» »ക്രിസ്തുമസ് ആഘോഷിക്കാം കേരളത്തിലെ ഈ ദേവാലയങ്ങളില്‍

ക്രിസ്തുമസ് ആഘോഷിക്കാം കേരളത്തിലെ ഈ ദേവാലയങ്ങളില്‍

Written By: Elizabath

മഞ്ഞുപൊഴിയുന്ന ഡിസംബര്‍ മാസം ക്രിസ്തുമസിന്റേതുകൂടിയാണ്. പുല്‍ക്കൂട്ടില്‍ പിറന്ന രക്ഷകന്റെ ജനനനത്തിരുന്നാള്‍ നാടും നഗരവും ഒന്നിച്ചാഘോഷിക്കുന്ന അപൂര്‍വ്വം സംഗതികളില്‍ ഒന്നാണ്. ക്രിസ്തുമസ് ആഘോഷത്തിനായി ദേവാലയങ്ങള്‍ ഒരുങ്ങുമ്പോള്‍ എവിടെ പോകണമെന്ന ചിന്തയിലാണോ? എങ്കിലിതാ കേരളത്തില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ പറ്റിയ ദേവാലയങ്ങള്‍.

സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്, കൊച്ചി

സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്, കൊച്ചി

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഏറ്റവും പറ്റിയ ഇടം കൊച്ചിയാണ്. അതുകൊണ്ടുതന്നെ വിശ്വാസികള്‍ക്ക് ആഘോഷങ്ങള്‍ക്കായി കൊച്ചിയിലെ സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച് തിരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏറ്റവും പഴയ പള്ളികളില്‍ ഒന്നായ ഇത് 1503 ലാണ് നിര്‍മ്മിക്കുന്നത്. വാസ്‌കോഡഗാമയുടെ ഭൗതീകശരീരം ആദ്യം അടക്കം ചെയ്തിരുന്നത് ഇവിടെയായിരുന്നുവത്രെ. അതിന് 14 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ നാടായ പോര്‍ച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റുകയുണ്ടായി.
യൂറോപ്യന്‍ മാതൃകയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്.

PC: Ranjith Siji

സെന്റ് ആന്‍ഡ്രൂസ് ഫൊറോനാ ചര്‍ച്ച്, അര്‍ത്തുങ്കല്‍

സെന്റ് ആന്‍ഡ്രൂസ് ഫൊറോനാ ചര്‍ച്ച്, അര്‍ത്തുങ്കല്‍

എല്ലാ മതവിശ്വാസികളും ഭക്തിപൂര്‍വ്വം എത്തുന്ന കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴയില്‍ കടലോരത്ത് സ്ഥിതി ചെയ്യുന്ന അര്‍ത്തുങ്കല്‍ പള്ളി. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് മിഷനറിമാര്‍ നിര്‍മ്മിച്ച ഈ പള്ളി നിരവധി തവണ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ക്രിസ്തുമസിന് ഇവിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്താറുണ്ട്.

PC: Challiyil Eswaramangalath Vipin

വ്യാകുലമാതാവിന്റെ ബസലിക്ക, തൃശൂര്‍

വ്യാകുലമാതാവിന്റെ ബസലിക്ക, തൃശൂര്‍

ഇന്‍ഡോ-ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള തശൂരിലെ പുത്തന്‍പള്ളി അഥവാ വ്യാകുലമാതാവിന്റെ ബസലിക്ക സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ദേവാലയമാണ്. 25,000 സക്വയര്‍ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളി ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നുകൂടിയാണ്. 1814 ല്‍ നിര്‍മ്മിച്ച ഈ പള്ളി ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പള്ളിയുമാണ്.

PC: Trilok Rangan

സെന്റ് ജോസഫ് കത്തീഡ്രല്‍, തിരുവനന്തപുരം

സെന്റ് ജോസഫ് കത്തീഡ്രല്‍, തിരുവനന്തപുരം

പാളയം പള്ളി എന്ന അറിയപ്പെടുന്ന സെന്റ് ജോസഫ് കത്തീഡ്രല്‍ തിരുവനന്തപുരത്തെ പ്രധാന ദേവാലയങ്ങളില്‍ ഒന്നാണ്. 1873 ല്‍ നിര്‍മ്മിച്ച പള്ളിയില്‍ 1927ല്‍ ഇന്‍ഡോ-ഗോഥിക് ശൈലിയില്‍ മണിമേട കൂടി സ്ഥാപിച്ചു.

