പൊള്ളുകയാണ് ഉത്തരേന്ത്യ. തീപോലെ കത്തിയിറങ്ങുന്ന ചൂട് സഹിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് ഇപ്പോൾ അനുഭവപ്പെടുന്നത്, നാല്പത് ഡിഗ്രിക്ക് മുകളിലാണ് പല ദിവസങ്ങളിലെയും പകൽ താപനില. രാത്രിയിലെ ചൂടിനും ഒരു കുറവുമില്ല.
അതുകൊണ്ടുതന്നെ ഒരവസരം കിട്ടിയാൽ ഈ ചൂടിൽ നിന്ന് രക്ഷപെട്ട് എങ്ങോട്ടെയ്ക്കെങ്കിലും കുറച്ച് മണിക്കൂറുകളെങ്കിലും മാറി നിൽക്കാൻ ആഗ്രഹിക്കാത്ത ഉത്തരേന്ത്യക്കാർ കാണില്ല. ഇങ്ങനെ പോകാൻ പറ്റിയ നിരവധി ഇഷ്ടംപോലെയുണ്ടല്ലോ. ഇതാ ഈ ചൂടിനെ വെല്ലുവിളിച്ച് ശരീരവും മനസ്സും ഒന്നു കുളിർപ്പിക്കാൻ പറ്റിയ, തണുപ്പു നിറഞ്ഞ താപനില ഉയരുകയേ ചെയ്യാത്ത ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

സെലാ പാസ്
ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിൽ ഒന്നാണ് അരുണാചൽ പ്രദേശിലെ സെലാ പാസ്. സമുദ്രനിരപ്പിൽ നിന്നും 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഇപ്പോൾ അനുഭവപ്പെടുന്നത് 6 ഡിഗ്രി സെൽഷ്യസാണ്. അതുല്യമായ പ്രകൃതിഭംഗിക്കും അതിമനോഹരമായ കാഴ്ചകൾക്കും ഭൂപ്രകൃതിക്കും ആണ് സെലാ പാസ് പേരുകേട്ടിരിക്കുന്നത്. സാഹസിക സഞ്ചാരികൾക്കും ഫോട്ടോഗ്രാഫർമാർക്കും അവരാഗ്രഹിക്കുന്നതിലും കൂടുൽ ഇവിടം നല്കുന്നു. മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന മലനിരകളും തണുപ്പിൽ വെള്ളമുറഞ്ഞ തടാകങ്ങളും ഇവിടെ കാണാം. സെലാ പാസിലേക്ക് വരുമ്പോൾ തവാങ് കൂടി സന്ദർശിക്കുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യുന്നതാവും നല്ലത്.
ദ്രാസ്
ലഡാക്കിന്‍റെ കവാടം എന്നറിയപ്പെടുന്ന ദ്രാസ് ചൂടിനെ തളയ്ക്കാനുള്ള യാത്രകൾക്ക് മികച്ച ചോയിസാണ്. കാർഗിൽ യുദ്ധത്തിലൂടെ പരിചിതമായ ദ്രാസ് അതിൻറെ തണുപ്പിന് എന്നും പ്രസിദ്ധമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള രണ്ടാമത്തെ സ്ഥലം കൂടിയാണ് ദ്രാസ്. അതായത് ലോകത്തിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ മനുഷ്യവാസസ്ഥലം. നിലവിൽ ഇവിടെ ഇപ്പോൾ 11 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്ന താപനില, കാർഗിൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇതിന്റെ തീവ്രമായ തണുപ്പിനും കഠനമായ മഞ്ഞുവീഴ്ചയ്ക്കും പ്രസിദ്ധമാണ്.
താപനില മൈനസ് 40 ലേക്ക് വരെ താഴ്ന്ന സമയം ഇവിടെയുണ്ട്. എത്ര തണുപ്പായാലും ഇവിടുത്തെ ഭംഗിയും കാഴ്ചകളും ഒക്കെ സന്ദർശകെ ആകർഷിക്കാറുണ്ട്. ലഡാക്ക് താഴ്വരയുടെ കാവല്‍ക്കാര്‍ എന്നാണ് ദ്രാസ് നിവാസികൾ അറിയപ്പെടുന്നത്. 1995 ൽ -60 ഡിഗ്രി സെൽഷ്യസിലെത്തിയതാണ് ദ്രാസിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വിശ്വനാഥൻ പോളോ ഗ്രൗണ്ട്, ടൈഗർ ഹിൽ ടോളോലിങ്, മൻമൻ ടോപ്, ഡോങ്ചിക് ഗ്രാമം, മുഷ്കു വാലി തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന സ്ഥലങ്ങൾ.
സ്പിതി
ഡൽഹിയിൽ നിന്നും തണുപ്പിലേക്ക് ഒരു യാത്ര പോകണമെങ്കിൽ എളുപ്പം പോയി വരാവുന്ന സ്ഥലമാണ് സ്പിതി. ഹിമാചൽ പ്രദേശിലെ അതിമനോഹര താഴ്വരകളിലൊന്നായ സ്പിതിയിൽ ഇപ്പോൾ 8 ഡിഗ്രി സെൽഷ്യസാണ് താപനില. സഹസിക സഞ്ചാരികളാണ് സ്പിതിയിലെത്തുന്നവരിൽ അധികവും. പുരാതന ആശ്രമങ്ങൾ, ഉയരത്തിലുള്ള ഗ്രാമങ്ങൾ, മഞ്ഞുമൂടിയ പർവതങ്ങൾ, സാഹസികമായ യാത്ര എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം. ഏകാന്തതയും സാഹസികതയും ആഗ്രഹിക്കുന്നവർക്ക് ഇവിടം പറ്റിയ സ്ഥലമാണ്.
സോനാമാർഗ്
കാശ്മീരിലെ ഏറ്റവും മനോഹര പ്രദേശങ്ങളിലൊന്നായ സോനാമാർഗ് അതിന്‍റെ തണുപ്പുകൂടിയ കാലാവസ്ഥയ്ക്കും പ്രസിദ്ധമാണ്. നിലവിൽ 15 ഡിഗ്രിയാണ് ഇവിടുത്തെ താപനില. ആൽപൈൻ പുൽമേടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഹിമാലയത്തിൻ്റെ ഉയർന്ന കൊടുമുടികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള രു കവാടമായി പ്രവർത്തിക്കുന്ന സോനാമാർഗ് അതുകൊണ്ടുതന്നെ ട്രെക്കേഴ്സിന്‍റെ പ്രിയപ്പെട്ട സ്ഥലം കൂടെയാണ്.
മുൻസ്യാരി
ഉത്തരാഖണ്ഡിലെ മിനി കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലമാണ് മുൻസ്യാരി. നിലവിൽ ഇവിടെ ഏകദേശം 18 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെടുന്നത്. പഞ്ചചൂലി കൊടുമുടികളുടെയും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളുടെയും കാഴ്ചയാണ് ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാനുള്ളത്. ട്രെക്കിംഗ്, പക്ഷി നിരീക്ഷണം എന്നിങ്ങനെ ഇവിടെ ചെയ്യാൻ കുറേ കാര്യങ്ങളുണ്ട്. ഗോറിഗംഗാ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ മഞ്ഞുപുതച്ച കാഴ്ചകളാണ് കാണേണ്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












