2022 ന്‍റെ അവസാന ദിവസങ്ങളിലാണ് നമ്മളിപ്പോൾ. അതുകൊണ്ടുതന്നെ കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുപ്പുകളാണ് ഇപ്പോൾ ഇന്‍ർനെറ്റിൽ തരംഗമായിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വാക്ക് മുതൽ പാട്ടുകൾ വരെയും വാർത്തകൾ മുതൽ ലക്ഷ്യസ്ഥാനങ്ങൾ വരെയും ഏതൊക്കെയെന്നുള്ള റിപ്പോർട്ട് ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിളിന്റെ ഇയർ ഇൻ സെർച്ച് 2022 അനുസരിച്ച്, ഏറ്റവും കൂടുതൽ തിരഞ്ഞ സീനിക് സ്പോട്ട് യുകെയിലെ സ്കൈ ഗാർഡൻ ആയിരുന്നു. പട്ടികയിൽ ആദ്യ പത്ത് സ്ഥാനം നേടിയ ഇടങ്ങൾ ഏതൊക്കെയാണെന്നു നോക്കാം...

സ്കൈ ഗാർഡൻ, ലണ്ടൻ
ഗൂഗിളിന്റെ ഇയർ ഇൻ സെർച്ച് 2022 അനുസരിച്ച്, ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് യുകെയിലെ സ്കൈ ഗാർഡൻ ആയിരുന്നു. ലണ്ടനിലെ ഏറ്റവും ഉയരമുള്ള പബ്ലിക് ഗാർഡൻ മാത്രമല്ല, ഈ നഗരത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും മികച്ച നിര്‍മ്മിതികളിൽ ഒന്നുകൂടിയായാണ് സ്കൈ ഗാർഡൻ അറിയപ്പെടുന്നത്.നഗരത്തിന്റെ 360 ഡിഗ്രി കാഴ്ചകൾ ഏറ്റവും മികച്ച രീതിയിൽ കാണുവാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പച്ചപ്പ്, അതിമനോഹരമായ ഭൂപ്രകൃതിയുള്ള പൂന്തോട്ടങ്ങൾ, നിരീക്ഷണ ഡെക്കുകൾ, ഓപ്പൺ എയർ ടെറസ് തുടങ്ങി വേറെയും നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം
PC:Joseph Hwang/ Unsplash

സെറ്റാസ് ഡി സെവില്ല
പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് സ്പെയിനിലെ സെറ്റാസ് ഡി സെവില്ല ആണ്. മഷ്‌റൂംസ് ഓഫ് സെവില്ല അലെങ്കിൽ ലാസ് സെറ്റാസ് എന്നറിയപ്പെടുന്ന ഇത് സ്പെയിനിലെ എൻകാർനേഷ്യൻ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന തടിയിൽ നിർമ്മിതമായ ഒരു ഘടനയാണ്. നേരത്തെ മെട്രോപോൾ പാരസോൾ എന്നാണിത് അറിയപ്പെട്ടിരുന്നത്. ജർമ്മൻ വാസ്തുശില്പിയായ ജുർഗൻ മേയർ ഡിസൈൻ ചെയ്ത ഈ നിർമ്മിതി 2011 ഏപ്രിലിൽ പൂർത്തിയായി, ലോകത്തിലെ ഏറ്റവും വലിയ തടി ഘടനയാണിതെന്നെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഒന്നാം നൂറ്റാണ്ടിലെ ഒരു റോമൻ കോളനിയുടെ അവശിഷ്ടങ്ങളുടെ രൂപത്തിൽ ആണ് ഇതിന്റെ ഏറ്റവും താഴ്ഭാഗത്തിന്റെ നിർമ്മാണം.
PC:Vinicius Eloy Bailo

താനാ ലോട്ട്, ഇന്തോനേഷ്യ
ഇന്തോനേഷ്യയിലെ താനാഹ് ലോട്ട് ആണ് ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്നാമത്തെ സീനിക് സ്പോട്ട്. കടൽത്തീരത്തോട് ചേർന്നു നിൽക്കുന്ന പാറക്കെട്ടിലെ ക്ഷേത്രമാണ് ഇവിടെ കാണുവാനുള്ളത്. താനാഹാ ലോത്ത് എന്നാല്‍ കടലിലെ കര എന്നാണ് പ്രാദേശിക ഭാഷയിലെ അർത്ഥം. ഈ പാറക്കെട്ടിലെ ക്ഷേത്രം പുരാ താനാഹാ ലോട്ട് എന്നും അറിയപ്പെടുന്നു. ബാലിനീസ് തീരത്തിന് ചുറ്റുമുള്ള എട്ട് കടൽ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഈ പാറക്കെട്ടിനു താഴെ ക്ഷേത്രത്തെ സംരക്ഷിക്കുവാൻ നാഗം വസിക്കുന്നു എന്ന് ഇവിടെ പ്രചാരമുള്ള വിശ്വാസങ്ങളിലൊന്നാണ്. മാത്രമല്ല, കടലിനാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഈ പാറക്കെട്ടിലെ ജലം ശുദ്ധജലമാണെന്ന പ്രത്യേകതയും ഉണ്ട്.
PC: Nick Fewings/ Unsplash

