» »ഇന്ത്യയുടെ ഉപ്പുതടാകത്തിലേക്ക് ഒരു യാത്ര!!

ഇന്ത്യയുടെ ഉപ്പുതടാകത്തിലേക്ക് ഒരു യാത്ര!!

Written By: Elizabath Joseph

ഒരു നിമിഷം കണ്ണടച്ച് ആലോചിക്കാം...ചന്ദ്രന്റെ വെളിച്ചം വീഴുന്ന വലിയ ഒപരു പ്രദേശം. അടുത്തെങ്ങും ഒരു കെട്ടിയം പോലുമില്ല. ചന്ദ്രനിലാവ് കൊണ്ട് വെളുത്ത രാത്രി ആണോ എന്നു പോലും തോന്നിക്കുന്ന ഒരനുഭവം.
എന്നാല്‍ ഇതൊരു സ്വപ്നം മാത്രമാകാനാണ് സാധ്യത. കുറച്ചുകൂടി യാഥാര്‍ഥ്യത്തിലേക്ക് വന്നാല്‍ മറ്റൊരു രംഗം കാണാം...ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയിലെ വെളത്ത മഞ്ഞില്‍ മിന്നിത്തെളിയുന്ന പോലെ ഒരു സ്ഥലം. ഹിന്ദി സിനിമകളില്‍ കാണുന്ന പോലുള്ള പ്രകൃതി ഭംഗിയും മറ്റും ചേര്‍ന്ന ഒരിടം. എവിടെ കാണാനാണ് ഈ കാഴ്ചയൊക്കെ എന്നൊരു സംശയം ഉണ്ടോ? അതിന് ഒത്തിരി ദൂരത്തേക്ക് ഒന്നും പോകേണ്ട. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുതടാകമായ സാംഭര്‍ തടാകത്തിലാണ് ഈ മനോഹരമായ കാഴ്ചകള്‍ ഉള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുതടാകത്തിന്റെ വിശേഷങ്ങള്‍ അറിയാം...

എവിടെയാണിത്?

എവിടെയാണിത്?

കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് കഥയെഴുതിയ നാടാണ് രാജാസ്ഥാന്‍. രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള സാംഭര്‍ എന്ന കൊച്ചു പട്ടണത്തിലാണ് ലോകപ്രശസ്തമായ ഈ ഉപ്പു തടാകം സ്ഥിതി ചെയ്യുന്നത്.
അജ്മീറില്‍ നിന്നും 64 കിലോമീറ്ററും ജയ്പൂരില്‍ നിന്നും 96 കിലോമീറ്ററും അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

എന്താണ് ഇവിടെ കാണാന്‍ ?

എന്താണ് ഇവിടെ കാണാന്‍ ?

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. രാജസ്താനിലെ അജ്മീര്‍, ജയ്പൂര്‍, നാഗൗര്‍ എന്നീ മൂന്നു ജില്ലകളിലായാണ് ഈ സംഭാര്‍ ഉപ്പുതടാകം വ്യാപിച്ചു കിടക്കുന്നത്. ദീര്‍ഘവൃത്താകൃതിയില്‍ 35.5 കിലോമീറ്റര്‍ നീളവും 96 കിലോമീറ്റര്‍ ചുറ്റളവും ഉള്ള തടാകത്തിലാണ് നിറയെ ഉപ്പളങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

PC:Nawanshu91

വലുപ്പം മാറുന്ന തടാകം

വലുപ്പം മാറുന്ന തടാകം

കാലാവസ്ഥ മാറുന്നതനുസരിച്ച് സംഭാര്‍ തടാകത്തിന്റെ വലുപ്പവും മാറുമത്രെ. വ്യത്യസ്ത കാലാവസ്ഥകളില്‍ വീതി മൂന്നു കിലോമീറ്റര്‍ മുതല്‍ 11 കിലോമീറ്റര്‍ വരെയും വിസ്തീര്‍ണ്ണം 190 ചതുരശ്ര കിലോമീറ്റര്‍ മുതല്‍ 230 ചതുരശ്ര കിലോമീറ്റര്‍ വരെ വര്‍ധിക്കും. കൂടാതെ വേനല്‍ കാലത്ത് 60 സെന്റി മീറ്ററും മഴക്കാലം കഴിയുമ്പോള്‍ 3 മീറ്ററുമായിരിക്കും സംഭാര്‍ തടാകത്തിനു കാണപ്പെടുന്ന ആഴം.

PC:NASA

ആയിരത്തോളം വര്‍ഷം പഴക്കം

ആയിരത്തോളം വര്‍ഷം പഴക്കം

ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു തടാകം മാത്രമല്ല ഇത്, ഏറ്റവും പഴയ കാലം മുതല്‍, അതായത്, ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് സംഭാര്‍ തടാകത്തിലെ ഉപ്പു നിര്‍മ്മാണം. പ്രദേശവാസികള്‍ തങ്ങളുടെ അതിജീവനത്തിനായി തുടങ്ങിയതാണ് ഇവിടുത്തെ ഉപ്പു നിര്‍മ്മാണം. പിന്നീട് ഇവിടെ അധികാരത്തില്‍ വന്ന രജപുത്രര്‍, മുഗളര്‍, ശേഷം വന്ന ബ്രിട്ടീഷുകാര്‍ തുടങ്ങിയവര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും പോയപ്പോള്‍ പ്രത്യേക ധാരണയുടെ പുറത്ത് സാംഭര്‍ സാള്‍ട്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഉപ്പ് ഉല്പാദനം ഇവിടെ നിയന്ത്രിക്കുന്നത്.

