Search
  • Follow NativePlanet
Share
» »കുരിശുവഴിയേ കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര....

കുരിശുവഴിയേ കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര....

ഒരു പരിചയവും ഇല്ലാത്ത, കേട്ടുകേൾവി മാത്രമുള്ള ഒരിടത്തേയ്ക്ക് രണ്ടു സുഹൃത്തുക്കൾ നടത്തിയ സാഹസിക യാത്രയുടെ വിശേഷങ്ങൾ....

അപ്രതീക്ഷിതമായി പോകുന്ന യാത്രകൾക്ക് വേറൊരു സുഖമാണ്... ഒന്നും പ്ലാൻ ചെയ്യാതെ, ഒരൊറ്റ ഫോൺകോളിന്റെ പുറത്ത് , ബാഗു പോലും ന്നായി പാക്ക് ചെയ്യാത്ത എടുത്തു ചാടിയൊരു യാത്ര.... എന്തിനധികം ചിലപ്പോൾ സ്ഥലം പോലും തീരുമാനിച്ചിട്ടുണ്ടാവില്ല.... എന്തു സംഭവിച്ചാലും ഈ അണ്‍പ്ലാൻഡ് യാത്രകൾ തരുന്ന സുഖവും അനുഭവങ്ങളും വേറെതന്നെയാണ്... ഇതാ അത്തരത്തിലൊരു യാത്രയാണ് മലയാളം നേറ്റീവ് പ്ലാനെറ്റ് ഇന്നു പരിചയപ്പെടുത്തുന്നത്. ഒരു പരിചയവും ഇല്ലാത്ത, കേട്ടുകേൾവി മാത്രമുള്ള ഒരിടത്തേയ്ക്ക് രണ്ടു സുഹൃത്തുക്കൾ നടത്തിയ സാഹസിക യാത്രയുടെ വിശേഷങ്ങൾ....

ഒട്ടും പ്ലാൻ ചെയ്യാത്ത ഒരു യാത്ര

ഒട്ടും പ്ലാൻ ചെയ്യാത്ത ഒരു യാത്ര

'ഡാ ഞാൻ കുറച്ച് ദിവസത്തെ ലീവിന് വരുന്നുണ്ട് നാട്ടിൽ, നമുക്ക് എവിടെയെങ്കിലും പോകാം, നി നല്ലൊരു സ്ഥലം നോക്കിവച്ചോ....'
ബാംഗ്ലൂരിൽ നിന്നും അവധിയെടുത്തുവരുന്ന സുഹൃത്തിനെ നാടുകാണിക്കാൻ കൊണ്ടുപോയ കഥയാണ് കൊട്ടത്തലച്ചിമലയിലെത്തി നിൽക്കുന്നത്. കണ്ണൂരിൽ നിന്നും വൺഡേ ട്രിപ്പ്... എന്തു സംഭവിച്ചാലും രാത്രി തിരിച്ചെത്തണം.... ഈ രണ്ടു കണ്ടീഷനിൽ സ്ഥലത്തെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും കൊട്ടത്തലച്ചിമല തിരിഞ്ഞെടുക്കുവാൻ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു...

വളപട്ടണത്തു നിന്നും തുടക്കം....

വളപട്ടണത്തു നിന്നും തുടക്കം....

