വെറുതേ യാത്ര പോകാനായി ഒരു യാത്രയ്ക്കിറങ്ങി ഏതൊക്കെയോ സ്ഥലങ്ങൾ കണ്ടു തിരികെ വരുന്ന സ്റ്റൈൽ ഒക്കെ മാറി... ഇന്ന് ആളുകൾ ഏറ്റവുമധികം ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ് യാത്രകൾ. മനസ്സിലിഷ്ടം നേടിയ സ്ഥലം തിരഞ്ഞ് കണ്ടെത്തി പോയി അവിടെ കാണേണ്ട കാഴ്ചകൾ മുഴുവനും ആസ്വദിച്ച് തിരികെ വരുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. തീം നോക്കി യാത്ര പോകുന്നവരും കുറവല്ല. ചിലർ കാടുകളും മലകളും കയറുവാൻ താല്പര്യപ്പെടുമ്പോൾ വേറെ ചിലർക്ക് വേണ്ടത് കടൽത്തീരങ്ങളാണ്. എന്നാൽ ഇതിൽ നിന്നെല്ലാം മാറി കൃഷിയിടങ്ങളിലേക്ക് ഒരു യാത്രപ പോയാലോ..... ഹെക്ടറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും വേറൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ചകളും ഒക്കെയായി ബാരാമതി കാത്തിരിക്കുകയാണ്. രാജ്യത്തെ ഒന്നാം നമ്പർ കാർഷിക ടൂറിസം കേന്ദ്രമായ ബാരാമതിയുടെ വിശേഷങ്ങൾ...

ബാരാമതി
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഒരു കൊച്ചു നഗരമാണ് ബാരാമതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടുത്തെ കാർഷിക ടൂറിസത്തിന്റെ പ്രത്യേകതകള്‍ അനുഭവിച്ചറിയുവാനാണ് സഞ്ചാരികൾ എത്തുന്നത്

എന്താണ് കാർഷിക ടൂറിസം
ഇന്ത്യയെപോലുള്ള ഒരു കാർഷിക രാജ്യത്ത് ഏറ്റവും എളുപ്പത്തിൽ നടത്തുവാൻ പറ്റിയ ഒന്നാണ് കാർഷിക ടൂറിസം. കൃഷിയെ ആശ്രയിക്കുന്നവർക്ക് എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇന്നും കൃഷിയ്ക്ക് വില കുറച്ച് കാണാത്ത നാടുകളും ഇവിടെയുണ്ട്. ഹെക്ടറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും കൃഷിരീതികളും ഒക്കെ നേരിട്ട് കാണുവാനും കർഷകരോട് നേരിട്ട് സംസാരിക്കുവാനും ഒക്കെ കാർഷിക ടൂറിസം അവസരം നല്കുന്നു. സീസണനുസരിച്ച് മണ്ണൊരുക്കുന്നതു മുതൽ വിത്തിടുന്നതും വിളവെടുക്കുന്നതും ഒക്കെ ഇവിടെനിന്നും അറിയാം.

ബാരാമതിയിലെ കാർഷിക ടൂറിസം
കൃഷി ജീവിതോപാധിയാക്കി മാറ്റിയ ഒരു ജനതയാണ് ഇവിടെയുള്ളത്. കാർഷിക നഗരമായ ഇവിടെയെത്തുന്ന ആളുകളെ പിഴിയുന്ന തരത്തിലല്ല കാര്യങ്ങളുള്ളത്. മറിച്ച് മിതമായ ചിലവിൽ കൃഷിയിടങ്ങൾ കാണുവാനും ഭക്ഷണം ആസ്വദിക്കുവാനും ഇവിടെ സാധിക്കും.

കരിമ്പ് മുതൽ വൈൻ വരെ
തികച്ചും സാധാരണക്കാരായ ആളുകളാണ് ഇവിടെയുള്ളത്. എത്തുന്നവരുടെ പോക്കറ്റ് കാലിയാക്കണം എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കൂട്ടം ആലുകൾ. അതുകൊണ്ടു തന്നെ ഇവിടുത്തെ കാർഷിക ടൂറിസം അനുഭവങ്ങൾ നിറം കൂടിയതും കാശുകുറഞ്ഞതുമായിരിക്കും എന്നതില്‍ സംശയമില്ല. കരിമ്പാണ് ഇവിടുത്തെ പ്രധാന കൃഷി. അതു കഴിഞ്ഞാൽ മുന്തിരിത്തോട്ടം, വൈൻ നിർമ്മാണം തുടങ്ങിയവയൊക്കെ ഇവിടെ കാണാം. കൃഷിയിടങ്ങളിലൂടെയുള്ള കറക്കം തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

കാളവണ്ടിയും വിമാനവും
യാത്രയുടെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ ഗ്രാമം ഒരുക്കുന്നത്, വിമാനത്തിൽ കയറി യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങളുമുണ്ട്. വേണ്ട, കാളവണ്ടി മതിയെങ്കിൽ അതിനുമുണ്ട് അവസരം.

ഷോപ്പിങ്ങ്
കാർഷിക ഗ്രാമമാണെന്നു പറഞ്ഞാലും ഇവിടെ ഒന്നിനും ഒരു കുറവുമില്ല. കിടിലൻ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും ഷോപ്പിങ്ങ് കേന്ദ്രങ്ങളും നഗരത്തിൽ ധാരാളമുണ്ട്. ഏതു വിലയ്ക്കും ഇവിടെ സാധനങ്ങൾ ലഭിക്കുമെന്നതിനാൽ കീശയുടെ വലുപ്പത്തിനനുസരിച്ച് ഷോപ്പിങ്ങ് നടത്താം. പരമ്പരാഗത മഹാരാഷ്ട്ര സാരിയാണ് കടകളിലെ പ്രധാന ആകര്‍ഷണം.

ഒരു ദിവസം പോരാ
ഒരൊറ്റ ദിവസം കൊണ്ട് കാഴ്ചകളൊക്കെ കണ്ടു മടങ്ങാം എന്നു വിചാരിച്ച് യാത്ര ചെയ്താൽ നിരാശയായിരിക്കു ഫലം. ഇവിടുത്തെ കാഴ്ചകൾ കാണാനും കൃഷിയിടങ്ങളിലൂടെ ചുറ്റിയടിക്കുവാനും കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വേണം. അതുകൊണ്ട് തന്നെ ആവശ്യത്തിനു ദിവസങ്ങളെടുത്തു വേണം ഇവിടേക്കുള്ള യാത്രയ്ക്കൊരുങ്ങുവാൻ.

എത്തിച്ചേരാൻ
പൂനെയിൽ നിന്നും ഇവിടേക്ക് 100 കിലോമീറ്റർ ദൂരമുണ്ട്. സതാര ഹൈവേയിലൂടെയുള്ള യാത്രയാണ് എളുപ്പം. മഹാരാഷ്ട്രയുടെ ഏതു ഭാഗത്തു നിന്നും റോഡ് മാർഗ്ഗം ഇവിടേക്ക് എത്താം. ചാർട്ടേഡ് വിമാനങ്ങൾ മാത്രമിറങ്ങുന്ന ഒരു വിമാനത്താവളവും ഇവിടെയുണ്ട്.
തേക്കിൻതടിയിൽ നിർമ്മിച്ച്, ആറ് ആനകളെ നടത്തി ശക്തി തെളിയിച്ച തൂക്കു പാലം