ഒരിക്കലും തീരാത്ത കാഴ്ചകളുടെ ഒരു വിസ്മയ ലോകമാണ് കാശ്മീർ. എത്ര തവണ പോയാലും മടുപ്പിക്കാത്ത ഇടങ്ങളും കാഴ്ചകളും. അത്തരത്തിൽ കാശ്മീരിൻരെ മുഴുവൻ ഭംഗിയും ചേർന്നിരിക്കുന്ന ഒരിടമുണ്ട്. കോകർനാഗ്. സ്വര്‍ഗ്ഗ തുല്യമായ കാഴ്ചകളാണ് കോകർനാഗിന്‍റെ പ്രത്യേകത. പ്രകൃതിയുടെ മാന്ത്രികതയാണ് ഇവിടെ ഓരോ കോണിലും അനുഭവിക്കുവാൻ സാധിക്കുന്നത്. ശ്രീനഗറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന കോകർനാഗിന്റെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം.

കോകർനാഗ്
ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വർഗ്ഗമാണ് കോകർനാഗ്. ശ്രീനഗറിലെത്തുന്ന സഞ്ചാരികൾ തീർച്ചായും പോയിരിക്കേണ്ട
ഇവിടം പൂന്തോട്ടങ്ങൾക്കും ചെറിയ ചെറിയ അരുവികൾക്കും ഫാമുകള്‍ക്കും ഒക്കെയാണ് പ്രസിദ്ധമായിരിക്കുന്നത്. ശ്രീനഗറിൽ നിന്നും 90 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

കോകർനാഗ് എന്നാൽ
കോകർനാഗ് എന്ന സ്ഥലപ്പേര് എങ്ങനെയുണ്ടായി എന്നതിന് പല കഥകളും പ്രചാരത്തിലുണ്ടെങ്കിലും അവയ്ക്കൊന്നിനും ചരിത്രപരമായ പിന്തുണയില്ല. കോകർ എന്ന വാക്കും നാഗ് എന്ന വാക്കും ചേർന്ന് കോകർനാഗ് ആയതാണെന്നാണ് ഒരു കഥ. മറ്റൊരു കഥയനുസരിച്ച് കാശ്മീരി ഭാഷയിൽ കോകർ എന്നാൽ കോഴി എന്നാണ് അർഥം. നാഗ് എന്നാൽ അരുവികള്‍ എന്നും. മരങ്ങൾ തിങ്ങി നിറഞ്ഞ ഒരു കുന്നിന്റെ മുകളിൽ നിന്നും ഉത്ഭവിക്കുന്ന അരുവി ഒഴുക്കിൽ ശാഖകളായി പിരിയുന്നു...അചിന് കോഴിയുടെ പാദങ്ങളുമായി സാമ്യമുണ്ടത്രെ. അങ്ങനെയാണ് ഇവിടം കോകർനാഗ് എന്നറിയപ്പെടുന്നതത്രെ.

കാശ്മീരിന്റെ സുവർണ്ണ കിരീടം
ബ്രെൻഗ് കോകര്‍നാഗ് എന്നും ഇവിടം അറിയപ്പെടുന്നു. ഷേയ്ക് ഉൽ അലാം എന്നയാളാണ് കാശ്മീരിനെ അങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനർഥം കാശ്മീരിന്റെ സുവർണ്ണ കിരീടം എന്നാണ്.

ഡാക്സം
കോകർനാഗിനോട് ചേർന്നു കിടക്കുന്ന ഡാക്സം എന്ന സ്ഥലമാണ് ഇവിടെ തീർച്ചായും സന്ദർശിക്കേണ്ട ഇടങ്ങളിലൊന്ന്. കാടും കാടിനു നടുവിലെ വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.പ്രകൃതിയിലൂടെ ഇറങ്ങി നടക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് തീർച്ചായും പോയിരിക്കാൻ പറ്റിയ ഇടമാണിത്. സമുദ്ര നിരപ്പിൽ നിന്നും 2438 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

. സിൻതാൻ ടോപ്
ശ്രീനഗറിൽ നിന്നും 132 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിൻതാൻ ടോപ്പാണ് ഇവിടെ സന്ദർശിക്കേണ്ട മറ്റൊരിടം. സമുദ്ര നിരപ്പിൽ നിന്നും 12000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം എല്ലായ്പ്പോളും മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന സ്ഥലം കൂടിയാണ്.

കോകർനാഗ് ബോട്ടാണിക്കൽ ഗാർഡൻ
26 ഹെക്ടർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന കോകർനാഗ് ബോട്ടാണിക്കൽ ഗാർഡനാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. കോകർനാഗിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നായ ഇത് പ്ലെഷർ ഗാർഡന്‍ എന്നും അറിയപ്പെടുന്നു. അനന്ത്നാഗ് ടൗണിൽ നിന്നും 10 കിലോമീറ്ററും ശ്രീനഗറിൽ നിന്നും 65 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
PC:Mike Prince

സന്ദർശിക്കുവാൻ പറ്റിയ സമയം
വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് കോകർനാഗ്. എന്നാൽ ഇവിടുത്തെ എല്ലുതുളയ്ക്കുന്ന തണുപ്പിൽ നിന്നും രക്ഷപെടണമെങ്കിൽ അതിനു തണുപ്പുകാലം ഒഴിവാക്കുന്നതാണ് നല്ലത്. അങ്ങനെങ്കിൽ ജൂലൈ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയം ഇവിടം സന്ദർശിക്കുവാനായി തിരഞ്ഞെടുക്കാം.
PC:KennyOMG

എത്തിച്ചേരുവാൻ
ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ശ്രീനഗറിലാണ്. ശ്രീനഗറിൽ നിന്നും കോകർനാഗിലേക്കുള്ള ദൂരം 90 കിലോമീറ്ററാണ്.
25 കിലോമീറ്റർ അകലെയുള്ള അനന്ത്നാഗ് റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
പഞ്ചാബിന്റെ സാഹോദര്യം കാണുവാൻ അബോഹർ
കോഴിക്കഴുത്തുമായി മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നാട്