രാവിലെ 6 നു യാത്ര തുടങ്ങാം എന്നായിരുന്നു പ്ലാൻ എങ്കിലും വീട്ടിൽ നിന്നും ഇറങ്ങിയപ്പോ 6.30 ആയി. വളപട്ടണം - തളിപറമ്പ് - ആലക്കോട് - കാർത്തികപുരം വഴി ഉദയഗിരിയിൽ എത്തി. അവിടെ വരെയുള്ള വഴികൾ പരിചിതമായിരുന്നു. അവിടുന്നു ഇടത്തോട്ട് തിരിഞ്ഞു താബോർ ലക്ഷ്യമാക്കി വണ്ടി എടുത്തു. പിന്നെ ഒട്ടും പരിചിതമല്ലാത്ത, ഒരിക്കൽ പോലും പോയിട്ടില്ലാത്ത വഴികൾ. ചെറിയൊരു പാലവും കടന്നു യാത്ര തുടർന്നു.8 കിലോ മീറ്റർ കഴിഞ്ഞപ്പോഴെക്കും ഞങ്ങൾ താബോർ കവലയിലെത്തി. കണ്ണൂരിൽ നിന്നും 60 കിലോ മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നൊരു ഹിൽ സ്റ്റേഷനാണ് താബോർ. വളരെ ചെറിയൊരു കവല. കുറച്ച് കടകൾ മാത്രം കാണാം. പിന്നെ ഒരു ബസ്സ് സ്സ്റ്റോപ്പും. അവിടുന്നു നേരേ പോയാൽ കൊഴിച്ചാലിലെത്താം. ബസ് സ്റ്റോപ്പിന്‌ തൊട്ട് പിന്നിലൂടെ മുകളിലേക്ക് പോകുന്ന റോഡ് വഴി പോയാൽ ജോസ്ഗിരി എത്താം. കുത്തനെയുള്ള കയറ്റം, റോഡ് ആണേൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. ആ വഴിയല്ല പോകേണ്ടത് എന്നറിഞ്ഞപ്പോഴാണ് ശ്വാസം നേരേ വീണത്.

ഒന്നും നോക്കേണ്ട.... അങ്ങു കയറിക്കോ....!!!

ഒന്നും നോക്കേണ്ട.... അങ്ങു കയറിക്കോ....!!!

താബോർ കവലയിൽ നിന്നും 50 മീറ്റർ മുന്നോട്ട് പോയാൽ ഇടത്തോട്ട് ടാർ ചെയ്ത വളരെ ചെറിയൊരു റോഡ് കാണാം. തപാൽ ഓഫീസ് എന്നൊരു ദിശാബോർഡും അവിടെ വച്ചിട്ടുണ്ട്. ആ വഴി വേണം കൊട്ടത്തലച്ചിമലയിലേക്ക് പോകാൻ. ആ റോഡ് കേറുമ്പോ തന്നെ വലത് വശത്തായി താബോർ തപാൽ ഓഫീസും കാണാം. അതുവഴി വന്നോരു ചേട്ടനോട് മലയിൽ എത്താൻ ആവശ്യമായ കാര്യങ്ങൽ ചോദിച്ചറിഞ്ഞു. ചേട്ടനോട് നന്ദിയും പറഞ്ഞു മുന്നോട്ടേക്ക് കുതിച്ചു. ഏകദേശം 200 മീറ്റർ വരെ ടാർ ചെയ്തിട്ടുണ്ട്. പിന്നീട് അങ്ങോട്ടേക്ക് ഓഫ് റോഡാണ്. വലിയ വാഹനങ്ങളിൽ ജീപ്പിനു മാത്രമേ അങ്ങോട്ടേക്ക് പോകാൻ പറ്റൂ. ചെറിയ വാഹനങ്ങളിൽ ബുള്ളറ്റ് പോലുള്ളവയ്ക്കും. ഞങ്ങളുടെ വാഹനം ഹോണ്ട ഡിയോ ആയിരുന്നു. ആ പോകാൻ പറ്റുന്നത്ര പോകാം, നീ കേറെടാ. അങ്ങനെ ഓഫ് റോഡ് കേറി തുടങ്ങി. ഒരു 300 മീറ്റർ കഴിഞ്ഞപ്പോഴേക്കും കട്ട ഓഫ് റോഡ് ആയി തുടങ്ങി. വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞൊരു വഴി. നിന്റെ ട്രക്കിംഗ് ഇവിടുന്ന് മുതലാ, എന്നാ പിന്നെ തുടങ്ങുകയല്ലെ ? അവൻ വണ്ടീന്നു ചാടിയിറങ്ങി നടത്തം തുടങ്ങി. ഞാൻ കഷ്ടപ്പെട്ടു വണ്ടി മുകളിലേക്ക് പായിച്ചു. ഏകദേശം 500 മീറ്ററോളം പോയപ്പോൾ കുത്തനെ കയറ്റം തുടങ്ങി. വഴി ആണേൽ തീരെ പോക്കും. ആ സമയം ഒരു വീട് കണ്ണിൽപെട്ടു, എന്നാ പിന്നെ വണ്ടി അവിടെ വച്ചേക്കാം, ഇനി ചിലപ്പോൾ വീടുകൾ ഉണ്ടാവില്ല എന്നായി ചിന്ത. അങ്ങനെ ആ വീടിന്റെ മുറ്റത്ത് വണ്ടി പാർക് ചെയ്തു.

