ഊട്ടി
തമിഴ്നാട് യാത്രകളില്‍ പ്രത്യേകിച്ചും വേനല്‍ക്കായ യാത്രകളില്‍ ആദ്യം കടന്നുവരുന്ന ഇടങ്ങളിലൊന്നാണ് ഊട്ടി. താഴ്വാരങ്ങളും പുല്‍മേടും കുന്നുകളുമായി അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയാണ് ഊട്ടിയുടേത്. മേയ് മാസ ഊട്ടിയാത്രയുടെ പ്രത്യേകത എന്നത് സീസണിന്റെ അവസാനമാണ് എന്താണ്. അതുകൊണ്ടു തന്നെ എല്ലാം അതിന്‍റെ പരമാവധിയില്‍ ആസ്വദിക്കുവാന്‍ സാധിക്കും. ഒപ്പം തന്നെ സമ്മര്‍ ഫെസ്റ്റിലിന്‍റെ സമയം കൂടിയാണിത്. ഇവിടുത്തെ പ്രധാന ടൗണുകളില്‍ ഫ്ലര്‍ഷോ സ്പൈസ് ഷോ, റോസ് ഷോ, ഫ്രൂട്ട് ഷോ എന്നിവയെല്ലാം ഈ സമയത്തുണ്ട്. കുന്നുകളുടെ റാണി എന്ന് എന്തുകൊണ്ടാണ് ഊട്ടി അറിയപ്പെടുന്നത് എന്നു മനസ്സിലാക്കണമെങ്കില്‍ ഇതുവഴിയുള്ള ഒരു യാത്ര മതി.
46 കിലോമീറ്റര്‍ അകലെയുള്ള മേട്ടുപ്പാളയം ആണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വിമാനത്താവളം സ്ഥിതി ചെയ്യുന്നത് കോയമ്പത്തൂരാണ്.
PC:jyothi kumar
കൂനൂര്‍
ഊട്ടിയ്ക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കൂനൂര്‍ സാധാരണ യാത്രാ ലിസ്റ്റുകളില്‍ കടന്നുവരാത്ത ഇടമാണ്. സ്ഥലത്തെക്കുറിച്ചുള്ള അറിവില്ലായ്മ തന്നെയാണ് ഇതിനു കാരണം.
കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പച്ചപ്പുനിറഞ്ഞ കുന്നുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന ഇരുണ്ട കാടുകള്‍ യാത്രകള്‍ക്ക് കുറച്ചധികം വീരപരിവേഷം നല്കും. തേയിലത്തോട്ടങ്ങളിലൂടെ നടന്നുനീങ്ങുന്ന ആനക്കൂട്ടങ്ങള്‍ ഇവിടെ പുതുമയുള്ള ഒരു കാഴ്ചയല്ല. തേയിലത്തോട്ടങ്ങള്‍ക്കൊപ്പെം തന്നെ കാപ്പിത്തോട്ടങ്ങളും ഇവിടെ ധാരാളമുണ്ട്. ഇവയ്ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന കോട്ടേജുകളിലെ താമസമാണ് കൂനൂരിന്റെ ഏറ്റവും വലിയ ആകര്‍ഷണം. നീലഗിരി മലനിരകളുടെ കാഴ്ച ഇവിടെ കാണാം.
ഊട്ടി യാത്രയില്‍ കൂനൂരും നിര്‍ബന്ധമായും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം.
45 കിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂരാണ് അടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും. . മേട്ടുപ്പാളയവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനാണ്.
PC:Gaurav Gupta
കോത്താഗിരി
വെറുതേ ഒരു മുറിയിലിരുന്ന്, ഒരു കപ്പ് കാപ്പി നുണഞ്ഞ് പ്രകൃതിഭംഗി ആസ്വദിക്കുന്ന ഒരു നിമിഷത്തെക്കുറിച്ച് സ്വപ്നം കാണാത്തവരുണ്ടാവില്ല. അങ്ങനെയുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് കോത്താഗിരി. തമിഴ്നാട്ടിലെ ഏറ്റവും പേരുകേട്ട ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണിത്. സമുദ്രനിരപ്പില്‍ നിന്നും 1985 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിം പ്രസന്നമായ കാലാവസ്ഥയ്ക്കും പേരുകേട്ടിരിക്കുന്നു. ചുറ്റോടുചുറ്റും കാണുന്ന പച്ചപ്പ് ആണ് ഇവിടുത്തെ ആകര്‍ഷണം. കാതറീന്‍ ഫാള്‍സ്, കോടനാട് വ്യൂ പോയിന്‍റ്, ലോങ്വുഡ് ഷോളാ ഫോറസ്റ്റ്, രംഗസ്വാമി പീക്ക് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ പോകുവാനുള്ളത്.
അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂരും റെയില്ഡവേ സ്റ്റേഷന്‍ കൂനൂരും ആണ് സ്ഥിതി ചെയ്യുന്നത്.
PC:Ganesh Ravikumar
യേര്‍ക്കാഡ്
പാവങ്ങളുടെ ഊട്ടി എന്നു വിളിക്കപ്പെടുന്ന സ്ഥലമാണ് യേര്‍ക്കാട്. പഴത്തോട്ടങ്ങള്‍ക്കും കാപ്പി, ഓറഞ്ച് തോട്ടങ്ങള്‍ക്കുമാണ് ഇവിടം പേരുകേട്ടിരിക്കുന്നത്. ഓക്ക് മരങ്ങളും ചന്ദനമരങ്ങളും നിറഞ്ഞു നില്‍ക്കുന്ന കാടാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. സേലം ജില്ലയിൽ ഷെവരോയ് കുന്നുകളിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് തെക്കിന്‍റെ രത്നം എന്നും ഇവിടം അറിയപ്പെടുന്നു. യേർക്കാഡ് ലേക്ക്,പഗോഡ പോയന്റ്,കിളിയുർ വെള്ളച്ചാട്ടം, കരടിയൂർ വ്യൂ പോയന്റ്, ഷെവറോയ് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും 38 കിലോമീറ്റര്‍ അകലെയുള്ള സേലം ആണ്.
PC:Navi
യേലാഗിരി ഹില്‍സ്
ഊട്ടിയില്‍ നിങ്ങള്‍ കാണുന്ന കാഴ്ചകള്‍ എന്താണോ അതിന്‍റെ നേരെ വിപരീതമാണ് യേലാഗിരിയിലുള്ളത്. എങ്കിലും നിങ്ങളെ അതിശയിപ്പിക്കുന്നതില്‍ കുറഞ്ഞൊന്നും യേലാഗിരി സമ്മാനിക്കില്ല. തിരുപ്പട്ടൂര്‍ ജില്ലയിലാണ് യേലാഗിരി ഉള്ളത്.
റോക്ക് ക്ലൈംബിങ് ആണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സിപ്ലൈന്‍ സൗകര്യവും ഇവിടെയുണ്ട്. മുദ്ര നിരപ്പിൽ നിന്നും 1110 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനും നിരവധി സാധ്യതകള്‍ ഏലാഗിരിയിലുണ്ട്.
191 കിലോമീറ്റർ അകലെയുള്ള ബെംഗളൂരു വിമാനത്താവളമാണ് യേലഗിരിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം, ജോലാർപേട്ട റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, 19 കിലോമീറ്റർ അകലെയാണ്
PC:mckaysavage
വാല്‍പാറെ
കേരളത്തില്‍ നിന്നും ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് വാല്‍പാറ. തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നായാണ് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്. അണ്ണാമലെ ഹില്‍സില്‍ സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിലാണ് ഇവിടമുള്ളത്. മലിനമാകാത്ത പ്രകൃതിഭംഗിയും ശുദ്ധമായ വായുവും പരിധിയില്ലാത്ത കാഴ്ചകളും വാല്‍പാറ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു. കോയമ്പത്തൂർ (220 കിലോമീറ്റർ) ആണ് വാൽപ്പാറയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം, വാൽപ്പാറയിൽ നിന്ന് 64 കിലോമീറ്റർ അകലെയുള്ള പൊള്ളാച്ചിയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
തൃശൂരില്‍ നിന്നും വാല്‍പാറയ്ക്ക 152 കിലോമീറ്ററും പാലക്കാട് നിന്നും 113 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
PC:Omanakuttan CR
കൊല്ലി ഹില്‍സ്
മരണത്തിന്റെ മലയെന്ന് പണ്ടുകാലങ്ങളില്‍ അറിപ്പെട്ട കൊല്ലി ഹില്‍സ് തമിഴ്നാട് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന മറ്റൊരു അത്ഭുതമാണ്. എന്നാല്‍ അത്രയധികം അറിയപ്പെടാത്ത ഇവിടെ കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികളാണ് അധികവുമുള്ളത്. എഴുപതിലധികം വളവുകളും തിരിവുകളും പിന്നിട്ട് കയറിപ്പോകുന്ന വഴിയാണ് ഇവിടുത്തേത്. അതുകൊണ്ടുതന്നെ സാഹസികത നിറഞ്ഞ യാത്രയായിരിക്കും ഇവിടേക്കുള്ളത്. ചുറ്റിലും പച്ചപ്പു നിറഞ്ഞ ഇവിടെ ട്രക്കിങ്ങും നടത്താം.
