കടൽക്കാഴ്ചകൾ കോഴിക്കോട്ടുകാർക്ക് പുതുമയല്ല. വൈകുന്നേരങ്ങൾ ആഘോഷമാക്കുന്ന കോഴിക്കോട് ബീച്ചും വാസ്കോഡ ഗാമ വന്നിറങ്ങിയ ചരിത്രം പറയുന്ന കാപ്പാടും എത്രയെത്ര തീരങ്ങൾ. എന്നാൽ തിരുവനന്തപുരം വർക്കലയിലെ ക്ലിഫ് പോലെ ഒരു കടൽത്തീരവും കുന്നിൻമുകളിൽ നിന്നുള്ള കടൽക്കാഴ്ചകളും കോഴിക്കോടുള്ള കാര്യം നമ്മളിൽ പലര്‍ക്കും അറിയില്ല. എന്നാൽ ഇങ്ങനെയും ഒരു സ്ഥലം ഇവിടെയുണ്ട്.
കൊയിലാണ്ടി വടകര കൈനാട്ടിക്ക് സമീപത്തെ ഗോസായിക്കുന്നിലാണ് വര്‍ക്കല ബീച്ചിനോട് സാമ്യമുള്ള ക്ലിഫ് ക്ലാഴ്ചകളുള്ളത്. ഗോസായിക്കുന്നിന് മുകളിൽക്കയറി പടിഞ്ഞാറ് ദിശയിലേക്ക് നോക്കുമ്പോൾ ഒരു കടലിരമ്പം കേള്‍ക്കാം. അത് തേടി കുറച്ചങ്ങു ചെന്നു നോക്കുമ്പോൾ താഴെ കാണുന്നത് കടൽത്തീരത്തിന്റെ വിശാലമായ ദൃശ്യമാണ്. തെങ്ങിൻതോപ്പുകൾക്കു നടുവിലൂടെ കിടക്കുന്ന കടലും നിർത്താതെ വീശിയടിക്കുന്ന കടൽക്കാറ്റും ഇവിടെനിന്നാസ്വദിക്കാം.

തീരത്തു നിന്നും നൂറടിയോളം ഉയരത്തിലാണ് ഗോസായിക്കുന്നുള്ളത്. തട്ടുതട്ടായിക്കിടക്കുന്ന തോട്ടത്തിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലാം.ഇനി താഴേക്കിറങ്ങിച്ചെന്നാലോ, തിരിച്ചു വരുവാൻ പോലും തോന്നിപ്പിക്കാത്ത വിധത്തിൽ, അവിടെത്തന്നെയിരുത്തിക്കളയുന്ന ആംബിയൻസും. മുട്ടുങ്ങൽ ബീച്ച് എന്നും ഇവിടം അറിയപ്പെടുന്നു. കടൽക്കാറ്റേറ്റ്, ഒട്ടും മടുക്കാതെ, വെറുതെ കടലിലോട്ട് നോക്കിയിരിക്കുവാൻ പറ്റിയസ്ഥലമാണിത്.
തീരത്തെമ്പാടും മണലിൽ പൂണ്ടു കിടക്കുന്ന നിലയിലും അല്ലാതെയും ഒരുപാട് പാറക്കെട്ടുകളും പാറക്കൂട്ടങ്ങളും കാണാം. ഈ പാറക്കെട്ടുകളിലേക്ക് തിരകൾ വന്നടിക്കുമ്പോൾ ചിന്നിത്തിതറുന്നതാണ് ഇവിടുത്തെ മനോഹരമായ കാഴ്ചകളിലൊന്ന്.
കടൽത്തീരത്തോട് ചേർന്നുള്ള മൺകെട്ടിലെ നടവഴിയിലൂടെ നടന്ന്, ഇതിന്റെ ഭംഗി ആസ്വദിക്കാം. കടലിനോട് ചേർന്നുള്ള പാറക്കൂട്ടത്തിനടുത്തു ചെന്നു നോക്കിയാൽ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കല്ലുമ്മക്കായ കാണാം. കടലില് നനഞ്ഞുകയറുവാൻ തയ്യാറെടുത്താണ് വരുന്നതെങ്കിൽ കല്ലുമ്മക്കായ ശേഖരിക്കുവാൻ നോക്കാം. മുട്ടുങ്ങൽപ്പുഴ മുതൽ ഗോസായിക്കുന്നിന്‍റെ വടക്ക് വരെയാണ് ഈ കടൽത്തീരം നീണ്ടുകിടക്കുന്നത്.

