Search
  • Follow NativePlanet
Share
» »കാട് വിഴുങ്ങിയ കഴക്കൂട്ടം കൊട്ടാരം തേടിയൊരു യാത്ര

കാട് വിഴുങ്ങിയ കഴക്കൂട്ടം കൊട്ടാരം തേടിയൊരു യാത്ര

അലയടിക്കുന്ന ചരിത്രസ്മൃതികളുടെ തിരുശേഷിപ്പുകളിൽ ഒരെണ്ണംകൂടി നിലംപൊത്താൻ തയ്യാറെടുത്ത് നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നു.. അതാണ് കഴക്കൂട്ടം കൊട്ടാരം..! പഴയ തിരുവിതാംകൂറിന്റെ പ്രാചീന ചരിത്രത്തിൽ കഴക്കൂട്ടം എന്ന സ്ഥലത്തിന് ഒരു പ്രധാന സ്ഥാനമാണുള്ളത്..! ഇന്ന് കഴക്കൂട്ടം ഒരു ടെക്നോനഗരമായി മാറിക്കഴിഞ്ഞുവെങ്കിലും ചരിത്രത്തിന്റെ ചില അടയാളങ്ങൾ ഇന്നും മാഞ്ഞു പോകാതെ ഇവിടെ അവശേഷിക്കുന്നുണ്ട്.. അവയിൽ ചിലതാണ് കാടുമൂടിയ കഴക്കൂട്ടം കൊട്ടാരവും, കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലായി കാണുന്ന വലിയ കുളവും..! ചരിത്രത്തിൽ നിന്നും ഏറെക്കുറെ മാഞ്ഞുവെങ്കിലും കഴക്കൂട്ടത്തിന്റെ കഥകൾ തേടിയ നിജുകുമാർ വെഞ്ഞാറമൂട് നടത്തിയ യാത്രയുടെ വിശേഷങ്ങൾ...

ചരിത്രത്തെ കുളത്തിലാക്കിയ ഇടം തേടി

ചരിത്രത്തെ കുളത്തിലാക്കിയ ഇടം തേടി

കഴക്കൂട്ടം കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലായി കുളത്തിന്റെ സ്ഥാനത്ത് പണ്ടൊരു എട്ടുകെട്ടും കളരിപ്പുരയുമുണ്ടായിരുന്നു.. വേണാടിന്റെ മണ്ണിൽ രാജാധികാരത്തെ വെല്ലുവിളിച്ച എട്ടുവീട്ടിൽ പിളളമാരിൽ പ്രധാനിയായിരുന്ന കഴക്കൂട്ടത്തു പിള്ളയുടെ തറവാട്..!

"കുടുംബം കുളംതോണ്ടുക" എന്ന പ്രയോഗം മലയാളഭാഷയിൽ ആദ്യമായി ഉണ്ടായത് ഈ കാണുന്ന കുളം പിറവിയെടുത്തതിനു പിന്നിലെ ചരിത്രത്തിൽ നിന്നുമാണ്..! തിരുവിതാംകൂറിന്റെ ചരിത്രത്തിൽത്തന്നെ ഇടിമുഴക്കമുണ്ടാക്കിയ പതിനേഴാം നൂറ്റാണ്ടിലായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയത്..!

