ഓണം ഇതാ ഇങ്ങെത്താറായി. നാട്ടിലെ ഓണാഘോഷവും ഓണക്കളികളും പൂക്കളും സദ്യയും ഒക്കെ മനസ്സില് കണ്ടാണ് ഇനിയുള്ള ദിവസങ്ങൾ മുന്നോട്ടുപോകുന്നത്. എല്ലാമുണ്ടെങ്കിലും ഒരു യാത്ര കൂടിയുണ്ടെങ്കിലേ ഓണാഘോഷം പൂർത്തിയാവുകയുള്ളൂ. എങ്കിൽ ഇത്തവണത്തെ ഓണം നമുക്ക് കാശ്മീരില്‍ ആഘോഷിച്ചാലോ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ആണ് കേരളാ-കാശ്മീർ യാത്രയ്ക്ക് അവസരം ഒരുക്കുന്നത്.
കാശ്മീരിന്‍റെ ചരിത്രവും പൈതൃകവും സംസ്കാരവും നേരിട്ട് പരിചയപ്പെടുവാനും പർവ്വതങ്ങൾക്കിടയിൽ ഇവിടം ഒളിപ്പിച്ച മനോഹര ഗ്രാമങ്ങൾ കാണുവാനും ഇവിടുത്തെ ആചാരങ്ങളും ഐതിഹ്യങ്ങളും വിശ്വാസങ്ങളും അറിയുവാനും പുത്തൻ രുചികൾ പരീക്ഷിക്കാനും ഒക്കെ അവസരം നല്കുന്ന പാക്കേജാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്. ഓണക്കാലത്തെ കാശ്മീർ യാത്രയിൽ എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് അറിയേണ്ടെ? വിശദമായി വായിക്കാം.
ഓണാഘോഷങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ 19 നാണ് കോഴിക്കോട് നിന്ന് ഐആർസിടിസി കാശ്മീര്‍ യാത്ര ആരംഭിക്കുന്നത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്ര നിങ്ങളുടെ കാശ്മീർ എന്ന യാത്രാമോഹം സഫലമാക്കാനുള്ള സുവർണ്ണാവസരമാണ്. ശ്രീനഗർ, ഗുൽമാർഗ്, സോൻമാർഗ്, പഹൽഗാം തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.
മഞ്ഞുപുതച്ച പർവ്വത നിരകളുടെ പശ്ചാത്തലത്തില്‍ വളർന്നു നിൽക്കുന്ന ദേവതാരു മരങ്ങളും പുൽമേടുകളും അതിലൂടെ മേഞ്ഞുനടക്കുന്ന ആട്ടിൻകൂട്ടങ്ങളും പിന്നെയും മുന്നോട്ട് പോയാലുള്ള ഗ്രാമങ്ങളുമെല്ലാം ഈ യാത്രയുടെ കൗതുകമാണ്. പട്ടണങ്ങളിൽ മാത്രമൊതുങ്ങാതെ ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിനെ കണ്ടുവരാൻ പറ്റിയ മികച്ച പാക്കേജുകള്‍ ചുരുക്കമാണ്. ആപ്പിള് തോട്ടങ്ങൾ കാണാനും നേരിട്ട് ആപ്പിൾ പറിക്കുവാനും നമുക്ക് ഇവിടെ കാണാൻ കിട്ടാത്ത കുങ്കുമതോട്ടങ്ങൾ കാണാനും ചിത്രങ്ങൾ പകർത്തുവാനും ഈ യാത്രയിൽ അവസരമുണ്ട്.
ശ്രീനഗറിലെ ദാൽ തടാകം സന്ദർശിക്കുവാനും ഒരു രാത്രി അവിടുത്തെ പുരവഞ്ചിയിൽ ഡിന്നറും രാത്രി താമസവും പാക്കേജിന്‍റെ ഭാഗമാണ്. ഇത്തരത്തിൽ നിരവധി വ്യത്യസ്തങ്ങളായ സാധ്യതകളാണ് ഈ യാത്രയിൽ ഉള്ളത്. സോന്മാർഗ് സിറോ പോയിന്റ്, ഗൊണ്ടോള റൈഡ്, അവന്തിപുര, ബേതാബ് വാലി, ചന്ദൻവാരി, ആരു വാലി, ഹസ്രത്ത്ബാൽ ദർഗ തുടങ്ങിയവയും നിങ്ങൾ സന്ദർശിക്കും.
48,600/- രൂപ മുതൽ ആണ് കോഴിക്കോട് നിന്നുള്ള ഐആർസിടിസി കാശ്മീർ ടൂർ പാക്കേജ് നിരക്ക് ആരംഭിക്കുന്നത്. യാത്രയിലെ താമസത്തിന് തിരഞ്ഞെടുക്കുന്ന സൗകര്യങ്ങളനുസരിച്ച് നിരക്കിൽ വർധനവ് വരും. ട്രിപ്പിൾ ഷെയറിങ്ങിലാണ് മുതിർന്നവർക്ക് ഏറ്റവും കുറഞ്ഞ തുകയുള്ളത്. വിമാന യാത്ര, രണ്ട് നേരം ഭക്ഷണം, താമസത്തിന് ത്രീ സ്റ്റാര്‍ ഹോട്ടൽ, കാശ്മീരിൽ എത്തിയിട്ട് വിവിധ ഇടങ്ങളിലേക്ക് യാത്രയ്ക്കുള്ള ബസ്, തുടങ്ങി നിരവധി കാര്യങ്ങൾ ടിക്കറ്റ് നിരക്കിൽ ഉൾപ്പെട്ടിട്ടുണ്ട്.
കോഴിക്കോട്- കാശ്മീർ യാത്രാ പാക്കേജിന് പരിമിതമായ സീറ്റുകളായിരിക്കും ഉള്ളൂ എന്നതിനാല്‍ സീറ്റ് നേരത്തെ ഉറപ്പിക്കാൻ മറക്കേണ്ട. കോഴിക്കോട്- കാശ്മീർ ഐആർസിടിസി പാക്കേജിനെക്കുറിച്ച് അറിയുവാനും ബുക്കിങ്ങിനും ഫോൺ നമ്പർ- 8287932098.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













