» »ഭഗവതി പൂവന്‍കോഴിയുടെ രൂപത്തില്‍ വന്ന ക്ഷേത്രം

ഭഗവതി പൂവന്‍കോഴിയുടെ രൂപത്തില്‍ വന്ന ക്ഷേത്രം

Written By: Elizabath Joseph

ഭഗവതി പൂവന്‍കോഴിയുടെ രൂപത്തില്‍ വന്ന് വാണ ഒരു പുരാതന ക്ഷേത്രം....ഇവിടെ എത്തി മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്കുകയും പ്രസാദം കഴിക്കുകയും ചെയ്താല്‍ എല്ലാ വിഷമങ്ങളും മാറ്റുന്ന ഒരു ദേവി ക്ഷേത്രം. പറഞ്ഞു വരുന്നത് പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തെക്കുറിച്ചാണ്. തൃശൂര്‍ ജില്ലയില്‍ പഴയന്നൂരില്‍ സ്ഥിതി ചെയ്യുന്ന പഴയന്നൂര്‍ ദേവി ക്ഷേത്രം അപൂര്‍വ്വമായ ആചാരങ്ങള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും പ്രസിദ്ധമാണ്...

പഴയന്നൂര്‍ ഭഗവതി ക്ഷേത്രം

പഴയന്നൂര്‍ ഭഗവതി ക്ഷേത്രം

വിഷ്ണുവും ഭഗവതിയും തുല്യശക്തികളായി വാഴുന്ന പഴയന്നൂര്‍ ഭഗവതി ക്ഷേത്രം കേരളത്തിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ്. ആദ്യകാലങ്ങളില്‍ ഇവിടെ വിഷ്ണു ക്ഷേത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇവിടെ കാശിയിലെ പുരാണപുരിയില്‍ നിന്നും ഭഗവതിയെ കൊണ്ടുവന്നു എന്നാണ് വിശ്വാസം. കൊച്ചി രാജകുടുംബത്തിന്റെ പ്രധാന പരദേവതകളില്‍ ഒരാള്‍ കൂടിയായും പഴയന്നൂര്‍ ഭഗവതി അറിയപ്പെടുന്നു. പള്ളിപ്പുറത്തപ്പന്‍ എന്ന പേരില്‍ വിഷ്ണു ഭഗവാന്‍ അറിപ്പെട്ടിരുന്ന ഈ ക്ഷേത്രം തുടക്ക കാലത്ത് പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

PC:Aruna

ദേവി പൂവന്‍കോഴിയുടെ രൂപത്തില്‍ വന്ന ക്ഷേത്രം

ദേവി പൂവന്‍കോഴിയുടെ രൂപത്തില്‍ വന്ന ക്ഷേത്രം

ഭക്തരുടെ മനക്ലേശങ്ങള്‍ അകറ്റുന്ന പഴയന്നൂര്‍ ഭഗവതി ഇവിടെ എത്തിയതിനു പിന്നില്‍ വിചിത്രമായ ഒരു കഥയുണ്ട്. കൊച്ചി രാജവംശത്തിലെ ഒരു രാജാവ് തന്റെ മനോവിഷമം മാറുവാനായി കാശിക്ക് പോയി. അവിടെ പുരാണപുരി എന്ന സ്ഥലത്തെത്തി ദേവിയോട് പ്രാര്‍ഥിക്കുകയും തിരികെ പോരാന്‍ നേരം ദേവിയെ കൂടെ കൂട്ടുകയും ചെയ്തത്രെ. ദേവി രാജാവിനോടൊപ്പം വന്നത് ഒരു പൂവന്‍ കോഴിയുടെ രൂപത്തിലാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അങ്ങനെ ഇവിടെ എത്തിയ ദേവിയെ ആദ്യം അരയാല്‍ത്തറയിലും പിന്നീട് തിടപ്പള്ളിയിലും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

