സ്ഥിരീകരിച്ച ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുവാൻ
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങൾ അനുസരിച്ച് നിങ്ങളുടെ കൈവശം സ്ഥിരീകരിച്ച (confirmed) ട്രെയിൻ യാത്രാ ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ, വെയിറ്റിങ് ലിസ്റ്റിൽ കിടക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുവാൻ സാധിക്കും. എന്നാൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത, വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകളിൽ ഈ സൗകര്യം ഉപയോഗിക്കുവാൻ സാധിക്കില്ല. റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും വാങ്ങുന്ന ടിക്കറ്റിനു മാത്രമേ ഈ സേവനം ഉപയോഗിക്കുവാൻ കഴിയൂ. അതായത് സ്ഥിരീകരിക്കാത്ത ഓൺലൈൻ ടിക്കറ്റുകൾ ഈ ഓപ്ഷന് യോഗ്യമല്ല. ഉത്സവ സീസണിൽ റിസർവേഷൻ ഇല്ലാതെ തീവണ്ടികളിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവസരമൊരുക്കുന്നതാണ് ഈ പ്രഖ്യാപനം
ടിക്കറ്റ് ലഭിച്ച ശേഷം
ടിക്കറ്റ് വിൻഡോയിൽ നിന്ന് വെയിറ്റിംഗ് ലിസ്റ്റോ കറന്റ് ബുക്കിംഗ് ടിക്കറ്റോ ലഭിച്ചതിന് ശേഷം ട്രെയിനിലെ ടിടിഇയെ കാണണം. ചാർട്ട് തയ്യാറാക്കിയതിന് ശേഷവും ഏതെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ടോ എന്നറിയുവാൻ ടിടിഇയുടെ സഹായം തേടാം. നിങ്ങളുടെ പക്കൽ ഈ ടിക്കറ്റുണ്ടെങ്കിൽ ടിക്കറ്റ് ചെക്കർക്ക് നിങ്ങളെ യാത്ര ചെയ്യുന്നതിൽ നിന്ന് തടയാൻ കഴിയില്ല, എന്നാൽ ടിടിഇക്ക് ട്രെയിനിൽ അധിക സീറ്റ് അവശേഷിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് സീറ്റ് ലഭിക്കില്ല എന്ന കാര്യം കൂടി ഓർമ്മിക്കാം.
എന്തുകൊണ്ട് ഓൺലൈൻ ടിക്കറ്റിന് ലഭ്യമല്ല
പുറപ്പെടുന്ന ട്രെയിൻ ചാർട്ട് തയ്യാറാക്കുന്നത് വരെ സീറ്റ് ഉറപ്പായില്ലെങ്കിൽ ടിക്കറ്റ് പണം യാത്രക്കാരന് തിരികെ നൽകുന്നതിനാൽ ഓൺലൈൻ സ്ഥിരീകരിക്കാത്ത ടിക്കറ്റ് യാത്രക്കാർക്ക് ഈ സൗകര്യത്തിൽ ട്രെയിനിൽയാത്ര ചെയ്യാൻ അനുവാദമില്ല.
ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ഇനി ക്വിക് തത്കാലും
ഇന്ത്യൻ റെയിൽവേയുടെ പുതിയ അംഗീകൃത തത്കാൽ ബുക്കിംഗ് ആപ്പായ ക്വിക്ക് തത്കാൽ വഴി ഉപയോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെയിൻ റിസർവേഷനുകൾ നൽകുന്നതിനായി, ഐആർസിടിസിയുടെ പ്രീമിയം ബുക്കിംഗ് പങ്കാളികളിൽ ഒരാളായ റെയ്‌ലോഫിയുമായി സഹകരിച്ചാണ് ക്വിക്ക് തത്കാൽ പ്രവർത്തിക്കുന്നത്. എല്ലാ വിവരങ്ങളും മുൻകൂട്ടി പൂരിപ്പിച്ച് തത്കാൽ ടിക്കറ്റ് വേഗത്തിൽ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് സൈറ്റ് നല്കുന്നത്
മുന്‍കൂട്ടി ബുക്ക് ചെയ്യാം
ഉത്സവാവസരങ്ങളിലും മറ്റും വിചാരിച്ച സമയത്ത് ടിക്കറ്റ് ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ തത്കാൽ ടിക്കറ്റ് രക്ഷയ്ക്കെത്തുമെങ്കിലും എല്ലായ്പ്പോഴും അത് സാധ്യമായെന്നു വരില്ല. അതുകൊണ്ടു തന്നെ യാത്രകൾ പ്ലാൻ ചെയ്യുന്നതിനൊപ്പം തന്നെ ടിക്കറ്റുകളും മുൻകൂട്ടി ബുക്ക് ചെയ്ത് അവസാനനിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.