ഒന്നും അറിയാത്ത വഴിയിലൂടെ ഒരു ട്രക്കിങ്ങ്

ഒന്നും അറിയാത്ത വഴിയിലൂടെ ഒരു ട്രക്കിങ്ങ്

വണ്ടിയൊക്കെ പാർക്ക് ചെയ്ത് കയ്യിൽ കരുതിയിരുന്ന പഴവും കഴിച്ച് ഒരു പരിചയവുമില്ലാത്ത വഴിയിലൂടെയുള്ള ട്രക്കിങ്ങിന് റെഡിയായി. 9 മണിക്ക് അവിടുന്നു മലയിലേക്ക് ട്രക്കിംഗ് തുടങ്ങി. ഏകദേശം 300 മീറ്റർ കഴിഞ്ഞപ്പോൾ വഴിയുടെ ഇടത്‌ വശത്തായി ഒരു കുരിശും പിന്നൊരു നേർച്ചപെട്ടിയും കണ്ടൂ. ആ കുരിശിന്റെ ഇടത്‌ വശത്തൂടെ ഉള്ളിലേക്ക് ഒരു വഴി ഉണ്ട്. കാട് പിടിച്ചു കിടക്കുന്നൊരു വഴി. അത് വഴിയേ പോയാൽ കൊട്ടത്തലച്ചിമലയിൽ എത്താം. കാട് പിടിച്ചു കിടന്നതിനാൽ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു. പച്ച പരവതാനി വിരിച്ച് കിടക്കുന്ന വഴി. ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഔട്ട് ഫീൽഡ് പോലെയാണ് എനിക്ക് തോന്നിയത്. എവിടെ നോക്കയാലും പച്ചപ്പ്‌. ഞങ്ങളുടെ കാൽപാദങ്ങൾ ആ മനോഹാരിതയെ കീറിമുറിക്കുമൊ എന്നൊരു ഭയവും കൂട്ടിനുണ്ടായിരുന്നു. അധികം ആരും കടന്ന് ചെല്ലാത്തതിനാൽ മുന്നോട്ടുള്ള വഴിയിൽ പല ഭാഗത്തും കാട് പിടിച്ചു കിടന്നിരുന്നു. വഴിയുടെ രണ്ടു ഭാഗത്തും കവുങ്ങ് മരങ്ങൾ ധാരാളമായി കണ്ടൂ. കൂടെ മറ്റു മരങ്ങളും. ആകെ മൊത്തം ഒരു കാടിന്റെ പ്രതീതി. വഴിയുടെ വലത് വശത്ത് ആഴമേറിയ പ്രദേശങ്ങൾ. ദൂരെയായി കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന മലനിരകൾ. കാഴ്ചകൾ യാത്രയ്ക്ക് ഹരമേകി.

ഒരേ പോലുള്ള രണ്ടുവഴികൾ... ഏതു തിരഞ്ഞെടുക്കും?

ഒരേ പോലുള്ള രണ്ടുവഴികൾ... ഏതു തിരഞ്ഞെടുക്കും?

