പുനലൂരിൽ നിന്നും അതിർത്തി കടന്ന് തമിഴ്നാട്ടിലേക്കൊരു യാത്ര പോയാലോ? പുനലൂർ തൂക്കുപാലവും ചെങ്കോട്ടയും തെങ്കാശിയും സുന്ദരപാണ്ഡ്യപുരവും കടന്ന് അതിമനോഹരമായ കാട്ടിലേക്ക് ഒരു യാത്ര. കടുവകളുടെ കാട്ടിലൂടെ ഒരു യാത്ര...കാടിനുള്ളിലെ ഒരു രാത്രി താമസം... ഇങ്ങനെ ആകർഷണങ്ങള്‍ ഒരുപാടുണ്ട് ഈ യാത്രയ്ക്ക്. പുനലൂരിൽ നിന്നും കളക്കാട്-മുണ്ടൻതുറൈ കടുവ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള മനോഹരമായ യാത്രയുടെ വിശേഷങ്ങൾ വായിക്കാം...

പുനലൂരിൽ നിന്നും
തമിഴ്നാടുമായി ഏറ്റവും ചേർന്ന് കിടക്കുന്ന കേരളത്തിലെ പട്ടണമാണ് പുലനൂർ. പുനലൂർ തൂക്കുപാലത്തിന്‍റെ പേരിൽ പ്രസിദ്ധമായ ഈ പട്ടണം കൊല്ലത്തിനു സ്വന്തമാണ്. തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതിനാൽ തന്നെ പുനലൂരുകാരുടെ യാത്രകളെല്ലാം മിക്കപ്പോഴും അതിർത്തി കടന്നുള്ളതായിരിക്കും. സുന്ദരപാണ്ഡ്യപുരവും തെങ്കാശിയും പാലരുവിയും ചെങ്കോട്ടയും ഒക്കെ മിക്കപ്പോഴും ഇവിടുത്തുകാരുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്യും.

തെങ്കാശി കടന്ന്
രണ്ടു ദിവസം അടുപ്പിച്ച് അവധി കിട്ടിയാൽ സ്ഥിരം പ്ലാൻ ചെയ്യുന്ന യാത്രകളും മടിയും മാറ്റിവെച്ച് ഇനി വ്യത്യസ്തമായി ഒരു യാത്ര പ്ലാൻ ചെയ്യാം. പുനലൂർ-തെങ്കാശി വഴി രണ്ടു മൂന്നു മണിക്കൂർ എടുക്കുന്ന ഡ്രൈവിങ്ങും കാടിന്‍റെയും നാടിന്‍റെയും ഇടവിട്ടുള്ള കാഴ്ചകളും കടുവാ സംരക്ഷണ കേന്ദ്രവും പിന്നെ കാടിനുള്ളിലെ താമസവും ഒക്കെ ചേർന്നുള്ള ഒരു കിടിലൻ യാത്ര. യാത്രയുടെ ലക്ഷ്യസ്ഥാനമാണ് കളക്കാട്-മുണ്ടൻതുറൈ കടുവ സംരക്ഷണ കേന്ദ്രം.

കളക്കാട്-മുണ്ടൻതുറൈ കടുവ സംരക്ഷണ കേന്ദ്രം
തിരുനെൽവേലിയിലും കന്യാകുമാരിയിലുമായി വ്യാപിച്ചു കിടക്കുന്ന കളക്കാട്-മുണ്ടൻതുറൈ കടുവ സംരക്ഷണ കേന്ദ്രം തനിഴ്നാട്ടിലെ രണ്ടാമത്തെ വലിയ സംരക്ഷിത ഇടമാണ്. കാടിന്റെ കാഴ്ചകളും കടുവയെയും ഒക്കെ കണ്ട് ഒരു ദിവസം താമസിച്ച് വരാം എന്നതാണ് ഇവിടേക്കുള്ള യാത്രയുടെ ഹൈലൈറ്റ്.
PC:BenoitL

103 കിലോമീറ്റർ ദൂരം
പുനലൂരിൽ നിന്നും 103 കിലോമീറ്റർ ദൂരമാണ് കളക്കാട്-മുണ്ടൻതുറൈ കടുവ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്ക് പിന്നിടേണ്ടത്. അതിർത്തി കടന്ന് തമിഴ്നാടൻ കാഴ്ചകളിലുടെയുള്ള യാത്ര ഒട്ടും മടുപ്പിക്കില്ല എന്നു മാത്രമല്ല, പുതിയ പുതിയ കാഴ്ചകൾ മറ്റൊരു അനുഭവമാവുകയും ചെയ്യും. തെങ്കാശിക്കാഴ്ചകളും കുട്രാലം വെള്ളച്ചാട്ടവും അവിടുത്തെ തിരക്കും കണ്ട് വീണ്ടും യാത്ര തുടാരം. തനിനാടൻ കാഴ്ചകൾ കണ്ട് കയറിച്ചെല്ലുന്ന അടുത്ത ഇടമാണ് കളക്കാട്-മുണ്ടൻതുറൈ കടുവ സംരക്ഷണ കേന്ദ്രം.

ഒരു രാത്രി ഇവിടെ കൂടാം
വെറുതേ ഒരു പകൽ ചിലവഴിച്ച് തിരികെ വരുന്നപോലെയല്ല യാത്ര പ്ലാൻ ചെയ്യേണ്ടത്. പകരം ഒരു രാത്രി അവിടെ ചിലവഴിക്കുവാൻ കഴിയുന്ന രീതിയിലായിരിക്കണം പ്ലാൻ. എങ്കിൽ മാത്രമേ ഈ സ്ഥലത്തിന്‍റെ ഭംഗി മുഴുവനായി അറിയുവാനും പകർത്തുവാനും സാധിക്കുകയുള്ളൂ.
വനംവകുപ്പിന്‍റെ ഉടമസ്ഥതയിൽ അത്യാവശ്യം സൗകര്യങ്ങളുള്ള താമസ സ്ഥലങ്ങൾ ലഭ്യമാണ്. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ ഇതുറപ്പിക്കുവാൻ സാധിക്കൂ.
PC:Vd89

കാട്ടിലേക്കു കയറാം
കാടിനുള്ളിലെ താമസ സൗകര്യങ്ങൾ കുറവാണെങ്കിലും ആകർഷണീയമാണ് എന്നു പറയാതെ വയ്യ. പുലിയും കടുവയുമൊക്കെയുള്ള കാടിനുള്ളിൽ ഒരു ദിവസം താമസിക്കുക എന്നതു തന്നെയാണ് ഇതിന്‍റെ ആകർഷണം. കാട്ടിനുള്ളിലാണ് താമസിക്കുന്നതെങ്കിലും പേടിക്കുവാനൊന്നുമില്ല. വനംവകുപ്പ് ജീവനക്കാർ എല്ലാ സഹായങ്ങളുമായി തൊട്ടടുത്തുതന്നെയുണ്ടാവും. കൂടാതെ ഭക്ഷണവും ഇവിടെ തന്നെ ലഭിക്കും.
PC:Vd89

ശ്രദ്ധിക്കുവാൻ
കാടിനുള്ളിലാണ് താമസമെന്നതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. അനാവശ്യമായി ബഹളമുണ്ടാക്കുകയോ പരിചിതമല്ലാത്ത ഇടങ്ങളിലേക്ക് ഇറങ്ങുകയോ ചെയ്യരുത്.
PC: Amiya418
അടിച്ചു പൊളിക്കാൻ കോന്നിയിൽ നിന്നും തെങ്കാശിയിലേക്കൊരു യാത്ര