കൊല്ലിമലയിൽ നിന്ന് 133 കിലോമീറ്റർ അകലെയുള്ള ട്രിച്ചിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 90 കി.മീ. അകലെയാണ് സേലം റെയിൽവേ സ്റ്റേഷൻ ഉള്ളത്.
PC:Navi
മുതുമലൈ
അതിമനോഹരമായ സസ്യജന്തുജാലങ്ങളാൽ അഭിമാനിക്കുന്ന തമിഴ്‌നാട്ടിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മുതുമലെ. മുതുമല ദേശീയോദ്യാനത്തിൽ കുറുക്കൻ, പുള്ളിപ്പുലി, കടുവ തുടങ്ങി ധാരാളം വന്യമൃഗങ്ങളെ നിങ്ങള്‍ക്ക് കാണാം. നീഡിൽ റോക്ക് വ്യൂപോയിന്റും തെപ്പക്കാട് ആനക്യാമ്പും ഇവിടേക്കുള്ള യാത്രയില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കണം.
മുതുമലയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ കോയമ്പത്തൂരിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
PC:Shiju B
വെള്ളിയാങ്കിരി ഹില്‍സ്
സമുദ്രനിരപ്പില്‍ നിന്നും 2438 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാങ്കിരി ഹില്‍സ് പശ്ചിമഘട്ട കാഴ്ചകളിലേക്ക് നമ്മെ എത്തിക്കുന്ന മനോഹരമായ പ്രദേശമാണ്. പുരാതനമായ ഒരു ശിവക്ഷേത്രം ഇവിടെ പ്രസിദ്ധമാണ്. തെക്കിന്റെ കൈലാസം എന്നറിയപ്പെടുന്ന വെള്ളിയാങ്കിരി മലനിരകള്‍ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. വെള്ളിയാങ്കിരി മലനിരകള്‍ കയറി ഭഗവാനെ കാണാനെത്തുന്നവര്‍ക്ക് കൈലാസത്തിന്റെ ഫലമാണ് നല്കുന്നതെന്ന് ഒരു വിശ്വാസമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഏഴുമലകള്‍ താണ്ടിയാല്‍ മാത്രമേ എത്താന്‍ സാധിക്കൂ.
കോയമ്പത്തൂരില്‍ നിന്നും വെള്ളിയാങ്കിരിയിലേക്ക് 40 കിലോമീറ്റര്‍ ദൂരമാണുള്ളത്.
PC:Silvershocky
ടോപ് സ്ലിപ്
പശ്ചിമഘട്ടത്തിന്റെ മഹത്തായ സൗന്ദര്യം ആസ്വദിക്കുവാന്‍ തിരഞ്ഞെടുക്കാവുന്ന, ചൂടില്‍ നിന്നും രക്ഷപെട്ടു പോകുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് ടോപ് സ്ലിപ്. വന്യജീവികളാൽ നിറഞ്ഞ പച്ചപ്പ് നിറഞ്ഞ മഴക്കാടുകള്‍, കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന നദീതടങ്ങൾ, മനോഹരമായ താഴ്‌വരകൾ, എന്നിങ്ങനെ ഏതൊരു പ്രകൃതി സ്നേഹിയേയും സന്തോഷിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടയുള്ളത്. വന്യജീവി സങ്കേതങ്ങളാണ് ഇവിടെ സന്ദർശിക്കാനുള്ള ഏറ്റവും നല്ല സ്ഥലങ്ങൾ, നിങ്ങൾക്ക് കുന്നുകളിൽ ട്രെക്ക് ചെയ്യാനും സമ്പന്നമായ പക്ഷിമൃഗാദികളെ നിരീക്ഷിക്കാനും കഴിയും.
ടോപ്‌സ്ലിപ്പിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും വിമാനത്താവളവും 60 കിമീ അകലെയുളള കോയമ്പത്തൂർ ആണ്.
PC:Sonika Agarwal