ചരിത്രം പറയുന്നത് ഇങ്ങനെ

ചരിത്രം പറയുന്നത് ഇങ്ങനെ

ചരിത്രം രാജ്യദ്രോഹികളെന്നു മാത്രം പിൽക്കാലത്ത് വിധിയെഴുതിയ എട്ടുവീട്ടിൽ പിളളമാരേയും അവരുടെ കുടുംബാംഗങ്ങളേയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ദാക്ഷണ്യമില്ലാത്ത രാജനീതിയിൽ വേരറുത്തു മാറ്റിയപ്പോൾ നിറം പിടിപ്പിച്ച പല കഥകളും പിൽക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടു.. സി.വി രാമൻപിള്ള എഴുതിയ മാർത്താണ്ഡവർമ്മ എന്ന നോവലിലെ പല സാങ്കൽപ്പിക കഥകളും അതിനു കൂടുതൽ ബലം നൽകി..! 1729-ൽ അധികാരത്തിലേറിയ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ആദ്യമായി ചെയ്തത് തൃപ്പടിദാനമായിരുന്നു.. അതായത് രാജ്യം ശ്രീപത്മനാഭന് സമർപ്പിക്കുക എന്ന ചടങ്ങ്..! തുടർന്ന് തനിക്കെതിരായി നിന്നിരുന്ന എട്ടുവീട്ടിൽ പിള്ളമാരെ തൂക്കിലേറ്റുകയും അവരുടെ കുടുംബത്തിലെ സ്ത്രീകളേയും കുഞ്ഞുങ്ങളേയും വലിയതുറയിലെ മുക്കുവർക്ക് പിടിച്ച് നൽകുകയും ചെയ്തു.. തുടർന്ന് എട്ടുവീടരുടെയെല്ലാം തറവാട്ടുകൾ ഇടിച്ചുനിരത്തി അവിടം കുളം കോരി.. അങ്ങനെ എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബത്തിൽ ഒരു കണ്ണിയെപ്പോലും ബാക്കി വെയ്ക്കാതെ അവരെയെല്ലാം എന്നെന്നേക്കുമായി മാർത്താണ്ഡവർമ്മ തുടച്ചുനീക്കി..! മുക്കുവർക്കിടയിലേക്ക് നട തള്ളിയ സ്ത്രീകളിൽ പലരും തങ്ങളുടെ കുഞ്ഞുങ്ങളുമായി കടലിൽച്ചാടി ആത്മഹത്യ ചെയ്തു..! മരിക്കാൻ ഭയമുണ്ടായിരുന്ന മറ്റു സ്ത്രീകൾക്ക് മുക്കുവക്കുടിലുകളിൽ അഭയം പ്രാപിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു..!

കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തന്റെ പ്രവർത്തികൾക്കുള്ള പ്രായശ്ചിത്തമെന്നോണം മാർത്താണ്ഡവർമ്മ മഹാരാജാവ് കഴക്കൂട്ടത്തു പിള്ളയുടെ തറവാട് കുളംകോരിയതിന്റെ പടിഞ്ഞാറേക്കരയിലായി ഒരു ക്ഷേത്രം നിർമ്മിച്ചു.. അതാണ് കഴക്കൂട്ടം ജംഗ്ഷനിൽ ഇന്ന് നമ്മൾ കാണുന്ന കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം.. തുടർന്ന് ക്ഷേത്രത്തിനു സമീപത്തായി മറ്റൊരു കൊട്ടാരവും പണിതു..! തിരുവിതാംകൂർ രാജാക്കന്മാർ തങ്ങളുടെ പരദേവതാക്ഷേത്രമായ ആറ്റിങ്ങൽ കൊട്ടാരത്തിനു സമീപത്തുള്ള തിരുവാറാട്ടുകാവിലേക്കു അരിയിട്ടുവാഴ്ചാ കർമ്മത്തിന് വില്ലുവണ്ടിയിലും കുതിരപ്പുറത്തുമായി പോയിരുന്ന കാലഘട്ടം മുതൽ കഴക്കൂട്ടം കൊട്ടാരം അവർ ഒരു ഇടത്താവളമായി ഉപയോഗിച്ചു..!