വൈകുന്നേരങ്ങളാണ് ഇവിടേക്ക് വരാൻ ഏറ്റവും നല്ല സമയം. തീരത്തെ ബാസ്കറ്റ്ബോൾ കളിയും സൂര്യാസ്തമയ കാഴ്ചകളും ആളുകളുടെ തിരക്കും മണലിലിറങ്ങിക്കളിക്കുന്ന കുട്ടികളും കുടുംബങ്ങളും കൂടിയാകുമ്പോൾ ഇവിടുത്തെ രസം വേറെ തന്നെയാണ്.
ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവിടെയെത്തുന്നത്. കുട്ടികൾക്ക് കളിക്കുവാനായി ഒരുപാട് സ്ഥലമുള്ളതിനാൽ കുഞ്ഞുങ്ങളെയും യാത്രയിൽ കൂട്ടുന്നവരും നിരവധിയുണ്ട്. പട്ടംപറത്തുവാനും സൈക്കിളോടിക്കുവാനുമെല്ലാം ഉള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
ഇനി കളിക്കാനാണ് താല്പര്യമെങ്കിൽ ക്രിക്കറ്റ്കളി സംഘങ്ങളെയും ഫുട്ബോൾ കളിക്കാരെയും ഒക്കെ ഇവിടെ കാണാം.
തൊട്ടിൽപ്പാലം, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, കക്കട്ട്, കൈവേലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് കോഴിക്കോടോ കാപ്പാടോ വരെ പോകാതെ എളുപ്പത്തിൽ ഒരു വൈകുന്നേരം ചിലവഴിക്കുവാനും കടൽക്കാഴ്ചകൾ കാണുവാനും പറ്റിയ സ്ഥലമാണ് ഗോസായിക്കുന്നെന്ന് പറയാം.

ഗോസായിക്കുന്ന് കടൽത്തീരത്തെയും വെള്ളിയാംകല്ലിനെയും ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതി വന്നാല് ഇത് ഈ മേഖലയ്ക്ക് വളരെ ഫലപ്രദമായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സമയം ചിലവഴിക്കാം എന്നതിനാൽ കുടുംബമായി എത്തുന്നവരാണ് ഇവിടുത്തെ സന്ദർശകരിൽ അധികവും.
ജില്ലയിലെ തന്നെ മികച്ച കടൽത്തീരങ്ങളിലൊന്നായായ ഇതിനെ കോഴിക്കോടിന്റെ ഗോവ എന്നും സഞ്ചാരികൾ വിശേഷിപ്പിക്കുന്നു. നീണ്ടു കിടക്കുന്ന തീരവും തെങ്ങിൻതോപ്പുകളും പഞ്ചാരമണലും ചേരുമ്പോള്‍ ഗോവയെന്ന പേര് വീണില്ലെങ്കിലേ അത്ഭുതമുള്ളൂ. ചോറൂട് ഒഞ്ചിയം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗോസായിക്കുന്നിലേക്ക് വടകരയിൽ നിന്ന് നാദാപുരം റൂട്ടിൽ ബീച്ച് റോഡ് വഴി വരാം. കോഴിക്കോട് യാത്രയിൽ കണ്ടിരിക്കേണ്ട ഒരിടം കൂടിയാണ് ഗോസായിക്കുന്നും ഇവിടുത്തെ ബീച്ചും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











