരുഡേശ്വർ
മൂന്നാം ദിവസം പ്രസിദ്ധമായ മുരുഡേശ്വരയാണ് സന്ദർശിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമകളിലൊന്നാണ് ഇവിടെയുള്ളത്. കർണ്ണാടകയിലെ പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണിത്. 123 അടി ഉയരമുള്ള ഈ ശിവപ്രതിമയ്ക്കൊപ്പം പ്രസിദ്ധമാണ് ഇവിടുത്തെ ക്ഷേത്രവും. മൂന്നു വശവും കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന കന്ദുകഗിരി കുന്നിലാണ് ഇതുള്ളത്. പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി എട്ടുവരെയുമാണ് ക്ഷേത്ര സമയം.
മുരുഡേശ്വറിൽ നിന്ന് അപ്സരകൊണ്ടെ വെള്ളച്ചാട്ടം കാണാനും പോകാം. 25 കിലോമീറ്റർ ദൂരത്തിലാണിതുള്ളത്. ശതാവരി നദിയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇത് കണ്ട് മുരുഡേശ്വറിലേക്ക് വന്ന് തിരികെ ബാംഗ്ലൂരിന് പോകാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