കഴക്കൂട്ടം കൊട്ടാരം

കഴക്കൂട്ടം കൊട്ടാരം

ഒന്നരയേക്കറോളം വിസ്തൃതിയുണ്ടായിരുന്ന കഴക്കൂട്ടം കൊട്ടാരം ഒരു കാലത്ത് ചിത്രശിൽപ്പപണികളാൽ ദൃശ്യസമ്പന്നമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.. എന്നാൽ ഇന്നിത് കാലത്തിന്റെ പ്രതികാരമോ തിരിച്ചടിയോയെന്നോണം ജീർണ്ണിച്ച് മണ്ണോടു ചേരാൻ തയ്യാറെടുത്തു ദിവസങ്ങളെണ്ണി കാത്തിരിക്കുന്നു..! ഈ സംഭവങ്ങളൊക്കെ നടന്ന് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും ശരിയായൊരു ഉത്തരം കിട്ടാത്ത ചോദ്യം മാത്രം അവശേഷിക്കുന്നു.. നാട് വാണിരുന്ന മഹാരാജാവായിരുന്നോ അതോ എട്ടുവീട്ടിൽ പിളളമാരായിരുന്നോ ശരി..??

നൂറ്റാണ്ടുകൾക്കിപ്പുറവും ഈ ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല..!!!

കാടുവിഴുങ്ങിയ കൊട്ടാരം

കാടുവിഴുങ്ങിയ കൊട്ടാരം

കഴക്കൂട്ടം കൊട്ടാരത്തിന്റെ പിന്നിലുള്ള കഥകൾ വളരെ മുമ്പുതന്നെ കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് അവിടേയ്ക്കൊന്നു പോകാൻ കഴിഞ്ഞത്..! സൂര്യകിരണങ്ങൾ പളുങ്കുവെട്ടുന്ന ഓളപ്പരപ്പുമായി നിലകൊള്ളുന്ന ആ പഴയ കുളം ഈ നിമിഷം എന്റെ തൊട്ടുമുന്നിലുണ്ട്.. നൂറ്റാണ്ടുകൾക്കു മുമ്പു നടന്ന ആ പഴയ കഥകളുടെ ഗതകാല സ്മൃതികളിൽ എന്റെ മനസ്സ് അൽപനേരം മൗനമായി.. ആ കുളത്തിൽ നിന്നും എന്റെ കൈവെള്ളയിൽ കോരിയെടുത്ത വെള്ളത്തിനിപ്പോഴും ചുടുചോരയുടെ ഗന്ധമുണ്ടാകുമോ..?? കഴക്കൂട്ടത്തു പിള്ളയുടേയും അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായിരുന്ന നിരപരാധികളായ മറ്റു സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും പ്രാണനു വേണ്ടിയുള്ള നിലവിളികൾ ഇപ്പോഴും അവിടമാകെ അലയടിക്കുന്നതു എന്റെ കാതുകളിൽ മുഴങ്ങി..!! കുളത്തിന്റെ കരയിലായി കാട്ടുചെടികളും വൻമരങ്ങളും വിഴുങ്ങിയ കഴക്കൂട്ടം കൊട്ടാരത്തിന്റെ നടുമുറ്റവും പൊളിഞ്ഞുവീണ ചുമരുകളും നാശത്തിന്റെ നാളുകൾ തള്ളിനീക്കി ആരേയോ കാത്തുകിടക്കുന്നു..!

ജീർണ്ണിച്ച ശേഷിപ്പുകൾ

ജീർണ്ണിച്ച ശേഷിപ്പുകൾ

കൊട്ടാരത്തിന്റെ പൂമുഖത്തേക്കു വന്നിരുന്നവരെ സ്വീകരിക്കാൻ കൈയ്യിൽ വിളക്കുമായി നിൽക്കുന്ന സാലഭഞ്ജികകൾ എന്നോ മൺമറഞ്ഞു പോയിരിക്കുന്നു.. പകരം കുറുക്കന്റെ മുഖഛായയുള്ള വവ്വാലുകളും വല നെയ്ത് ഇരകളെ കാത്തിരിക്കുന്ന ചിലന്തികളുമല്ലാതെ ഇപ്പോളിവിടെ വേറെയാരുണ്ടാവാനാണ്..!!