ഏകദേശം 700 മീറ്റർ കഴിഞ്ഞപ്പോൾ ദേ മുന്നിൽ രണ്ടു വഴികൾ. ഇടത്തോട്ടും വലത്തോട്ടും.വലത്തോട്ടുള്ളത് ഇറങ്ങിച്ചെല്ലുന്നതും ഇടതോട്ടുള്ളത് കയറ്റം കയറുന്നതുമായ വഴികൾ. വഴി ചോദിക്കാൻ പോലും ഒരാളുമില്ല. മലയിലേക്കുള്ള വഴിയല്ലെ അത് എന്തായാലും കയറ്റം തന്നെ ആയിരിക്കും. അങ്ങനെ ഇടത്തോട്ടുള്ള വഴിയിലേക്കു കയറി. എകദേശം ഒരു 300 മീറ്റർ കഴിഞ്ഞപ്പോൾ വഴിയുടെ വലത് വശത്തായി ഒരു ബോഡ് കണ്ടൂ. " കൊട്ടത്തലച്ചി ശ്രീ കരിഞ്ചാമുണ്ടി ദേവസ്ഥാനം ". ഇടത് വശത്ത് ആയി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു ദേവസ്ഥാനത്തിന്റെ ദിശാ ബോർഡ് ആയിരുന്നു അത്. അവിടുന്ന് പിന്നേയും നേർവഴിക്കു യാത്ര തുടർന്നു. കുറച്ച് നടന്നപ്പോഴേയ്ക്കും ദേ പിന്നെയും രണ്ടു വഴി. അധികം സംശയിച്ച് നിൽക്കാതെ ഇടതോട്ടുള്ള വഴിയിലേക്കു കയറി മുകളിലോട്ട്. അധികം വൈകാതെ ഞങ്ങൾ കൊട്ടത്തലച്ചിമലയുടെ അടിഭാഗത്ത് എത്തിചേർന്നു. നിരപ്പായൊരു പ്രദേശം, കൊട്ടത്തലച്ചി സംരക്ഷണ സമിതിയുടെ പേരിലുള്ള നിരവധി മുന്നറിയിപ്പ് ബോർഡുകൾ കാണാം. പ്രദേശത്തിന്റെ വലത് വശത്തായി കുരിശുമലയെകുറിച്ചുളള അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളുന്നൊരു ബോർഡും നമുക്ക് കാണാം. കാലപ്പഴക്കം കാരണം ആ ബോർഡ് തുരുമ്പെടുത്തിരുന്നു. വായിക്കാൻ നന്നേ പാടുപെട്ടു.

കൊട്ടത്തലച്ചി...മലബാറിന്‍റെ മലയാറ്റൂർ...

കൊട്ടത്തലച്ചി...മലബാറിന്‍റെ മലയാറ്റൂർ...

പശ്ചിമഘട്ടത്തിന്റെ വടക്കു ഭാഗത്ത് 2700 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലയാണ് കൊട്ടത്തലച്ചിമല. നിരവധി അപൂർവ്വയിനം ഔഷധ സസ്യങ്ങളുടെ കലവറയാണ് ഇൗ പ്രദേശം. കൂടാതെ അപൂർവ്വയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസമേഖലയും.
കൊട്ടത്തലച്ചിമലയുടെ മുകളിലായി ഒരു ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്. ക്രിസ്തുമത വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമാണ് അവിടം. കൊട്ടത്തലച്ചി കുരിശുമല എന്നാണ് പൊതുവെ ആ ദേവാലയം അറിയപ്പെടുന്നത്. മലബാറിന്റെ മലയാറ്റൂർ എന്നൊരു അപരനാമവും ഈ തീർത്ഥാടന കേന്ദ്രത്തിനുണ്ട്. 1958 ഏപ്രിൽ 4 ന് ഫ : മാത്യൂ മണ്ണൂരാംപറമ്പിൽ ആയിരുന്നു ഇൗ കുരിശുമല സ്ഥാപിച്ചത്‌. അന്നത്തെ ജന്മി ആയിരുന്ന ശ്രീ കൂരാടകത്ത് കുഞ്ഞപ്പൻ നമ്പ്യാർ ആണ് കുരിശുമലക്ക് ആവശ്യമായ ഭൂമി ധാനമായ്‌ കൊടുത്തത്.

