» »ശ്രീകൃഷ്ണനും ഗണപതിയും ഒന്നിച്ചുവാഴുന്ന മഹാക്ഷേത്രം

ശ്രീകൃഷ്ണനും ഗണപതിയും ഒന്നിച്ചുവാഴുന്ന മഹാക്ഷേത്രം

Written By: Elizabath

അപൂര്‍വ്വതകളും വിശേഷണങ്ങളും ഏറെയുണ്ട് ലോകപ്രസിദ്ധമായ മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തിന്. ഗണപതിയുടെ മടിയില്‍ കഥകേട്ടിരിക്കുന്ന ഉണ്ണിക്കണ്ണനാണ് ഇവിടേക്ക് ഭക്തരെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ച. ഇതുപോലുള്ള കാഴ്ച ലോകത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കില്ല എന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇവിടുത്തെ ജ്യോതിഷ ചിന്തയിലാണത്രെ ഈ രൂപം തെളിഞ്ഞുവന്നത്.
ശ്രീകൃഷ്ണനും ഗണപതിയും ഒന്നിച്ചുവാഴുന്ന ഇവിടെ ഈ പ്രതിഷ്ഠയില്‍ ബീജഗണിത രൂപത്തിലാണ് ഗണപതിയുള്ളത്. വലംപിരിയായ തുമ്പിക്കെയ്യില്‍ മാതളനാരങ്ങ, മഴു, കയര്‍, ലഡ്ഡു എന്നിവയും കാണുവാന്‍ സാധിക്കും. ക്ഷിപ്രപ്രസാദിയാണത്രെ ഇവിടുത്തെ ഗണപതി.

കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

Malliyoor Maha Ganapathy Temple

PC: Youtube

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി
ഭാഗവതഹംസവും മഹാപണ്ഡിതനുമായ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയാല്‍ അനുഗ്രഹീതമായ ഇടമാണ് മള്ളിയൂര്‍. അദ്ദേഹത്തിന്റെ ഭക്തിയിലൂടെയും പ്രാര്‍ഥനകളിലൂടെയുമാണ് ഗണപതി വിഗ്രഹത്തില്‍ ശ്രീകൃഷ്ണന്റെ രൂപം തെളിഞ്ഞതെന്നാണ് വിശ്വാസം.

Malliyoor Maha Ganapathy Temple

PC: Official Site

പ്രധാന വഴിപാടുകള്‍
ക്ഷേത്രത്തിലെ വഴിപാടുകളെല്ലാം ഏറെ വിശേഷപ്രദവും വിശിഷ്ടവുമാണെന്നാണ് വിശ്വാസം. ഗണപതിഹോമം, മുക്കുറ്റി പുഷ്പാജ്ഞലി, പഴമാല, ആയിരംകുടം ജലാഭിഷേകവും ചതുര്‍ഥിയൂട്ടുമൊക്കെയാണ് ഇവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകള്‍.

Malliyoor Maha Ganapathy Temple

PC: Official Site

കുടുംബത്തിന്റെ ഐശ്വര്യത്തിനും നന്‍മയ്ക്കുമായാണ് ഗണപതിഹോമം നടത്തുന്നത്. അഭീഷ്ടകാര്യങ്ങളുടെ ഫരപ്രാപ്തിക്കായി സമര്‍പ്പിക്കുന്നതാണ് 108 മുക്കുറ്റിച്ചുവടുകള്‍ ഉപയോഗിച്ചുള്ള പുഷ്പാജ്ഞലി.

ക്ഷേത്രത്തിന്റെ ഘടന
വളരെക്കാലം ആരും നോക്കാനില്ലാതെ കിടന്ന ഈ ക്ഷേത്രം അന്യം നില്‍ക്കാറായിരുന്നുവത്രെ. പിന്നീട് മൂന്ന് നാല് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ശ്രീകോവിലിന് മേല്‍ക്കൂട് നിര്‍മ്മിക്കുകയും മറ്റും ചെയ്തു. തുടര്‍ന്ന് കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്ഷേത്രം ഇന്നുകാണുന്ന രീതിയിലായത്.
ക്ഷേത്രത്തിനു ഇടതു വശത്തായി കാണുന്ന മണ്ഡപത്തിലാണ് ഹോമകുണ്ഡം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രമതിലിനുള്ളില്‍ ശാസ്താവ്, ഭഗവതി, അയയക്ഷി, ബ്രഹ്മരക്ഷസ്, അന്തിമഹാകാലന്‍ എന്നിവര്‍ ഉപദേവതകളാണ്.

Malliyoor Maha Ganapathy Temple

PC: Official Site

ആഘോഷങ്ങള്‍

മള്ളിയൂരിലെ പ്രധാനപ്പെട്ട വിശേഷദിവസങ്ങളില്‍ ഒന്നാണ് വിനായക ചതുര്‍ഥി ഉത്സവം. കൂടാതെ ചിറപ്പ്, പിറന്നാള്‍ ഉത്സവം, വിഷു തുടങ്ങിയവയും ആഘോഷിക്കാറുണ്ട്. വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

Malliyoor Maha Ganapathy Temple

എത്തിച്ചേരാന്‍
എറണാകുളം-കോട്ടയം റോഡില്‍ കുറുപ്പുന്തറയ്ക്കു സമീപമുള്ള മള്ളിയൂര്‍ എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുറുപ്പുന്തറയില്‍ നിന്ന് രണ്ടു കിലോമീറ്ററും കോട്ടയത്തു നിന്ന് 23 കിലോമീറ്ററും എറണാകുളത്തു നിന്ന് 56 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.