PC:Aruna

പൂവന്‍കോഴി വഴിപാട്

പൂവന്‍കോഴി വഴിപാട്

ദേവി പൂവന്‍കോഴിയുടെ രൂപത്തില്‍ ഇവിടെ വന്നതിനാല്‍ ഇവിടുത്തെ പ്രധാന വഴിപാട് പൂവന്‍കോഴിയാണ്. ഇവിടെ എത്തിയാല്‍ ക്ഷേത്രത്തിന്റെ പരിസരത്ത് ധാരാളം കോഴികളെ കാണുവാന്‍ സാധിക്കും. ഈ കോഴികള്‍ക്ക് ഭക്ഷണം നല്കുന്നതും കോഴികളെ പറപ്പിക്കുന്നതും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. ഭക്തര്‍ കോഴി കൂതി തുടങ്ങുന്ന സമയത്തിനു മുന്‍പായാണ് കോഴിയെ ഇവിടെ സമര്‍പ്പിക്കേണ്ടത്. ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ഒരു കോഴിയേയും വില്‍ക്കാതെ ഇവിടെ തന്നെ വളര്‍ത്തുകയാണ് ചെയ്യുന്നത്.

PC: Aruna

 അന്നപൂര്‍ണേശ്വരിയായ ദേവി

അന്നപൂര്‍ണേശ്വരിയായ ദേവി

അന്നപൂര്‍ണ്ണേശ്വരിയുടെ രൂപത്തിലാണ് ദേവി ഇവിടെ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അന്നദാനത്തിന് ഇവിടെ വലിയ ്പരാധാന്യമാണ് ഉള്ളത്. കൈകളില്‍ ചട്ടിയും കോരിയുമായി നില്‍ക്കുന്ന ദേവിയക്ക് ഇവിടെ ഭക്ഷണം കഴിക്കാന്‍ നില്‍ക്കുന്ന ഭാവമാണ് ഉള്ളത്. അന്നപൂര്‍ണ്ണേശ്വരി ഭാവെമന്നാണ് ഇത് അറിയപ്പെടുന്നത്. അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഒരു പ്രതിഷ്ഠയായതിനാല്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്താറുണ്ട്. അന്നദാനത്തിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്.

PC: Aruna

വിഷ്ണുവും ശിവനും ദേവിയും വേട്ടേയ്ക്കരനും

വിഷ്ണുവും ശിവനും ദേവിയും വേട്ടേയ്ക്കരനും

ആദ്യകാലങ്ങളില്‍ വിഷ്ണുക്ഷേത്രമായിരുന്ന ഇവിടം പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചപ്പോള്‍ പുരാണപുരി എന്നായി ക്ഷേത്രത്തിന്റെ പേര്. കാശിയിലെ പുരാണപുരി എന്ന സ്ഥലത്തു നിന്നും ദേവി വന്നതിനാലാണ് ഈ പേര് കിട്ടിയത്. എന്നാല്‍ ഈ പേര് മലയാളീകരിച്ചപ്പോള്‍ പഴയന്നൂര്‍ എന്നായി മാറുകയായിരുന്നു. ക്ഷേത്ത്രില്‍ ഉപക്ഷേത്രങ്ങളായി ശിവക്ഷേത്രവും വേട്ടേയ്ക്കരന്‍ ക്ഷേത്രവും കാണുവാന്‍ സാധിക്കും. നൂറ്റെട്ടു ശിവാലയങ്ങളില്‍ ഒന്നുകൂടിയാണ് ഈ ക്ഷേത്രം.

