നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊട്ടിയൂര്‍ പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നു. ഞായറാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് കണ്ണൂരിന്റെ മീശപ്പുലിമലയെന്നറിയപ്പെടുന്ന പാലുകാച്ചി മലയിലേക്ക് ട്രക്ക് ചെയ്യാം. രാവിലെ 10.30ന് കണ്ണൂര്‍ ഡിഎഫ്ഒ പി കാര്‍ത്തിക് ട്രക്കിങ്ങിന്റെ ആദ്യ സംഘത്തിന് ഫ്ലാഗ് ഓഫ് ചെയ്യും. നേരത്തെ ജൂണ്‍ മൂന്നിന് ട്രക്കിങ് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതിരുന്നതിനാല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ മുന്‍കൈയ്യെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിന് കാരണമായത്. പാലുകാച്ചിമല വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാവും ട്രക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുക.

വനസംരക്ഷണ സമിതിയുടെ താത്കാലിക ജീവനക്കാരും പ്രവര്‍ത്തകരുടെയും സേവനം വിനോദസഞ്ചാരികളെ സഹായിക്കുവാനായി ഇവിടെ ലഭ്യമായിരിക്കും. ട്രെക്കിംഗ് ബേസ് ക്യാമ്പില്‍ ടിക്കറ്റ് കൗണ്ടര്‍, സാധനങ്ങള്‍ സൂക്ഷിക്കുവാനുള്ള ക്ലോക്ക് റൂം, ശൗചാലയ സൗകര്യങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ട്രക്കിങ് സമയം
പാലുകാച്ചിമല ട്രക്കിങ്ങിനുള്ള പ്രവേശന സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയും സന്ദര്‍ശന സമയം രാവിലെ 8. 30 മുതല്‍ വൈകിട്ട് 5.30 വരെയും ആയിരിക്കും.
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
പ്രവേശന ഫീസ്
സന്ദര്‍ശകരില്‍ നിന്നും പ്രവേശന ചാര്‍ജ് ഈടാക്കും. സ്കൂള്‍ കുട്ടികള്‍ക്ക് 20 രൂപ, മുതിര്‍ന്നവര്‍ക്ക് 50 രൂപ, വിദേശികള്‍ക്ക് 150 രൂപ എന്നിങ്ങനെയും ക്യാമറ ഉപയോഗിക്കുന്നതിന് 150 രൂപയുടെ പ്രത്യേക പാസും വേണ്ടിവരും. മൊബൈല്‍ ക്യാമറ ഉപയോഗിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല.
ശ്രദ്ധിക്കാം
പത്ത് പേര് അടങ്ങുന്ന ടീമായാണ് സഞ്ചാരികളെ ട്രക്കിങ്ങിനായി വിടുക. നിശ്ചയിച്ചിട്ടുള്ള റൂട്ട് വഴി മാത്രം യാത്ര പോവുക, അനുവാദമില്ലാതെ വനത്തിനകത്തേയ്ക്ക് പ്രവേശിക്കരുത്.
ട്രക്കിങ് നടത്തുന്നവര്‍ വൈകിട്ട് ആറു മണിക്ക് മുന്‍പായി വനത്തിനു പുറത്ത് കടന്നിരിക്കണം. വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ യാത്രയിലുടനീളം പാലിക്കുക. വനത്തിനും വന്യജീവിതള്ക്കും ദോഷമുണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ വനത്തിനുള്ളില്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും വലിച്ചെറിയുകയോ ചെയ്യരുത്. ലബരിവസ്തുക്കള് യാത്രയില്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വനത്തിനകത്തു നിന്നും യാതൊന്നും ശേഖരിക്കരുത്. നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെയല്ലാതെ ട്രക്കിങ്ങിനായി മറ്റു വഴികള്‍ തിരഞ്ഞെടുക്കുവാനും അനുവാദമുണ്ടായിരിക്കുന്നതല്ല.

ബേസ് ക്യാംപിലെത്തുവാന്
പാലുകാച്ചി മല ട്രക്കിങ്ങിന്റെ ബേസ് ക്യാംപായി ഒരുക്കിയിരിക്കുന്നത് സെന്റ് തോമസ് മൗണ്ടാണ്. മൂന്നു വഴികളിലൂടെ ബേസ് ക്യാംപിലെത്തുവാന് സാധിക്കും. കേളകം - അടക്കാത്തോട് - ശാന്തിഗിരി വഴിയും ചുങ്കക്കുന്ന് വഴിയും മൂന്നാമത്തേത് കൊട്ടിയൂരില്‍ നിന്ന് പാലുകാച്ചി വഴി ബേസ് ക്യാംപിലെത്തുന്നതുമാണ്. ഓരോ റൂട്ടും ഒന്നിനൊന്ന് വ്യത്യസ്തമായ യാത്രാനുഭവമാണ് നല്‍കുന്നത്.
തലശ്ശേരി ബിരിയാണി മുതൽ ലക്കോട്ടപ്പം വരെ! കണ്ണൂർ രുചികൾ തേടിയൊരു യാത്ര
സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്