ഇതുവരെയായും സഞ്ചാരികൾക്ക് ഒരുപിടിയും കൊടുക്കാത്ത ഒരുപാടിടങ്ങളുണ്ട് ഉത്തരാഖണ്ഡിൽ. തീര്‍ഥാടനത്തിനും യാത്രകൾക്കുമായി എത്തുന്നവർ മിക്കയിടങ്ങളിലും കാലു കുത്തിയിട്ടുണ്ടെങ്കിലും അതിലൊന്നും പെടാത്ത ഒരിടമുണ്ട്. ഹർസിൽ. ചരിത്രവും വിശ്വാസവുമായി ഇഴപിരിയാതെ കിടക്കുന്ന ഹർസിൽ സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമായിട്ട് വളരെ കുറച്ച് നാളുകളായതേയുള്ളൂ. ഭഗീരഥി നദി തൊട്ടരുമ്മിയൊഴുകുന്ന ഹർസിൽ തേടിയെത്തുവാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നതെന്താണ് എന്നറിയേണ്ടെ? ഇതാ ഹർസിലിന്റെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

ഹർസിൽ
ഉത്തരാഖണ്ഡിൽ ഊ അടുത്ത കാലത്തായി സഞ്ചാരികൾകൾ തേടിപ്പോകുന്ന ഇടങ്ങളിലൊന്നാണ് ഹർസിൽ. പ്രകൃതി ഭംഗിയും ഹിമാലയത്തിന്റെ കാഴ്ചകളും ഒത്തുചേർന്ന ഈ നാട്ടിലൂടെയാണ് ഭാഗീരഥി നദി ഒഴുകുന്നത്. നാട്ടിലെ തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നുമൊക്കെ മാറി കുറച്ച് ശാന്തമായി ജീവിക്കുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണ് ഹർസിൽ
PC:Debrupm

ഗംഗോത്രിയ്ക്ക് സമീപം
വെറുതേ ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല ഹർസിൽ. പ്രശസ്ത ഹൈന്ദവ തീർഥാടന സ്ഥാനങ്ങളിലൊന്നായ ഗംഗോത്രിയ്ക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗംഗോത്രി ദേശീയോദ്യാനത്തിൽ നിന്നും 30 കിലോമീറ്ററും ഉത്തര കാശിയിൽ നിന്നും 73 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ഹരി ശിലയായി രൂപം പ്രാപിച്ച ഇടം
ഹർസിലിന് ആ പേരു എങ്ങനെ വന്നു എന്നതിനെക്കുറിച്ചും പുരാണങ്ങളിൽ എങ്ങനെയാണ് ഈ സ്ഥലത്തെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതിനെക്കുറിച്ചും ഒരു പാട് പറയുവാനുണ്ട്. സത്യ യുഗത്തിൽ നദീദേവതമാരായ ഭഗീരഥിയും ജലന്ധരിയും തമ്മില്‍ വാഗ്വാദം ഉണ്ടായി. രണ്ടുപേരില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം എന്നതായിരുന്നു തര്‍ക്കവിഷയം. ഇതുകണ്ട വിഷ്‌ണു ഭഗവാന്‍ (ഹരി) ശിലാരൂപം പ്രാപിച്ച് ഇവരുടെ കോപം സ്വീകരിച്ചു എന്നുമാണ് വിശ്വാസം. ഈ വിശ്വാസത്തില്‍ നിന്നാണ് ഈ ഗ്രാമത്തിന് ഹര്‍സില്‍ അഥവാ ഹരിശില എന്ന പേര് ലഭിച്ചത്. ഈ സംഭവത്തിന് ശേഷം രണ്ട് നദികളും മുന്‍പത്തേതിനേക്കാള്‍ ശാന്തമായാണ് ഒഴുകുന്നതെന്നും ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.

