» »ബെഡ്‌സെ - മലഞ്ചെരുവിലെ ചരിത്ര ഗുഹകള്‍

ബെഡ്‌സെ - മലഞ്ചെരുവിലെ ചരിത്ര ഗുഹകള്‍

Written By: Elizabath Joseph

കിഴക്കാംതൂക്കായ മലഞ്ചെരുവിന്റെ ഒരറ്റത്ത് നിര്‍മ്മിച്ചിരിക്കുന്ന ഒരുകൂട്ടം ഗുഹകള്‍...ചരിത്രത്തിലെ ഒട്ടേറെ ഏടുകള്‍ എഴുതപ്പെട്ടിരിക്കുന്ന ഗുഹ. ഭാരതത്തിലെ മഹാചക്രവര്‍ത്തിമാരില്‍ ഒരാളായ അശോക ചക്രവര്‍ത്തി യുദ്ധം നിര്‍ത്തി സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തതിന്റെ ഇന്നും നിലനില്‍ക്കുന്ന അടയാളങ്ങളിലൊന്ന്. ബുദ്ധമതതിലേക്ക് ആകര്‍ഷിക്കപ്പെട്ട
അശോക ചക്രവര്‍ത്തി അതിന്റെ പ്രചരണത്തിനായി രാജ്യത്തെമ്പാടും തുടങ്ങിയ ബുദ്ധാശ്രമങ്ങളുടെ ഭാഗമായാണ് ഇത് നിര്‍മ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം.
മലഞ്ചെരുവിലെ ഐതിഹാസിക ഗുഹയായ ബെഡ്‌സെ ഗുഹയുടെ വിശേഷങ്ങള്‍...

എവിടെയാണിത്

എവിടെയാണിത്

ഇന്ത്യയില്‍ ഏറ്റവും അധികം ഗുഹകളും കോട്ടകളും സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലാണ് ബെഡ്‌സെ ഗുഹകളുള്ളത്. പൂനെയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബെഡ്‌സെ ബുദ്ധാശ്രമമം മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇന്ത്യയുടെ നിര്‍മ്മാണ വിദ്യ എത്രകണ്ടു വളര്‍ന്നിരുന്നു എന്നതിനുള്ള അടയാളം കൂടിയാണ്. പൂനെയ ജില്ലയില്‍ മാവാല്‍ തേസില്‍ എന്ന സ്ഥലത്താമ് ബെഡ്‌സെ സ്ഥിതി ചെയ്യുന്നത്.

PC:Photo Dharma

 രണ്ടായിരം വര്‍ഷത്തെ പഴക്കം

രണ്ടായിരം വര്‍ഷത്തെ പഴക്കം

ബിസി ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു കരുതുന്ന ബെഡ്‌സി ഗുഹകള്‍ക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കമാണുള്ളത്. സാതവാഹന കാലഘട്ടത്തിലാണ് ഈ ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
തന്റെ ദുഷ്ട പ്രവര്‍ത്തികളല്‍ പശ്ചാത്തപിച്ച് മാനസാന്തരം വന്ന അശോക ചക്രവര്‍ത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ബുദ്ധസന്യാസിമാര്‍ക്ക് താമസിക്കുവാനും ധ്യാനിക്കാനുമായി കുറച്ച് ഇടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടത്രെ. അതിന്‍പ്രകാരം നിര്‍മ്മിച്ച ബുദ്ധ ആരാധനാലയമാണ് ബെഡ്‌സെ ഗുഹകള്‍ എന്നാണ് വിശ്വാസം.

