» »വരൂ..പോകാം.. മരോട്ടിച്ചാല്‍ വിളിക്കുന്നു

വരൂ..പോകാം.. മരോട്ടിച്ചാല്‍ വിളിക്കുന്നു

Written By: Elizabath

കുറച്ചുകാലം മുന്‍പ് വരെ തൃശൂരുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന ഒരു വെള്ളച്ചാട്ടം. കാടിനു നടുവില്‍ ചെറുതും വലുതുമായ കുറെ വെള്ളച്ചാട്ടങ്ങള്‍, എത്തിപ്പെടാന്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും തൃശൂരിനു പുറത്തുള്ളവരും ഇപ്പോള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അത്രയും ഇല്ലെങ്കിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഒന്നാണ് മരോട്ടിച്ചാല്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം.

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം

ഗ്രാമത്തിന്റെ പേരാണ് വെള്ളച്ചാട്ടത്തിനെങ്കിലും സംഭവം കാടിനുള്ളിലാണ്. അതും കുറേയധികം വെള്ളച്ചാട്ടങ്ങള്‍. എന്നാല്‍ ഒന്നു പോയേക്കാം എന്നു കരുതിയാല്‍ നടക്കില്ല.
പ്രധാന വെള്ളച്ചാട്ടമായ ഇലഞ്ഞിപ്പാറയിലേക്ക് നാലുകിലോമീറ്റര്‍ ദൂരമാണ് കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ നടക്കേണ്ടത്.

PC: Jaseem Hamza

 മരോട്ടിച്ചാലില്‍ നിന്ന്

മരോട്ടിച്ചാലില്‍ നിന്ന്

മരോട്ടിച്ചാലില്‍ നിന്ന് കാല്‍നടയായി വേണം വെള്ളച്ചാട്ടങ്ങളിലേക്ക് യാത്ര ചെയ്യാന്‍.
റോഡില്‍ നിന്നും കനാല്‍ കരയിലൂടെയാണ് യാത്ര തുടങ്ങുന്നത്. അല്പം മുന്നോട്ട് നടക്കുമ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും.
കാടിന്റെ വന്യതയില്‍ വെള്ളത്തിന്റെ ഹുങ്കാരശബ്ദം കേള്‍ക്കുമ്പോള്‍ ഉറപ്പിക്കാം ആദ്യത്തെ ലക്ഷ്യം എത്തിയെന്ന്.

PC:Arun Rajeevan

ഓലക്കയം വെള്ളച്ചാട്ടം

ഓലക്കയം വെള്ളച്ചാട്ടം

പത്തുമിനിട്ട് നടന്ന് ക്ഷീണം തുടങ്ങുന്നതിനു മുന്‍പ് ആദ്യത്തെ വെള്ളച്ചാട്ടത്തിലെത്തും. ഇതുവരെയുള്ള തളര്‍ച്ച മാറ്റി മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട ഊര്‍ജ്ജവും തരുന്നതാണ് ഓലക്കയം എന്നു പേരുള്ള ഈ വെള്ളച്ചാട്ടം. പാറക്കെട്ടുകള്‍ക്കു നടുവിലായി വന്നുപതിക്കുന്ന വെള്ളത്തിന്റെ താഴെ നില്‍ക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല.

PC: RajeshKavil

ഒന്നല്ല വെള്ളച്ചാട്ടം

ഒന്നല്ല വെള്ളച്ചാട്ടം

ആദ്യത്തെ വെള്ളച്ചാട്ടം കണ്ട് അവിടെയിറങ്ങി കളിച്ചിട്ട് തിരിച്ചുപോകാം എന്നു വിചാരിച്ചാല്‍ യാത്ര വലിയ നഷ്ടമായിരിക്കും. ഇതൊക്കെ എന്ത്..അതിലും വലുതാണ് അടുത്തത് എന്ന ചിന്തയില്‍ വേണം മുന്നോട്ടു നടക്കാന്‍. അവസാനത്തെ കിടിലന്‍ വെള്ളച്ചാട്ടമായ പ്രദേശവാസികള്‍ കുത്ത് എന്നു വിളിക്കുന്ന ഇലഞ്ഞിപ്പാറയാണ് നമ്മുടെ ലക്ഷ്യം.

PC: Akash3309

കാട്ടുവഴികളും പുഴകളും പിന്നിടുന്ന യാത്ര

കാട്ടുവഴികളും പുഴകളും പിന്നിടുന്ന യാത്ര

കാട്ടിലെ ഒറ്റയടിപ്പാതയിലൂടെയുള്ള യാത്രയും അവസാനത്തെ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടവും ആണ് മരോട്ടിച്ചാലിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. എന്നാല്‍ ഇവിടേക്കുള്ള യാത്ര ഇത്തിരി പാടാണെന്ന് പറയാതെ വയ്യ. ഒറ്റയടിപ്പാതയിലൂടെയുള്ള നടത്തം കാരണം പലരും ആദ്യത്തെ വെള്ളച്ചാട്ടങ്ങള്‍ മാത്രം കണ്ടു മടങ്ങുകയാണ് പതിവ്.

PC: Jaseem Hamza

ദുഷ്‌കരം ഈ യാത്ര

ദുഷ്‌കരം ഈ യാത്ര

വീണുകിടക്കുന്ന മരങ്ങളും പാറകളും വള്ളികളും തലയുയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങളും ഉള്ള കാട്ടിലൂടെയുള്ള യാത്ര അല്പം ഭയപ്പെടുത്തുന്നതു തന്നെയാണ്. മുന്നോട്ടുള്ള യാത്രയില്‍ വഴി രണ്ടായി പിരിയും. അവിടെ നിന്ന് വലതുവശത്തുള്ള വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചാല്‍ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിലെത്താം.
വെള്ളച്ചാട്ടത്തിനു മുകളിലും താഴെയും എതിരെയുമൊക്കെ കയറാനും കാണുവാനും സൗകര്യമുണ്ട്.

PC:Youtube

മഴയില്‍ പോകാം

മഴയില്‍ പോകാം

മഴക്കാലത്ത് മാത്രമാണ് മരോട്ടിച്ചാലിന് ഭംഗി കൈവരുന്നത്. ഇതിന്റെ ഭംഗി മുഴുവനായും ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും മഴക്കാലത്തുതന്നെ ഇവിടെയെത്തണം.

PC: Anee jose.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തൃശൂരില്‍ നിന്നും അഞ്ചേരി-കുട്ടനെല്ലൂര്‍ വഴി മരോട്ടിച്ചാലിലെത്താം. പാലക്കാട് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് മണ്ണുത്തി-കുട്ടനെല്ലൂര്‍ വഴിയും ഇവിടെയെത്താം. തൃശൂരില്‍ നിന്നും 20 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തൃശൂര്‍-മാന്ദാമംഗലം റൂട്ടില്‍ ഇരുപത് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.