ക്ഷേത്രങ്ങളുടെ നാട്
കാഴ്ചകള്‍ ഒരുപാടുണ്ടെങ്കിലും ഇവിടെ കണ്ടിരിക്കേണ്ട കാര്യം ക്ഷേത്രങ്ങളാണ്. ഗ്രാമത്തിനു ചുറ്റുമായി നിരവധി ക്ഷേത്രങ്ങൾ കാണാം. പുരാണങ്ങളുമായും ഐതിഹ്യങ്ങളുമായും ബന്ധമുള്ളവയാണ് ഇവിടുത്തെ മിക്ക ക്ഷേത്രങ്ങളും. ഇത് കൂടാതെ ദേവദാരുക്കളുടെ കാടും അവയ്ക്കുള്ളിലൂടെയുള്ള യാത്രകളും ട്രക്കിങ്ങും ഇവിടെ നടത്തേണ്ട മറ്റു കാര്യങ്ങളാണ്.
PC:Guptaele

സാഹസികർക്കു സ്വാഗതം
യാത്രകളിൽ സാഹസികതയെ തിരയുന്നവർക്ക് എന്തുകൊണ്ടും പറ്റിയ ഇടമാണിത്. ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം. നഗരത്തിന് ഉറങ്ങിക്കിടക്കുന്ന മട്ടാണെങ്കിലും സാഹസികരെത്തിയാൽ ഇവിടം ഉണരും. ഭാഗീരഥി നദിയിലെ കാഴ്ചകളും അനുഭവങ്ങളുമാണ് മറ്റൊരു കാഴ്ച.
PC:Arpit Rawat

ധരാലി
ആപ്പിൾ മരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ധരാലിയാണ് ഇവിടെ നിന്നും സന്ദർശിക്കുവാൻ പറ്റിയ ഒരിടം. കുറച്ച് കിലോമീറ്ററുകൾ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ. ഇവിടുത്തെ ശിവ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ട്രക്കിങ്ങിന്റെ ഭാഗമായാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്.
PC:Guptaele

മുഖ്വാസ്
ഗംഗോത്രി ദേവിയുടെ നാട് എന്നറിയപ്പെടുന്ന മുഖ്വാസ്. മഞ്ഞുകാലത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതിനാൽ ഇവിടേക്ക് ആ സമയങ്ങളിൽ സഞ്ചാരികളെ അനുവദിക്കാറില്ല. ഗംഗോത്രിയിലേക്കുള്ള കവാടം എന്നും ഇവിടം അറിയപ്പെടുന്നു.

സറ്റൽ
ഹർസിസിലിൽ സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു ഇടമാണ് സറ്റൽ. പക്ഷി നിരീക്ഷണത്തിന് താല്പര്യമുള്ളവർക്ക് ഇവിടം പ്രയോജനപ്പെടുത്താം. ധരാലിയിൽ നിന്നും മൂന്നു മണിക്കൂർ നീളുന്ന ട്രക്കിങ്ങിലൂടെ ഇവിടെ എത്താം.

സന്ദർശിക്കുവാൻ പറ്റിയ സമയം
ഗംഗോത്രി തീർഥാടനത്തിന്റെ സമയം തന്നെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. അതായത് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയവും ഇവിടെ സന്ദർശിക്കാം. വേനൽക്കാലങ്ങളിൽ ഇവിടെ മിതമായി മാത്രമേ ചൂട് അനുഭവപ്പെടാറുള്ളു.

എത്തിച്ചേരുവാൻ
232 കിലോമീറ്റർ അകലെയുള്ള ജോളി ഗ്രാന്റ് എയർപോര്‍ട്ടാണ് ഹർസിലിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഡെൽഹിയിൽ നിന്നും മറ്റു പ്രധാന നഗരങ്ങളിൽ നിന്നും ഇവിടേക്ക് ദിവസേന സർവ്വീസുകളുണ്ട്.
ട്രെയിനിനു വരുന്നവർക്ക് ഋഷികേശാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 215 കിലോമീറ്ററാണ് ഇവിടെ നിന്നും ഹർസിലിലേക്കുള്ള ദൂരം.
ഇവിടേത്ത് വരുമ്പോൾ റോഡ് വഴിയുള്ള യാത്രയാണ് മികച്ചത്. ഉത്തരാഖണ്ഡിലെ എല്ലാ പ്രധാന നഗരങ്ങളും ഹർസിലുമായി റോഡ് മാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു.
പത്ത് പൈസ മുടക്കാതെ കേരളത്തിൽ സൗജന്യമായി ചെയ്യുവാൻ പറ്റിയ 10 കാര്യങ്ങൾ
സൗത്ത് എന്നും പൊളിയാണ്..കാരണങ്ങൾ ഇതൊക്കെ!!