കണ്‍നിറയെ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച കാണുവാന്‍ സഞ്ചാരികളില്ലന്നേയുള്ളൂ.... മണ്‍സൂണിന് മുന്നോടിയായുള്ള വേനല്‍ മഴയില്‍ ഇടുക്കി നിറഞ്ഞൊഴുകുകയാണ്. കൊവിഡില്ലായിരുന്നുവെങ്കില്‍ സഞ്ചാരികള്‍ എത്തിച്ചേരേണ്ട ഇടങ്ങള്‍ ശൂന്യമാണെങ്കിലും ആര്‍ത്തലച്ചൊഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളെ അതൊന്നും ബാധിച്ച മട്ടില്ല. കുറച്ചു നാള്‍ മുന്‍പു വരെ വറ്റിവരണ്ടു കിടന്ന വെള്ളച്ചാട്ടങ്ങള്‍ക്കെല്ലാം ജീവന്‍ വെച്ചിട്ടുണ്ട്...

തൂവല്‍ വെള്ളച്ചാട്ടം
മഴക്കാലമാകുമ്പോള്‍ ഒന്നുകൂടി സുന്ദരിയാകുന്ന ഇടുക്കിയുടെ സ്വന്തം വെള്ളച്ചാട്ടമാണ് തൂവല്‍ വെള്ളച്ചാട്ടം. തൂവല്‍ വെള്ളച്ചാട്ടം അതിന്‍റെ കാഴ്ചയിലാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മുകളില്‍ നിന്നു വെള്ളച്ചാട്ടം ആസ്വദിക്കുവാന്‍ സാധിക്കുന്ന ജില്ലയിലെ ഏക വെള്ളച്ചാട്ടം കൂടിയാണ് തൂവല്‍. ചെറിയ തട്ടുതട്ടായി താഴേക്ക് പതഞ്ഞു നിറഞ്ഞു പതിക്കുന്നത് കണ്ടു നില്‍ക്കുക എന്നതുതന്നെ രസകരമായ ഒരേര്‍പ്പാടാണ്.
വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നും കാണുന്നതിനാല്‍ ഒട്ടും അപകട സാധ്യതയില്ലാതെ പോയിവരാമെന്ന പ്രത്യേകതയും ഇതിനുണ്ട്.

നടന്നെത്താം
കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമായതിനാല്‍ കാല്‍നടയായി മാത്രമേ ഇവിടേക്ക് എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ, മലയിറങ്ങി കൃഷിത്തോട്ടങ്ങളിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനു മുകളിലെത്തുവാന്‍. നെടുങ്കണ്ടം പഞ്ചായത്തിയില്‍ മഞ്ഞപ്പാറ, ഈട്ടിത്തോപ്പ് പ്രദേശങ്ങളോട് ചേര്‍ന്നാണ് തൂവല്‍ വെള്ളച്ചാട്ടമുള്ളത്. മഞ്ഞപ്പാറ വഴിയോ ഈട്ടിത്തോപ്പു വഴിയോ ഇവിടെ എത്താം.

എട്ടു തട്ടുകളില്‍ ആഘോഷമായി കാട്ടില്‍ നിന്നും താഴേക്ക് പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാര്‍ യാത്രകളിലെ ഒഴിവാക്കുവാന്‍ സാധിക്കാത്ത കാഴ്ചയാണ്. ചെങ്കുത്തായ പാറക്കെട്ടിലൂടെ താഴേക്ക് ആര്‍ത്തലച്ചെത്തുന്ന ഈ വെള്ളച്ചാട്ടം കണ്ണുകള്‍ക്ക് അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. വനത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നതിനാല്‍ പച്ചപ്പിന്റെ പശ്ചാത്തലവും കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും കാഴ്ചയും ഇവിടേക്കുളള യാത്രയെ സമ്പന്നമാക്കും, മഴ കനത്താല്‍ വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടുകയും വെള്ളം റോഡിലേക്ക് തെറിക്കുകയും ചെയ്യുന്നത് ഇവിടെ കാണാം
നേര്യമംഗലത്തിനും അടിമാലിയ്ക്കും ഇടയിലായി നെര്യമംഗലത്തു നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
PC:Wikistranger

മഴക്കാലത്ത് പതിന്മടങ്ങ് ഭംഗിയാകുന്ന ഇടുക്കിയിലെ മറ്റൊരു വെള്ളച്ചാട്ടമാണ് ആനയടിക്കുത്ത് അഥവാ ആനചാടിക്കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനും കരുത്ത് വെയ്ക്കുന്നത് മഴക്കാലത്താണ്. നിറഞ്ഞ പച്ചപ്പിനു നടുവിലൂടെ ചെന്നെത്തുമ്പോള്‍ പാറയിലൂടെ കുതിച്ചെത്തുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഇവിടെ കാണാം.

കുഞ്ഞുങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് വളരെ സുരക്ഷിതമായി വെള്ളച്ചാട്ടത്തിലിറിങ്ങാം എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. അതിനാല്‍ തന്നെ കുടുംബവുമായി എത്തുന്ന സഞ്ചാരികളാണ് ഇവിടെ അധികവുമുള്ളത്. തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. തൊമ്മന്‍കുത്ത് ടൗണില്‍ നിന്നും വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടമുള്ളത്.

കോട്ടയം-കുമളി അഥവാ കെ.കെ. റോഡില്‍ റോഡ് അരികിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്കിടയില്‍ മുറിഞ്ഞപുഴ വെള്ളച്ചാട്ടം, കേലരി വെള്ളച്ചാട്ടം എന്നൊക്കെ ഇതിനു പേരുണ്ട്. ഹെയര്‍പിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ദൂരെ നിന്നേ കാണുവാന്‍ സാധിക്കില്ല. വളരെ അടുത്തെത്തിയ ശേഷം മാത്രമേ വെള്ളച്ചാട്ടം ദൃശ്യമാകൂ.

മൂന്നാര്‍ ടൗണില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായാണ് ലക്കോം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള വഴിയിലാണ് ലക്കോം സ്ഥിതി ചെയ്യുന്നത്. നദിയില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന കല്ലുകള്‍ക്കിടയിലൂടെയാണ് ഇവിടുത്തെ വെള്ളത്തിന്റെ ഒഴുക്ക്.

വെള്ളച്ചാട്ടങ്ങള്‍ക്ക് മുഴുവന്‍ ജീവന്‍വയ്ക്കുന്ന സമയമാണ് മഴക്കാലങ്ങള്‍. അതുകൊണ്ടു തന്നെ അത് ആസ്വദിക്കുവാനായി എത്തിച്ചേരുന്നവരും ധാരാളമുണ്ട്. എന്നാല്‍ മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ നിരവധിയുണ്ട്. മഴ പെയ്തകൊണ്ടിരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. കാട്ടില്‍ നിന്നു വരുന്ന വെള്ളച്ചാട്ടമാണെങ്കില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മഴയിലും ഉരുളിലും വെള്ളം ശക്തമായി ഒലിച്ചിറങ്ങുവാന്‍ സാധ്യതയുണ്ട്. കൂടാതെ പെട്ടന്നു കല്ലുകളും മറ്റും വഴുക്കലുള്ളതാവുന്നതിനാല്‍ അതുകൂടി ശ്രദ്ധിക്കണം.
കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ തേടിപ്പോകാം...ഒപ്പം ഗുഹകളും! തൊമ്മന്‍കുത്ത് കാത്തിരിക്കുന്നു!
തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!