മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നതിന്‍റെ സൗകര്യം ഏറ്റവും പ്രയോജനപ്പെടുന്നത് ഉത്സവകാലത്തും സീസണുകളിലുമാണ്. ഇത്തരം സമയങ്ങളിൽ പെട്ടന്ന് ടിക്കറ്റുകൾ തീർന്നുപോകും എന്നതിനാൽ അവധികൾ മുൻകൂട്ടി കണ്ട് യാത്രകൾ പ്ലാൻ ചെയ്യുകയും അതിനോടൊപ്പം ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യുകയും വേണം. പലപ്പോഴും അവസാന നിമിഷങ്ങളിൽ തത്കാൽ ടിക്കറ്റുകൾ പോലും ലഭിക്കാത്ത അവസ്ഥ സ്ഥിരം സംഭവങ്ങളിലൊന്നാണ്.
അപ്രതീക്ഷിതമായ ടിക്കറ്റ് ക്യാൻസലേഷൻ
എത്ര കൃത്യതയോടെയെ പ്ലാൻ ചെയ്തതാണെങ്കിലും അവസാന നിമിഷം ചിലപ്പോൾ യാത്ര റദ്ദാക്കേണ്ടി വന്നേക്കാം. ബസ് ടിക്കറ്റ് ബുക്ക് ചെയ്തുപോകുന്ന യാത്രയാണെങ്കിൽ എങ്ങനെ ക്യാൻസൽ ചെയ്യണമെന്ന് നമുക്കറിയാം. എന്നാൽ ഒരു ഗ്രൂപ്പായി യാത്ര പ്ലാൻ ചെയ്തിട്ട് അവസാന നിമിഷത്തിൽ ഒരാൾക്ക് പിന്മാറേണ്ടി വരുമ്പോൾ ട്രെയിനിൽ ബുക്ക് ചെയ്ത ടിക്കറ്റുകളിൽ ഒന്നുമാത്രം എങ്ങനെ ക്യാൻസൽ ചെയ്യാം എന്നത് പലർക്കും അറിവുണ്ടാകില്ല.മാത്രമല്ല, ഇങ്ങനെയുള്ള സമയത്ത് അധികം ബുദ്ധിമുട്ടാതെ, ആ ഒരു ടിക്കറ്റ് ക്യാൻസൽ ചെയ്യാതെതന്നെ ഇരിക്കുന്നവരാകും അധികവും!
ഒരു ട്രെയിൻ ടിക്കറ്റ് മാത്രമായി ക്യാൻസൽ ചെയ്യാമോ?
ഗ്രൂപ്പായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് അതിലൊന്നോ രണ്ടോ മാത്രമായി ക്യാൻസൽ ചെയ്യുവാൻ സാധിക്കുമോ? കഴിയും എന്നുതന്നെയാണ് ഉത്തരം. ഐആർസിടിസിയുടെ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യമുണ്ട്. നമ്മൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഐആർസിടിസി വെബ്സൈറ്റ് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ സൗകര്യങ്ങൾ നല്കുന്നു. എന്നാൽ ഇത്തരത്തിൽ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുവാനുള്ള സൗകര്യം യാത്രയുടെ ചാർട്ട് തയ്യാറാക്കുന്നതിനു മുൻപ് വരെ മാത്രമാണ് ലഭ്യമാവുത. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, റെയിൽ വേ ടിക്കറ്റ് കൗണ്ടറുകളിൽ ഇത്തരം ടിക്കറ്റുകളുടെ ക്യാന്‍സലേഷന് സാധിക്കില്ല എന്നതാണ്.
എങ്ങനെ ഐആർസിടിസി വെബ് സൈറ്റിൽ കയറി ടിക്കറ്റ് ക്യാൻസല്‍ ചെയ്യാം എന്നു നോക്കാം.
ലോഗ്-ഇൻ ചെയ്യാം
ഇതിനായി ഏറ്റവുമാദ്യം ചെയ്യേണ്ടത് ഐആർസിടിസി വെബ് സൈറ്റിൽ ലോഗ് ഇൻ ചെയ്യുകയാണ്. നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഉപയോഗിച്ച നിങ്ങളുടെ യൂസർ നെയിമും പാസ്വേഡും തന്നെ വേണം ക്യാൻസൽ ചെയ്യുന്ന സമയത്തും. അതിനു ശേഷം മൈ ട്രാൻസാക്ഷന്‍സ്(My Tranactions) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി
ഇവിടെ നിങ്ങൾക്ക് മൈ അക്കൗണ്ട് (My Account)മെനുവിന് താഴെ ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി(Booked Ticket History) എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് തുറന്നു വരുന്ന വിന്‍ഡോയിൽ നിങ്ങൾ ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകളുടെ ഒരു സെക്ഷൻ കാണാം. ഇതിൽ നിന്നും ക്യാന്‍സൽ ചെയ്യേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് ക്യാൻസൽ ടിക്കറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ശ്രദ്ധിക്കേണ്ടത് ആരുടെ ടിക്കറ്റ് ആണോ റദ്ദാക്കേണ്ടത് അവരുടെ പേരിനു നേരെയുള്ള ടിക്കറ്റ് മാത്രമായിരിക്കണം സെലക്റ്റ് ചെയ്യേണ്ടത്. അതിനു ശേഷം ക്യാന്‍സൽ ടിക്കറ്റ് (Cancel Ticket) എന്നതിൽ ക്ലിക്ക് ചെയ്യാം. അതിനു ശേഷം ഒന്നുംകൂടി കൺഫർമേഷനായി ഓക്കെ നല്കി ക്യാൻസൽ ചെയ്യാം.
ബാക്കി തുക അക്കൗണ്ടിൽ!
നിങ്ങൾ ടിക്കറ്റ് റദ്ദാക്കിക്കഴിഞ്ഞാൽ ക്യാൻസലേഷൻ ചാർജ് ടിക്കറ്റിന്റെ തുക കുറച്ച ശേഷം ബാക്കിയുള്ള തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. ടിക്കറ്റിന്റെ ക്ലാസ് അനുസരിച്ച് ക്യാന്‍സലേഷൻ നിരക്ക് വ്യത്യസ്തമായിരിക്കും.
ഇതിന്റെ മെസേജും ടിക്കറ്റ് ക്യാന്‍സൽ ചെയ്തു എന്നതിന്റെ അറിയിപ്പും ഐആർസിടിസി സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും ഇ-മെയിൽ അഡ്രസിലേക്കും എത്തും