PC:Nawanshu91

 ഐതിഹ്യങ്ങളിലെ സംഭാര്‍

ഐതിഹ്യങ്ങളിലെ സംഭാര്‍

മഹാഭാരതത്തിലും മറ്റും പല പ്രധാന സ്ഥലങ്ങളിലും ഈ സ്ഥലത്തെക്കുറിച്ച പരാമര്‍ശിക്കുന്നത് കാണാം, വിശ്വാസമനുസരിച്ച് അസുരരാജാവായിരുന്ന വ്രിഷപര്‍വ്വയുടെ രാജ്യമായിരുന്നുവത്രെ ഇവിടം. ഇവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ രാജപുരോഹിതനായിരുന്ന ശുക്രാചാര്യരും ജീവിച്ചിരുന്നത്. വ്രിഷപര്‍വ്വയുടെ മകളായ ദേവയാനിയുടെം യതാതി രാജാവുമായുള്ള വിവാഹം നടന്ന സ്ഥലവും ഇതുതന്നെയാണ്.
1884 ല്‍ ഇവിടെ നടത്തിയ ചെറിയ ചില ഘനന പ്രവര്‍ത്തനങ്ങളില്‍ നിന്നും ടെറാകോട്ട ഉല്പന്നങ്ങളും നാണയങ്ങളും അച്ചുകളും ഒക്കെ ലഭിച്ചിരുന്നു. ബുദ്ധമതത്തിനും ഈ സ്ഥലവുമായി ബന്ധമുണ്ട്.

PC:Abhishek.cty

പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷണം

ഇന്ത്യയില്‍ പക്ഷി നിരീക്ഷണത്തിനു പേരുകേട്ട സ്ഥലങ്ങളില്‍ ഒന്നാണ് സംഭാര്‍ തടാകവും പരിസരങ്ങളും . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ ആളുകളാണ് ഇവിടെ ഇതിനായി എത്താറുള്ളത്. തദ്ദേശീയമായി കാണപ്പെടുന്ന പക്ഷികള്‍ മാത്രമല്ല, ധാരാളം ദേശാടനപക്ഷികളും ഇവിടെ ഉണ്ട്.
തടാകത്തിന്റെ വലിയ ഏരിയ കാരണം പക്ഷികളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ സാധിക്കില്ല. ഇതിനാവശ്യമായ ഉപകരണങ്ങള്‍ ഇവിടെ പോകുന്നവര്‍ കരുതേണ്ടതാണ്.

PC:Wikimedia

സമീപത്തെ ആകര്‍ഷണങ്ങള്‍

സമീപത്തെ ആകര്‍ഷണങ്ങള്‍

സംബാര്‍ എന്നാല്‍ ഒരു വലിയ ഉപ്പു തടാകം മാത്രമല്ല, സഞ്ചാരികള്‍ക്ക് കാണാന്‍ താല്പര്യമുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ആല്‍ബര്‍ട് ഹാള്‍ മ്യൂസിയം, പ്രാദേശിക ആഘോഷങ്ങളായ ശാകംബരി മാതാ കാ മേള, ദസറാ കാ മേള, ദേവയാനി ജി കാ മേള, കൂടാതെ സംഭാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, ഗ്രാമത്തിലെ ക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍!

PC:sushmita balasubramani

മക്രാന

മക്രാന

സംഭാര്‍ തടാകത്തിലേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് മാര്‍ബിള്‍ പട്ടണം എന്നറിയപ്പെടുന്ന മക്രാന. രാജസ്ഥാന്‍ മാര്‍ബിള്‍ എന്ന പേരില്‍ പ്രശസ്തമായ മാര്‍ബിള്‍ ഈ സ്ഥലത്തു നിന്നുമാണ് കൊണ്ടുവരുന്നത്. സംഭാറില്‍ നിന്നുെ 90 കിലോമീറ്റര്‍ അകലെയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത് രാജസ്ഥാനില്‍ പൊതുവേയുള്ള ചൂടിന് കുറച്ച് ശമനം വരുന്ന സമയമാണ് ഇത്. മഴക്കാലങ്ങളില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.
പക്ഷി നിരീക്ഷണത്തിനായാണ് സംബാര്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം തിരഞ്ഞെടുക്കുക. ഈ സമയത്താണ് ഇവിടെ ദേശാടന പക്ഷികള്‍ കൂടുതലായി എത്തുന്നത്.

PC:Abhishek.cty

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിമാനത്തില്‍ വരുന്നവര്‍ക്ക് 118 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. ഇവിടെ നിന്നും 2 മണിക്കൂര്‍ യാത്രയാണ് സംബാര്‍ തടാകത്തിലേക്കുള്ളത്.
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ സംഭാര്‍ സിറ്റി സാള്‍ട്ട് ലേക്ക് സ്‌റ്റേഷന്‍ ആണ്. ഇവിടെ നിന്നും ജയ്പൂരിലേക്ക് കുറഞ്ഞ ഇടവേളകളില്‍ ട്രെയിന്‍ സര്‍വ്വീസ് ഉണ്ട്.
ഇവിടേക്ക് വരാന്‍ പറ്റിയത് റോഡ് മാര്‍ഗ്ഗമാണ്. ജയ്പൂര്‍ സിന്ധി ക്യാംപ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് ബസ് സര്‍വ്വീസ് ലഭ്യമാണ്. ഡെല്‍ഹിയില്‍ നിന്നും 6.5 മണിക്കൂര്‍ സമയമാണ് ഇവിടേക്കുള്ള ഡ്രൈവിങ് ദൂരം.

Read more about: rajasthan travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...