» »പാറക്കെട്ടുകളിലൊളിപ്പിച്ച രഹസ്യങ്ങളുമായി മാടായിപ്പാറ

പാറക്കെട്ടുകളിലൊളിപ്പിച്ച രഹസ്യങ്ങളുമായി മാടായിപ്പാറ

Written By: Elizabath

മെല്ലെ വീശുന്ന കാറ്റും ഋതുക്കളില്‍ മാറിമാറി വരുന്ന നിറങ്ങളും കാലം തെറ്റാതെ പൂക്കുന്ന കാക്കപ്പൂവുമെല്ലാം രഹസ്യങ്ങള്‍ കാക്കുന്ന ഒരിടമാണ് മാടായിപ്പാറ. വിശ്വാസത്തിന്റെ തിളക്കങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളും പ്രകൃതിയുടെ രഹസ്യങ്ങളും ഒരുമിച്ച് കാണാന്‍ കഴിയുന്ന മാടായിപ്പാറ കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ്.

കണ്ണൂരിന്റെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ മറന്ന ഇടങ്ങള്‍

കഥപറയുന്ന കണ്ണൂര്‍ കോട്ട

തെയ്യവും തിറയും കോട്ടകളും കഥയെഴുതിയ കണ്ണൂരിന് അത്രത്തോളം തന്നെ വലുതാണ് മാടായിപ്പാറയും ഇവിടുത്തെ കാക്കപ്പൂക്കളും. ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ കാണാന്‍ കഴിയുന്ന വൈഡ് ആംഗിള്‍ കാഴ്ചകളാണ് മാടായിയുടെ പ്രത്യേകത

മാടായിപ്പാറ ഒളിപ്പിച്ച രഹസ്യങ്ങള്‍

PC:Uajith

ഋതുക്കളില്‍ നിറം മാറിയണിയുന്ന മാടായിപ്പാറ
ഓരോ കാലത്തും ഓരോ നിറത്തിലാണ് മാടായിപ്പാറയുടെ നില്‍പ്പ്. ചിങ്ങത്തില്‍ കാക്കപ്പൂവുകള്‍ കൊണ്ടു നിറഞ്ഞ് നീലപുതയ്ക്കുമ്പോള്‍ മഴക്കാലത്ത് ഇവിടെ എത്തിയിട്ടുള്ളവര്‍ അത്ഭുതപ്പെടും. തങ്ങള്‍ കണ്ടത് പച്ചപുതച്ച മാടായിയെ ആണല്ലോ എന്നോര്‍ത്ത്. വേനലായാല്‍ സൂര്യനും മാടായിപ്പാറയ്ക്കും ഒരേ നിറമാണ്. സ്വര്‍ണ്ണനിറത്തിലായിരിക്കും അപ്പോള്‍ ഇവിടുത്തെ പ്രഭാതങ്ങളും പ്രദോഷങ്ങളും. എന്നാല്‍ വാക്കുകളില്‍ ഇത് വിവരിക്കുന്നയത്രയും മണ്ടത്തരം വേറെ കാണില്ല. കാരണം മാടായിപ്പാറ എന്തെന്ന് അറിയണമെങ്കില്‍ അവിടെ ചെന്ന് അനുഭിക്കുക തന്നെ വേണം.

മാടായിപ്പാറ ഒളിപ്പിച്ച രഹസ്യങ്ങള്‍

PC: Bijesh

ചരിത്രവും പ്രകൃതിയും സമ്മേളിക്കുന്ന കുന്ന്

കോലത്തുനാടിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട താളുകളാണ് മാടായിപ്പാറയുടേത്. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കില്‍ മൂഷികരാജവംശം മുതല്‍ ടിപ്പുവിന്റെ അതിക്രമങ്ങളുടെ കഥവരെ ഇവിടെ നിന്നും വായിച്ചെടുക്കാനാവും. 

കോലത്തു രാജാവായ ഉദയവര്‍മ്മന്റെ ആസ്ഥാനമായിരുന്ന ഇവിടെ വെച്ചാണ് കോലത്തു നാട്ടിലെ രാജാക്കന്‍മാരുടെ കിരീടധാരണം നടന്നതെന്ന് ചരിത്രം പറയുന്നു.

