പരിപാടി ഏതാണങ്കിലും യുഎഇയിൽ വെടിക്കെട്ട് നിർബന്ധമാണ്. പെരുന്നാളായാലും പുതുവർഷമായാലും വെടിക്കെട്ടില്ലാ്ത ആഘോഷം പൂർണ്ണമല്ല ഇവിടുള്ളവർക്ക്. ഇപ്പോഴിതാ, ഈദുൽ ഫിത്തറിന്‍റെ നീണ്ട അവധിയുടെ ആലസ്യത്തിലാണ് യുഎഇ മുഴുവനും. വെടിക്കെട്ട് മാത്രല്ല, പ്രദർശനങ്ങളും വിനോദങ്ങളും ഷോകളും ഒക്കെയായി എവിടേയും ആഘോഷം തന്നെയാണ്.
ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ അപ്പോൾ ഒരു വെടിക്കെട്ടും കൂടി കാണാം അല്ലേ. ഒരുപാട് ദൂരം യാത്ര ചെയ്യാതെ തന്നെ എത്തിപ്പെടാവുന്ന വിധത്തിൽ ദുബായിലും അബുദാബിയിലും നിരവധി സ്ഥലങ്ങളിൽ പല ദിവസങ്ങളിലായി വെടിക്കെട്ട് ഒരുക്കുന്നുണ്ട്. ദുബായ് ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ്, ഹട്ടാ, യാസ് ബേ, തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന വെടിക്കെട്ട് പരിപാടികളെക്കുറിച്ച് വിശദമായി അറിയാം.

1. ഗ്ലോബൽ വില്ലേജ് ദുബായ്
ഏപ്രിൽ 10 മുതൽ 14 വരെയുള്ള തിയതികളിൽ വെടിക്കെട്ട് ഉള്ള സ്ഥലമാണ് ഗ്ലോബൽ വില്ലേജ്. വെറും വെടിക്കെട്ടല്ല, മ്യൂസിക്കൽ ഫയർ വർക്സ് ആണ് ഇവിടെ ഒരുക്കുന്നത്. ഈ തിയതികളിൽ രാത്രി കൃത്യം 9.00 മണിക്ക് വെടിക്കെട്ട് ആരംഭിക്കും. ഇത് കൂടാതെ സാംസ്കാരിക വിനോദ പരിപാടികളും ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈദ് സമ്മാനങ്ങളും സുവിനിയറുകളും വാങ്ങാൻ ഈദ് വണ്ടർ സൂഖ് സന്ദർശിക്കുകയും ചെയ്യാം.
2. ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ
ഏതു സീസണിലും നിരാശപ്പെടുത്താത്ത ഇടമാണ് ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ. ഈദ് ആഘോഷങ്ങളുടെ ഭാഗമായി റമദാന്‍റെ അവസാന ആഴ്ചയിലെ ഏപ്രിൽ 5 മുതൽ 7 വരെ എല്ലാ ദിവസവും രാത്രി 10 മണിക്കും പെരുന്നാൾ ദിവസം ഏപ്രിൽ 10 ന് ഈദ് സ്പെഷ്യൽ വെടിക്കെട്ട് രാത്രി എട്ടു മണിക്കും നടക്കും.

3. ഹത്താ, ദുബായ്
പർവ്വതനിരകളും മരുഭൂമിയും മനോഹരമായ കാഴ്ചകളുമുള്ള ഇടമാണ് ഹത്ത. യുഎഇയിൽ വാരാന്ത്യവും അവധിയും സാഹസിക വിനോദങ്ങളോടൊപ്പം ആസ്വദിക്കാൻ പറ്റിയ ഇടം കൂടിയാണിത്. ഹത്താ ഡാം, ഹത്താ റിസർവോയർ, കയാക്കിങ് തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ഏപ്രിൽ 10 ന് രാത്രി എട്ടു മണിക്ക് ഈദ് സ്പെഷ്യൽ വെടിക്കെട്ട് ഹത്തയിൽ നടത്തും.
4. അൽ സീഫ് ദുബായ്
ദുബായിലെ ഹെറിറ്റേജ് ഇടങ്ങളിലൊന്നായ അൽ സീഫ് ദുബായ് യാത്രയിൽ നിർബന്ധമായും കാണേണ്ട ഒരിടമാണ്. പഴയ ദുബായുടെ കാഴ്ചകളും സൂഖും ഉൾപ്പെടെയുള്ളവ ഇവിടെ കാണാം. അൽ സീഫിലെ വാട്ടർഫ്രണ്ട് പ്രൊമനേഡിൽ ഏപ്രിൽ 11 ന് രാത്രി 11 മണിക്ക് ഈദ് സ്പെഷ്യൽ വെടിക്കെട്ട് നടക്കും.
5. ബ്ലൂ വാട്ടർ ഐലൻഡ്
ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) എതിർവശം ദുബായ് ബ്ലൂ വാട്ടേഴ്സ് ഐലന്‍ഡിൽ ഏപ്രിൽ 12 ന് രാത്രി എട്ടു മണിക്ക് ഫയർവർക്സ് നടക്കും
6. യാസ് ബേ ഐലന്‍ഡ് , അബുദാബി
അബു ദാബിയിലെ ഈദ് ആഘോഷങ്ങളാണ് തിരയുന്നതെങ്കിൽ യാസ് ബേ ഐലന്‍ഡില് വലിയ ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈദിലെ ആദ്യ മൂന്ന് രാത്രികളിൽ 9 മണിക്ക് യാസ് ബേ വാട്ടർഫ്രണ്ടിൽ വെടിക്കെട്ട് നടക്കുന്നത്.
7. അൽ ഹുജാഹിയത്ത് ഐലൻഡ് അബുദാബി
അബുദാബിയിലെ സാഹസിക ഇടങ്ങളിലൊന്നായ അൽ ഹുജാഹിയത്ത് ഐലൻഡിലെ മർസായിൽ ഫാമിലി ഫ്രണ്ട്ലി വെടിക്കെട്ട് നടത്തും. രാത്രി 9 മണിയാണ് വെടിക്കെട്ടിന്‍റെ സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











