സമുദ്ര നിരപ്പിൽ നിന്നും 2635 അടി ഉയരത്തിൽ പശ്ചിമഘട്ടത്തിൽ സഹ്യാദ്രി മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മതേരൻ എന്നും സഞ്ചാരികൾക്കൊരുക്കുന്നത് കുറേയേറെ അത്ഭുതങ്ങളാണ്. പർവ്വതങ്ങള്‍ക്കിടയിൽ, രണ്ടു വലിയ മഹാനഗരങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഇവിടം സ്വർഗ്ഗമാണ്. വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളും മറ്റും ഇല്ലാതെ പോയി കണ്ട് ആസ്വദിച്ച് വരുവാൻ സാധിക്കുന്ന ഇടം. എന്നാൽ ഇതു മാത്രമല്ല മതേരൻ. പർവ്വതങ്ങൾക്കിടയിൽ ഒട്ടേറെ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇവിടെ എത്തിയാൽ മാത്രമേ അതിന്റെ ചുരുൾ നിവർത്തുവാൻ സാധിക്കുകയുള്ളൂ. മാതേരൻ ഒളിപ്പിച്ച രഹസ്യങ്ങൾ അറിയാം...
വാഹനങ്ങൾക്ക് ഇവിടെ പ്രവേശനമില്ല
ദസ്തുരി പോയന്റ് എന്ന സ്ഥലം വരെയാണ് ഇവിടെ വാഹനങ്ങൾ കൊണ്ടുവരുവാൻ കഴിയുക. ബാക്കിയുള്ള 2.5 കിലോമീറ്റർ ദൂരം നടന്നോ അല്ലെങ്കില്‍ മനുഷ്യർ കൈകൊണ്ട് വലിക്കുന്ന വണ്ടിയിലോ മുകളിലേക്ക് കയറാം. കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മാഥേരാനെ ഹരിത ഉദ്യാനമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാത്തത്. മുന്‍സിപ്പാലിറ്റിയുടെ നടത്തിപ്പിനു കീഴില്‍ വരുന്ന ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുള്ള മോട്ടോര്‍ വാഹനം.
മഹാരാഷ്ട്രയിലെ ഏക ടോയ് ട്രെയ്ൻ
മഹാരാഷ്ട്രയിലെ പൈതൃക റെയില്‍വേകളില്‍ ഒന്നാണ് മഥേരാന്‍ ഹില്‍ റെയില്‍വേ അഥവാ എം.എച്ച്.ആര്‍. സെന്‍ട്രല്‍ റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത് നേരാല്‍ എന്ന സ്ഥലത്തെ മാതേരനുമായി ബന്ധിപ്പിക്കുന്ന റൂട്ടാണ്. 21 കിലോമീറ്റര്‍ നീളമുള്ള റൂട്ടാണിത്. നെരാല്‍-മഥേരന്‍ ലൈറ്റ് റെയില്‍വേ 1901 നും 1907 നും ഇടയിലാണ് നിര്‍മ്മിക്കുന്നത്. പിന്നാട് 2005 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇത് അടച്ചുപൂട്ടി. പിന്നീട് 2007 ലാണ് ഇത് തുറന്നുകൊടുത്തത്. 2015 വരെ കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും 2016-17 വര്‍ഷങ്ങളില്‍ ഇത് വളരെക്കുറച്ച് സര്‍വ്വീസുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഇപ്പോള്‍ 2018 ജനുവരി 26 മുതല്‍ സര്‍വ്വീസ് വീണ്ടും പുനരാരംഭിച്ചു.
ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷൻ
മലയുടെ മുകളിൽ കാടുമൂടിക്കിടന്ന ഇവിടം ഇന്നു കാണുന്ന രീതിയിൽ ഒരു ഹിൽസ്റ്റേഷനാക്കി മാറ്റി എടുത്തത് ബ്രിട്ടീഷുകാരുടെ കാലത്താണ്.അന്നത്തെ ബോംബെ ഗവര്‍ണര്‍ ആയിരുന്ന ലോര്‍ഡ് എല്‍ഫിന്‍സ്റ്റണ്‍ ആണ് ഈ സ്ഥലത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്.
35 ൽ അധികം വ്യൂ പോയന്റുകൾ



Click it and Unblock the Notifications
