മാടായിപ്പാറ ഒളിപ്പിച്ച രഹസ്യങ്ങള്‍

PC:Uajith

തകര്‍ന്നു തുടങ്ങിയെങ്കിലും ഭൂതകാലത്തിലേക്കൊരു കണ്ണാടിയാണ് മാടായിക്കോട്ട എന്നറിയപ്പെടുന്ന ഇവിടുത്തെ കോട്ട. മൂഷികവംശത്തിലെ രാജാവായ വല്ലഭന്‍ രണ്ടാമനാണ് ശത്രുക്കളില്‍ നിന്നും രക്ഷനേടാനായി ഈ കോട്ട സ്ഥാപിക്കുന്നത്. ആറുഗോപുരങ്ങളും നടുവില്‍ നീരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു ഇതിന്. മുന്‍പ് പോര്‍ച്ചുഗീസുകാരുടേതായിരുന്നു ഈ പ്രദേശം.

ജൂതസംസ്‌കാരത്തിന്റെ നാള്‍വഴികള്‍ കൊത്തിയ ഇടം

ഭാരതത്തില്‍ ആദ്യമായി ജൂതക്കുടിയേറ്റം നടന്ന പ്രദേശം കൂടിയാണ് മാടായിപ്പാറ. അതിന്റെ അടയാളങ്ങള്‍ വട്ടക്കിണറിന്റെയും ചതുരക്കിണറിന്റെയും ജൂതക്കിണറിന്റെയും രൂപത്തില്‍ കാലത്തിന് മായ്ക്കാനാവാതെ ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കും.

മാടായിപ്പാറ ഒളിപ്പിച്ച രഹസ്യങ്ങള്‍

                                          PC: Vssun

അപൂര്‍വ്വ ജൈവസമ്പത്ത്

പ്രകൃതിസ്‌നേഹികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് മാടായിപ്പാറയുടെ അത്യപൂര്‍വ്വമായ ജൈവസമ്പത്താണ്. മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളും ഔഷധചെടികളും ഒക്കെ മാടായിയുടെ രഹസ്യ സമ്മാനങ്ങളാണ്. കാലത്തിന്റെ പ്രയാണത്തില്‍ വിരുന്നെത്തുന്ന ദേശാടനക്കിളികള്‍ ഇവിടേക്ക് പക്ഷിനിരീക്ഷകരെ സ്വാഗതം ചെയ്യുന്നു.

മാടായിപ്പാറ ഒളിപ്പിച്ച രഹസ്യങ്ങള്‍

PC:Uajith

വിശ്വാസത്തിന്റെ കൈത്തിരി തെളിയിച്ച മാടായി 

ആയിരത്തി അറുന്നൂറോളം വര്‍ഷം പഴക്കമുള്ള പുരാതനമായ മാടായിക്കാവാണ് മാടായിപ്പാറയിലെ വിശ്വാസങ്ങളുടെ കേന്ദ്രസ്ഥാനം. ഇവിടുത്തെ മീനമാസത്തിലെ പൂരംകുളിയും പൂരോത്സവവും നാട്ടുകാരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. കേരളത്തിലെ രണ്ടാമത്തെ ഭദ്രകാളി ക്ഷേത്രമായ മാടായിക്കാവ ഭദ്രകാളി ക്ഷേത്രം തിരുവര്‍ക്കാട്ടുകാവ് എന്നും അറിയപ്പെടുന്നു. 

മാടായി വടുകുന്ദ ശിവക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തില്‍ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്ലീം പള്ളിയായ മാടായിപ്പള്ളി മാലിക് ഇബിന്‍ ദിനാര്‍ നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം.

മാടായിപ്പാറ ഒളിപ്പിച്ച രഹസ്യങ്ങള്‍

PC: Uajith

കണ്ണൂരിനെ സ്‌നേഹിക്കുന്നവര്‍ക്കും പ്രകൃതിയെ അറിയേണ്ടവര്‍ക്കും എല്ലാറ്റിനുമുപരി കാക്കപ്പൂക്കളെ കണ്ണു നിറയെ കാണേണ്ടവര്‍ക്കും പോകാന്‍ പറ്റിയ ഇടമാണ് മാടായിപ്പാറ.

എത്തിച്ചേരാന്‍

മാടായിപ്പാറ ഒളിപ്പിച്ച രഹസ്യങ്ങള്‍

കണ്ണൂരില്‍ നിന്നും കണ്ണപുരം പഴയങ്ങാടി വഴി മാടായിപ്പാറയിലേക്ക് 24 കിലോമീറ്ററാണ് ദൂരം. പയ്യന്നൂരില്‍ നിന്നും പിലാത്തറ വഴി 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം.