ഹിമാലയത്തിന്റെ സൗന്ദര്യത്തിലേക്ക് വേഗത്തില്‍ കയറിച്ചെല്ലുവാന്‍ ഒരു യാത്ര ആയാലോ...കണ്ണുകള്‍ക്കും മനസ്സിനും ഒരുപോലെ വിരുന്നൊരുക്കുന്ന കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന യാത്രകളില്‍ ഒന്നാണ് ഉത്തരാഖണ്ഡിലെ ബ്രഹ്മതാല്‍ ട്രക്കിങ്. അവിശ്വസനീയമായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന യാത്രയെന്ന് സഞ്ചാരികള്‍ കണ്ണുംപൂട്ടി സമ്മതിക്കുന്ന ഈ യാത്ര ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട യാത്രകളിലൊന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല!!
അതിമനോഹരമായ പ്രകൃതി സൗന്ദര്യത്താലും ചേര്‍ന്നു കിടക്കുന്ന പുകാണ കഥകളാലും ഏറെ പ്രസിദ്ധമാണ് ബ്രഹ്മതാല്‍ തടാകം. ഗര്‍ഹ്വാര്‍ ഹിമാലയത്തോട് ചേര്‍ന്നുകിടക്കുന്ന ഇവിടം ഹിമാലയത്തിന്റെ വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് സഞ്ചാരികളെ എത്തിക്കുന്നത്. കനത്ത കാടുകളും മഞ്ഞുപുഞ്ഞു കിടക്കുന്ന കുന്നുകളും താഴ്വരകളും താണ്ടി കയറിപ്പോകുന്ന യാത്ര അത്ഭുതങ്ങളിലേക്കാണ് സഞ്ചാരികളെ എത്തിക്കുന്നത്...

ബ്രഹ്മതാല്‍ ട്രക്ക്
സമുദ്രനിരപ്പില്‍ നിന്നും 12,200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്മതാല്‍ കുത്തനെയുള്ള കയറ്റങ്ങള്‍ കയറിയുള്ള യാത്രയാണെങ്കില്‍ പോലും അധികം പരിചയസമ്പന്നര്‍ അല്ലാത്തവര്‍ക്കു പോലും എത്തിച്ചേരുവാന്‍ കഴിയുന്ന സ്ഥലമാണ്. അതിമനോഹരമായ ഗ്രാമങ്ങള്‍, അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന അരുവികള്‍, ഹിമാലയന്‍ കാഴ്ചകളും അതിന് സമാന്തരമായി കിടക്കുന്ന കാടുകളും എല്ലാം ചേര്‍ന്ന് ഈ യാത്രയെ മറക്കാനാവാത്ത ഒരനുഭവമാക്കി മാറ്റും.

യാത്രയിലെ ആകര്‍ഷണങ്ങള്‍
ബ്രഹ്മതാല്‍ തടാകത്തിന്റെ കാഴ്ചകള്‍ തന്നെയാണ് ഈ ട്രക്കിങ്ങിന്റെ പ്രധാന ആകര്‍ഷണം. കട്ടിയേറിയ ഓക്ക് മരങ്ങള്‍ക്കു നടുവിലായാണ് ഈ തടാകമുള്ളത്.
റോഡോഡെന്‍ഡ്രോണ്‍ മരങ്ങള്‍ പൂത്തുനില്‍ക്കുന്ന കാഴ്ചയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

ആറു ദിവസം, 24 കിമീ
സാധാരണ ഗതിയില്‍ ആറു ദിവസമാണ് ഈ യാത്ര പൂര്‍ത്തിയാക്കുവാന്‍ വേണ്ടത്. യാത്രയില്‍ പരമാവധി കടന്നുപോകുന്ന ഉയരം 12,200 അടിയാണ്. എട്ടുവയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു പോലും വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ പറ്റിയ യാത്രകളിലൊന്നാണിത്. എങ്കിലും മുന്‍ട്രക്കിങ് പരിചയം യാത്രയ്ക്ക് നല്ലതാണ്.

ഒന്നാം ദിവസം
സാധാരണ ഗതിയില്‍ പാക്കേജുകള്‍ അനുസരിച്ച് യാത്ര ആരംഭിക്കുന്നത് ഉത്തരാഖണ്ഡില്‍ നിന്നുമാണ്. അവിടെ നിന്നും നേരെ ലോഹാജുങ് എന്ന സ്ഥലത്തേയ്ക്ക് പോകും. യാത്രയുടെ ബേസ് ക്യാംപാണ് ലോഹാജുങ്. ഋഷികേശില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയാണിവിടമുള്ളത്. ഏകദേശം 10 മുതല്‍ 11 മണിക്കൂര്‍ വരെയാണ് ഇവിടേക്കുള്ള യാത്രാ സമയം. ഗംഗാ നദിയുടെ കാഴ്ച ഈ യാത്രയിലുടനീളം നിങ്ങള്‍ക്കു കൂട്ടായുണ്ടാവും. ലോഹാജുങ് വളരെ ചെറിയ ഒരു ഗ്രാമമാണെങ്കില്‍ പോലും നിങ്ങള്‍ക്ക് ട്രക്കിങ്ങിന് ആവശ്യമായ സാധനങ്ങളെല്ലാം ഇവിടെ ലഭിക്കും.

രണ്ടാം ദിവസം
യാത്രയുടെ രണ്ടാം ദിവസമാണെങ്കിലും ട്രക്കിങ്ങിന്‍റെ ആദ്യ ദിവസമാണിത്. ലോഹാജുങ്ങില്‍ നിന്നും ബേകല്‍താല്‍ ക്യാംപ് സൈറ്റിലേക്കാണ് ഈ ദിവസത്തെ യാത്ര പോകുന്നത്. ആറു കിലോമീറ്റര്‍ ദൂരമാണ് ഈ ദിവസം പിന്നിടുവാനുള്ളത്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഈ ദിവസത്തെ യാത്രയ്ക്കായി മാറ്റിവയ്ക്കേണ്ടി വന്നേക്കാം.

മൂന്നാം ദിവസം
യാത്രയുടെ മൂന്നാം ദിവസം യാത്രാചെയ്യേണ്ട ദൂരം അല്പം കൂടും. 7 കിലോമീറ്ററാണ് ഈ ദിവസം പിന്നിടേണ്ടത്. ഇതിനായി ആറു മുതല്‍ 7 മണിക്കൂര്‍ വരെ വേണ്ടി വന്നേക്കാം. ബേകല്‍താലില്‍ നിന്നും ബ്രഹ്മതാലിലേക്കാണ് ഈ ദിവസത്തെ യാത്ര. യാത്രയുടെ ആദ്യ ദൂരം കുറച്ചധികം കയറ്റമാണെങ്കിലും അധികം മടുക്കില്ല. ബ്രഹ്മതാല്‍ ക്യാംപ്സൈറ്റിലേക്ക് എത്തുമ്പോള്‍ കുറച്ച് ഇറക്കങ്ങളും ഉണ്ട്. ടെലിന്ദി ടോപ്പ് ആണ് ഇന്നത്തെ ദിവസം കടന്നുപോകുന്ന മറ്റൊരു സ്ഥലം. തൃശൂല്‍ പര്‍വ്വതത്തിന്റെയും നന്ദാ ഗുന്ദി പര്‍വ്വതത്തിന്റെയും മനോഹര കാഴ്ചകള്‍ ഈ പ്രദേശം നമുക്ക് സമ്മാനിക്കുന്നു. പിന്നീടുള്ലത് ജാന്ഡി ടോപ്പ് ആണ്. ഇവിടെ നിന്നാല്‍ രൂപ്കുണ്ഡ് തടാരത്തിന്റെ മുഴുവന്‍ കാഴ്ചയും കാണാം. ഇന്ന് രാത്രിയില്‍ ബ്രഹ്മതാലിലുള്ള ക്യാംപ് സൈറ്റിലാണ് താമസം. ഇവിടെ എത്തിക്കഴിഞ്ഞ് ബ്രഹ്മതാല്‍ തടാകം പോയി കാണാം.

നാലാം ദിവസം
നമ്മുടെ യാത്രയിലെ ഏറ്റവും ഉയരം കൂടിയ ഇടത്തേയ്ക്ക് പോകുന്ന ദിവസമാണ്. ബ്രഹ്മതാല്‍ പാസാണ് ഇത്. 11, 570 അടിയാണ് ഇതിന്‍റെ ദൂരം. ഈ ദിവസം ആകെ പിന്നിടേണ്ടത് 12 കിലോമീറ്റര്‍ ദൂരമാണ്. ഇതിനായി 8 മുതല്‍ 9 മണിക്കൂര്‍ വരെ വേണ്ടിവന്നേക്കാം. ബ്രഹ്മതാല്‍ പാസിലെത്തിയ ശേഷം ഇവിടെ നിന്നും അടുത്ത ക്യാംപ് സൈറ്റായ ഡാല്‍ഡമിലേക്ക് പോകണം.

അഞ്ചാം ദിവസം
ഡാല്‍ഡമില്‍ നിന്നും ലോഹാജുങ്ങിലേക്ക് ഇറങ്ങുകയാണ് യാത്രയുടെ അഞ്ചാം ദിവസത്തെ പ്ലാന്‍. നാലു കിലോമീറ്റര്‍ ദൂരമാണ് ഈ ദിവസം പിന്നിടേണ്ടത്. ഏകദേശം മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ ഇതിനായി വേണ്ടി വന്നേക്കാം. യാത്രയുടെ രണ്ടാം ദിവസം വന്ന വഴി തന്നെയാണിത്. കൃത്യമായി മാര്‍ക്ക് ചെയ്തിരിക്കുന്ന വഴിയിലൂടെയുള്ള യാത്ര അത്ര ബുദ്ധിമുട്ടുള്ള ഒന്നായിരിക്കില്ല. ലോഹാജുങ്ങില്‍ എത്തിയ ശേഷം രാത്രി വരെ ഈ പ്രദേശം എക്സ്പ്ലോര്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സമയമുണ്ട്. ഇവിടുത്തെ സൂര്യാസ്മയവും ലോക്കല്‍ മാര്‍ക്കറ്റും കാണുവാന്‍ ഈ സമയം പ്രയോജനപ്പെടുത്താം.

ആറാം ദിവസം
ആറാം ദിവസം ഋഷികേശിലേക്കുള്ള മടക്കയാത്രയുടെ സമയമാണ്. 210 കിലോമീറ്ററാണ് ലോഹജുങ്ങില്‍ നിന്നും ഋശികേശിലേക്കുള്ള ദൂരം.

എടുക്കേണ്ട സാധനങ്ങള്‍
ബ്രഹ്മതാല്‍ ട്രക്കിങ്ങില്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട ചില സാധനങ്ങളുണ്ട്. ബാക്ക് പാക്കും റെയിന്‍ കവറും, ഡേ പാക്കും റെയിന്‍ കവറും, വാക്കിങ് സ്റ്റിക്ക്, വാട്ടര്‍ ബോട്ടില്‍, പേഴ്സണല്‍ മെഡിക്കല്‍ കിറ്റ് സ്നാക്സ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും കരുതാം.

ഋഷികേശില്‍ എത്തിച്ചേരുവാന്‍
ഡല്‍ഹിയില്‍ നിന്നും മറ്റു പ്രധാന നഗരങ്ങളില്‍ നിന്നും ഋഷികേശിലേക്ക് നേരിട്ട് ബസ് സര്‍വ്വീസുകളുണ്ട്. ഡെറഡൂണ്‍ ആണ് ഋഷികേശിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
സ്കൂബാ ഡൈവിങ് മുതല്‍ മരവീട്ടിലെ താമസം വരെ... ജൂണ്‍ എത്തുംമുന്‍പെ ചെയ്തുതീര്‍ക്കാം ഈ കാര്യങ്ങള്‍