PC: Carol Nettar

സാന്റാ ക്രൂസ് ബസലിക്ക, കൊച്ചി

സാന്റാ ക്രൂസ് ബസലിക്ക, കൊച്ചി

ഇന്ത്യയിലെ എട്ട് ബസലിക്കകളില്‍ ഒന്നായ സാന്റാ ക്രൂസ് ബസലിക്ക ഫോര്‍ട്ട് കൊച്ചിയുടെ അഭിമാനങ്ങളില്‍ ഒന്നാണ്. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം പിന്നീട് ബ്രിട്ടീഷുകാര്‍ പുതുക്കിപ്പണിയുകയായിരുന്നു.

PC: Elroy Serrao

എടത്വാ പള്ളി, ആലപ്പുഴ

എടത്വാ പള്ളി, ആലപ്പുഴ

ഗീവര്‍ഗ്ഗീസ് സഹദായ്ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ആലപ്പുഴയിലെ എടത്വാ പള്ളി കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ആലപ്പുഴ നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പമ്പാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന എടത്വാ പള്ളിയില്‍ ഏപ്രില്‍-മേയ് മാസങ്ങളിലാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്.

PC: Johnchacks

വല്ലാര്‍പാടം പള്ളി

വല്ലാര്‍പാടം പള്ളി

ദേശീയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ വല്ലാര്‍പാടം ബസലിക്ക 1524 ല്‍ പോര്‍ച്ചുഗീസുകാരാണ് നിര്‍മ്മിച്ചത്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെേേ ദവാലയമായ വല്ലാര്‍പാടം 1676ല്‍ വെള്ളപ്പൊക്കത്തില്‍ പെടുകയുണ്ടായി. പിന്നീട് പുതുക്കിപ്പണിത പള്ളി വിമേചന നാഥയെന്ന പേരിലറിയപ്പെടുന്ന മാതാവിന്റെ പള്ളിയെന്ന നിലയിലും വല്ലാര്‍പാടത്തമ്മയുടെ പള്ളി എന്ന നിലയിലുമാണ് പ്രശസ്തം. പിന്നീട് 1888 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ ഇതിനെ പ്രത്യേക പള്ളിയായി ഉയര്‍ത്തുകയുണ്ടായി.

PC: shankar s.

സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് എടപ്പള്ളി

സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് എടപ്പള്ളി

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇടപ്പള്ളി പള്ളി എന്നറിയപ്പെടുന്ന സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് കേരളത്തിലെ ഏറ്റവും പഴക്കമുള്ള റോമന്‍ കത്തോലിക്ക ദേവാലയം കൂടിയാണ്. എ.ഡി. 594 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയത്തിന് രോഗശാന്തിക്കുള്ള കഴിവ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

PC: Tachs

പരുമല പള്ളി

പരുമല പള്ളി

മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ് പത്തനംതിട്ട ജില്ലയിലെ പരുമലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി.
വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഭാരതീയനായ പരുമല തിരുമേനിയുടെ ഖബറിടം പരുമലപ്പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Joe Ravi

കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളി

കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളി

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായ കൊടുങ്ങല്ലൂരിലാണ് തോമാശ്ലീഹ ആദ്യം കപ്പലിറങ്ങുന്നത്. അക്കാലത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്ന കൊടുങ്ങല്ലൂരിലാണ് തോമാശ്ലീഹ എ.ഡി. 52 ല്‍ ആദ്യപള്ളി സ്ഥാപിക്കുന്നത്. കൊടുങ്ങല്ലൂര്‍ മാല്യങ്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി മാല്യങ്കരപ്പള്ളി എന്നും അറിയപ്പെടുന്നു. കൂടാതെ തോമാശ്ലീഹ ഇന്ത്യയില്‍ ആദ്യം സ്ഥാപിച്ച പള്ളി കൂടിയാണിത്

PC: Sujithvv

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...