കാവൽ ഭടന്മാരെപ്പോലെ വളർന്നു നിൽക്കുന്ന ചെടികൾ വകഞ്ഞുമാറ്റി ഞങ്ങൾ കൊട്ടാരത്തിന്റെ അകത്തേക്കു കടക്കാൻ ശ്രമിച്ചു.. ഉമ്മറത്തിണ്ണയിലേക്കു കയറുന്ന കൽപ്പടിയിൽ ആരോ അരിപ്പൊടി കൊണ്ട് കോലം വരച്ചിരിക്കുന്നു.. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി, അത് കോലം വരച്ചതല്ല ഇവിടെ വന്ന ഏതോ വികൃതിപ്പിള്ളേർ ചോക്കു കൊണ്ട് എന്തൊക്കെയോ വരച്ചുകുറിച്ചിട്ട പാടുകളാണ്..! അല്ലെങ്കിൽത്തന്നെ മണ്ണോടു ചേരാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന ഈ കെട്ടിടത്തിന്റെ ഐശ്വര്യത്തിനായി ഇനിയും ആരിവിടെ കോലമെഴുതാനാ..!!!

വേരിറങ്ങിയ തുളസിത്തറയും നിലംപൊത്താറായ മേൽക്കൂരയും

വേരിറങ്ങിയ തുളസിത്തറയും നിലംപൊത്താറായ മേൽക്കൂരയും

ഒരു കാലത്ത് കളരിവിളക്കുകൾ കത്തിച്ചു വെച്ച കോട്ടച്ചുമരുകൾ ഇന്നിവിടെയില്ല.. വർഷങ്ങളായി പരിലാളനമേൽക്കാത്ത തുളസിത്തറയുടെ കൽക്കെട്ടിനുള്ളിലേക്ക് വൃക്ഷങ്ങളുടെ വേരുകളിറങ്ങിയിരിക്കുന്നു.. പഴമയുടെ ഈർപ്പമിറ്റുന്ന ദ്രവിച്ച ഇടനാഴി കടന്ന് കാട്ടുവള്ളികൾ മൂടിയ ജനാലയിലൂടെ പുറത്തേക്കൊന്നു നോക്കിയപ്പോൾ മരങ്ങൾക്കിടയിലൂടെ കുളവും ക്ഷേത്രവും കണ്ടു..! വർഷങ്ങളായി ഇവിടെ നിലകൊള്ളുന്ന ചില വൻവൃക്ഷങ്ങൾക്ക് ഒരുപക്ഷേ ആ പഴയ രാജവാഴ്ചയുടെ ക്രൂരത നിറഞ്ഞ ഒട്ടേറെ കദനകഥകൾ നമ്മോട് പറയുവാനുണ്ടാകും..! നൂറ്റാണ്ടുകൾ പടികടന്നുപോയ ചരിത്രത്തിന്റെ ഈ രാജവീഥികളിൽ ഇന്ന് കുളമ്പടിശബ്ദമില്ല.. രാജവാഴ്ചയുടെ പ്രകമ്പനങ്ങളുമില്ല.. ആകെയുള്ളത് നിലംപൊത്താറായ മേൽക്കൂരയും, ചുവരുകളും, പിന്നെ ചിതൽപ്പുറ്റുകൾ താങ്ങിനിർത്തിയ വാതിലുകളും മാത്രം..!

ഈ പഴയ ചരിത്രഭൂമിയിലേക്ക് വല്ലപ്പോഴുമെത്തുന്ന എന്നെപ്പോലുള്ള ചരിത്രാന്വേഷകരോട് പറയുവാനായി കഴിഞ്ഞകാലകഥകൾ അയവിറക്കി കാത്തിരിക്കുകയാണ് തിരുവിതാംകൂറിന്റെ ഇടത്താവളമായിരുന്ന ഈ പഴയ കഴക്കൂട്ടം കൊട്ടാരത്തിന്റെ അവശേഷിപ്പുകൾ..!!

വായിക്കാം

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more