
കോട്ടകളും കൊട്ടാരങ്ങളും, പര്‍വ്വതങ്ങളും പുല്‍മേടുകളും, തടാകങ്ങളും പുഴകളും, വനവും വന്യജീവികളും..സഞ്ചാരികളെ ആകര്‍ഷിക്കാന്‍ എന്തെങ്കിലും ഇല്ലാത്ത ഒരിടവും നമ്മുടെ രാജ്യത്ത് കാണാന്‍ കഴിയില്ല. എല്ലായിടങ്ങള്‍ക്കും കാണും പറയാന്‍ സ്വന്തമായി കഥകളും ഐതിഹ്യങ്ങളും.
പരിപാലിക്കുന്നതിന്റെ അഭാവം കൊണ്ടോ പ്രാധാന്യം അറിയില്ലാത്തതുകൊണ്ടോ നമ്മുടെ രാജ്യത്തെ ഇത്തരത്തിലുള്ള പലയിടങ്ങളും ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ കുറച്ച് വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാവാന്‍ പോകുന്ന സ്ഥലങ്ങളാണ് മിക്കവയും.
ഒരു യഥാര്‍ഥ യാത്രികന്റെ ആവേശത്തോടെ ഉടനെ കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

ചിക്താന്‍ കാസില്‍ കാശ്മീര്‍
ഡിസ്‌നി സിനിമയുടെ ലൊക്കേഷനാണോ എന്നു തോന്നിപ്പിക്കുന്നത്ര അടിപൊളിയാണ് കാശ്മീരിലെ ചിക്താന്‍ കാസില്‍.
പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട അതാത് സമയം അവിടെ ഭരിക്കുന്ന രാജാക്കന്‍മാരുടെ ശക്തിയുടെയും പ്രതാപത്തിന്റെയും ഒരടയാളം കൂടിയായിരുന്നു ഈ കോട്ട.
19-ാം നൂറ്റാണ്ടോടെ ആളൊഴിഞ്ഞ ഈ കോട്ട ഇന്ന് നശിക്കാറായ അവസ്ഥയിലാണ്. പരിപാലനത്തിലെ അശ്രദ്ധയും കാലാവസ്ഥയുമാണ് ഇതിനു കാരണം.

രാഖിഗര്‍ഹി, ഹരിയാന
പുരാതനമായ ഹാരപ്പന്‍ സംസ്‌കാരത്തിലെ അഞ്ച് പ്രധാനപ്പെട്ട നഗരങ്ങളിലൊന്ന് എന്ന നിലയിലാണ് ഹരിയാനയിലെ രാഖിഗര്‍ഹി യാത്രികര്‍ക്കും ചരിത്രപ്രേമികള്‍ക്കും ഏറെ പരിചിതം.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ ഖനനത്തിലൂടെ പുറത്തുവന്ന ഈ നഗരം അന്നത്തെ ചരിത്രത്തിലേക്കുള്ള ഒരു വഴികാട്ടി കൂടിയാണ്. കൃത്യമായ നീരൊഴുക്കു സംവിധാനവും ചുട്ട ഇഷ്ടികകള്‍ കൊണ്ടു നിര്‍മ്മിച്ച ഭവനങ്ങളും ഓടിന്റെയും വെങ്കലത്തിന്റെയും ഉപയോഗവും ഒക്കെ ഇവിടെനിന്നും കണ്ടെടുക്കാന്‍ പറ്റിയിട്ടുണ്ട്.
എന്നാല്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാല്‍ എപ്പോള്‍ വേണെമങ്കിലും ഇല്ലാതാകുന്ന അവസ്ഥയിലാണിത്.

മജൂലി, ആസാം
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മജൂലിയും നാശത്തിന്റെ വക്കിലാണ്. ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയിട്ടുള്ള മജൂലി പ്രശസ്തമായിരിക്കുന്നത് ഇതിന്റെ തനതായ ഭംഗികൊണ്ടുമാത്രമാണ്. ബ്രഹ്മപുത്ര നദിയിയെ ഈ വിസ്മയം എന്നാല്‍ എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷമായേക്കാവുന്ന അവസ്ഥയിലാണ്. പഠനങ്ങള്‍ പ്രകാരം പത്തു മുതല്‍ ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കും എന്നാണ് പറയുന്നത്. നദിയിലെ അമിതമായ മണ്ണൊലിപ്പും മുന്‍പ് സംഭവിച്ചിട്ടുള്ള വെള്ളപ്പൊക്കവും ഭൂകമ്പങ്ങളും ഇതിനു കാരണമാണ്.

ഡെക്കന്‍ നംഗ്യാല്‍ ആശ്രമം. ജമ്മു കാശ്മീര്‍
ടിബറ്റന്‍ ബുദ്ധിസത്തിലെ ദ്രുഗ്പ കഗ്യുവിന്റെ കീഴിലുള്ള ഡെക്കന്‍ നംഗ്യാല്‍ ആശ്രമവും ഇപ്പോള്‍ വേണമെങ്കിലും കാണാതാവുന്ന അവസ്ഥയിലാണ്. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച, എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷമാവാന്‍ സാധ്യതയുള്ള ഈ ആശ്രമം സമുദ്രനിരപ്പില്‍ നിന്നും 14,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗോംപാ എന്നും അറിയപ്പെടുന്ന ഇത് ലഡാക്കിലെ പ്രധാന വ്യാപാര പാതകളില്‍ ഒന്നുകൂടിയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സാമ്പത്തീകമായ പ്രയാസങ്ങള്‍ കാരണം നടത്തിപ്പിനും സംരക്ഷണത്തിനും ബുദ്ധിമുട്ടനുഭവിക്കുകയാണ് ഈ ആശ്രമം. കാശ്മീര്‍ സന്ദര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒന്നാണിത്.
PC:Jan Reurink

ഗിര്‍ നാഷണല്‍ പാര്‍ക്ക് ഗുജറാത്ത്
ഏഷ്യാറ്റിക് സിംഹങ്ങള്‍ ഏറെ അധിവസിക്കുന്ന ഗുജറാത്തിലെ ദേശീയോദ്യാനമാണ് ഗിര്‍ നാഷണല്‍ പാര്‍ക്ക്. 1975 ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇവിടെ നാല്പ്പതിലധികം സസ്തനികളെയും വ്യത്യസ്ഥങ്ങളായ സസ്യങ്ങളെയും കാണാന്‍ സാധിക്കും. എന്നാല്‍ വംശനാം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ ഗണത്തില്‍ ഇവിടുത്തെ ഏഷ്യന്‍ സിംഹങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
PC: vaidyarupal

ബാല്‍പക്രം കാടുകള്‍, മേഘാലയ
പച്ചപ്പുമാത്രം നിറഞ്ഞു നില്‍ക്കുന്ന ഒരു കാടാണ് മേഘാലയയിലെ ബാല്‍പക്രം കാടുകള്‍. കാരോസ് എന്നു പേരായ ഗോത്രവിഭാഗക്കാന്‍ അധിവസിക്കുന്ന ഈ കാട്ടില്‍ തങ്ങളുടെ മരിച്ചുപോയ പൂര്‍വ്വികരുടെ ആത്മാക്കള്‍ താമസിക്കുന്നതെന്നാണ് ഇവരുടെ വിശ്വാസം.
അമിതമായ കല്‍ക്കരി ഖനനവും കുന്നിടിച്ചിലും കാരണം ഇന്ന് ഈ കാടുകളും നാശത്തിന്റെ വക്കിലാണ്. മനുഷ്യന്‍രെ അകാരണമായ കൈകടത്തലുകള്‍ കാരണം ഓരോ ദിവസവും ഈ കാടുകള്‍ അപ്രത്യമായിക്കൊണ്ടിരിക്കുകയാണ്.
PC: Hgm2016

ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍
ലക്ഷദ്വീപിന്റെ ഭംഗി കുടികൊള്ളുന്നത് അവിടുത്തെ നീലവെള്ളത്തിനടിയില്‍ കാണുന്ന പവിഴപ്പുറ്റുകളിലാണ്. സ്‌കൂബാ ഡൈവിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ വഴി മാത്രമേ പവിഴപ്പുറ്റുകളെ അടുത്ത് കാണാന്‍ സാധിക്കു.
എന്നാല്‍ പവിളപ്പുറ്റുകളില്‍ ഈയടുത്തു നടത്തിയ ഒരു പഠനം പറയുന്നതനുസരിച്ച് ഇവയുടെ നാശം അടുത്തെത്തിയത്രെ. കോറല്‍ മൈനിങ്ങും മത്സ്യബന്ധനവും കൂടാതെ ആഗോള താപനത്തിന്റെ ഫലമായുണ്ടാകുന്ന ജലനിരപ്പിന്റെ ഉയര്‍ച്ചയുമൊക്കെയാണ് ഇതിനു കാരണം.
PC :AbhipshaRay93

ബിതാര്‍കനിക കണ്ടല്‍ക്കാടുകള്‍, ഒഡീഷ
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ജീവികളുടെ വാസസ്ഥലമാണ് ഒഡീഷ. വെള്ള ചീങ്കണ്ണിയും ഇന്ത്യന്‍ പൈത്തണും ഉള്‍പ്പെടെയുള്ളവയെ ഒഡീഷയില്‍ കാണുവാന്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടല്‍ക്കാടായ ബിതാര്‍കനിക കണ്ടല്‍ക്കാടുകള്‍ 1988ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്.
മനുഷ്യന്റെ അനിയന്ത്രിതമായ കൈകടത്തലുകളും വെട്ടിപ്പിടുത്തങ്ങളും കാരണം ഇവിടുത്തെ ധാരളം ജൈവസമ്പത്ത് അപ്രത്യക്ഷമായിട്ടുണ്ട്.

കോത്തി, ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ കിലാ മഹ്മൂദാബാദില്‍ സ്ഥിതി ചെയ്യുന്ന കോത്തി പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു സ്മാരകമാണ്. അവാധി വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്മാരകവും ഇപ്പോള്‍ നാശ്തതിന്റെ വക്കിലാണ്. 1857 ല്‍ ബ്രിട്ടീഷുകാര്‍ പൂര്‍ണ്ണമായും നശിപ്പിച്ച ഇത് പിന്നീട് പുനര്‍നിര്‍മ്മിക്കുകയായിരുന്നു.
പക്ഷേ 67,000 അടി സ്ഥലത്ത് കിടക്കുന്ന ഈ സ്മാരകം പരിപാലിക്കുക എന്നത് അത്ര എളുപ്പമേറിയ പണിയല്ല. അതിനാല്‍ തന്നെ ഓരോ ദിവസവും ഇത് നാശത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്.

ഹിമാലയന്‍ പര്‍വ്വത ശിഖരങ്ങള്‍
മഞ്ഞുമൂടിയ ഹിമാലയല്‍ പര്‍വ്വത നിരകളെക്കുറിച്ച് കേള്‍ക്കാത്തവരായി ആരും കാണില്ല. എവറസ്റ്റ് കൊടുമുടിയും സിയാച്ചിന്‍ മേഖലയുമെല്ലാം ഉള്‍പ്പെടുന്ന ഹിമാലയ വര്‍വ്വത ശിഖരങ്ങള്‍ എന്നും സാഹസികരുടെ പ്രിയപ്പെട്ട സ്ഥലമാണ്.
എന്നാല്‍ ആഗോള താപനത്തിന്റെ ഫലമായി മഞ്ഞുരുകുന്നതു മൂലം ഇവിടം ഒരോ ദിവസവും മോശമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. വരുന്ന 50 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ 13 ശതമാനം ഭാഗം ചുരുങ്ങുമെന്നാണ് പഠനങ്ങല്‍ പറയുന്നത്.
PC: Sam Hawley