PC:Dvellakat

ശ്രീകോവിലുകള്‍

ശ്രീകോവിലുകള്‍

ഭഗവതിക്കും വിഷ്ണുവിനും തുല്യപ്രാധാന്യം തന്നെ ആണെങ്കിലും ആദ്യമുണ്ടായിരുന്നത് വിഷ്ണു ആയതുകൊണ്ട് വിഷ്ണുവിന്റെ ശ്രീകോവിലിന് കുറച്ചധികം പ്രാധാന്യം കാണുവാന്‍ സാധിക്കും. കരിങ്കല്ലില്‍ നിര്‍മ്മിച്ച വട്ടക്കോവിലും നാലമ്പലവും ബലിക്കല്‍പുരയുമെല്ലാം ഇവിടെ കാണാം. എന്നാല്‍ ചുവര്‍ചിത്രങ്ങളോ ശില്പങ്ങളോ ഒന്നും ഇല്ലാതെ തീര്‍ത്തും ലളിതമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ഭഗവതിയുടെ ശ്രീകോവില്‍ ഇവിടുത്തെ തിടപ്പള്ളിയായാണ് അറിയപ്പെടുന്നത്. അന്നപൂര്‍ണ്ണേശ്വരി ഭാവത്തിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC: Aruna

ഉത്സവങ്ങള്‍

ഉത്സവങ്ങള്‍

മീനമാസത്തിലെ തിരുവോണം ആറാട്ടാണ് പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം. എട്ടു ദിവസം നീണ്ടു നില്‍ക്കുന്നതാണിത്. ഇവിടുത്തെ രണ്ടു കൊടിമരങ്ങളിലും കൊടിയേറ്റുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. മൂന്നാം ദിവസം വേട്ടെക്കാരനെ എഴുന്നള്ളിക്കുന്നതോടെയാണ് ഉത്സവം മുറുകുന്നത്. ഉത്സവബലി. സ്പതമാതൃബലി, ആറാട്ടെഴുന്നള്ളിപ്പ്, പള്ളിവേട്ട, തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

PC: Aruna

കൊടുങ്ങല്ലൂര്‍ ഭഗവതിയും പഴയന്നൂര്‍ ഭഗവതിയും

കൊടുങ്ങല്ലൂര്‍ ഭഗവതിയും പഴയന്നൂര്‍ ഭഗവതിയും

ഐതിഹ്യവും വിശ്വാസവും അനുസരിച്ച് കൊടുങ്ങല്ലൂര്‍ ഭഗവതിയും പഴയന്നൂര്‍ ഭഗവതിയും സഹോദരിമാരാണത്രെ. പഴയന്നൂരില്‍ നിന്നും കൊടുങ്ങല്ലൂര്‍ മീനഭരണിക്ക് ആരും പോകാന്‍ പാടില്ല എന്നൊരു വിലക്കും ഉണ്ട്. കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിന്റെ ഉപാസനാമൂര്‍ത്തി കൊടുങ്ങല്ലൂര്‍ അമ്മയാമെങ്കില്‍ പെരുമ്പടപ്പ് രാജവംശത്തിന്റേത് പഴയന്നൂര്‍ അമ്മയാണ്.
കൊടുങ്ങല്ലൂരില്‍ ശൈവശാക്തേയ സങ്കല്പത്തില്‍ ശിവനും ഭദ്രകാളിയുമാണ് പ്രതിഷ്ഠകള്‍. എന്നാല്‍ പഴയന്നൂരില്‍ വിഷ്ണുവും ദുര്‍ഗ്ഗയുമാണ് പ്രതിഷ്ഠകള്‍.

PC:Aruna

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തൃശൂരില്‍ നിന്നും പഴയന്നൂര്‍ ക്ഷേത്രത്തിലേക്ക് 42 കിലോമീറ്ററാണ് ദൂരം. തൃശൂരില്‍ നിന്നും തൃശൂര്‍-ഷൊര്‍ണൂര്‍ റോഡ് വഴിയാണ് പഴയന്നൂര്‍ ക്ഷേത്രത്തിലെത്തുക.
മറ്റൊരു വഴി തൃശൂര്‍-മണ്ണൂത്തി-വാണിയമ്പാറ-ഏലനാട് വഴി ക്ഷേത്രത്തിലെത്തുന്നതാണ്. ദേശീയപാത 544 വഴിയാണ് ഈ റൂട്ട് കടന്നു പോകുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...