14 കുരിശടികൾ താണ്ടി ഒരു കുരിശിന്റെ വഴി

14 കുരിശടികൾ താണ്ടി ഒരു കുരിശിന്റെ വഴി

സമയം 10 കഴിഞ്ഞിരുന്നു. ഇനി കുത്തനെയുള്ള മലകയറ്റമാണ്. കയറ്റം തുടങ്ങുന്ന സ്ഥലത്ത് ഒരു കുരിശുണ്ട്. അങ്ങനെ നിശ്ചിത ദൂരം ഇടവിട്ടു 14 കുരിശുകൾ താണ്ടി വേണം മുകളിലത്തെ ദേവാലയത്തിൽ എത്താൻ. ഞങ്ങൾ ഒട്ടും സമയം കളയാതെ മല കയറ്റം തുടങ്ങി.പലയിടത്തും വഴി വ്യക്തമായിരുന്നില്ല. കഴുത്തോളം മുട്ടുന്ന നീളൻ പുല്ലുകൾ വഴി മറച്ചിരുന്നു. കുരിശുവഴിയെ ഞങ്ങൾ യാത്ര തുടർന്നു. പുൽമേടുകൾ താണ്ടിയുള്ള യാത്ര തീർത്തും രസകരമായിരുന്നു. മല കേറുന്നതിനനുസരിച്ച് കാഴ്ചയുടെ സൗന്ദര്യവും കൂടി വന്നു. ചുറ്റുമുള്ള അഗാതമായ ഗർത്തങ്ങൾ, ദൂരെയായി കാണുന്ന കാടുകൾ, മലനിരകൾ, പുൽമേടുകൾ എല്ലാം യാത്രയ്ക്ക് ഹരമേകി. 14 കുരിശുകൾ കടന്ന് മുകളിൽ എത്തിയപ്പോഴേക്കും സമയം 10:30. പതിനഞ്ചാമത്തെ കുരിശ് മുകളിൽ നിരപ്പായ പ്രദേശത്താണ് ഉള്ളത്. അല്പം മാറി ഒരു ദേവാലയവും സ്ഥിതി ചെയ്യുന്നു. ഏത് ഭാഗത്ത് നോക്കിയാലും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകൾ. വെയിലും തണുപ്പും കോടമഞ്ഞും നിമിഷ നേരങ്ങൾകുള്ളിൽ മാറി മാറി വന്നു. ദൂരെയുള്ള ഗ്രാമങ്ങളിലെ കാഴ്ച്ചകൾ എടുത്ത് പറയേണ്ടതാണ്. വീടുകൾ, പള്ളികൾ, റോഡുകൾ അങ്ങനെ വിദൂരമായ കാഴ്ച്ചകൾ. വളരെ ദൂരെയായി ഒരു കോളേജും അനുബന്ധിച്ച് ഒരു സ്റ്റേഡിയവും കാണാമായിരുന്നു. കാഴ്ച്ചകൾ കണ്ട്‌ മുഴുവിപിക്കും മുൻപേ കോടമഞ്ഞ് വന്ന് എല്ലാം പുതപ്പിച്ച് നിന്നു. മല കയറുമ്പോൾ കണ്ട പല കാഴ്ചകളും അദൃശ്യമായി കിടന്നു.വൈകാതെ തന്നെ കൊട്ടത്തലച്ചിമലയോട് യാത്ര പറഞ്ഞിറങ്ങി.

ഇനി ചൂരലിലേക്ക്

ഇനി ചൂരലിലേക്ക്

താബോർ കവലയിൽ നിന്നും നേരെ ഒരു 200 മീറ്റർ പോയി വലത്തോട്ടു തിരിഞ്ഞാൽ കോഴിച്ചാൽ റോഡിലേക്ക് കേറാം. കുത്തനെയുള്ള ഇറക്കമാണ് കൂടാതെ വളവുകളും. റോഡ് ആണെങ്കിൽ തീരെ ചെറുത്. പലയിടത്തും പൊട്ടി പൊളിഞ്ഞു കിടക്കുന്നു. കർണാടകയോട് തൊട്ടടുത്ത് കിടക്കുന്ന ഗ്രാമമാണ് കോഴിച്ചാൽ. കോഴിച്ചാലിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോയാൽ ചെറുപുഴ ടൗണിൽ എത്താം. ചെറുപുഴ - പാടിയോട്ടുചാൽ - പെരിങ്ങോം - അരവഞ്ചാൽ വഴി ചൂരലിൽ എത്തി. റോഡിന്റെ വലതു വശത്തായി ഹരിതീർഥക്കര വെള്ളച്ചാട്ടം എന്നെഴുതിയ ഒരു ബോർഡ് കാണാം. ആ ചരൾ വഴിയിലൂടെ നേരെ പോയി ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 600 മീറ്റർ മുന്നോട്ടു എത്തിയാൽ അരിയിൽ വെള്ളച്ചാട്ടം എന്നൊരു ചെറിയ ബോർഡും കാണാം. (പേര് കേട്ട് സംശയിക്കേണ്ട... ചൂരൽ വെള്ളച്ചാട്ടവും., ഹരിതീർഥകര വെള്ളച്ചാട്ടവും, അരിയിൽ വെള്ളച്ചാട്ടവും എല്ലാം ഒന്നു തന്നെ. പല പേരിൽ അറിയപ്പെടുന്നു എന്ന് മാത്രം.) അവിടുന്ന് വലത്തോട്ട് വേണം പോകാൻ. ഏകദേശം 200 മീറ്റർ മുന്നോട്ട് പോയാൽ വെള്ളത്തിന്റെ ശബ്ദം കേൾക്കാൻ സാധിക്കും.