PC:Photo Dharma

പെയിന്റടിച്ച് സംരക്ഷിച്ച ഗുഹ

പെയിന്റടിച്ച് സംരക്ഷിച്ച ഗുഹ

ബെഡ്‌സെ ഗുഹകളെക്കുറിച്ച് വളരെ രസകരമായ ഒരു ചരിത്രമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന സ്ഥലങ്ങളില്‍ ഒന്നായിരുന്നു ഇവിടം. അടിക്കടി അവര്‍ ഇവിടം സന്ദര്‍ശിച്ച് പോരുകയും ചെയ്തിരുന്നു. ഇവിടെ എത്തുന്ന ബ്രിട്ടീഷുകാരെ കാണിക്കാനായി ഗ്രാമവാസികള്‍ ഇത് ഒരു പുതിയ സംഭവമാണ് എന്ന മട്ടില്‍ ഇത് എല്ലായ്‌പ്പോളും പെയിന്റടിച്ച് സൂക്ഷിക്കുമായിരുന്നത്രെ. 1861 വരെ ഈ പ്രവര്‍ത്തികള്‍ തുടര്‍ന്നിരുന്നു. എന്നാല്‍ ഗുഹ നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടു എങ്കിലും ഇവിടുത്തെ ശിലാരേഖകളും ചുമര്‍ചിത്രങ്ങളും നശിപ്പിക്കപ്പെട്ടു എന്നതാണ് ദു:ഖകരമായ കാര്യം.

PC:Photo Dharma

രണ്ടു ഗുഹകള്‍

രണ്ടു ഗുഹകള്‍

ബെഡ്‌സെ ഗുഹകള്‍ എന്നത് പ്രധാനമായും രണ്ടു ഗുഹകള്‍ ചേര്‍ന്നതാണ്. അതില്‍ കൂടുതല്‍ പ്രധാനപ്പെട്ട ഗുഹ ചൈത്യ ഗുഹ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചൈത്യ എന്നാല്‍ ബുദ്ധവിശ്വാസികളുടെ പ്രാര്‍ഥനാ സ്ഥലം എന്നാണ് അര്‍ഥം. ഇവിടുത്തെ ഏഴാം നമ്പര്‍ ഗുഹയാണ് ചൈത്യ ഗുഹ. ഇതിനുള്ളില്‍ വലിയ ഒരു സ്തൂപവും സ്ഥിതി ചെയ്യുന്നു. നീണ്ട അതേസമയം ഇടുങ്ങിയ ഒരു പാതയിലൂടെ സഞ്ചരിച്ചാണ് ചൈത്യ ഗുഹയിലെത്തുന്നത്.

PC:Photo Dharma

വിഹാര

വിഹാര

ഇവിടുത്തെ ഗുഹകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിഹാര എന്ന പേരില്‍ അറിയപ്പെടുന്നത്. പതിനൊന്നാം നമ്പര്‍ ഗുഹയാണ് വിഹാരയായി അറിയപ്പെടുന്നത്. ബുദ്ധസന്യാസികള്‍ക്ക് താമസിക്കാനുള്ള ഇടമായാണ് വിഹാര അറിയപ്പെടുന്നത്.

PC:Photo Dharma

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ബെഡ്‌സെ ഗുഹകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ അതിരാവിലെ തന്നെ ഇവിടെ എത്തുന്നതാണ് നല്ലത്. കാരണം ഒട്ടേറെ മനോഹരമായ ഗുഹാ ചിത്രങ്ങളും മറ്റും ഉള്ള ഇവിടെ സൂര്യപ്രകാശം പതിക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് പ്രത്യേക ഭംഗിയാണ് കാണാന്‍.
മണ്‍സൂണിനോടടുപ്പിച്ചാണ് ഇവിടേക്കുള്ള യാത്ര പ്ലാന്‍ ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ പച്ച പുതച്ചു കിടക്കുന്ന ഇതിന്റെ ചുറ്റുപാടുകള്‍ കാണാന്‍ സാധിക്കു. അതിലാണ് ബെഡ്‌സെ ഗുഹകളുടെ ഭംഗി മുഴുവന്‍ അടങ്ങിയിരിക്കുന്നത്.

PC: Himanshu Sarpotdar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പൂനെയില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഇവിടേക്ക് 54 കിലോമീറ്റര്‍ ദൂരമാണുള്ളത്. സാധാരണ ട്രാഫിക്കില്‍ ഒരു മണിക്കൂര്‍ 27 മിനിട്ടുകൊണ്ട് ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. കാംഷേട്ട്-പാവ്‌നഗര്‍ പാതയില്‍ ഒന്‍പതു കിലോമീറ്റര്‍ സഞ്ചരിക്കണം പിന്നീട് ഇവിടേക്ക് എത്താന്‍. ബെഡ്‌സെയ്ക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പൂനെയാണ്. നാഗ്പൂര്‍, മുംബൈ,അഹമ്മദാബാദ്, ഡെല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ട്രയിനുകള്‍ ലഭിക്കും. അടുത്തുള്ള എയര്‍ പോര്‍ട്ടും പൂനെയാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...