ഹീഹാ ഓഷ്യൻ വ്യൂ, ഇന്തോനേഷ്യ
ഇന്തോനഷ്യയിലെ തന്നെ മറ്റൊരു മനോഹരമാ സീനിക് സ്പോട്ട് ആ ഹീഹാ ഓഷ്യൻ വ്യൂ ആണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. യോഗ്യക്കാർത്ത സ്പെഷ്യൽ റീജിയണിലെ ഗുനുങ് കിഡുൽ റീജൻസിയുടെ തെക്കൻ തീരത്തിന്റെ അരികിൽ ആയാണ് ഇതുള്ളത്. ഫോട്ടോഷൂട്ടുകൾക്കായി ആളുകൾ എത്തിച്ചേരുന്ന ഇവിടം ഇൻസ്റ്റാഗ്രാം ഫോട്ടോ സ്പോട്ട് കൂടിയാണ്.
PC:Ivan Samudra/ Unsplash

പോണ്ട ഡ പീഡാഡെ, പോർച്ചുഗൽ
പോർച്ചുഗലിലെ ഏറ്റവും പ്രസിദ്ധമായ ആകർഷണങ്ങളിൽ ഒന്നാണ് ഗൂഗിൾ മാപ്സിന്‍റെ 2022 ലെ സീനിക് സ്പോട്സിൽ അഞ്ചാമതെത്തിയ പോണ്ട ഡ പീഡേഡ് . കരുണയുടെ പോയിന്‍റ് എന്നാണ് പോർച്ചുഗീസ് ഭാഷയിൽ ഈ വാക്കിന്‍റെ അർത്ഥം. പോർച്ചുഗീസ് പ്രദേശമായ അൽഗാർവിലെ ലാഗോസ് പട്ടണത്തിന്റെ തീരത്ത് ഒരു കൂട്ടം പാറക്കൂട്ടങ്ങളുള്ള ഒപ്രധാന സ്ഥലമായ ഇവിടെ സ്വർണ്ണ നിറത്തിലുള്ള പാറകൾ കാണാം. ബോട്ടിൽ മാത്രമേ ഇവിടേക്ക് വന്നെത്തുവാൻ സാധിക്കുകയുള്ളൂ.
PC:Arne Müseler

ഓഷിനോ ഹക്കായ്, ജപ്പാൻ
പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുന്ന സ്ഥലമാണ് ഓഷിനോ ഹക്കായ്. ജപ്പാനിലെ യമനാഷിയിലെ ഒഷിനോയിൽ കാണപ്പെടുന്ന എട്ട് നീരുറവകളാണ് ഓഷിനോ ഹക്കായ്. മൗണ്ട് ഫുജിയിലെ ഭൂമിക്കടിയിൽ പാറക്കെട്ടുകളിൽ നിന്നുള്ള പ്രത്യേകമായ അക്വിഫെർ വാട്ടർ ഈ നീരുറവകളിലൂടെയാണ് പുറത്തുവരുന്നത്. ലോക പൈതൃക സ്ഥാനമായ മൗണ്ട് ഫുജിയുടെ ഭാഗമായ ഇവിടവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ്.
PC:wikipedia
ബക്കറ്റ് ലിസ്റ്റിൽ മേഘാലയ ഉണ്ടോ? ചുറ്റിക്കറങ്ങാം വെറും 26,750 രൂപയ്ക്ക്! ഐആർസിടിസി പാക്കേജിതാ!

ബെൽവെഡെരെ ഡെൽ ജിയാനിക്കോളോ
ഗൂഗിൾ മാപ്സിന്‍റെ പട്ടികയിൽ ഏഴാം സ്ഥാനത്തെത്തിയിരിക്കുന്ന സ്ഥലമാണ് ഇറ്റലിയിലെ ബെൽവെഡെരെ ഡെൽ ജിയാനിക്കോളോ. റോമൻ കാലത്തുള്ള ഒരു കുന്നാണിത്. 88 മീറ്ററാണ് ഇതിന്റെ ഉയരം.ജാനികുലൻ ഹിൽ എന്നും ഇതറിയപ്പെടുന്നു. റോമിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കുന്ന് ആണിത്.
PC:wikimedia

അവസാന മൂന്ന് സ്ഥാനങ്ങൾ
പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ പെട്രിൻ ടവർ, ചെക്കിയ, മിറാഡൗറോ ഡി സാന്താ ലൂസിയ, പോർച്ചുഗൽ, വുളിംഗ്, തായ്‌വാൻ എന്നീ ഇടങ്ങളാണ് യഥാക്രമം എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങൾ നേടിയത്.
പത്താം സ്ഥാനത്തെത്തിയ വുളിംഗ് തായ്വാനിലെ നാന്റൗവിലെ റെനായിയിൽ സ്ഥിതിചെയ്യുന്ന ഒരു പർവതനിരയാണ്. തായ്‌വാനിലെ ഏറ്റവും ഉയരം കൂടിയ നടപ്പാത ഇവിടെ കാണുവാൻ സാധിക്കും.
PC: Johnny Li/Unsplash
2023ലെ യാത്രകൾ എവിടേക്ക് ആയിരിക്കും? സൂര്യരാശി പറയുന്നതിങ്ങനെയാണ്!
കട്ടത്തണുപ്പൊന്നും നോക്കണ്ട! അടുത്ത യാത്രയ്ക്കൊരുങ്ങാം... ലഡാക്ക് കാത്തിരിക്കുന്നു