ചൂരൽ വെള്ളച്ചാട്ടം....മലയോരത്തിന്റെ രഹസ്യം

ചൂരൽ വെള്ളച്ചാട്ടം....മലയോരത്തിന്റെ രഹസ്യം

രണ്ട് തട്ടിലായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മലയോരം കാത്തിവെച്ചിരിക്കുന്ന ഒരു രഹസ്യം കൂടിയാണ്. വെള്ളം താഴേക്ക് പതികുന്ന ഭാഗത്ത് ആഴം കൂടിയ സ്ഥലങ്ങളോ വലിയ കുഴികളോ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ കൊച്ചുകുട്ടികൾക്ക് വരെ പരമാവധി ആനന്ദം കണ്ടെത്താൻ സാധിക്കും. കുടുംബത്തോപം വന്നു ആസ്വദിക്കാൻ പറ്റിയൊരു വെള്ളച്ചാട്ടം തന്നെയാണിത് എന്നതിൽ സംശയമില്ല.

കണ്ണൂരിൽ എന്തുണ്ട് എന്നു ചോദിക്കുന്നവരോട്

കണ്ണൂരിൽ എന്തുണ്ട് എന്നു ചോദിക്കുന്നവരോട്

മലനിരകളും കോടമഞ്ഞും കാടും പിന്നെ ട്രക്കിംഗും ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ കൊട്ടതലച്ചിമലയിലേക്കുള്ള യാത്ര വെറുതെയാവില്ല. കണ്ണൂർ ജില്ലയിൽ എന്തുണ്ട് കാണാൻ എന്ന് ചോദികുന്നവരുടെ മുൻപിൽ പൈതൽമലയും പാലക്കയംതട്ടും മാത്രം എടുത്ത് പറയുന്നവർ നമ്മുടെ ജില്ലയിലെ മറ്റു പല സ്ഥലങ്ങളും കാണാതെ പോകുന്നു. പുറം ലോകം അറിയാത്ത, സഞ്ചാരികൾ ഇതുവരെ കേറി ചെല്ലാത്ത ഒരുപാട് സ്ഥലങ്ങൾ ഇനിയുമുണ്ട് നമ്മുടെ ജില്ലയിൽ. അത്തരം സ്ഥലങ്ങൾ പുറം ലോകം എത്തിക്കാനുള്ള ചെറിയൊരു ശ്രമം കൂടിയായിരുന്നു കൊട്ടത്തലച്ചിമലയിലേക്കുള്ള യാത്ര.

കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര

വളവുകളും തിരിവുകളും പിന്നിട്ട് ചെന്നു നിൽക്കുന്ന ഒരു സ്വർഗ്ഗം.... മനസ്സും മൂഡും ഒരുപോലെ ചില്‍ ചെയ്യിക്കുന്ന വാഴമലവളവുകളും തിരിവുകളും പിന്നിട്ട് ചെന്നു നിൽക്കുന്ന ഒരു സ്വർഗ്ഗം.... മനസ്സും മൂഡും ഒരുപോലെ ചില്‍ ചെയ്യിക്കുന്ന വാഴമല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X